Pages

Sunday, February 19, 2012

വാകപ്പൂക്കളെ സ്നേഹിയ്ക്കുകയും വെറുക്കുകയും ചെയ്യുന്നവര്‍

ലക്ഷ്മി ... ഇന്നും വാകപ്പൂക്കളും നോക്കി സമയം കളയുകയാണോ..? നീ എത്ര സാള്‍ട്ടു പിറകിലാണെന്നോ ? ഇങ്ങനെ പോയാല്‍ ഞാന്‍ റെക്കാര്‍ഡ് സൈന്‍ ചെയ്യില്ല..കേട്ടോ ?

ലതയുടെ ടേബിളിലെ ബ്യൂററ്റ്‌ ശെരിയാക്കി കൊടുക്കുന്നതിനിടയില്‍ ടീച്ചര്‍ വിളിച്ചു പറഞ്ഞു.

പുകയും രൂക്ഷഗന്ധവും നിറഞ്ഞ കെമിസ്ട്രിലാബിനെ എന്നും വെറുത്തിരുന്നു...
പതഞ്ഞുയരുന്ന പരീക്ഷണങ്ങള്‍ രേഖപെടുത്താതെ എപ്പോഴും ജനലിനപ്പുറം പൂത്തുലഞ്ഞു നില്ക്കുന്ന വാക നോക്കി നില്ക്കാനായിരുന്നു ഇഷ്ടം... പിന്നെ വിഷാദം വീണുറഞ്ഞ, മയങ്ങിയ കണ്ണുകളും ചന്ദനത്തിന്റെ മണവുമായി വരുന്ന ശ്രീദേവി ടീച്ചറുടെ സാന്നിദ്ധ്യവും..എന്നെ
വഴക്കുപറയുമായിരുന്നെങ്കിലും ടീച്ചറും വാകമാരച്ചോട്ടിലേക്ക് നോക്കി ആയുസ്സില്ലാത്ത പൂക്കള്‍ എന്ന് പിറുപിറുക്കുന്നത് കേട്ടിട്ടുണ്ട് .

കോളേജ്‌ബസ്സില്‍ കയറാതെ എന്നും രാവിലെ ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ കയറി കോളേജ്‌  ജംഗ്ഷനില്‍ലിറങ്ങി  വാക പൂത്തുലഞ്ഞു നില്ക്കുന്ന വഴികള്‍ മുഴുവന്‍ നടന്നു കോളേജില്‍ എത്തുമ്പോള്‍ , നിനക്ക് വട്ടാണെന്ന് പറഞ്ഞു കൂട്ടുകാരികള്‍ കളിയാക്കും... ക്ലാസ്സിലെത്തിയാല്‍ പുസ്തകം ഡസ്കിലേക്ക് വലിച്ചെറിഞ്ഞു ഓടിപ്പോകും വാകചോട്ടിലേക്ക്...

അടിച്ചുവാരുന്ന ചേച്ചി പറയും.
'ഈ കുട്ടീടെ ഭ്രാന്തെ... എന്റെ നടുവൊടിഞ്ഞു ഈ പണ്ടാരം മുഴുവന്‍ തൂത്തുവാരി....ഉം കാശുള്ള വീട്ടിലെ കുട്യോള്ക്ക് എന്താ .. അവര്‍ക്ക്എല്ലാം ഭംഗി അല്ലെ....?'
‘അയ്യോ അത് പേരില്‍ മാത്രമേ ഉള്ളന്റെ ചേച്ച്യേ’ ....
'തന്നെതന്നെ..ഒന്ന് പോ കുഞ്ഞേ..ഞാന്‍ തൂത്തു വാരട്ടെ...'

അപ്പോഴെല്ലാം മനസ്സില്‍ പറയും, ഒരിക്കലും വാരിക്കളയാതെ പൂവെല്ലാം വീണോഴിയുന്ന ഒരു വാക എന്റെ വീട്ടില്‍ നട്ടു വളര്‍ത്തുമെന്ന്..

എപ്പോഴും വാകയുടെ ഒരു തൈക്ക് വേണ്ടി തിരഞ്ഞു... എത്ര വിത്തുകള്‍ കൊണ്ടിട്ടിട്ടും ഒരു തൈ പോലും കിളിര്‍ത്തില്ല.

