Pages

Tuesday, December 14, 2010

ആത്മഹത്യ ചെയ്തവന്‍റെ വീട്

വെയില്‍ ചായുന്നതെയുള്ളായിരുന്നു അപര്‍ണയുടെ വീട്ടിലേക്കു നടക്കുമ്പോള്‍. പാതിചാരിയ വാതിലിനരികെ യാത്ര പോകാനാകാതെ ഒതുങ്ങിയിരിക്കുന്ന ചെരുപ്പുകള്‍. ഉമ്മറത്തെ ചാരുകസേരക്ക്‌ താഴെ മടക്കു നിവര്‍ക്കാതെ പത്രങ്ങള്‍ വീണു കിടക്കുന്നു. മുറ്റത്തെ മണല്‍ തരികളില്‍ പോലും മൗനം മുറ്റി നില്‍ക്കുന്നത് പോലെ. ഞാന്‍ കതകു തുറന്നു അകത്തേക്ക് കയറി. തടിച്ച നിയമപുസതകങ്ങള്‍ക്കിടയില്‍ അരവിന്ദന്‍റെ അച്ഛന്‍‍. എന്നെ കണ്ടതും ആ ക്ഷീണിച്ച എല്ലിന്‍കൂട് ഒന്നനങ്ങി. പിന്നെ പതുക്കെ പറഞ്ഞു....

അപു അകത്തുണ്ട്......

ഞാന്‍ അപര്‍ണ്ണയെയും തിരഞ്ഞു അടുക്കളയിലേക്കു നടന്നു. അവിടെ അവള്‍ ഉണ്ടായിരുന്നില്ല. അടുപ്പില്‍ ചോറ് വെന്തു കരിഞ്ഞു കിടക്കുന്നു. അടയ്ക്കാന്‍ മറന്ന ടാപ്പ് അടച്ചു തിരികെ നടക്കുമ്പോള്‍ അടുക്കളയിലെ അനക്കം കേട്ടിട്ടാവണം സുന്ദരി പൂച്ച കോണി പടിയിറങ്ങി വന്നു. അവളും ആകെ അവശയായിരുന്നു. എന്നെ ദയനീയമായി ഒന്ന് നോക്കി കോണിപ്പടി കയറി മുകളിലേക്ക് തന്നെ പോയി. അപര്‍ണ്ണ അവിടെ കാണുമെന്നു തോന്നി. മുകളില്‍ ആകെ രണ്ടു മുറികളെ ഉള്ളു. രണ്ടും എഴുത്ത് മുറികളാണ്. ഒന്ന് അപര്‍ണ്ണയുടെയും മറ്റേതു അരവിന്ദന്റെയും. കോണിപടി കയറുമ്പോള്‍ ഒരു നിമിഷം കൂടെ ഒരു നിഴലുള്ളത് പോലെ തോന്നി. ഞാന്‍ ഒച്ചയുണ്ടാക്കി പടികള്‍ കയറാന്‍ തുടങ്ങി. പക്ഷെ എന്‍റെ കാല്‍ പെരുമാറ്റം അവള്‍ കേട്ടതേയില്ല..... അരവിന്ദന്‍റെ മുറിയിലെ ഫാനിനു താഴേക്ക്‌ നീക്കിയിട്ടിരിക്കുന്ന മേശപ്പുറത്തെ ഡയറിയുടെ കാറ്റില്‍ മറിയുന്ന പേജുകളും നോക്കി അപര്‍ണ നില്‍ക്കുന്നു. ഞാനവളുടെ കൈ പിടിച്ചു താഴേക്ക്‌ നടത്തിച്ചു.

അച്ചു ...........ഒരു വാക്ക് പോലും അരവിക്ക് എന്നോട് പറയാനില്ലാ യിരുന്നോ?... 12 വര്‍ഷം ഒന്നും മറയ്ക്കാതെ, ഒളിക്കാതെ കൂടെ നടന്നിട്ട്...... എന്നെ തനിച്ചാക്കി പോയതെന്തിനാ അച്ചൂ....?

കിടപ്പ് മുറിയിലെ കട്ടിലില്‍ കയറി ചുമരും ചാരിയിരുന്നു അവള്‍ പിന്നെയും ഓരോന്ന് ചോദിക്കുന്നുണ്ടായിരുന്നു. ഒന്നിനും മറുപടി പറയാനാകാതെ ഞാന്‍ ചോദിച്ചു.

