Pages

Monday, January 16, 2012

ഹാപ്പി ബര്‍ത്ത്‌ ഡേ അമ്മ...


അരികിലിരുന്ന സെല്‍ഫോണ്‍ പിന്നെയും എടുത്തുനോക്കി...18 പ്രാവശ്യം ഇതിനകം അവളെ വിളിച്ചിരിക്കുന്നു. രാവിലെ വിളിക്കാത്തതിന്‍റെ ദേഷ്യമായിരിക്കും ഫോണ്‍ എടുക്കാത്തത് ... പക്ഷെ എന്നെപ്പോലെയല്ലല്ലോ അവള്‍ എന്നോര്‍ത്തപ്പോള്‍ എന്തോ ഒരു ഭയം അരിച്ചു കയറാന്‍ തുടങ്ങി. എന്തെന്നറിയില്ല... കണ്മുന്നില്‍ ഒരു ഐ.സി.യു റൂം ഇടയ്ക്കിടെ തെളിയുന്നപോലെ...

“എനിക്ക് നല്ല പ്രഷര്‍ ആയിരുന്നു. ഇന്ന് തട്ടിപ്പോയേനെ നോക്കിയില്ലായിരുന്നെങ്കില്‍” എന്നവള്‍ പറഞ്ഞത് ഇന്നലെ വൈകിട്ടാണ്. രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ രാവിലെ തന്നെ വിളിക്കണമെന്നു കരുതിയിരുന്നു... പക്ഷെ ഉണര്‍ന്നത് പത്ത് മണിക്ക. കുറെ ദിവസങ്ങളായി ശെരിക്കും ഉറങ്ങിയിട്ട്. ഒന്ന് കൂടി അവളെ വിളിക്കാം എന്ന് കരുതി ഡയല്‍ ചെയ്തു ... ഫോണ്‍ എടുത്തതും 'മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞല്ലോ' എന്ന് ഞാന്‍ ദേഷ്യപ്പെട്ടു.

സോറി... ഞാന്‍ ഐ.സി.യു വില്‍ ആയിരുന്നു. ഇന്നലെ അഡ്മിറ്റ്‌ ചെയ്ത പേഷ്യന്റ്... ഹി ഈസ്‌ സിന്കിംഗ്. ഇന്നലെ വീട്ടില്‍ പോകാന്‍ കഴിഞ്ഞില്ല, എന്താ നീ ഇത്ര അത്യാവശ്യമായി വിളിച്ചത്?

ഒന്നുമില്ലെടാ... ഇന്ന് നിന്‍റെ ജന്മദിനം അല്ലെ? ആശംസിക്കാന്‍ വിളിച്ചതാ

ആഹാ.. നല്ലൊന്നാന്തരം ആശംസ....എന്‍റെ ഈ കൊല്ലം പോയിക്കിട്ടിയല്ലോ? നീ ഇപ്പോഴാണ് എണീറ്റതല്ലെ? പിന്നെ, നീ ആശംസിച്ചാലും നിന്നെ ആശംസിച്ചാലും ഫലം ഒന്നല്ലെ?

ഹഹഹഹ ..

നീയെന്താ ചിരിച്ചത്‌?

ഞാനാ പഴയ ആശംസകള്‍ ഓര്‍ത്തുപോയി ... വഴക്ക് പറയലും തലയ്ക്കു കിഴുക്കും.

ഹഹഹ ..

ഞാന്‍ ചിരിച്ചെങ്കിലും കണ്ണ് നിറയാന്‍ തുടങ്ങി.. എന്‍റെ സങ്കടങ്ങളൊക്കെ എപ്പോഴും തൊണ്ടക്കുഴിയിലെക്കിറങ്ങി പോകുന്നതിനാല്‍ പിന്നെ ഒന്നും സംസാരിക്കാന്‍ കഴിയില്ല.. അതവള്‍ക്കും അറിയാം, എന്‍റെ പ്രിയ സുഹൃത്തിന്.

പെണ്ണെ... എനിക്ക് ദേഷ്യം വരുമേ... നീ കരയാതെ ഫോണ്‍ വെച്ചേ... കുട്ടനിപ്പോള്‍ ഹൂസ്റ്റണില്‍ സുഖമായി ഉറങ്ങുന്നുണ്ടാവും. നീ പോയി വല്ലതും ഉണ്ടാക്കി കഴിക്കാന്‍ നോക്ക്. എനിക്ക് ഐ.സി.യു വിലെക്കു പോണം, രാത്രിയെ ഇനി വിളിക്കാന്‍ പറ്റു.

എന്‍റെ മറുപടിക്കു കാത്തു നില്‍ക്കാതെ അവള്‍ ഫോണ്‍ വെച്ചു. അല്ലെങ്കിലും ഞങ്ങള്‍ക്കിടയില്‍ ഒന്നും പരസ്പരം പറഞ്ഞു ബോധ്യപ്പെടുത്തേണ്ടി വരാറില്ല .ഒരാളിന്‍റെ ഉള്ളിലെ പിടച്ചില്‍ മറ്റെയാള്‍ വായിച്ചെടുക്കും. മടുപ്പരിയ്ക്കുന്ന ജീവന്‍റെ നീര്‍ച്ചാലിലെക്കു ഇറ്റുവീണ തീര്‍ത്ഥം പോലെ ഒരു സൗഹൃദം.

