Pages

Wednesday, March 30, 2011

മധുരനെല്ലിമരത്തിലെ പക്ഷികള്‍


മുറ്റത്തെ മധുരനെല്ലി മരത്തില്‍ കൂടുകൂട്ടിയ കിളികള്‍ എന്നെ നോക്കി  എന്തോ പറയുന്നുണ്ട്. എന്താണാവോ പതിവില്ലാതെ എന്നെ തന്നെ നോക്കി രണ്ടുംകൂടി ഇരിക്കുന്നത്? ഇന്ന് വഴക്കൊന്നുമില്ലേ എന്ന് ചോദിച്ചത് കേള്‍ക്കാതെ അവ  ചിറകടിച്ചു ചിലച്ചു..ബീപ് ..ബീപ്! എന്നോടു രണ്ടാള്‍ക്കും എന്തോ  പറയാനുള്ളതു പോലെ. ഇന്നെന്തോ ഇവയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ ആശുപത്രിയിലെ പള്‍സ്-ഓക്സി മീറ്റര്‍ ഓര്‍മ്മ വരുന്നു . മരണത്തിന്‍റെ  മണമാണ് ആശുപത്രികള്‍ക്കെന്നു എനിക്കെപ്പോഴും തോന്നാറുണ്ട്.


 പക്ഷികളുടെ ചിറകൊച്ചയും കലപിലയും  ശ്രദ്ധിക്കാതെ ഞാന്‍ ആലോചിച്ചത് എന്നെ തന്നെ നോക്കിയിരിക്കുന്ന എന്‍റെ പൂച്ചകുട്ടിയെ പറ്റിയാണ്. ഓരോ യാത്രകഴിഞ്ഞു എത്തുമ്പോഴും വഴിക്കണ്ണുമായ്‌ അവള്‍ കാത്തു നില്‍ക്കും അടച്ചിട്ട വീടിന്‍റെ ഒഴിഞ്ഞ ഉമ്മറകോലായില്,
ഒട്ടുംപരിഭവമില്ലാതെ. അകത്തുകയറി ഓരോജോലിത്തിരക്കില്‍ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ഓടി
നടക്കുമ്പോള്‍ വെറുതെ എന്നെയും നോക്കി ഇടക്ക് ചിണുങ്ങിയും എന്‍റെ പിന്നാലെ  കൂടും. വീണ്ടും നിശ്ശബ്ദത നീരാളിയെ പോലെ വലിഞ്ഞു മുറുക്കുമ്പോള്‍ ഞാന്‍ മുറ്റത്തെ ഊഞ്ഞാലില്‍ പോയി ഇരിക്കും. അപ്പോഴേക്കും അവളും എത്തി ദൂരെ മാറി നില്‍ക്കും...  ഞാന്‍ കണ്ണുകള്‍ അടയ്കുംപോള്‍ പതുങ്ങിവന്നു കാലിനരികിലിരുന്ന് നഖങ്ങള്‍ കൊണ്ടു നോവിക്കാതെ എന്‍റെ  കാല്‍വിരലുകളില്‍ തൊടും... എന്നിട്ട് ഒരു കണ്പോള മെല്ലെ  തുറന്നു എന്നെ ഒന്ന് നോക്കും..പിന്നെ പതിയെ മടിയില്‍ കയറും.. അറിയാതെ എനിക്കും അവളെ
ചേര്‍ത്തുപിടിക്കാന്‍ തോന്നും. അപ്പോഴേക്കും അവള്‍ക്ക് സ്വര്‍ഗ്ഗം കിട്ടിയപോലെയാണ്. കൈകള്‍ രണ്ടും നിവര്‍ത്തി മുഖം എന്‍റെ  കൈകളില്‍ചേര്‍ത്ത്  ഉറങ്ങാന്‍ തുടങ്ങും.

