Pages

Thursday, November 8, 2012

ഇടിന്തകരയിലെ പെണ്‍കുട്ടി ചോദിക്കുന്നു




വെയില്‍ ആളുകയാണ്,ഞാനിപ്പോള്‍
തലമാത്രമുള്ളൊരു മണ്‍കൂന
എനിക്കുചുറ്റും കരയിലും കടലിലും
ഒരുപാടു തലകളുണ്ട് ,അവയ്കെല്ലാം
മുകളില്‍ ആണവനിലയത്തിലെ
ചുവന്നവെളിച്ചം മിന്നികത്തുന്നു

വലിയവലിയ കാര്യങ്ങള്‍ എനിക്കറിയില്ല
എങ്കിലും സ്വപ്‌നങ്ങള്‍ കാണാന്‍ ഇഷ്ടമാണ്
ഉറക്കംകെടുത്തുന്ന സ്വപ്നങ്ങളില്‍
തീപിടിചോടുന്ന പെണ്‍കുട്ടി അലറിക്കരയുന്നു.,
സുനാമിതിര നക്കിയെടുത്ത എന്‍റെവീട്ടിലെ
തൊട്ടിലില്‍കിടന്ന പളുങ്ക്കണ്ണുള്ള മുത്തിന്റെ
നിര്‍ത്താതെയുള്ള കരച്ചില്‍ കേള്‍ക്കുന്നു

ഏറ്റവുംവലിയ ജനാധിപത്യരാജ്യം
എന്റെ നാടെന്ന് പുസ്തകത്തിലുണ്ട്
ഇരുളില്‍ കടല്‍കടന്ന് വരുന്ന കറുത്ത
തോണിയിലാണ് അല്പം ഭക്ഷണമെത്തുന്നത്
ഞങ്ങളുടെ ഗ്രാമത്തിലേക്കുള്ള വഴി
അടചിട്ടിരിക്കയാണ്,കടകളും പൂട്ടിച്ചു
അനേകം പട്ടാളക്കാര്‍ കാവല്‍ നില്‍ക്കാന്‍
ഇവിടെ എന്ത് യുദ്ധമാണ് നടക്കുന്നത് ?
ജീവനുംജീവിക്കാനുമാണ് ഈ നിശ്ശബ്ദ
സമരമെന്നു നിങ്ങളും കാണുന്നില്ലേ?

ആ ചുവന്നകണ്ണുള്ള ഭൂതം തുപ്പുന്നതീയില്‍
കടലിലെ മീനെല്ലാം ചത്തൊടുങ്ങുമെന്നും
ഞങ്ങളൊക്കെ വെന്തുചാകുമെന്നു
എല്ലാവരും പറയുന്നു , ഇതെല്ലാംകല്ലുവെച്ച
നുണയെങ്കില്‍ കടലോരത്തെ കണ്ണാടിവീടുകള്‍----
ക്കരികിലീ ഭൂതത്തെ വെക്കാത്തതെന്താണ്?

ഞങ്ങളുടെ വീടുകള്‍ ഒറ്റമുറികളാണ്
വെളിച്ചത്തിനു ഒരു ബള്‍ബു മാത്രം
വലിയ വലിയ ജനനന്മകള്‍ക്കായി
ഞങ്ങളെ ഇങ്ങനെ ഭയത്തിന്‍റെകടലിട്ടു
കൊല്ലാതെ കൊല്ലുന്നതെന്തിനാണ്?
പുഴുക്കള്‍ക്കും പൂക്കള്‍ക്കും ദരിദ്രര്‍ക്കു-
മെല്ലാം താമസിക്കാനുള്ളതല്ലേ ഈ ഭൂമി?

(Pic courtsey: Google)