ഓര്‍മ്മകളില്‍ കാലത്തിന്‍റെ താളുകള്‍ മറിഞ്ഞു....

അന്നും രാവിലെ തിരക്കിട്ട് അടുക്കള ജോലി തീര്‍ക്കുന്നതിനിടയില്‍ കറണ്ട് പോയി. കറിയ്ക്കുള്ളതൊന്നും അരച്ചിട്ടില്ല. വൈകിട്ട് ചെയ്യാം എന്ന് വിചാരിച്ചാല്‍ വോള്‍ട്ടെജ് കാണില്ല. വടക്കന്‍ മലബാര്‍ കേരളത്തിന്‍റെ ഭാഗമല്ലേ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. വികസനം വീതം വെച്ചു ഇവിടെത്തുന്നത് എന്നാണാവോ? തീയല്‍ വെയ്കാന്‍ ഏതു നേരത്താണോ തോന്നിയതെന്ന് ശപിച്ചുകൊണ്ട് അമ്മിക്കല്ല് കഴുകി അരയ്ക്കാന്‍ തുടങ്ങി. ചോറ് തിളച്ചു തൂവുന്നതിന്‍റെ ശബ്ദം... ഗ്യാസ്‌ ഓഫ് ചെയ്യാന്‍ മോനെ വിളിച്ചപ്പോഴാണോര്‍മ്മവന്നത്, അവന്‍ രാവിലെതന്നെ അമ്പലത്തില്‍ പോയ കാര്യം. ധൃതിയില്‍ എല്ലാം ഒരുക്കി വരുമ്പോഴേയ്കും സമയം വൈകി. കഷട്പെട്ടു തയ്യാറാക്കി വെച്ചതാണെങ്കിലും ഗോളാന്തര, ദേശീയ, നാട്ടു വാര്‍ത്തകള്‍ ഒക്കെ വായിച്ചു കഴിഞ്ഞ് സമയമില്ലെങ്കില്‍ അദ്ദേഹം കഴിയ്ക്കാതെയും സ്ഥലം വിടും. അല്ലെങ്കിലും രാവിലെ ക്ലോക്കിലെ സൂചിക്കു കുറച്ചു സ്പീഡ്‌ കൂടുതലാണ്. എല്ലാര്‍ക്കുമുള്ള ഭക്ഷണം മേശപ്പുറത്ത് വെച്ച് ഞാന്‍ കുളിമുറിയിലെക്കോടി.... ടവ്വലെടുക്കാന്‍ മറന്നു...

മോനേ.... പിന്നെയും വിളിച്ചു.

നീ വിളിച്ചുകൂവണ്ട... അവനെത്തിയില്ല..

മുകളിലത്തെ മുറിയില്‍ നിന്നും അശിരീരി കേട്ടു!

നിങ്ങള്‍ ഒന്നുപോയി നോക്കിയേ... ഇത്രയും നേരമായിട്ടും കുട്ടി വന്നില്ലല്ലോ?

എനിക്ക് പോകാനൊന്നും വയ്യ... സമയത്തിനു സ്കൂളില്‍ പോകണമെന്നു അവനും അറിയണ്ടേ..? ഉടനെ തന്നെ മറുപടിയും വന്നു.

പത്തുവയസ്സുകരനായാലും സ്വന്തമായി കാര്യങ്ങള്‍ അറിയാനും ചെയ്യാനും പഠിയ്കണം എന്നൊക്കെയുളള ഉപദേശങ്ങള്‍ പിന്നാലെ വരുമെന്നറിയാം..അതൊന്നും കേള്‍ക്കാന്‍ സമയമില്ല.. കലക്ടര്‍ വിളിച്ച മീറ്റിങ്ങിനു സമയത്തു തന്നെ ചെല്ലണം...

വേഗം ടവ്വലെടുത്ത് വരുന്ന വഴി സ്ഥാനം മാറിക്കിടന്ന കസേരയില്‍ തട്ടി... ദാ കിടക്കുന്നുനിലത്ത്. വേദനിയ്ക്കുന്ന കയ്യും തടവി കുളിച്ചു ഡ്രസ്സ്‌ മാറി വന്നപ്പോള്‍ വിയര്‍ത്തുകുളിച്ചു നിന്ന് വെള്ളം കുടിക്കുന്നു കുട്ടന്മോന്‍.... എവിടെയോ കളിച്ചു നിന്ന് നേരം കളഞ്ഞതാവും എന്നുതോന്നിയപ്പോള്‍ വല്ലാതെ ദേഷ്യം വന്നു. ആദ്യം തന്നെ തലയ്ക്ക് ഒരു കിഴുക്കു കൊടുത്തു...

എത്ര നേരമായി നീ പോയിട്ട്? ഇനിയെപ്പോഴാ സ്കൂളില്‍ പോകുക? നിന്നെ കൊണ്ടാക്കി ചെല്ലുമ്പോള്‍ ട്രെയിനും കിട്ടില്ല...

ദേഷ്യം തീരാഞ്ഞിട്ടു ഒരു അടിയും കൂടി കൊടുത്തു..

പാവം ഒന്നും പറഞ്ഞില്ല... കരഞ്ഞോണ്ട് മുകളിലെ മുറിയിലേയ്ക്ക് പോയി..

ഉം... ഇന്ന് തന്നത്താന്‍ പോയ്ക്കോ... അല്ലെങ്കില്‍ അച്ഛനോട് പറയു..