അവളെപോലെയാണ് നിന്നോടുള്ള എന്‍റെ സ്നേഹവും എന്ന് എപ്പോഴും എനിക്ക് തോന്നും. എത്ര ദൂരേക്ക്‌ മാറ്റിനിര്‍ത്തിയാലും നിശബ്ദമായി നിന്‍റെ അരികില്‍ എത്താന്‍ കാത്തുനില്‍ക്കുന്നു.
വീടിന്‍റെ മുകള്‍നിലയിലെ ജാലകത്തില്‍നിന്നും ആരുടെയൊക്കെയോ
നിശ്വാസങ്ങൾ  കാറ്റിനൊപ്പം പുറത്തേക്കൊഴുകി. നിരാസത്തിന്‍റെന്‍റെയും  ഇഷ്ടക്കേടുകളുടേയും പഴകിയഗന്ധം അതിലിപ്പോഴും. തിരക്കുകള്‍ക്കിടയില്‍ ചതഞ്ഞരഞ്ഞ സ്വപ്നങ്ങളുടെ ബാക്കിയായ തുടിപ്പുകള്‍ അതിലുണ്ടെന്നു
എനിക്ക് വെറുതെ തോന്നിയതാവാം. ഒരിക്കലുംഉയരാത്ത വാഗ്വാദങ്ങള്‍ ... കിലുങ്ങനെ പറഞ്ഞിരുന്ന ശബ്ദങ്ങള്‍ വെറുംനിശബ്ദതയായത് അപ്പോള്‍ മാത്രമാണറിഞ്ഞത്.

അടുത്തിരിന്നു പറയുമ്പോഴും കാലങ്ങൾക്കപ്പുറത്ത് നിന്നും എതോ ഗുഹാമുഖമാണോര്‍മ വരിക. ആവശ്യങ്ങൾക്കുവേണ്ടി മാത്രം ഉപയോഗിക്കുന്ന വാക്കുകള്‍ ഒരിക്കലും ഹൃദയത്തിലെത്തിയില്ല... തലോച്ചിറില്‍ തട്ടി അവ എനിക്ക് ചുറ്റും പലപ്പോഴും ചിതറി വീണു.

അയ്യേ നീ ഇനിയും ഇതൊന്നും മറന്നില്ലേ എന്ന് മുറ്റത്തെ ചെന്തെങ്ങില്‍ ഒടിക്കയറുന്നതിനിടയില്‍ അണ്ണാന്‍ ചിലച്ചു കളിയാക്കിയതു വെള്ളച്ചോറിനു കാറി കാറി കരയുന്ന കാക്ക മാത്രം കേട്ടു!
അകത്ത് ഫോണ്‍ ബെല്‍ നിര്‍ത്താതെ മുഴങ്ങി..ആരാണ് ആവോ?  ഈ അവധിക്കാലം വീട്ടിലെ പൊടിപിടിച്ച ഓര്‍മ്മകളിലെക്ക് ആണെന്ന്‍ ആരോടും പറഞ്ഞിരുന്നില്ല... പലതവണ പിന്നെയും ബെല്‍ മുഴങ്ങി. മനസ്സില്ലാ മനസ്സോടെ ഫോണിന്‍റെ അരികിലെത്തുമ്പോഴേക്കും അത് നിശ്ശബ്ദമായി. അല്ലെങ്കിലും ഓര്‍മ്മയില്‍ സൂക്ഷിച്ച് വെക്കാനും, കാണാത്തപ്പോള്‍ വിളിച്ചു സ്നേഹം പങ്കിടാനുമുള്ള സൌഹൃദങ്ങള്‍ ഇപ്പോള്‍ കൊണ്ടുനടക്കാറുമില്ല. തിരക്കുകള്‍ കാര്‍ന്നു തിന്നുന്ന ജീവതങ്ങള്‍ക്കിടയില്‍ ആര്‍ക്കും ആരും അനിവാര്യമല്ലെന്ന് പലതവണ ബോധ്യമായി. ആരുടെയും അസാന്നിധ്യം ആര്‍ക്കും വേദനയുമല്ല. ഒരുപാടു സൌഹൃദങ്ങള്‍ നമുക്കുണ്ടെന്നു തോന്നും, പക്ഷെ ആലോചിച്ചു നോക്കുമ്പോള്‍ എല്ലാവരും വെറും പരിചയക്കാര്‍ മാത്രം!