സര്‍ക്കാരിന്റെ വനവല്ക്കരണത്തിന്റെ ഭാഗമായി വീടിനുമുന്നിലെ റോഡരുകില്‍ വാകത്തൈ നട്ടിരിക്കുന്നത് ഒരു ദിവസം വൈകിട്ട് കോളേജില്‍ നിന്നും വന്നപ്പോഴാണ് കണ്ടത്. ബാക്കി എല്ലാം കാറ്റാടിമരത്തിന്റെ തൈകള്‍ . എനിയ്ക്കായ്‌ ആരോ കൊണ്ട് നട്ടപോലെ നില്കു്ന്ന വാകത്തൈ. അത് ഇളക്കി എടുക്കാന്‍ അമ്മയെ കൂട്ട്പിടിച്ചു... ഒരു ചെറിയ കള്ളം പോലും പറയുന്നത് ഇഷ്ടമില്ലാത്ത അമ്മ കണ്ണുരുട്ടി...

അയ്യേ മോഷ്ടിക്കയോ.?.നമുക്ക് അവരോടു ചോദിച്ചിട്ടെടുക്കാം..
നാളെ അമ്മ ചോദിക്കുമോ ?
ഉം... ഇപ്പോള്‍ പോയി കുളിച്ചിട്ടുവാ ...ഞാന്‍ കഴിക്കാന്‍ എടുത്തു വെയ്ക്കാം

രാത്രിയില്‍ പൂത്തുനിറഞ്ഞു നില്ക്കുന്ന വാകയുടെ ചുവട്ടിലിരുന്നു പഠിക്കുന്നത് സ്വപ്നം കണ്ടു..രാവിലെ പോകുമ്പോള്‍ അതവിടെ തന്നെ ഉണ്ടെന്നു ഉറപ്പു വരുത്തി. വൈകിട്ട് വന്നപ്പോള്‍ അമ്മ പറഞ്ഞു...

പണിക്കാരൊന്നും ഇന്ന് വന്നില്ല..അവരൊക്കെ പോയി എന്നാ തോന്നുന്നേ ...

സന്ധ്യയായി... എങ്ങനെയെങ്കിലും അതിളക്കി എടുക്കണം എന്നുവിചാരിച്ചു മുറ്റത്തെ മാവിന്‍ ചോട്ടില്‍ പതുങ്ങി നിന്നു. പക്ഷെ ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും പോയ്കൊണ്ടേയിരുന്നു. വൈകി എത്തിയ ഏട്ടന്‍ എന്നെ കണ്ടതും വഴക്ക് തുടങ്ങി...

കേറിപ്പോ അകത്ത്..ഈ ഇരുട്ടത്ത്‌ നീ ഇവിടെ എന്ത് ചെയ്യുവാ..?

ഒന്നും മിണ്ടാതെ കൈയിലിരുന്ന ചെറിയ മണ്‍വെട്ടിയും വലിച്ചെറിഞ്ഞു ഞാന്‍ അകത്തേക്ക് പോയി. എത്ര നിര്‍ബന്ധിച്ചിട്ടും അന്ന് ഊണ് കഴിച്ചില്ല. അവസാനം വാശി തീര്‍ക്കാന്‍ ഏട്ടന്‍ തന്നെ വന്നു...

നിനക്കെന്താ വേണ്ടത് ..?വാകത്തൈ എടുക്കണം ?.. പോയി ഊണ് കഴിക്കു..ഏട്ടന്‍ പോയി എടുത്തു വരാം.

അത് കേട്ടതും അമ്മ വിലക്കി..
മോനെ വേണ്ട... ആകെ കിട്ടുന്ന തേങ്ങപോലും ഇനി കിട്ടില്ല... അത് വലിയ മരമാകും..

ഏട്ടന്‍ ചിരിച്ചു കൊണ്ടു പോയി. രാത്രി തന്നെ വാക ഇളക്കി കൊണ്ടു വന്നു മുറ്റത്ത് തന്നെ നട്ടു..
വാക അതിവേഗം വളര്‍ന്നു പൂക്കുംപോഴേക്കും അമ്മ പറഞ്ഞ പോലെ മുറ്റത്തെ മൂന്നു തെങ്ങിലും തേങ്ങ കുറഞ്ഞു. ഓരോ പ്രാവിശ്യവും പറമ്പ് വൃത്തിയാക്കുമ്പോള്‍ വാക വെട്ടാന്‍ അമ്മ പറയും...നിറഞ്ഞു വരുന്ന എന്റെ കണ്ണുകള്‍ നോക്കി പിന്നെ പണിക്കാരനോടു അമ്മ പറയും, 'ഭാസ്കരാ, അടുത്ത തവണ ആകട്ടെ..'