എന്‍റെ ഒച്ചയും ബഹളവുമൊക്കെ കേട്ട് അദ്ദേഹം താഴേയ്ക്ക് വന്നു....

നീ ആ ഫ്രിഡ്ജ്‌ ഒന്ന് തുറന്നു നോക്കിയെ..

പിന്നെ ഇനിയിപ്പോ ഫ്രിഡ്ജ്‌ നോക്കാന്‍ പോകുന്നു..എന്താ കാര്യം?

നിങ്ങള്‍ വന്നു വല്ലതും കഴിച്ചേ... നേരം പോകുന്നു.. അവനെ വിളിയ്ക്കു..

മോനെ എന്തിനാ നീ അടിച്ചത്..? പോയി ഫ്രിഡ്ജ്‌ തുറന്നു നോക്കു. നിനക്ക് അവന്‍ എന്തോ വാങ്ങി കൊണ്ടുവെച്ചിട്ടുണ്ട്...

ഇപ്പൊ സമയമില്ല, ഇനിയും താമസിച്ചാല്‍ ട്രെയിന്‍ കിട്ടില്ല...

റെയില്‍വേ സ്റ്റേഷനില്‍ എത്തി വണ്ടി പാര്‍ക്ക് ചെയ്തപ്പോള്‍ സരിയുടെ ഫോണ്‍....... ...അവിടെ മിഴിച്ചു നിലക്കാതെ ബസ്‌സ്റ്റാന്റിലെയ്ക്കു ഒടിക്കോ, ട്രെയിന്‍ വിട്ടു. 2 മണിക്കൂര്‍ ബസ്സില്‍ യാത്ര ചെയ്തു ഓഫീസിലെത്തിയപ്പോഴെക്കും കലക്ടറുടെ ഓഫീസില്‍ നിന്നും പലതവണ വിളിച്ചിരുന്നു എന്നുപറഞ്ഞു... തലയും താഴ്ത്തിയാണ് മീറ്റിങ്ങിനു ചെന്നിരുന്നത്. കണ്ടപാടെ സെക്രട്ടറി ശകാരിക്കാന്‍ തുടങ്ങി... ഒരു സോഷ്യല്‍ ഇഷ്യൂ കൈകാര്യം ചെയ്യേണ്ട ഇവരെയൊക്കെ എന്താ പറയേണ്ടത്? ശകാരവര്‍ഷം തുടര്‍ന്നപ്പോള്‍ കലക്ടര്‍ ഇടപെട്ടു.. സര്‍... അവരുടെ ഇന്‍വോള്‍മെന്റുള്ളത് കൊണ്ടാണ് നമുക്ക് വലിയ പ്രശങ്ങള്‍ ഇപ്പോള്‍ അവിടെ ഇല്ലാത്തതെന്നൊക്കെ അദ്ദേഹം പറഞ്ഞെങ്കിലും സെക്രട്ടറി അതൊന്നും കേള്‍ക്കാത്ത മട്ടില്‍ പിന്നെയും ദേഷ്യപ്പെട്ടു.

എത്രയോ ദിവസം രാപകല്‍ ഓരോ വീടും കയറി ഇറങ്ങി നടന്നു റിപ്പോര്‍ട്ട് തയ്യാറാക്കി. ഇന്നലെ റിപ്പോര്‍ട്ട് സബ്മിറ്റ് ചെയ്തു രാത്രി 9 മണിയ്ക്കാണ് ഓഫീസില്‍ നിന്നും ഇറങ്ങിയത്. എന്നിട്ടും മീറ്റിങ്ങിനു അല്പം താമസിച്ചു പോയതിന്‍റെ പേരില്‍ എന്നെ ഇത്രയും അധിക്ഷേപിക്കുന്നതെന്തിനാണെന്ന് മനസ്സിലായില്ല. അടുത്തിരുന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു, നിങ്ങള്‍ വിഷമിക്കണ്ട, ഷി ഹാസ്‌ ഡണ്‍ എക്സലന്റ് വര്‍ക്ക് എന്ന് കലക്ടര്‍ ഇന്നലെ എന്നോടു പറഞ്ഞതാണ്. ഇത് അവരുടെ ഇടയിലെ ഈഗോ ക്ലാഷ്‌ ആണ്. അതിനു നമ്മെപ്പോലുള്ളവരെ പറയാനേ ഇവര്‍ക്ക് കഴിയു. എന്തായാലും അവിടുത്തെ രണ്ടുവിഭാഗം ജനങ്ങള്‍ക്കും എന്നോടു നല്ല സഹകരണം ആണ്. അവരുടെ സ്നേഹം മതി എനിക്കെന്നു ഞാനും സമാധാനിച്ചു.

മോനെ അടിച്ചതിന്‍റെ സങ്കടം ഇടയ്കിടെ തികട്ടി വരുന്നുണ്ടായിരുന്നു. ഉച്ചവരെയുള്ളൂ എന്നു പറഞ്ഞിരുന്ന മീറ്റിംഗ് നീണ്ടുപോയി. വീട്ടിലെത്തിയപ്പോള്‍ സന്ധ്യയായി... മോന്‍ കളി കഴിഞ്ഞെത്തിയിട്ടില്ല. കസേരയില്‍‍ തളര്‍ന്നിരുന്നു. അപ്പോഴാണ് ഓര്‍മ്മ വന്നത്... അവന്‍ ഫ്രിട്ജില്‍ കൊണ്ട് വെച്ചത് എന്താണെന്ന് നോക്കിയില്ലെന്ന്. ഫ്രിഡ്ജ്‌ തുറന്നപ്പോള്‍ വാഴയിലയില്‍ പൊതിഞ്ഞ വാടിയ മുല്ലപ്പൂമാല... അത് തുറക്കുമ്പോള്‍ ഒരു തുണ്ട് കടലാസ്സു നിലത്ത് വീണു...ഞാന്‍ അതെടുത്തു തുറന്നു..

