Pages

Saturday, August 29, 2015

പരാജിതന്റെ ചിത

അവരൊക്കെയും പലകാലങ്ങളില്‍ 
എന്റെ സ്വപ്നങ്ങളില്‍ നിന്നും
എന്തിനെന്നോ എവിടെക്കെന്നോ 
പറയാതെ ഇറങ്ങിപോയവര്‍
ഇരുട്ട് കടല്‍ നിറച്ച പകലിലും
ഒഴിമുറിയാതെ സ്വപ്‌നങ്ങള്‍
പിന്നെയും എന്നെ കാണുന്നു
മരിച്ചവരുടെ വയലിലേക്കു
അവരെന്നെ  എടുത്തുകൊണ്ടുപോയി
വഴിയില്‍ തോളുരുമ്മിയിരുന്നവര്‍
നുണകള്‍ വാറ്റിയ വീഞ്ഞിന്റെ
ലഹരിയില്‍ പരസ്പരം തലചായ്കെ
ശവപ്പായയില്‍ ചുരുണ്ടു കിടന്നഞാന്‍
ചിരിച്ചു ചിരിച്ചു വിറങ്ങലിച്ചു
അനുതാപത്തിന്റെ മേലങ്കി പുതച്ചു
അവസാനകാഴ്ച്ക്കു നീ വന്നു നില്ക്കരുത്
പരാജിതനു ഓര്മ്മയിടങ്ങളോ,
അവശേഷിപ്പുകളോ , അടയാളങ്ങളോ ഇല്ല
അവനെന്നും മരിച്ചവരുടെ വയലിലെ
വളക്കൂറില്ലാത്ത ചുവന്ന മണ്‍തരിമാത്രം

Friday, September 19, 2014

കാടിന്റെ മകള്‍

അവളുടെ മരങ്ങള്‍ക്കു മണവും
അവളുടെ വെയിലിനു തണലും
കാടിനു ചൂടും കറുത്ത കുളിരും 
പുഴയില്‍ നിലാവുമുണ്ടായിരുന്നു
കാടു വെട്ടി ,മലയിടിച്ചു ,പുഴയൂറ്റി
വിശന്നൊട്ടിയ അവളുടെ കുഞ്ഞുങ്ങളെ
വെളിവരമ്പിലെ ശോഷിച്ച
അക്കേഷ്യമരത്തണലിലിരുത്തി
അടയാത്ത വാതിലുള്ള ഇരുട്ടുമുറിയില്‍
അവളെ സംസ്ക്കാരസമ്പന്നയാക്കി
രാപകല്‍ നഗരവാതിലില്‍
നിര്ത്തിയിരിക്കുന്നതെന്തിനു?
അവളുടെ നിഴല്‍ തനിച്ചല്ല ,
പതുക്കെയാണെങ്കിലും നിഴല്‍ നിരകള്‍
നീളുന്നുണ്ട്, ഭരണചക്ക്രത്തിന്റെ -
കാലുകള്‍ അവര്‍ മുറിച്ചുമാറ്റും മുമ്പേ
അവളുടെ മുളവീടും , മുളയരിയും
ഒറ്റമുറി ചേലയും തിരിച്ചുകൊടുക്കൂ
നാട്ടുമൃഗങ്ങള്‍ കാട്ടില്‍ കയറരുത്
അതു കാടിന്റെ നിയമം
രാജാവിന്റെ‍യും പ്രജയുടെയും
വിശപ്പാറ്റാനുള്ളതല്ലേ ഈ മണ്ണ്?

Sunday, August 31, 2014

മിഴിയടയ്ക്കാന്‍ നേരമായോ?














ഇഴചേര്ന്ന ഹൃദയങ്ങളില്‍ നിന്നും 
നിന്റെഹൃദയം ആരോ കീറിയെടുത്തു
മുറിവായില്‍ നിന്നും ചുവന്ന കൊഴുമ്പന്‍ 
രക്തമല്ല കടവായിലൂടൊലിച്ചിറങ്ങുന്നത് 

വറ്റിപോകുന്ന പ്രാണന്റെ നേര്ത്ത
ഇളംചുവപ്പാര്ന്ന രക്തചാലുകള്‍
ഈര്ച്ചവാളിന്റെ വേദനയെങ്കിലും
മടുപ്പിക്കുന്ന മാംസഗന്ധം അതിനില്ല

നിന്റെ ചുംബനങ്ങള്‍ നെഞ്ചില്‍ വിരിയച്ച
പാരിജതാപ്പൂക്കളുടെ മാഞ്ഞുപോകുന്ന ഗന്ധം
നീലനിറം പടരുന്ന ചുണ്ടുകള്ക്കിടയിലൂടെ
അരിച്ചുകയറുന്ന അവസാന ശ്വാസത്തിലും

മിഴിയടയ്ക്കാന്‍ നേരമായോ ,വാതിലില്‍
നിഴല്‍ വിരിച്ചു നില്ക്കുന്നാരോ.....



(ചിത്രം- കടപ്പാട് ഗൂഗിള്‍)