സന്ധ്യക്ക് അകമ്പടി വന്ന ഇരുട്ട് മുറിയില്‍ നിറഞ്ഞു കനം വെയ്ക്കുന്നു. വായിക്കാന്‍ കൊണ്ടുവന്ന പുസ്തകങ്ങള്‍ തുറന്നു നോക്കാതെ മേശപ്പുറത്ത് ഇരിക്കുന്നത് ഇരുട്ടിലും കാണാം. വായന മരിക്കുന്നുവെങ്കില്‍ അത് മനസ്സുകളുടെ മരണം കൊണ്ടാവാം എന്ന് തോന്നി. മുറിയിലെ ലൈറ്റ്‌ ഇട്ടു വായിച്ചു പകുതിയാക്കിയ ഖാലിദ്‌ ഹൊസ്സൈനിയുടെ പുസ്തകം ‘A thousand splendid Suns’ എടുത്തു. പേജുകള്‍ മറിഞ്ഞതല്ലാതെ ഒന്നും മനസ്സില്‍ തങ്ങിയില്ല. ഹൃദയമിടിപ്പ് വല്ലാതെ കൂടുന്നപോലെ... മനസ്സ് അസ്വസ്ഥമാകാന്‍ തുടങ്ങി. വായന നാളേക്ക് മാറ്റി വെച്ച് ഉറങ്ങാനായി  കട്ടിലില്‍ കയറി കിടന്നു. തിരിഞ്ഞം മറിഞ്ഞും കിടന്നു മടുത്തപ്പോള്‍ എണീറ്റിരുന്നു. ഉറങ്ങാന്‍ ഇത്തിരിസമയത്തിന് വേണ്ടി കൊതിച്ച എത്രയോ പകല്‍ തിരക്കുകളെ പറ്റി ഓര്‍ത്തുപോയിഎനിക്ക് മാത്രമാണോ ഇങ്ങനെ ... ഏറെ ആഗ്രഹിക്കുന്നതൊക്കെ അനവസരങ്ങളില്‍ കണ്‍മുന്നില്‍ നിര്‍ത്തി കൊതിപ്പിക്കുന്നു, ജീവിതം പോലെ.
അലസമായി വീണ്ടും കിടക്കനൊരുങ്ങുമ്പോഴാണു മേശപ്പുറത്തു തുറന്നുവെച്ചിരിക്കുന്ന ലാപ്‌ടോപ്‌ കണ്ടത്. ഇന്നലെ കണക്ട് ചെയ്ത നെറ്റ് ആണ്. ഒച്ചിന്‍റെ വേഗതയില്‍ ജി-മെയില്‍ ഇഴഞ്ഞു വരുന്നത് കണ്ടുമടുത്തു വെച്ചിട്ട് പോയതാ... പൊതുജനങ്ങളുടെ വക ആയതുകൊണ്ട് ആയിരിക്കാം bsnl നാട്ടുകാര്‍ക്ക്‌ ഇത്ര സ്പീഡ്‌ കുറഞ്ഞ സേവനം മതി എന്ന് തീരുമാനിച്ചത്!

ഇനി എന്തായാലും കുറച്ചു സമയം ഇതിന്‍റെ മുന്നില്‍ ഇരിക്കാം. ആദ്യം കണ്ട സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ തുറന്നു.., ‘നിങ്ങള്‍ ദൈവത്തിൽ വിശ്വസിക്കുന്നോ?’ ...  ചര്‍ച്ച പൊടിപൊടിക്കുന്നു. കുറെ കമന്റുകള്‍
വായിച്ചപ്പോള്‍ ചിരിയാണ് വന്നത്. എല്ലാ മതക്കാരും അവരുടെ ദൈവത്തില്‍മാത്രം വിശ്വസിച്ചു സ്വര്‍ഗ്ഗത്തിലേക്ക് പോകാനാണ് പറയുന്നത്. നാട്ടിൽ കുങ്കുമക്കുറിയും, പര്‍ദയും, ധ്യാനംകൂടലുമൊക്കെ കൂടിയിട്ടും ജീവിതങ്ങള്‍ കൂടുതല്‍ നരകമാവുകയാണ്. ഇവരൊക്കെ ഇനി അങ്ങോട്ട്‌ ചെന്ന്‌ സ്വര്‍ഗ്ഗത്തിലും നരകം തീര്‍ക്കും. അത്കൊണ്ടു എനിക്കെന്തായാലും സ്വര്‍ഗ്ഗത്തില്‍ പോകാന്‍ തോന്നിയില്ല.