Happy BirthDay Amma

വായിച്ചു തീരുമ്പോഴെയ്ക്കും ഞാന്‍ വേദന കൊണ്ട് പുളഞ്ഞു പോയി. അവന്‍റെ മുറിയില്‍ ചെന്ന് നോക്കിയപ്പോള്‍ പാവം തളര്‍ന്നുറങ്ങുന്നു. വിളിച്ചുണര്‍ത്തിയപാടെ അവന്‍ പറഞ്ഞു

ഹാപ്പി ബര്‍ത്ത്‌ ഡേ അമ്മ...

അവനെന്നെ കെട്ടിപിടിച്ചുമ്മവെച്ചു. അവനെ ചേര്‍ത്തു പിടിയ്ക്കുമ്പോള്‍ ഹൃദയം നുറുങ്ങുന്നുണ്ടായിരുന്നു.

താങ്ക്യു കുട്ടുസെ, ലവ്‌ യു സൊ മച്ച്. മോന്‍ വന്നിട്ട് ഒന്നും കഴിച്ചില്ലേ? ഇന്ന് കളിയ്ക്കാന്‍ പോയില്ലേ?

അമ്മ വേഗം വരുമെന്ന് അച്ഛന്‍ പറഞ്ഞു..അമ്മ വന്നിട്ട് കഴിക്കാം എന്ന് വിചാരിച്ചു..എന്‍റെ വാടിയ മുഖവും നിറയുന്ന കണ്ണുകളും കണ്ടിട്ടാവണം അവന്‍ ചോദിച്ചു

അമ്മയെ കലക്ടര്‍ വഴക്ക് പറഞ്ഞോ.?

ഇല്ലല്ലോ... ഞാന്‍ ചിരിയ്ക്കാന്‍ ശ്രമിച്ചു.

ഇന്നമ്മക്കുട്ടിടെ പിറന്നാള്‍ ആയതുകൊണ്ടാ രാവിലെ അമ്പലത്തില്‍ പോയത്.... അച്ഛന്‍ ബസ്‌കൂലി തന്നിരുന്നു... പക്ഷെ പൂ വാങ്ങിയപ്പോള്‍ള്‍ പിന്നെ പൈസ ഇല്ലായിരുന്നു..ഞാന്‍ നടന്നിട്ടാ വന്നത്. അതാ താമസിച്ചുപോയത്... സോറി അമ്മ.

മോനെന്തിനാ ഇത്രയും വാങ്ങിച്ചത്? കുറച്ചു വാങ്ങിയാല്‍ പോരായിരുന്നോ..നമ്മുടെ കയ്യിലുള്ള കാശുനോക്കിയല്ലേ ചെലവ് ചെയ്യാവു.?

ഉം....ഞാന്‍ കുറെ കടയില്‍ പോയി അവിടെയൊക്കെ തീര്‍ന്നു പോയി...ഒരു കടയിലെ ഉണ്ടായിരുന്നുള്ളൂ. പക്ഷെ അവര്‍ മുറിച്ചു തന്നില്ല, വേണമെങ്കില്‍ അത്രയും വാങ്ങണമെന്നു പറഞ്ഞു... അമ്മയ്ക്ക് ഒരുപാടു ഇഷ്ടമല്ലെ മുല്ലപ്പൂ ..അതാ വാങ്ങിയത്..

ഞാന്‍ പോലും മറന്നുപോയ എന്‍റെ ജന്മദിനം ഓര്‍ത്തു എനിക്ക്‌ പിറന്നാള്‍ സമ്മാനം വാങ്ങി 3 കിലോമീറ്റര്‍ നടന്നുവന്ന കുഞ്ഞിനെയാണ് കാര്യം തിരക്കാതെ വഴക്കു പറഞ്ഞതും അടിച്ചതും... ഞാന്‍ പൊട്ടിക്കരഞ്ഞുപോയി ..അവന്‍ അപ്പോഴും നിഷ്ക്കളങ്കതയോടെ ചോദിച്ചു...

അമ്മയെന്തിനാ കരയുന്നത്?

ഒന്നുമില്ല മോനെ.ഈ ലോകത്ത് ഇതില്‍ വലുതായി ഒരു സമ്മാനവും അമ്മയ്ക്ക് കിട്ടാനില്ല... ഞാന്‍ പറഞ്ഞത് അവനു മനസ്സിലായോ എന്തോ?