ആദ്യമൊക്കെ വാക പൂത്തുലയുന്നത് വീട്ടിലുള്ളവര്‍ക്കും വരുന്നവര്‍ക്കുമൊക്കെ ഒരു കാഴ്ച്ചയായിരുന്നു. പക്ഷെ പൂകൊഴിഞ്ഞാല്‍  കറുത്ത കായ്‌ പൊട്ടിത്തെറിച്ചു മുറ്റമാകെ വിതറി വൃത്തികേടാകും. മാത്രമല്ല, നുരയ്ക്കുന്ന പോലെ ഏതോ കറുത്ത ജീവികള്‍ ചുറ്റും ഇഴഞ്ഞു നടക്കും.
അവസാനം വാക വെട്ടാന്‍ തീരുമാനമായി. എന്തായാലും എന്നെ കല്യാണം കഴിച്ചുവിടാന്‍ സമയമായി, ഞാന്‍ പോയിട്ട് നിങ്ങളൊക്കെ എന്താന്ന് വെച്ചാല്‍ ചെയ്തോ എന്ന എന്റെ പിടിവാശിയില്‍ എന്റെ വാക രക്ഷപെട്ടു.

ആ കൊല്ലം അമ്മ ഒന്നും പറയാതെ ഞങ്ങളെ വിട്ടുപോയി...

വാകയുടെ കുറച്ചപ്പുറം അമ്മ നട്ട ഒട്ടുമാവ് പടര്‍ന്നു പന്തലിച്ചു നിറയെ മാങ്ങയുമായ്നിന്നു. അതില്‍ ഞാന്‍ നട്ടുപിടിപ്പിച്ച ചന്ദന മുല്ലയില്‍ നിറയെ പൂക്കള്‍ വിരിഞ്ഞു... തനിച്ചായപ്പോള്‍ , ചില വിശ്വാസത്തകര്‍ച്ച്ചകള്‍ മനസ്സില്‍ തീ കോരിയിട്ടപ്പോള്‍ ഒക്കെ, നെറുകയില്‍ സാന്ത്വനമായി പൂക്കള്‍ പൊഴിച്ച് വാകമരച്ചോട്ടില്‍  അമ്മയുടെ സാന്നിധ്യം ഞാന്‍ അറിഞ്ഞു. അമ്മയോട് പറയുമായിരുന്ന എല്ലാ നുറുങ്ങു വിശേഷങ്ങളും ഞാന്‍ വാകമരച്ചോട്ടിലിരുന്നു പറയുന്നത് ചന്ദനമുല്ലയിലെ പൂക്കള്‍ അടര്ത്തിയെടുക്കുന്ന കാറ്റായി വന്നു അമ്മയും കേട്ടു.

എന്റെ കല്യാണം കഴിഞ്ഞു... പുതിയ വീട്ടില്‍ രാവിലെ ജനാല തുറന്നപ്പോള്‍ തിണ്ടിനരികില്‍ നിറയെ പൂത്തുനില്കുന്ന വാകകള്‍ . അറിയാത്ത സ്ഥലത്തിന്റെയും ആള്‍ക്കാരുടെയും അപരിചിതത്വം ആ നിമിഷം എങ്ങോ പോയ്‌ മറഞ്ഞു. അടുത്ത വീട്ടുകാര്‍ പറമ്പ് വൃത്തിയാക്കുമ്പോള്‍ എല്ലാ വാകമരങ്ങളും വെട്ടിക്കളഞ്ഞത് തീരാ നോവായി..

പിന്നൊരിക്കല്‍ വീട്ടില്‍ വരുമ്പോള്‍ എന്റെ വാകമരം ഇല്ല..
ഞാന്‍ സങ്കടത്തോടെ അത് നട്ടിരുന്നിടത്തു പോയി നിന്നു. എന്റെ കണ്ണീരും ചിരിയും എല്ലാം അറിഞ്ഞ എന്റെ വാക ...

ഏട്ടത്തിയമ്മ പതുക്കെ പറഞ്ഞു...
നോക്ക്, തുളസിത്തറയിലെ തുളസിയില്‍പോലും വാക കാരണം നിറയെ പുഴുവായി.. അതാ അവസാനം ഏട്ടന്‍ വെട്ടാന്‍ പറഞ്ഞത്...

ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അതിനപ്പുറത്തെ മാവിലും നിറയെ പുഴുക്കള്‍ , മാവില്‍ പടര്‍ത്തിയ  ചന്ദന മുല്ലയും കരിഞ്ഞുണങ്ങി കിടക്കുന്നു. എന്റെ അമ്മയുടെ ആത്മാവ് ആ വീട്ടിലില്ലെന്നു എനിക്കപ്പോള്‍ തോന്നി.. ഞാനൊന്നോരുപാടു കരഞ്ഞു, എന്തിനെന്ന് എനിക്ക് തന്നെ അറിയാതെ.