ഞാന്‍ അടുത്ത സൈറ്റ് തുറന്നു.. നല്ല തമാശ! മറ്റേ സൈറ്റിലെ ചര്‍ച്ചയ്ക്ക് തങ്ങളുടെ മതത്തിന് അനുകൂലമാക്കാന്‍ കമന്‍റ് ഇടാന്‍ വേണ്ടി അവിടെ നിരീശ്വരവാദം പറഞ്ഞു എതിര്‍ത്തവര്‍ ഇവിടെ ഒത്തു കൂടി ചര്‍ച്ച ചെയ്യുന്നു! ഏതു രാജ്യത്ത് പോയാലും മലയാളിയുടെ മനസ്സിന്‍റെ ദുര്‍ഗ്ഗന്ധത്തിനു ഒരു കുറവും ഇല്ല. ഇവിടെയും ചര്‍ച്ചകള്‍  തകര്‍ക്കുന്നുണ്ട്. ‘.ആര്‍ക്കാണ് വില്‍ക്കാന്‍ അവകാശം?’ ... വിഷയം പരിസ്ഥിതിആണ്.. ഒന്ന് കയറി നോക്കാം. കരി കലങ്ങിയ ചാലിയാറിനെ പറ്റി ആരോ കമന്‍റ് ഇട്ടിട്ടുണ്ട്. ഒരു മറുപടി എഴുതണം എന്ന് തോന്നി..
 
പുഴ പെങ്ങളെന്നും പ്രണയിനി എന്നുമൊക്കെ കവിതയിലെ ഉള്ളു .. കയ്യില്‍ കിട്ടിയാല്‍ എല്ലാവര്‍ക്കും അവള്‍ വെറും പെണ്ണുതന്നെയാ. എല്ലാം ഊറ്റി എടുത്ത് കടിച്ചു കീറി കുടഞ്ഞു കൊന്നുകളയും.
 
പെട്ടെന്ന് തന്നെ മറുപടി വന്നു.
സുഹൃത്തെ താങ്കളുടെ ആത്മരോഷം മനസിലാക്കുന്നു. കവിതയില്‍ മാത്രമല്ല പുഴ പെങ്ങളായത്. ചില ഗോത്രവർഗ്ഗക്കാരുടെ ജീവിത സങ്കല്‍പം പോലും അങ്ങനെയാണ്. അതാണ് നൂറ്റാണ്ടുകള്‍ക്കു മുന്നേ സിയാറ്റില്‍ പറഞ്ഞത്‌. സമയം കിട്ടുമ്പോള്‍ ഈ ലിങ്കില്‍ പോയി ഒന്ന് വായിച്ചു നോക്ക്.. “Oration of Seattle”. രാവേറെ ആയി, ശുഭരാത്രി.
 
കഴുത്ത് വേദന വല്ലാതെ അലട്ടാന്‍തുടങ്ങി. എങ്കിലും അയാള്‍ പറഞ്ഞ പ്രസംഗം കണ്ടുപിടിച്ചു വായിച്ചു. ശെരിയാണ്... എത്ര മനോഹരമായ സങ്കല്‍പം.......ഞങ്ങളുടെ പൂര്‍വ്വികരുടെ നിശ്വാസങ്ങളാണ് ഇന്ന് നിങ്ങളെ വീശി തണുപ്പിക്കുന്ന ഈ കുളിര്‍ കാറ്റ്, പുഴയും പൂക്കളുമൊക്കെ ഞങ്ങളുടെ സഹോദരങ്ങള്‍ ആണു...

എപ്പോഴാണ് മയങ്ങിപ്പോയതെന്നറിയില്ല, എന്തോ ഒന്ന് മുഖത്തിന്‌ മീതെപാറിയപോലെ. ഉണരുമ്പോള്‍ ചെവിക്കരുകില്‍ കിരുകിരെ ശബ്ദം. ഭിത്തിയിലിരിക്കുന്ന ഒരു ചിത്രശലഭത്തിന്‍റെ ചിറകൊച്ചയാണ്. കണ്ണടച്ചു വീണ്ടും കിടന്നു. ചിറകൊച്ച പതുക്കെ കനംവെച്ച് ഒരുഹൂങ്കാരമായി. ഏതോ ആപത്ത്തന്‍റെ നേര്‍ക്ക്‌ ചിറകു വിരിച്ചു വരുന്നപോലെ... ഒരു ചെറിയ ചിറകനക്കം പോലും വലിയൊരു ദുരന്തത്തിന്‍റെ മുന്നറിയിപ്പായി നമുക്ക് വായിച്ചെടുക്കാം എന്ന് എവിടെയോ വായിച്ചത്  ഓര്‍ത്തുപോയി.

വല്ലാത്ത ദാഹം. സമയം എത്ര ആയി എന്നറിയില്ല. ജനല്‍ കര്‍ട്ടന്‍ മാറ്റി പുറത്തേക്കു നോക്കി. പുലരി മഞ്ഞു മറനീക്കി പ്രഭാതരശ്മികള്‍ തെളിയുന്നത്തെ ഉള്ളു. പ്രഭാത സൂര്യന്റെ മുഖംപോലും  മറന്നുപോയിരിക്കുന്നു. പൂമുഖവാതില്‍തുറന്നു, മുറ്റത്തേക്കുള്ള രണ്ടു പടികള്‍ ഇറങ്ങിയതെ ഓര്‍മ്മയുള്ളൂ....
 