നീ ഒന്നും കഴിച്ചില്ലേ....? ഇവിടെ ആരും വരാറില്ലേ.... ?

ആത്മഹത്യ ചെയ്തവന്‍റെ വീട്ടില്‍ ആര് വരാനാ. ...? ചുമരിനോടെന്ന പോലെ അവള്‍ ചോദിച്ചു.

അവളുടെ കൈക്കുള്ളിലിരുന്ന എന്‍റെ കൈവിരലുകള്‍ വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു. അന്നും അവള്‍ ഇതേപോലെ മിഴിച്ചു നോക്കി ഒന്നും പറയാതെ ഇരിക്കുകയായിരുന്നു, അരവിയുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും മുറിനിറയെ.

അവന്‍ എന്ന് മുതലാണ് മിണ്ടാതായത്......? ഒന്ന് ഫോണ്‍ ചെയ്തെങ്കിലും പറയാമായിരുന്നില്ലേ.....? നിങ്ങള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായോ...?... എല്ലാം മൂടിവച്ചിട്ടല്ലേ....?..

ചോദ്യങ്ങള്‍ അവള്‍ക്കു ചുറ്റിലും വന്നു വീഴുന്നുണ്ടായിരുന്നു. ഓരോന്നും ഹൃദയത്തില്‍ തറച്ചു രക്തം കിനിയുന്നത് പക്ഷെ അവര്‍ കണ്ടില്ല. ഇടയ്ക്കിടെ അവള്‍ തല കുടയുക മാത്രം ചെയ്തു.

അല്ലെങ്കിലും ഇവള്‍ക്കിത്തിരി തന്‍റെടം കൂടുതലാ .......

അതിനിടയിലും ആ ദുരന്ത നിമിഷം ആസ്വദിക്കാനും ചിലര്‍ മറന്നില്ല....എനിക്ക് പ്രതികരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

ദയവു ചെയ്തു ഈ വിചാരണ ഒന്ന് നിര്‍ത്താമോ?... ഇതുവരെ നിങ്ങള്‍ക്കാര്‍ക്കും ഈ ചോദ്യങ്ങള്‍ ചോദിക്കാന്‍ സമയം കിട്ടിയില്ല. ....ഇനി ഇപ്പോള്‍ അറിഞ്ഞിട്ടെന്തു കാര്യം....?

പലരും വിളറിയ മുഖത്തോടെ പുറത്തേക്കിറങ്ങി. എല്ലാരും പോയി കഴിഞ്ഞപ്പോള്‍ അവള്‍ എന്നോട് മാത്രം ചോദിച്ചു.

ഞാനാണോ? ....ഞാനാണോ കുറ്റക്കാരി?....

അവള്‍ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. എന്‍റെ കണ്ണിരോക്കെ തൊണ്ടയില്‍ കെട്ടിനിന്നതിനാല്‍ ഒരു വാക്ക് പോലും പുറത്തേക്കു വന്നില്ല.

കോളേജ് യുണിയന്‍ ചെയര്‍മാന്‍റെ തീപൊരി പ്രസംഗം കേട്ട് ആരാധനയോടെ എന്‍റെ അരുകില്‍ നിന്ന പാവാടക്കാരിയെ പിന്നെ എത്രയോ കാലം കഴിഞ്ഞാണ് ഞാന്‍ കണ്ടത്. ഓഫിസില്‍ നിന്നും വൈകിയെത്തിയ ഒരു ദിവസം മുറ്റത്തെ പൊന്‍ചെമ്പകത്തിന്റെ ചുവട്ടില്‍ രണ്ടുപേര്‍ നില്‍ക്കുന്നു. ഇരുട്ടു വീണിരുന്നതിനാല്‍ മുഖങ്ങള്‍ വ്യക്തമായിരുന്നില്ല. ഞാന്‍ വേഗം ചെന്ന് ലൈയ്റ്റ് ഇട്ടു. അതിനെക്കാള്‍ പ്രകാശമുള്ള ചിരിയുമായി അപര്‍ണയും അരവിന്ദനും നില്‍ക്കുന്നു. അത്ഭുതം കൊണ്ട് പെട്ടെന്നെനിക്ക് വാക്കുകള്‍ കിട്ടിയില്ല.