നോക്കിയെ ഈ കൊച്ചിന്റെ കാര്യം..കെട്ടിയോന്‍ വന്നു മടങ്ങി പോയിട്ട് ഒരു തുള്ളി കണ്ണീരും വീണില്ല..നിറവയറുമായി നിന്ന് കരയാതെ..
വീട്ടിലെ പണിക്കുനില്ക്കുന്ന അമ്മച്ചി എന്നെയും കൂട്ടി അകത്തേക്ക് നടന്നു..

വര്‍ഷങ്ങള്‍ പിന്നെയും കടന്നുപോയി... സ്ഥലം മാറ്റം കിട്ടിയപ്പോള്‍ വാകമരങ്ങള്‍ പൂത്തു നില്‍ക്കുന്ന വഴിയെ എന്നും റെയില്‍വേ സ്റ്റേഷനിലെക്കു ധൃതിയില്‍ പോകേണ്ടി വന്നു. ദീര്‍ഘദൂരമുള്ള ട്രെയിന്‍ യാത്രയില്‍ ആത്മാവിന്റെ ഭാഗം പോലെ ഒരു സുഹൃത്തിനെ കിട്ടി, പാര്‍വ്വതി. ജീവിതത്തിന്റെ വേവുകളില്‍ തനിച്ചായിപ്പോയെങ്കിലും നല്ല മനക്കരുത്തുള്ളവള്‍ , സ്വന്തം വിഷമങ്ങളുടെ വേവലാതികള്‍ മറന്നു സുഹൃത്തുക്കളുടെ വിഷമങ്ങള്‍ക്ക് തണലാകുന്നവള്‍ ... നന്നായി വായിക്കുന്നവള്‍ . എന്റെ കയ്യിലെ പുസ്തകങ്ങളാണ് ഞങ്ങളെ അടുപ്പിച്ചതും. ചില ദിവസങ്ങളില്‍ ട്രെയിന്‍ കിട്ടാതാകുമ്പോള്‍ അടുത്ത ട്രെയിന്‍ വരുന്നത് വരെ വാകപ്പൂക്കളെ കണ്‍നിറയെ കണ്ടു. അപ്പോഴൊക്കെ ഓര്‍മ്മകളില്‍ സുഗന്ധവും കണ്ണീരും നിറഞ്ഞു .

അന്ന് പാര്‍വ്വതിയ്ക്കും ആദ്യത്തെ ട്രെയിന്‍ കിട്ടിയില്ല. അവള്‍ക്കറിയാം, ഇനി ചായയും പഴം പൊരിയും വാങ്ങി വാകമരത്തിന്റെ ചോട്ടില്‍ പോയിരിക്കണമെന്ന്. പക്ഷെ അവിടെ ഇരിക്കുന്നത് അവള്‍ക്ക് എന്തോ അസ്വസ്തയാണ്. അതെനിക്കും അറിയാം... എങ്കിലും ഞാന്‍ ചോദിച്ചില്ല. വാകച്ചോടും കഴിഞ്ഞു പിന്നെയും നടക്കുമ്പോള്‍ അവള്‍ ചോദ്യഭാവത്തില്‍ എന്നെ നോക്കി..

ഇനി നമുക്കവിടെ ഇരിക്കണ്ട... ഈ ബദാമിന്റെ ചോട്ടില്‍ ഇരിക്കാം. അവിടെ ബെഞ്ച് എതിര്‍ വശത്തേയ്ക്കാണിട്ടിരിക്കുന്നത്..അതിലിരുന്നാല്‍ വാക മരവും കാണില്ല..

ലെച്ചു ... നിന്നെപ്പോലെ ഞാനും ഒരിക്കല്‍ വാകപ്പൂക്കളെ സ്നേഹിച്ചിരുന്നു .പിന്നെ ഒരു ദീര്‍ഘ- നിശ്വാസത്തോടെ പറഞ്ഞു, പക്ഷെ ഇപ്പോള്‍  അവയെ കാണുമ്പോള്‍ ആ കറുത്ത് നുരയ്ക്കുന്ന പുഴുക്കളെയാണെനിക്കൊര്‍മ്മ വരിക..

അവളെന്‍റെ കൈവിരലുകളമര്‍ത്തി..പിന്നെ പറഞ്ഞു തുടങ്ങി ....

