Pages

Tuesday, January 24, 2012

റൈഹാന


കടാറിലേതോ പടിപ്പുരക്കോണില്‍
തീഷ്ണഗന്ധം പരത്തിയിപ്പോഴും
നില്ക്കയാണോ നീ റൈഹാന ?
ശവക്കൂനകള്‍ക്ക് മീതെ വീശിയെത്തുന്ന
ചൂടുകാറ്റില്‍ ,പ്രകൃതി ഒളിപ്പിച്ച
ചുട്ടമണ്‍പാത്രങ്ങളുടെ, പഴമണം
നിറഞ്ഞതിനാലാണോ നിനക്കിത്ര
വന്യഗന്ധം, പറയൂ റൈഹാന ?

ഭൂമിക്കുതുള്ളി മഴ കൊടുക്കാതെ
കാലില്‍ മണ്ണിന്‍റെ നനവ്‌ പടര്‍ത്താതെ
സിമന്റിട്ടു വെടിപ്പാക്കിയനടുമുറ്റത്തും
നില്‍ക്കയാണു നീയെന്‍റെ തുളസിയായ്
പ്രാണവായു പകരുന്നവളെ പൂജിച്ചതാണ്
മുത്തശ്ശിയെന്നറിയാതെ , ഞാനെന്നും
കൊളുത്താറുണ്ടൊരു തിരി നിനക്കായ്‌
പാട്ടുപെട്ടി സന്ധ്യാനാമം ജപിക്കുമ്പോള്‍

ജബല്‍ ദുക്കാനിലെ ജീവവൃക്ഷചോട്ടിലും
അറാത്ത് മലയിലെ പെട്ടകത്തിലും
മോഹന്‍ജദാരോയിലെ ചത്വരങ്ങളിലും
ഉറങ്ങുന്ന ആത്മാക്കള്‍ക്കും പറയാനുള്ളത്
പുതിയ ജനപഥങ്ങള്‍ തീര്‍ക്കുവാന്‍
കറുത്തവന്‍ കരതേടിയലഞ്ഞ കഥകള്‍ മാത്രം

എന്‍റെ ഈറന്‍ മുടിത്തുമ്പിലെക്കതിരിന്‍റെ
ദലങ്ങള്‍ തന്നെ നിന്‍റെ നിസ്കാരപ്പായിലും
എന്നിട്ടും നമുക്കിടയില്‍ ആരാണ് നാട്ടിയത്
വൈരത്തിന്‍റെ ഈ കൊടിക്കൂറ റൈഹാന?
--------------------------------------------------------------------------
റൈഹാന്‍ / റൈഹാന : തുളസി
കടാര്‍---------------:- -   -----ഖത്തറിന്‍റെ പഴയ പേര് (ചരിത്രം പറയുന്നു )
ജബല്‍ ദുക്കാന്‍---- :- ബഹറിനിലെ ഒരു സ്ഥലം, ഇതിനടുത്താണ് ജീവന്‍റെ മരം (ട്രീ ഓഫ് ലൈഫ്)

19 comments:

അനില്‍കുമാര്‍ . സി. പി. said...

ചിന്തകളെ അസ്വസ്ഥമാക്കുന്ന, കാലികപ്രസക്തമായ കവിത ...

ജീ . ആര്‍ . കവിയൂര്‍ said...

പരിശുദ്ധയായ തുളസി മാതാവിനെ
ഭാരതീയര്‍ തിരിച്ചറിഞ്ഞ പോലെ
മറ്റുള്ളവരും അറിഞ്ഞിരുന്നു എന്ന്
കവിതയിലുടെ മനസ്സിലാക്കി തന്ന
കവയത്രിക്ക് ഒരായിരം നന്ദി

Raihana said...
This comment has been removed by the author.
Raihana said...

എന്‍റെ ഈറന്‍ മുടിത്തുമ്പിലെക്കതിരിന്‍റെ
ദലങ്ങള്‍ തന്നെ നിന്‍റെ നിസ്കാരപ്പായിലും
എന്നിട്ടും നമുക്കിടയില്‍ ആരാണ് നാട്ടിയത്
വൈരത്തിന്‍റെ ഈ കൊടിക്കൂറ റൈഹാന?
.......................njanum oru raihanayanu

Raihana said...

nannayitund superb

മന്‍സൂര്‍ ചെറുവാടി said...

ഒത്തിരി നന്നായി കവിത.
ആശംസകള്‍ ധനലക്ഷ്മീ

നിശാസുരഭി said...

ഞാന്‍ റെയ്ഹാനെ പറ്റി ഓര്‍ത്തു..
ദാ, കിടക്കണ് റെയ്ഹാനയുടെ കമന്റ്. ഹെ ഹെ ഹേ..
ആദ്യത്തേത് നമ്മടെ ഓഫീസിലെ ജോലിക്കാരനാണെ.
----
പേരും പ്രവൃത്തിയും വൈരം വിതയ്ക്കുന്നതില്‍ മനുഷ്യമനസ്സ് മാത്രം.. :)
കവിത ഇഷ്ടമായ്

കുസുമം ആര്‍ പുന്നപ്ര said...

നല്ല കവിത. പുതിയ പേരും പരിചയപ്പെടുത്തി.പോസ്റ്റിടുമ്പോളറിയിക്കാന്‍
മറക്കണ്ട.ഇപ്പോള്‍ കഥയൊന്നും ഇല്ലേ.

പട്ടേപ്പാടം റാംജി said...