ജീവിതത്തിന്‍റെ തിരക്കില്‍ പറയാതെ പോകുന്ന ഒരു വാക്ക്... പറയുന്നത് കേള്‍ക്കാന്‍ രണ്ടു നിമിഷമെങ്കിലും ചിലവഴിക്കാന്‍ ക്ഷമ കാണിക്കാനുള്ള മനസ്സ്... ഇതൊക്കെയും ഇല്ലാതെയാകുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത് നമ്മള്‍ തിരിച്ചറിയുന്നില്ല... അതുണ്ടാക്കുന്ന മുറിപ്പാടുകള്‍ നമ്മള്‍ കാണുന്നില്ല. പലപ്പോഴും തീരാ വേദനപോലെ ഈ ഓര്‍മ്മകളും നഷ്ടങ്ങളും നമ്മളേ വേട്ടയാടിക്കൊണ്ടിരിക്കും, ജീവിതാവസാനത്തോളം.

(Pic courtsey: Google)

42 comments:

അനില്‍കുമാര്‍ . സി. പി. said...

ഇങ്ങനെ ഒരു മകന്‍ ഒരമ്മയുടെ ഭാഗ്യമാണ്.

കണ്ണുകളെ ഈറനാക്കുന്ന അനുഭവക്കുറിപ്പ്.

റ്റോംസ്‌ || thattakam.com | snapsnshots.com said...

Nice. Its touching...

മന്‍സൂര്‍ ചെറുവാടി said...

വളരെ ഹൃദ്യമായ കഥ ധനലക്ഷ്മീ.
ശരിക്കും സങ്കടം തോന്നിപ്പോയി വായിച്ചു തീര്‍ന്നപ്പോള്‍.
കുട്ടിയുടെ നിഷ്കളങ്കത, അമ്മയുടെ സ്നേഹം .
സ്നേഹത്തിന്‍റെ ഭാഷയും വരികളും.
നല്ലൊരു കഥയ്ക്ക് അഭിനന്ദനങ്ങള്‍

പട്ടേപ്പാടം റാംജി said...

മടുപ്പരിയ്ക്കുന്ന ജീവന്‍റെ നീര്‍ച്ചാലിലെക്കു ഇറ്റുവീണ തീര്‍ത്ഥം പോലെ ഒരു സൗഹൃദം.

അവസാനം എത്തിയപ്പോള്‍ വല്ലാതെ നനവ്‌ പരത്തി. ഒരു സ്വാന്തനം പോലെ തഴുകിയ എഴുത്ത്‌. അനുഭവക്കുറിപ്പ് വായനക്കാരില്‍ അനുഭവമാക്കുന്ന ശൈലി. ശരിയാണ്, ഒന്നോ രണ്ടോ നിമിഷം സ്വന്തം ടെന്ഷന്റെ അല്ലെങ്കില്‍ തിരക്കിന്റെ നീര്‍ക്കയത്തില്‍ മുങ്ങുമ്പോള്‍ ചില വാക്കുകള്‍ ശ്രദ്ധിക്കാനാകാതെ വരുന്നതൊ ക്ഷമ കാണിക്കാന്‍ കഴിയാതെ വരുന്നതോ ആയ സനര്ഭങ്ങളില്‍ നമുക്ക്‌ നഷ്ടപ്പെടുന്നത്...

ente lokam said...

കൃഷ്ണ ശില വായിച്ചു. കമന്റ്‌
ഇത് കൂടി വായിച്ചിട്ട് എന്ന് തോന്നി...
പിന്നെ കുറെ കവിതകള്‍ കൂടി നോക്കി.
ആശയ സമ്പുഷ്ടമായ വരികള്‍..സമൃദ്ധം
ആയ ഭാവന..കവിതാ ഭംഗിയെപ്പറ്റി
പറയാന്‍ അറിയില്ല എങ്കിലും വായന
ആസ്വദിച്ചു വളരെ....
പിറന്നാള്‍ അനുഭവം കണ്ണ് നനയിച്ചു..
പുണ്യം ചെയ്ത അമ്മ..ഈ മകന്‍ മതിയല്ലോ
പത്തു കലകടര്മാരുടെ ദേഷ്യത്തിന്റെ ദോഷം
കഴുകി അലിയിക്കാന്‍....കിട്ടിയ സമ്മാനത്തിന്റെ കണക്ക്
പറയുകയും അമ്മയുടെയും അച്ഛന്റെയും പിറന്നാളുകള്‍
മറന്നു പോവുകയും ചെയ്യുന്ന പുതു തലമുറയില്‍
ഇങ്ങനെ ഒക്കെ കുഞ്ഞുങ്ങള്‍ ഉണ്ട് എന്ന്
ഓര്‍ക്കുന്നത് പോലും മനസ്സ് തണുപ്പിക്കുന്നു..
നല്ല എഴുത്ത്..
ആദ്യത്തെ സംഭാഷണത്തില്‍ നിന്നു തന്നെ ഇന്ന്
അമ്മയുടെയും പിറന്നാള്‍ എന്ന് മനസ്സിലായി..ആ കൂട്ടുകാരിയെ
ഒഴിവാക്കി ഒറ്റ ദിവസത്തെ ഓഫീസ് പോക്കില്‍ തന്നെ
ത്രെഡ് തുടര്‍ന്നിരുന്നു എങ്കിലും അനുഭവത്തിന്റെ
തീവ്രത പകര്‍ന്നു നല്‍കാമായിരുന്നു..ആശംസകള്‍...

രായപ്പന്‍ said...