എങ്ങനെ എന്നെനിക്കറിയില്ല..എന്റെ ഒരു സൌഹൃദം പ്രണയമായത്. തീവ്രമായ അനുരാഗമായി മാറുന്നതിനു മുമ്പ് തന്നെ ജീവിതത്തിലെ സുഹൃത്തുക്കളെക്കുറിച്ചെല്ലാം അദ്ദേഹം പറയുമായിരുന്നു . ഒരെഴുത്തുകാരന്റെ വികാരപ്പകര്‍ച്ചകള്‍ എനിക്ക് മനസ്സിലാകുമായിരുന്നു. എന്നെപ്പോലെ അദ്ദേഹത്തിനും വാകപ്പൂക്കളെ ഇഷ്ടമായിരുന്നു..ഒരുപാട്. പക്ഷെ അതൊരു സുഹൃത്തിനോടുള്ള ഇഷ്ടത്തിന്റെ പേരിലായിരുന്നു എന്ന് മാത്രം. അതിനെ പറ്റി ഒരിക്കല്‍ ഞാന്‍ ചോദിച്ചു ..'അവളെ എനിക്കിഷ്ടമാണ്..ആ ഇഷ്ടത്തിനു ഒരു നിര്‍വചനം ഇല്ല പാറൂ.. സം സോര്‍ട്ട് ഓഫ് ഡിവൈന്‍ ലവ്.. അതില്‍ മറച്ചു വെയ്ക്കാനോ ഒളിച്ചു വെയ്ക്കാനോ ഒന്നുമില്ലെനിക്ക്'..പക്ഷെ അത് പറയുമ്പോള്‍ അദ്ദേഹത്തിന്റെ ശരീര ഭാഷ, കണ്ണുകളിലെ തിളക്കം ഒക്കെ ആ ഇഷ്ടത്തിന്റെ ആഴം വെളിപ്പെടുത്തുന്നുണ്ടായിരുന്നു. ഒരിക്കല്‍ അദ്ദേഹം എഴുതി വെച്ചിരുന്ന കവിതകള്‍ എനിക്ക് വായിക്കാന്‍ തന്നു..പലതും അവള്‍ക്ക് വേണ്ടി എഴുതിയതായിരുന്നു..അന്നൊക്കെ അവള്‍ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കൂട്ടുകാരി ആയിരുന്നു..

ഇപ്പോഴോ? അവളുടെ മൌനം മുറിച്ചു ഞാന്‍ ചോദിച്ചു..
ഇപ്പോഴും ആണ്‌. ......
നീ ചോദിച്ചില്ലേ അദ്ദേഹത്തോട്?
ഉം..ചോദിക്കുംപോഴൊക്കെ ഇങ്ങനെയാ പറയുക ...'ഞാന്‍ എത്രയോ വട്ടം നിന്നോടു പറഞ്ഞു പാറൂ .. ഇനി വിശദീകരിക്കാന്‍ എനിക്ക് വയ്യ ..എനിക്കവള്‍ ആദ്യം സുഹൃത്തായിരുന്നു, വളരെ പ്രിയമുള്ളവള്‍ .. ഇന്ന് അവള്‍ എനിക്കനിയത്തിയാണ്... നിനക്ക് മനസ്സിലാക്കാന്‍ പറ്റുമെങ്കില്‍ മനസ്സിലാക്ക്... എന്റെ ജീവിതത്തില്‍ ഒരുപാടുപേര്‍ വന്നുപോയി..പക്ഷെ നിന്നെ സ്നേഹിക്കുന്നപോലെ അവരെ ആരെയും ഞാന്‍ സ്നേഹിച്ചിട്ടില്ല... നിനക്കറിയുന്നപോലെ അവര്‍ക്കാര്‍ക്കും എന്നെ അറിയുകയുമില്ല. നീ എപ്പോഴും സ്നേഹവും പ്രണയവും കൂട്ടിക്കലര്‍ത്തുന്നത് എന്തിനാണ് ?..'  എനിക്ക് പിന്നെ മറുപടി ഉണ്ടാവില്ല അദ്ദേഹത്തോട് പറയാന്‍.. ..
'അദ്ദേഹം പറയുന്നത് ചിലപ്പോള്‍ സത്യമായിരിക്കാം പാറു..’
‘ആയിരിക്കാം ..പക്ഷെ ഈഭാരം ചുമക്കാന്‍ എനിക്ക് വയ്യ... ആ പ്രണയം ഉപേക്ഷിക്കാന്‍ എന്റെ മനസ്സ് പറയുന്നു ..എപ്പോഴും ഒരു ഭയത്തോടെ ആര്‍ക്കാ സ്നേഹിക്കാന്‍ കഴിയുക? പ്രണയത്തിന്റെ തീജ്വാല പോലെയുള്ള വാകപ്പൂക്കള്‍ കാണുമ്പോള്‍ എന്റെ മനസ്സില്‍ അസ്വസ്ഥതയുടെ നുരയ്ക്കുന്ന പുഴുക്കളിഴയുന്നു..’

