Pages

Monday, September 24, 2012

അരികെ തുടിക്കുന്ന ഹൃദയമേ.....




















നീളുമീ ആകാശകോണിപ്പടികള്‍ നാം
ക്ഷീണമറിയാതെ കയറിവന്നതും
മായുമീ  സന്ധ്യാംബരചോട്ടിലെ
നക്ഷ്ത്രമുല്ലകള്‍ നോക്കി ചിരിച്ചതും

മലമുകളിലെ കല്‍ക്കോണില്‍
മറയുമാ സൂര്യനെ നോക്കിനാം
വിളറി വരവീണചുണ്ടുകള്‍
ഇറുകെപൂട്ടി അനങ്ങാതെ നിന്നതും

മേഘശകലങ്ങള്‍ തൊട്ടുതലോടി
സ്നേഹവര്‍ഷം പൊഴിച്ചതും
ഒറ്റക്കുടക്കീഴില്‍ വിറച്ച തനുക്കള്‍
ഒന്നായ്‌ ചേര്‍ന്നു ചൂടുപകര്‍ന്നതും

കാറ്റിന്‍റെ കൈപിടിചെത്തി പുകമഞ്ഞു
വെണ്‍പട്ടു നിവര്‍ത്തി പുതപ്പിച്ചു
തെല്ലിട ,പിന്നെ ചുരുട്ടിയെടുത്തു
പോകുന്നതിന്‍ മുമ്പൊരുമാത്രയില്‍

ആയിരംരാത്രിതന്നാര്ത്തി ചതച്ചചുണ്ടുകള്‍
ആര്ദ്രമായ്‌ നീ മെല്ലെ നുകരവേ
ജന്മാന്തരങ്ങള്‍ക്കപ്പുറമെത്തി നാം
ആദ്യചുംബന നിര്‍വൃതിയിലലിഞ്ഞതും  

ആത്മാവിന്നടിത്തട്ടോളം എത്തിയ
ആനന്ദബാഷ്പ ധാരയില്‍ മുങ്ങവെ
ആകാശനീലിമ നിറച്ച സ്വപ്‌നങ്ങള്‍
ആരതിയുഴിഞ്ഞു നാണിച്ചു നിന്നതും

മഞ്ഞുപോല്‍ കുടഞ്ഞീ ഓര്‍മ്മകള്‍
മങ്ങിയ നിലാവിലുപേക്ഷിച്ചു പോക
താഴ്വാരത്തില്‍ കാത്തുനില്‍പ്പതാ-
അശാന്തമാണെങ്കിലും ജീവിതം  

ഭയമരുത്, വേച്ചുപോകില്ല തളര്‍ന്നപാദങ്ങള്‍
നനയുമെന്‍ കണ്ണില്‍ നിന്നുതിരില്ല കണങ്ങള്‍
അരികെ തുടിക്കുന്ന ഹൃദയമേ നിന്‍
മിടിപ്പുകളീ പ്രാണനുകൂട്ടായിരിക്കുമെന്നും 

Wednesday, September 5, 2012

വര്‍ഷത്തിലെ വേനല്‍രാത്രികള്‍











ഋതുക്കളുടെ കലണ്ടര്‍
ഭൂമി മറിച്ചുനോക്കി
കണക്കുതെറ്റാത്ത കള്ളികളില്‍  
അടയാളപ്പെടുത്തിയിട്ടുണ്ട്
ഇത് വര്‍ഷരാത്രികള്‍ ...
ഇടിവെട്ടി, കാടലച്ച്
കടലിളക്കി, കരതണുത്ത്
മഴ പെയ്യുന്ന രാത്രികള്‍


കാറ്റിനോട് മിണ്ടാതെ
കടലിനോടു പറയാതെ
മഴ എവിടേയ്കാണ്
യാത്രപോയത്?
കാത്തിരുന്നു കരള്‍പുകഞ്ഞു
മഴപ്പക്ഷി തലതല്ലി ചത്തു


ഇലപൊഴിച്ച മരങ്ങള്‍ ശിലകളായി
മുളയ്ക്കാത്ത വിത്തുകള്‍
തൊണ്ടയില്‍ കുരുങ്ങി
മുയലുകള്‍ക്ക് ശ്വാസം നിലച്ചു
പുഴ, മണല്‍ക്കുഴികളില്‍
മുങ്ങിത്താണു, കരയ്ക്കു-
കയറിയ മത്സ്യങ്ങൾ കൊത്തി
പക്ഷികള്‍ക്കു പനിപിടിച്ചു


നിശാവീഥിയില്‍ നടക്കാനിറങ്ങിയ
നക്ഷത്രക്കുഞ്ഞുങ്ങൾ കാലുവെന്ത്
നക്ഷത്രഖബറില്‍ കരിഞ്ഞുവീണു
തേന്‍വറ്റിയ പൂക്കളില്‍ ശലഭങ്ങള്‍
ദാഹിച്ചു പിടഞ്ഞു ഒടുങ്ങി
മുളങ്കാട് പാട്ട് നിര്‍ത്തി


ജഠരാഗ്നിയിലും തളിര്‍ക്കുന്ന രതി
മാളങ്ങളില്‍ ചുരുണ്ടു കിടന്നു
ഉമിനീരിന്‍റെ നനവുപോലുമില്ലാത്ത
ചുണ്ടുകളില്‍ ചുംബനങ്ങള്‍ കരിഞ്ഞു   
രതിശില്പങ്ങള്‍ കൊത്തിവെയ്ക്കാന്‍
ഇനിയൊരു നൃപന്‍ എവിടെ?
കൊണാര്‍ക്കിലെ രഥസൂചി എപ്പോഴും
മധ്യാഹ്നത്തില്‍ തറഞ്ഞുനില്‍ക്കുന്നു.


മഴമേഘങ്ങള്‍ മലനീന്തി വരുന്നുണ്ട്
മെഴുക്കു പുരണ്ട നീരാവിക്കു
വാനോളമുയരാന്‍ ആവുന്നില്ലല്ലോ
ചിറകടിച്ചെത്തിയ മണല്‍ക്കാറ്റ്
താഴ്വാരത്തിന്റെ ഉടയാട നീക്കവെ  
മിഴിവറ്റിയ ചോലകള്‍ പുതച്ചു
വര്‍ഷരാത്രിയുടെ കുളിരുമ്മയോര്‍ത്തു
കാലരാത്രിക്കായ് ഭൂമി കാത്തുകിടന്നു