ജീവിതത്തിന്‍റെ തിരക്കില്‍ പറയാതെ പോകുന്ന ഒരു വാക്ക്... പറയുന്നത് കേള്‍ക്കാന്‍ രണ്ടു നിമിഷമെങ്കിലും ചിലവഴിക്കാന്‍ ക്ഷമ കാണിക്കാനുള്ള മനസ്സ്... ഇതൊക്കെയും ഇല്ലാതെയാകുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത് നമ്മള്‍ തിരിച്ചറിയുന്നില്ല... അതുണ്ടാക്കുന്ന മുറിപ്പാടുകള്‍ നമ്മള്‍ കാണുന്നില്ല. പലപ്പോഴും തീരാ വേദനപോലെ ഈ ഓര്‍മ്മകളും നഷ്ടങ്ങളും നമ്മളേ വേട്ടയാടിക്കൊണ്ടിരിക്കും, ജീവിതാവസാനത്തോളം

Typist | എഴുത്തുകാരി said...

ഇതിനേക്കാൾ വലിയ സമ്മാനം മറ്റെന്തുണ്ട്?

ഷാജു അത്താണിക്കല്‍ said...

nice one

കൂതറHashimܓ said...

അതെ, കാണാതെ പോകുന്ന നിഷ്ജകളങ്ക സ്നേഹത്തിന് കാണപ്പെടുന്ന നിമിഷം കണ്ണീരിൽ കുതിർന്ന മഹത്വം... അതു വിലമതിക്കാനാവാത്തത് തന്നെ

viddiman said...

അമ്മയുടെ സ്നേഹം മകൻ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കും..എങ്കിലും നമ്മുടെ ദേഷ്യം...
http://thanalmarngal.blogspot.com/2011/10/blog-post_18.html

കുഞ്ഞൂസ്(Kunjuss) said...

നല്ല കഥ...

alif kumbidi said...

ജീവിതത്തിന്‍റെ തിരക്കില്‍ പറയാതെ പോകുന്ന ഒരു വാക്ക്... പറയുന്നത് കേള്‍ക്കാന്‍ രണ്ടു നിമിഷമെങ്കിലും ചിലവഴിക്കാന്‍ ക്ഷമ കാണിക്കാനുള്ള മനസ്സ്... ഇതൊക്കെയും ഇല്ലാതെയാകുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത് നമ്മള്‍ തിരിച്ചറിയുന്നില്ല...

മനസ്സ് സ്പര്‍ശിക്കുന്ന എഴുത്ത്..

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മനസ്സില്‍ തട്ടും വിധം പകര്‍ത്തിയ വരികള്‍ .മാതൃസ്നേഹത്തിന്റെ തീഷ്ണത വായനക്കാരനെ അനുഭവിപ്പിക്കുന്ന അവതരണം

anupama said...

പ്രിയപ്പെട്ട ധനലക്ഷ്മി,
ഹൃദ്യമായ നവവത്സരാശംസകള്‍ !
വൈകിയാണെങ്കിലും ജന്മദിനാശംസകള്‍ !
ഭാഗ്യം ചെയ്ത അമ്മ! കുറ്റബോധം ഒരു നീറ്റല്‍ ആകുന്നതു അറിയുന്നു!
ഇത്രയും നന്മകള്‍ നിറഞ്ഞ മോനെ, എന്റെ സ്നേഹവും ആശംസകളും അറിയിക്കുക.
ഹൃദയസ്പര്‍ശിയായി, നേരിന്റെ വരികള്‍!
ഈ മോന്, ഉജ്വല ഭാവിയുണ്ട്! ഈശ്വരാനുഗ്രഹമുണ്ട് ! മോന്റെ സമ്മാനമായ മുല്ലപ്പൂവിന്റെ സൌരഭ്യം, അമ്മയുടെ ജീവിതത്തില്‍ നിറയട്ടെ !
സസ്നേഹം,
അനു

Jefu Jailaf said...

വികാരങ്ങളുടെ വേലിയേറ്റങ്ങള്‍... സ്നേഹം, കാരുണ്യം, സങ്കടം, കുറ്റബോധം, അഭിനന്ദനം, ഭക്തി, അഹങ്കാരം, അസഹിഷ്ണുത അങ്ങിനെ എല്ലാ അവസ്ഥകളും ചെര്ത്തുവേച്ച്ച്ച പോസ്റ്റ്‌..അഭിനദനങ്ങള്‍..

ശങ്കരനാരായണന്‍ മലപ്പുറം said...

എഴുത്ത് വളരെയധികം ഇഷ്ടമായി, ഇഷ്ടമായി !

Villagemaan/വില്ലേജ്മാന്‍ said...

തിരക്കുകളുടെ ലോകത്ത് സാധാരണയായ ഒരു സംഭവം അവതരണ മികവുകൊണ്ട് വളരെ ഹൃദയ സ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു.

എല്ലാ ആശംസകളും.

MyDreams said...

good story !!

keraladasanunni said...

അതി മനോഹരമായ എഴുത്ത്. ഹാഷിം ലിങ്ക് അയ്ച്ചു തന്നില്ലെങ്കില്‍ നല്ലൊരു അനുഭവക്കുറിപ്പ് നഷ്ടമാവുമായിരുന്നു.

Sabu M H said...

പുണ്യം ചെയ്ത ജന്മം.

മുല്ല said...

നല്ല കുറിപ്പ്. അഭിനന്ദനങ്ങള്‍...

നിശാസുരഭി said...

അനുഭവം.. :)
എങ്കില്‍ അഭിപ്രായം പറയാന്‍ ഞാനാളല്ല.
നന്നായി എഴുതി എന്ന് മാത്രം പറയട്ടേ..