ഞാന്‍ ഒന്നും പറഞ്ഞില്ല... വിറയ്ക്കുന്ന ചുണ്ടുകളും കൈവിരലുകളും നനയുന്ന കൺകോണുകളും അവള്‍ അനുഭവിക്കുന്ന ആത്മസംഘര്‍ഷം എത്രെയെന്നു പറയുന്നുണ്ടായിരുന്നു. ഒരിക്കല്‍ ഹിഡുംബ വനത്തില്‍ തനിച്ചിരുന്ന ഭീമന്റെ അടുക്കല്‍ , നോക്കിയാല്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട ആളിന്റെ രൂപം തെളിയുന്ന വിശേഷപ്പെട്ട ഒരു കണ്ണാടി തുണ്ടുമായ്‌ ഹിഡുംബി ഓടിവന്നതും അവന്റെ നേര്‍ക്ക് അത് പിടിച്ചപ്പോള്‍ അവിടെ പാഞ്ചാലിയുടെ മുഖം തെളിഞ്ഞതും, അത്കണ്ടു അവള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് കാട്ടിലേയ്ക്കു ഒടിപ്പോയതുമായ കഥ പണ്ട് ചെറിയമ്മ പറഞ്ഞുതന്നതോര്‍മ്മ വന്നു. ഈ വാകപ്പൂക്കളെ കാണുമ്പോള്‍ പാര്‍വ്വതിയുടെ മനസ്സും ആര്‍ത്തലച്ചു കരയുന്നുണ്ടാവാം.

പ്രണയത്തിനും സ്നേഹത്തിനുമിടയിലെ അതിര്‍വരമ്പ് എവിടെയാണ്? എപ്പോഴാണത് മാഞ്ഞു പോവുക? സ്നേഹത്തിന്റെ വിചിത്രമായ വഴികള്‍ ... അവയുടെ അര്‍ത്ഥം അറിയാനാവാതെ ഒഴിഞ്ഞുകിടന്ന റയില്‍ പാളങ്ങളില്‍ സാന്ധ്യരശ്മികള്‍ വീണു ചിതറുന്നതും നോക്കി അവള്‍ക്കൊപ്പം ഞാനിരുന്നു..

30 comments:

അനില്‍കുമാര്‍ . സി. പി. said...

'സ്നേഹത്തിന്റെ വിചിത്രമായ വഴികള്‍ ..'
നല്ല അനുഭവക്കുറിപ്പ്.

ഇലഞ്ഞിപൂക്കള്‍ said...

നേരത്തെ ബൂലോകത്തില്‍ വായിച്ചു.. പോസ്റ്റത്രയും ഇഷ്ടായതുകൊണ്ട് ബ്ലോഗ്ലിങ്ക് നോക്കി വന്നതാണ്‍,, ഇനിയും വരാം..

മൻസൂർ അബ്ദു ചെറുവാടി said...

ഒരു കഥപോലെയാണ് വായിച്ചു പോയത്. അവസാനം ലേബല്‍ കണ്ടപ്പോഴാണ് ഓര്‍മ്മകുറിപ്പാണ് എന്ന് മനസ്സിലായത്‌.
പക്ഷെ വാകപൂവിനെ ചേര്‍ത് പിടിച്ചു പറഞ്ഞ ഈ കുറിപ്പ് വളരെ നന്നായി പറഞ്ഞിട്ടുണ്ട് ധനലക്ഷ്മി .
ആശംസകള്‍

Elayoden said...

മനോഹരമായ വാക പൂക്കളെ ചേര്‍ത്തു പിടിച്ചുള്ള ഓര്‍മ്മ കുറിപ്പ് പൂക്കളെ പോലെ മനോഹരമായി.. ആശംസകള്‍.

Sidheek Thozhiyoor said...

അതിര്‍വരമ്പുകളെ തേടിയുള്ള ഈ യാത്ര നന്നായി .

കലി said...

പ്രണയത്തിനും സ്നേഹത്തിനുമിടയിലെ അതിര്‍വരമ്പ് എവിടെയാണ്?..