പിന്നെ കണ്ണ് തുറക്കുന്നത് വേദനയുടെ നിലയില്ലാക്കയങ്ങളില്‍ മുങ്ങി ശ്വാസം കിട്ടാതെ പിടയുമ്പോഴാണ്. നേര്‍ത്ത തണുപ്പിലും വേദനയുടെ ചീളുകള്‍ തുളച്ചുകയറുന്നു എവിടെയൊക്കെയോ. ഹൃദയരേഖ മോണിറ്റല്‍ തെളിയുന്നതും നോക്കി പ്രതിമ പോലെയിരിക്കുന്ന നഴ്സ്! ആദ്യം ഏറിയും കുറഞ്ഞും തെളിഞ്ഞ രേഖ, നോക്കി നോക്കിയിരിക്കെ ഒരു നേര്‍രേഖ പോലെ ആയി, പിന്നെ സാവധാനം ഓരോഇഴയും അതില്‍ നിന്ന് പൊട്ടി വേര്‍പെടാന്‍ തുടങ്ങി. ഇനി  കനം കുറഞ്ഞ ഒരൊറ്റ നാരു മാത്രം. നേര്‍ത്തു വറ്റുന്ന ജീവന്‍റെ ഇഴ... ഏതു നിമിഷവും അത് പൊട്ടിവീഴുമെന്നു എനിക്ക് തോന്നി.
മധുരനെല്ലി മരത്തിലെ പക്ഷികളെ പോലെ മോനിറ്റർ ബീപ് ബീപ് ശബ്ദം മുഴക്കാന്‍ തുടങ്ങി. എവിടെ നിന്നെന്നറിയില്ല മുറിഞ്ഞു വീഴുന്ന  ഇഴയുടെ കാഴ്ച  മറച്ചു ഒരു ചിത്രശലഭം അതില്‍ പറന്നു വന്നിരുന്നു ചിറകൊതുക്കി...

ഞാന്‍ സാവധാനം ശ്വസിച്ചു തുടങ്ങി ......

Wednesday, March 2, 2011

കനലെരിയുന്നു ആത്മാവിലെപ്പോഴും


മൌനമാണെന്‍റെ വാക്കുകള്‍
എങ്കിലും കനലെരിയുന്നു
ആത്മാവിലെപ്പോഴും
ഒരു നിശ്വാസമാണ്
ഉതിരുന്നതെങ്കിലും
മിന്നല്‍ പിണരുകള്‍
പായുന്നു ജീവതന്തുക്കളില്‍

ജീവന്‍റെ പാതിയാണെങ്കിലും
ജീവിതംപാതി, വിശപ്പ്‌പാതി
കൂലിപാതി, നീതി പാതി
നിയമംപാതി, മാനം പാതി
സമ്പാദ്യങ്ങള്‍ സഹനങ്ങള്‍
സ്വത്തുക്കള്‍ മുറിപാടുകള്‍

രുധിരമെത്ര കുടിച്ചുതീര്‍ക്കണം
പകയുടെ, വെറുപ്പിന്‍റെ
തുറിച്ചു നോട്ടത്തിന്‍റെ,
ചതിയുടെ, ആസക്തിയുടെ
സ്ഖലനത്തിന്നിരയായി
വീണുടയാതിരിക്കുവാന്‍

ഇനിയുമെത്ര നഗരവഴികള്‍
പാഠശാലകൾ‍, തൊഴിലിടങ്ങള്‍
റെയില്‍പാതകൾ‍, ബസ്‌സ്റ്റോപ്പുകള്‍
ഇരുട്ടുമുറികൾ‍, പീടികതിണ്ണകള്‍
ഗ്രാമപാതകൾ‍, കുറ്റിക്കാടുകള്‍
മുറിച്ചു കടക്കണം ഞാന്‍
ഭയക്കാതെ, വഴിയാത്രയില്‍
കണ്‍ ചിമ്മാതെ ഉണര്‍ത്തി
വെയ്ക്കണം കാമവെറിയുടെ
വിരലുകള്‍ പതിയാതെ
ജീവിതപാത പിന്നിടാന്‍
എന്‍റെ പെണ്മക്കളെ..?