അനശ്വര said...

കണ്ണിനെ ഈറനണിയിച്ചു ഈ അനുഭവക്കുറിപ്പ്..കുട്ടിയുടെ സ്നേഹവും അമ്മയുടെ ജോലിത്തിരക്കുമൊക്കെ ശരിക്കും മനസ്സിനെ സ്പര്ശിക്കുന്നതായിരുന്നു..ഇനിയെത്ര പിറന്നാളുകള്‍ കടന്ന് പോയാലും മറക്കുമോ ആ ഒരു പിറന്നാള്‍..

മുനീര്‍ തൂതപ്പുഴയോരം said...

ഹൃദയത്തില്‍ തട്ടുന്ന അനുഭവം നന്നായി എഴുതി..ആശംസകള്‍

ലീല എം ചന്ദ്രന്‍.. said...

വളരെ ഹൃദ്യമായ കഥ
ആശംസകള്‍

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

‘ജീവിതത്തിന്‍റെ തിരക്കില്‍ പറയാതെ പോകുന്ന ഒരു വാക്ക്... പറയുന്നത് കേള്‍ക്കാന്‍ രണ്ടു നിമിഷമെങ്കിലും ചിലവഴിക്കാന്‍ ക്ഷമ കാണിക്കാനുള്ള മനസ്സ്... ഇതൊക്കെയും ഇല്ലാതെയാകുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത് നമ്മള്‍ തിരിച്ചറിയുന്നില്ല... അതുണ്ടാക്കുന്ന മുറിപ്പാടുകള്‍ നമ്മള്‍ കാണുന്നില്ല. പലപ്പോഴും തീരാ വേദനപോലെ ഈ ഓര്‍മ്മകളും നഷ്ടങ്ങളും നമ്മളേ വേട്ടയാടിക്കൊണ്ടിരിക്കും, ജീവിതാവസാനത്തോളം..’


ഭാഗ്യമുള്ള അമ്മയുടെ ഒരു മകന്റെ കഥ ഹൃദ്യം...
കേട്ടൊ ധനലക്ഷ്മി.

subanvengara-സുബാന്‍വേങ്ങര said...

നന്നായി എഴുതി എന്ന് മാത്രം പറയട്ടേ..

Ismail Chemmad said...

സ്നേഹവും വാല്‍സല്യവും നിറഞ്ഞ എഴുത്ത് ..
ഹൃദ്യമായ അനുഭവമായി , ആശംസകള്‍

Sandeep.A.K said...

ഹൃദയത്തില്‍ തൊട്ടു....

ആദ്യ വായനയില്‍ കാര്യങ്ങള്‍ വേണ്ടത്ര പിടി കിട്ടിയില്ലായിരുന്നു... രണ്ടാമത് വായിച്ചപ്പോള്‍ മനസ്സിലായി... ഒറ്റ വാചകത്തിലാണ് ചേച്ചി കഥയിലെ രണ്ടു ഭാഗങ്ങളെ യോജിപ്പിക്കുന്നത്... അതു കൊണ്ട് വന്ന ഒരു അവ്യക്തയുണ്ട് ഇതില്‍ ...

വായിച്ചപ്പോള്‍ ചേച്ചി ഉദ്ദേശിച്ചതായി എനിക്ക് മനസ്സിലായ കാര്യം പറയാം...
പത്തു വയസ്സുകാരനായ കുട്ടി അമ്മയുടെ പിറന്നാളിന് അമ്മയ്ക്ക് സമ്മാനം കൊടുക്കുന്നത് ഫസ്റ്റ് scene... പിന്നീട് ആ മകന്‍ വളര്‍ന്നു വലുതായി വിദേശത്തു ജോലി കിട്ടി.. അവിടെ settled ആയപ്പോള്‍ അമ്മയുടെ പിറന്നാള്‍ പോലും ഓര്‍ക്കാതെ പോയി.. ആ സങ്കടത്തില്‍ ഇരിക്കുന്ന അമ്മയെ കൂട്ടുകാരി ഫോണില്‍ ആശ്വസിപ്പിക്കുന്നതു രണ്ടാമത്തെ scene... ഇങ്ങനെ ലളിതമായ കാര്യമാണോ ഫ്ലാഷ്ബാക്കിലൂടെ പറഞ്ഞു complicated ആക്കിയത് ചേച്ചി...

ഇതൊരു വിമര്‍ശനം ആയിട്ടല്ല ഞാന്‍ പറയുന്നത്.. എങ്കിലും മുകളില്‍ കണ്ട കമന്റുകള്‍ പലതും ഞാന്‍ മേല്‍ പറഞ്ഞ കാര്യം അത്ര ശ്രദ്ധിച്ചിട്ടില്ലാ എന്ന് തോന്നുന്നു... എല്ലാവരും ആ മകന്റെ നന്മയില്‍ / സ്നേഹത്തില്‍ വീണു പോയി... ഞാനേറെ ആദരിക്കുന്ന വിന്സെന്റ് ചേട്ടനു (ente lokam) പോലും ഈ കഥയിലെ ഉള്‍ക്കഥ കാണാതെ പോയല്ലോ എന്നാ സങ്കടം...