ഉത്തരം കിട്ടാത്ത സമസ്യ തന്നെ...

ഹിടുംബയുടെ കണ്ണാടി... ജീവിതത്തില്‍ പലപ്പോഴും
അനുഭവപെടുന്ന കാര്യങ്ങള്‍... നനായി എഴുതി ...

സങ്കൽ‌പ്പങ്ങൾ said...

സ്നേഹത്തിൻ ജാതിയേത് മതമേത് മരമേത്....
ആശംസകൾ...

മനോജ് കെ.ഭാസ്കര്‍ said...

വ്യത്യസ്തമായ രണ്ട് പ്രണയങ്ങള്‍...
വളരെ നല്ല അനുഭവ കുറിപ്പ്.

Satheesh Haripad said...

വായിച്ചപ്പോള് വാകമരങ്ങളുടെ നിഴലിലേക്ക് ഒരു നിമിഷം മനസ്സ് തിരിച്ചു പോയി.

മനോഹരമായ രചന
ആശംസകൾ
satheeshharipad.blogspot.com

ചന്തു നായർ said...

നല്ല ഭാഷ.... ഇഷ്ടപ്പെട്ടൂ ഈ വരികൾ...ചില വിശ്വാസത്തകര്‍ച്ച്ചകള്‍ മനസ്സില്‍ തീ കോരിയിട്ടപ്പോള്‍ ഒക്കെ, നെറുകയില്‍ സാന്ത്വനമായി പൂക്കള്‍ പൊഴിച്ച് വാകമരച്ചോട്ടില്‍ അമ്മയുടെ സാന്നിധ്യം ഞാന്‍ അറിഞ്ഞു. അമ്മയോട് പറയുമായിരുന്ന എല്ലാ നുറുങ്ങു വിശേഷങ്ങളും ഞാന്‍ വാകമരച്ചോട്ടിലിരുന്നു പറയുന്നത് ചന്ദനമുല്ലയിലെ പൂക്കള്‍ അടര്ത്തിയെടുക്കുന്ന കാറ്റായി വന്നു അമ്മയും കേട്ടു.... ശരിയാണു...പ്രണയത്തിനും സ്നേഹത്തിനുമിടയിലെ അതിര്‍വരമ്പ് എവിടെയാണ്? ഈ നല്ല ഓർമ്മക്കുറിപ്പിനു എന്റെ നല്ല നമസ്കാരം...

grkaviyoor said...

നല്ല ഓര്‍മ്മ കുറിപ്പ് അനുഭവങ്ങളെ പ്രകൃതിയുടെ പഞ്ചാത്തലത്തില്‍ വര്‍ണ്ണങ്ങള്‍ ചാലിച്ച കാവ്യാ ചിത്രം പോലെ ഇഷ്ടമായി എഴുത്ത്

വീകെ said...

വാകച്ചോട്ടിലിരീക്കാൻ എനിക്കും ഇഷ്ടമാണ്....
ആശംസകൾ....

പട്ടേപ്പാടം റാംജി said...

വാകച്ചോട്ടിലൂടെയുള്ള ഓര്‍മ്മക്കുറിപ്പ് ഇഷ്ടപ്പെട്ടു.

ഷെരീഫ് കൊട്ടാരക്കര said...

എന്ത് പറഞ്ഞാലും ആരു പറഞ്ഞാലും പൂത്ത് നില്‍ക്കുന്ന വാക എന്റെ ജീവന്റെ ജീവനാണ്. എത്രയോ പ്രണയങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നു, മരത്തിനു മുകളിലെ ഈ ചുവന്ന പരവതാനി.ത്രിശ്ശിവപേരൂരില്‍ അയ്യന്തോല്‍ പോകുന്ന വഴി നിരത്തിന്റെ ഇരു വശത്തും നിറയെ വാക പൂത്ത് നിന്ന് ആകാശം ചുവപ്പ് മയമായി കണ്ടിരുന്നത് ഓര്‍മ്മ വരുന്നു.

MOIDEEN ANGADIMUGAR said...

അനുഭവക്കുറിപ്പ് ഇഷ്ടപ്പെട്ടു ടീച്ചർ !

രമേശ്‌ അരൂര്‍ said...

വാകപ്പൂക്കളുടെ ചോപ്പും ആ തണലും ഒരിക്കല്‍ കൂടി എന്റെ ഓര്‍മയില്‍ ആ പുഴുക്കളും അരിച്ചു നടന്നു ....
മനോഹരമായ എഴുത്ത് :)

കുസുമം ആര്‍ പുന്നപ്ര said...