എന്താടി ഇതു...?. അന്തംവിട്ട പെരുച്ചാഴിയെ പോലെ...?

അതെ... നിന്നെ ഒന്ന് ഞെട്ടിക്കാമെന്നു കരുതി. ...ഞങ്ങള്‍ അപ്പുറത്തെ വീട് വാങ്ങി... നിന്‍റെ അയല്‍ക്കാരിയായി കേട്ടോ.... അവള്‍ കിലുകിലേ പറഞ്ഞു തുടങ്ങി.

ഇവള്‍ എത്ര മാറിപോയി അല്ലെ അരവി...?
നിറം കെട്ടൂ. തടിവെച്ചു.
പഴയ ഗൌരവം മാത്രം ബാക്കിയുണ്ടല്ലേ...?.

അവളുടെ വര്ണന തുടരാനനുവദിക്കാതവരെ അകത്തേക്ക് ക്ഷണിച്ചു.

വേണ്ട ചക്കരേ ഇനി സമയമില്ല..... രണ്ടു മണിക്കൂര്‍ ആയി ഈ നില്‍പ്പ് തുടങ്ങിയിട്ട്... ഇനി പോട്ടെ.... നീ നാടുമുഴുവനും നന്നക്കിയിട്ടല്ലേ വരൂ...... അടുത്തയാഴ്ച മുതല്‍ നമ്മള്‍ അയല്‍ക്കാര്‍ അല്ലെ? ... നിന്റെ പൊന്‍ചെമ്പകത്തിന്റെ സുഗന്ധത്തില്‍ മത്ത്‌ പിടിച്ചിരിക്കയാ അരവി. പിന്നെ... ഞാന്‍ ഒരു തൈ മോഷ്ടിച്ചു. എന്‍റെ വീടും സുഗന്ധം നിറയട്ടെ.

അയ്യോ അപു. ..അത് വേഗമൊന്നും പൂക്കില്ല... കുറെ വര്‍ഷങ്ങള്‍ കഴിയണം.

ശരിയാ ഞങ്ങളെപോലെ തന്നെ അല്ലെ...?

കുട്ടികള്‍ എന്തെ എന്ന് ചോദിക്കാന്‍ തുടങ്ങിയ എന്‍റെ വായ്‌ അടഞ്ഞു പോയി. അവള്‍ പെട്ടെന്ന് വിഷയം മാറ്റി. അതെ.... നിന്‍റെ മോന്‍റെ സ്ക്കൂളിലെക്കാ എനിക്ക് മാറ്റം കിട്ടിയത്.

എന്തോ വീഴുന്ന ശബ്ദം എന്നെ ചിന്തകളില്‍ നിന്നും ഉണര്‍ത്തി. ഞാന്‍ പുറത്തേക്കു ചെന്നു . മറിഞ്ഞു കിടക്കുന്ന കസേര ബെധ്ധപെട്ടു നിവര്‍ത്താന്‍ ശ്രമിക്കുന്ന അച്ഛനെയാണ് കണ്ടത്.

അച്ഛന്‍ അകത്തിരിക്കൂ..... ഞാന്‍ ശരിയാക്കി വയ്ക്കാം....

അവന്‍ പോയതോടെ എന്‍റെ ശക്തി പോയി മോളെ. ......
ആ കുട്ടിയോടെ ജീവിതത്തോട് പൊരുതാന്‍ പറയു....
ഈ വയസ്സന്‍റെ കാവല്‍ ഇനി എത്രകാലം.?...

എനിക്ക് പറയാന്‍ വാക്കുകളില്ലായിരുന്നു. അച്ഛനെ പതുക്കെ നടത്തി അകത്തെ മുറിയില്‍ കൊണ്ടിരുത്തി. അടുക്കളയില്‍ പോയി ഇലയടയും ചായയും ഉണ്ടാക്കി അച്ഛന് കൊടുത്തു ,ഞാന്‍ അപുന്‍റെ.. അടുത്തേക്ക് ചെന്നു. എത്ര നിര്‍ബന്ധിച്ചിട്ടും അവള്‍ ഒന്നും കഴിച്ചില്ല. മുറിയിലെ നിശ്ശബ്ദതയുടെ ഭാരം താങ്ങാനാവാതെ ചുമരുകള്‍ തകര്‍ന്നു വീഴുമോ എന്നെനിക്കു തോന്നി.