തിരക്കിട്ട സൈബര്‍ ജീവിതത്തില്‍ നമ്മുടെ വായന അശ്രദ്ധം ആകുന്നു എന്ന എഴുത്തുകാരുടെ പരാതിയ്ക്ക് ഒരു വലിയ ഉദാഹരണം ആയി ഈ പോസ്റ്റ്‌...,.... ആരുടെ സൃഷ്ടിയായിരുന്നാലും അതിനു വായനക്കാരില്‍ നിന്നും നീതി ലഭിക്കണം....

ഇനി ഞാന്‍ പറഞ്ഞതല്ല ഇവിടെ ഉദ്ദേശിച്ചത് എന്നുണ്ടെങ്കില്‍ ഒന്ന് അറിയിക്കണേ ചേച്ചി... എന്റെ മെയില്‍ id : anushadoz@gmail.com

സ്നേഹപൂര്‍വ്വം
സന്ദീപ്‌

കൈതപ്പുഴ said...

നന്നായി എഴുതി

അപ്പു said...

സന്ദീപ് :-) ഇതുപോലെ തുറന്നു അഭിപ്രായം പറഞ്ഞതിനു ആദ്യമേ അഭിനന്ദനങ്ങൾ. ഈ പിശക് ആദ്യവായനയിൽ തന്നെ എനിക്ക് തോന്നിയിരുന്നു;അത് എഴുത്തുകാരിയെ മെയിലിൽ കൂടി അറീയിക്കുകയും ചെയ്തിരുന്നു. ബ്ലോഗ് എഴുത്തിന്റെ ഏറ്റവും വലിയ ഗുണം ഇതുപോലെ ആത്മാർത്ഥമായ കമന്റുകൾ എഴുതുവാൻ വായനക്കാരനു കഴിയുന്നുഎന്നും അതു ഉൾക്കൊണ്ടുകൊണ്ട് എഴുത്തിന്റെ ശൈലി കൂടുതൽ നന്നാക്കാൻ എഴുത്തുകാരന് സാധിക്കുന്നു എന്നതുമാണ്.

Shukoor said...

വളരെ മനോഹരമായ കഥ. കുഞ്ഞുങ്ങളോട് ഒരു നിമിഷം ചെലവിടാന്‍ പോലും സമയമില്ലാത്ത അമ്മമാര്‍ ആധുനിക ലോകത്ത് സര്‍വ സാധാരണം ആണല്ലോ. ഇത് വായിച്ചിട്ടെങ്കിലും അവരുടെ കുഞ്ഞു മുഖം വായിച്ചെടുക്കാന്‍ എല്ലാവര്ക്കും കഴിയട്ടെ.

Bhanu Kalarickal said...

മധുര നെല്ലിയില്‍ ആദ്യമായാണ്‌, ചെറിയ ചെറിയ കാര്യങ്ങളാണ് ജീവിതം. നാം മറന്നു പോകുന്നതും അത് തന്നെ. നല്ല കഥ.

umar shibili said...

Good Biography narrated in a readable and heart touching style

yousufpa said...

ഹൃദയത്തിൽ തൊട്ടു...

kochumol(കുങ്കുമം) said...

തിരക്കിനിടയില്‍ മകനെ ശ്രദ്ധിക്കാന്‍ പോലും സാധിക്കാഞ്ഞിട്ടും ആ മകന്റെ സ്നേഹം വളരെ ഹൃദയ സ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു...കഥ മനോഹരമായിട്ടുണ്ട് ട്ടോ ..

കുമാരന്‍ | kumaaran said...

നല്ലൊരു പോസ്റ്റ്.

Echmukutty said...

സങ്കടമല്ല, സന്തോഷവുമല്ല.......എനിയ്ക്കറിയില്ല. കരച്ചിൽ വരുന്നതെന്തിനാണെന്ന്......ഞാൻ പിന്നെ ഒന്നും കൂടി വായിച്ചിട്ട് എന്തെങ്കിലും എഴുതാൻ പറ്റുമോ എന്ന് നോക്കാം....

ഇനിയും ഇനിയും എഴുതുമല്ലോ അല്ലേ?

ഇലഞ്ഞിപൂക്കള്‍ said...

എന്താ പറയേണ്ടത്, കഥ വായിച്ചു തീര്‍ന്നപ്പോള്‍ മനസ്സിലെ വികാരത്തെ വായിച്ചെടുക്കാന്‍ എനിക്കാവുന്നില്ല.. കഥയുടെ ഉന്നത നിലവാരത്തെപറ്റി ഏതാനും വാക്കുകളില്‍ കുറിക്കാന്‍ വയ്യ,അതുകൊണ്ട്തന്നെ മൌനം..

Anjana Ashok Kumar said...

എനിക്കെന്തേ കരച്ചില്‍ നിയന്ത്രിക്കാനാവുന്നില്ല?
ഇത് എന്‍റെതന്നെ അനുഭവമായതുകൊണ്ടോ? അതോ ഹൃദയത്തില്‍ തൊടാനുള്ള ധനലക്ഷ്മിയുടെ അത്ഭുതകരമായ കഴിവുകൊണ്ടോ?

KUNJUBI VARGHESE said...

മനസ്സിന്റെ ഏതൊക്കെയോ കോണുകളിൽ ഒരു വിങ്ങൽ അനുഭവപ്പെടുന്നു. നന്ദി!

Anitha Nassim said...

നല്ല എഴുത്ത്..മനസ്സ് തൊട്ടു.

Post a Comment