നല്ല എഴുത്ത്. വാകമരം ..എത്ര ഭംഗിയില്‍ നില്‍ക്കുന്നു. ഒപ്പം ആ വരികളും.

Prabhan Krishnan said...

വാകപ്പൂമരച്ചോട്ടിൽ......
ഈ നല്ലയെഴുത്തിന്
ആശംസകൾ..പുലരി

Joy Varghese said...

വാകപൂവുകളുടെ ചുവപ്പ് പകര്‍ന്ന എഴുത്ത് ..
എന്റെ ജനലിനപ്പുറം ഒരു വാക തളിരിടുന്നു ...
സ്വാര്‍ത്ഥതയുടെ തുടര്ച്ചകളാണ് ബന്ധങ്ങള്‍ ...
പൂത്തും കൊഴിഞ്ഞും കാലം മാറി വരയ്ക്കുന്ന രൂപങ്ങള്‍

ആശംസകള്‍

khaadu.. said...

എനിക്കുമുണ്ട് പ്രണയം ...വാകപ്പൂക്കളോട് ...
ഈ മരുഭൂമിയില്‍ വാക യില്ലത്തത് കൊണ്ട് ഞാനും നാട്ടു വാക...എന്റെ ബ്ലോഗ്ഗിലാനെന്നു മാത്രം...

ഈ എഴുത്ത് നന്നായി... വാക പലരിലും പല വിധത്തില്‍ സ്വാധീനിക്കുന്നത് നന്നായി പറഞ്ഞു...
അഭിനന്ദനങ്ങള്‍.. നല്ല വായനക്ക് അവസരം തന്ന ഇരിപ്പിടത്തിനു നന്ദി..
താങ്കള്‍ക്കും... ഒരിക്കല്‍ കൂടി നന്ദി...

Manoraj said...

മനോഹരമായ ഒരു കുറിപ്പ്.. ഇവിടേക്ക് എത്തിച്ചതിന് ഇരിപ്പിടത്തിന് നന്ദി.

Cv Thankappan said...

മനോഹരമായിരിക്കുന്നു.
ആശംസകള്‍

Geethakumari said...

വാക മരത്തിന്റെ കൂട്ടുകാരി ,വളരെ ഹൃദയസ്പര്‍ശിയായി എഴുതി.ആശംസകള്‍ .

ജയരാജ്‌മുരുക്കുംപുഴ said...

hridaya sparshi aayittundu..... blogil puthiya post...... ELLAAM NAMUKKARIYAAM, PAKSHE.... vayikkane......

devikanair said...

അസ്സലായിട്ടുണ്ട് .മാടത്തെ പോലുള്ളവരില്‍ ഞാന്‍ എന്റെ വഴികാട്ടികളെ കാണുന്നു.അക്ഷരലോകം അറിയാനുള്ള എന്റെ ഈ ചെറിയ ശ്രേമത്തിനു പ്രോത്സാഹനം പ്രതീക്ഷിക്കുന്നു http://miscellaneousslants.blogspot.in

devikanair said...

അസ്സലായിട്ടുണ്ട് .മാടത്തെ പോലുള്ളവരില്‍ ഞാന്‍ എന്റെ വഴികാട്ടികളെ കാണുന്നു.അക്ഷരലോകം അറിയാനുള്ള എന്റെ ഈ ചെറിയ ശ്രേമത്തിനു പ്രോത്സാഹനം പ്രതീക്ഷിക്കുന്നു http://miscellaneousslants.blogspot.in

Unknown said...

നന്നായിട്ടുണ്ട്, എന്നത്തേയും പോലെത്തന്നെ :)
ആശംസകളോടെ..

Anonymous said...

കൈച്ചില്ല..പുളിച്ചില്ല.. മധുരം മാത്രം.നന്ദി ധനലക്ഷ്മി നന്ദി

ഇടശ്ശേരിക്കാരന്(വെടിവട്ടം) said...

അനുഭവക്കുറിപ്പ് നന്നായിരിക്കുന്നു ആശംസകള്‍

Unknown said...

പ്രണയത്തിനും സ്നേഹത്തിനുമിടയിലെ അതിര്‍വരമ്പ് എവിടെയാണ്? എപ്പോഴാണത് മാഞ്ഞു പോവുക? സ്നേഹത്തിന്റെ വിചിത്രമായ വഴികൾ ...അഭൂതപൂർവ്വമായ അനുഭൂതികളിൽ ചാലി ച്ചെഴുതിയ വികാര നിർഭരമായ് വാക്കുകൾ1 ആശംസകൾ!

Post a Comment