വജബല്‍ ദുക്കാനിലെ ജീവവൃക്ഷചോട്ടിലും
അറാത്ത് മലയിലെ പെട്ടകത്തിലും
മോഹന്‍ജദാരോയിലെ ചത്വരങ്ങളിലും
ഉറങ്ങുന്ന ആത്മാക്കള്‍ക്കും പറയാനുള്ളത്
പുതിയ ജനപഥങ്ങള്‍ തീര്‍ക്കുവാന്‍
കറുത്തവന്‍ കരതേടിയലഞ്ഞ കഥകള്‍ മാത്രം

നന്നായിരിക്കുന്നു.

moideen angadimugar said...

എന്നിട്ടും നമുക്കിടയില്‍ ആരാണ് നാട്ടിയത്
വൈരത്തിന്‍റെ ഈ കൊടിക്കൂറ റൈഹാന?

തീർത്തും കാലികപ്രസക്തം തന്നെ.
ആശംസകൾ !

Sandeep.A.K said...

കഴിഞ്ഞയേതോ ലക്കത്തിലെ മാതൃഭൂമി ലേഖനത്തില്‍ കണ്ടിരുന്നു റൈഹാനയെ പറ്റി..
ഈ കവിതയ്ക്കു പിന്നിലും അത് തന്നെയെന്ന് വിശ്വസിക്കുന്നു...
എന്തായാലും നന്നായിട്ടുണ്ട്...
മതവൈര്യങ്ങള്‍ക്കിടയിലും നമ്മെ ചേര്‍ത്തു നിര്‍ത്താന്‍ ഇനിയുമിനിയുമെത്രയോ ചിന്ഹങ്ങള്‍ .....
അതൊക്കെ ചേര്‍ത്തു ഈ കവിതയെ ഇനിയും അര്‍ത്ഥവത്താക്കാമായിരുന്നു...
there is a scope... anyways congrats..

SHANAVAS said...

ഇഷ്ടമായി ഈ കവിത..."എന്നിട്ടും നമുക്കിടയില്‍ ആരാണ് നാടിയത് വൈരത്തിന്റെ ഈ കൊടിക്കൂറ റിഹാന?" ഉറക്കെ ചിന്തിപ്പിക്കുന്ന വരികള്‍...

സിയാഫ് അബ്ദുള്‍ഖാദര്‍ said...

മത വൈരം ഈ ചിഹ്നങ്ങളുടെ സൃഷ്ടിയല്ല ,ഇവയൊന്നും മതത്തിന്റെ അന്തസ്സത്തയെ ചെന്ന് തൊടുന്നില്ല എന്നത് കൊണ്ട് തന്നെ ഇവക്കു മത വൈരം ഇല്ലാതാകുകയുമില്ല ,അത് ലോകാവസാനം വരെ അങ്ങനെ തുടരും ,ഭ്രാന്ത്‌ അല്ലാതെ നമ്മളെ വിട്ടോഴിയില്ല ,ആശയത്തിന്റെ ഉദ്ദേശ് ശുധിയാല്‍ ശ്രദ്ധേയമായ പോസ്റ്റ്‌ ,അഭിനന്ദനങ്ങള്‍

തുമ്പപ്പൂ said...

കവിത ഇഷ്ടപ്പെട്ടു, ആശംസകള്‍

മനോജ് കെ.ഭാസ്കര്‍ said...

കവിത നന്നായിരിക്കുന്നു, ഇഷ്ടപ്പെട്ടു...
അഭിനന്ദനങ്ങള്‍.....

സങ്കൽ‌പ്പങ്ങൾ said...

ആശംസകൾ.തുളസി ലോകത്തിന്റെ സ്വന്തം...

elayoden said...

എന്നിട്ടും നമുക്കിടയില്‍ ആരാണ് നാട്ടിയത്
വൈരത്തിന്‍റെ ഈ കൊടിക്കൂറ

കാലിക പ്രസക്തം,, നല്ല കവിത, ആശംസകളോടെ..

MINI.M.B said...

ഇവിടെ ആദ്യമാണ്. നല്ല കവിത. ആശയം ഇഷ്ടമായി.. വരികളും. വീണ്ടും വരാം.

P V Ariel said...

മിനി ടീച്ചറുടെ ബ്ലോഗിലൂടെ ഇവിടെ എത്തി.
കവിത നന്നായിട്ടുണ്ട്.
എന്നിട്ടും നമുക്കിടയില്‍ ആരാണ് നാട്ടിയത്
വൈരത്തിന്‍റെ ഈ കൊടിക്കൂറ റൈഹാന?
പിന്നെ,അറാത്ത് മല ആണോ?
അതോ "അറാറാത്ത്' അല്ലേ ശരി?
എന്തായാലും വലിയൊരു ആശയം വളരെ
വ്യക്തമായ ഭാഷയില്‍ കുറിച്ചിട്ടു,
ഒരു നിര്‍ദേശം:
തലക്കെട്ടിലും ഒപ്പം തുളസി എന്ന് ചേര്‍ത്താല്‍
കുറേക്കൂടി നന്നാവില്ലേ?, അതായത്
"റൈഹാന അഥവാ തുളസി" എന്നോ മറ്റോ?
മരങ്ങളെ ക്കുറിച്ച് ഞാന്‍ എഴുതിയ
മരങ്ങളില്‍ മനുഷ്യഭാവി എന്ന എന്റെ ബ്ലോഗില്‍
ഈ അത്ഭുത സസ്യതെപ്പറ്റി ഞാന്‍ ചിലതെല്ലാം
കുറിച്ചിട്ടുണ്ട്.ഇവിടെ വായിക്കാം.

മരങ്ങളില്‍ മനുഷ്യ ഭാവി
ഫിലിപ്പ് ഏരിയല്‍
സിക്കന്ത്രാബാദ്

Post a Comment