അപു.... ഞാനിറങ്ങട്ടെ.... മോന്‍ വന്നുകാണും സ്ക്കൂളിന്നു. ഞാന്‍ പിന്നെ വരാം. .....

അവള്‍ ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. അച്ഛനോട് തലയാട്ടി ഞാന്‍ വാതില്‍ ചാരി ഇറങ്ങി. മുറ്റത്തിനരുകില്‍ കുറച്ചപ്പുറത്തെ വീട്ടിലെ ശാരദേച്ചി നില്‍പ്പുണ്ടായിരുന്നു.

എപ്പഴേ നീ വന്നെ? നിനക്ക് മാറ്റം കിട്ടിയോ?

ഇപ്പോ വന്നതെയുള്ളു.... ഇല്ല.... ഇക്കൊല്ലം കിട്ടുമെന്ന് തോന്നുന്നില്ല... എന്തെ ശാരദേച്ചി ഉണ്ടായത്?

എനിക്ക് അറിയില്ല എന്‍റെ മോളെ. ....

കുറെ ദിവസമായി ഓനിങ്ങനെ തലയും താഴ്ത്തി പോകുന്ന കാണാം. ഞാന്‍ പറയുമായിരുന്നു ഇവനെന്താ ഇങ്ങനെ വെറുപ്പ്‌ പിടിച്ചമാതിരി എന്ന്.

നിങ്ങള്‍ക്ക് ചോദിക്കാമായിരുന്നില്ലേ...........?

ഈ പണിയെടുത്തു വയ്ക്കുമെന്ന് ആരെങ്കിലും നിരീച്ചോ?

ഓള് സ്ക്കൂളില്‍ പോയതാ. സന്ധ്യക്ക്‌ ഓന് ഇവിടെയുണ്ടായിരുന്നു. ഞാന്‍ കണ്ടതാ. ഓള് സ്ക്കൂളിന്നു വരാന്‍ വൈകിപ്പോ ഫോണ്‍ വിളിച്ചിട്ട് ഓന്‍ എടുത്തില്ല. കുറെ തവണ വിളിച്ചു. ഓള്‍ക്ക് ബേജാറായിട്ടു അപ്പുറത്തെ രണ്ടു വീട്ടിലും മാറി മാറി വിളിച്ചു. ഓര്‍ പറഞ്ഞു ഓന്‍ അവിടെയില്ലാന്നു. ഓള്‍ക്ക് സമാധാനമില്ലാഞ്ഞിട്ടായിരിക്കാം പിന്നെ എന്നെ വിളിച്ചു. ഞാന്‍ ഓടി വന്നു. ഊയന്‍റെ മോളെ അപ്പോഴല്ലേ കണ്ടെനും. ഞാന്‍ ഒന്നേ നോക്കിയുള്ളൂ. അപ്പോഴേക്കും അച്ഛനും മോളും എത്തി. എന്‍റെ പര ദൈവങ്ങളെ.... ആ പെങ്കൊച്ചിന്റെ നിലവിളി... ഇതുവരെ എനിക്ക് മര്യാദയ്ക്ക് ഒരു തുള്ളിവെള്ളം ഇറക്കാന്‍ കഴിഞ്ഞിട്ടില്ല. ഓള് മാറിമാറി ഈ രണ്ടു വീട്ടി ലും വിളിച്ചതാ..... ആരേലും അപ്പൊ ചെന്നു തട്ടി വിളിച്ചെങ്കില്‍.. ഓന്‍റെ സമയമായി കാണും.....

ശാരദേച്ചി പറഞ്ഞു പറഞ്ഞു കരഞ്ഞു കൊണ്ട് നടന്നു.

ലോകം ഒരു ഗ്രാമമായി ചെറുതാകുന്നു. പക്ഷെ വീടുകള്‍ക്കിടയിലെ മതിലുകള്‍ എത്ര പൊക്കത്തില്‍. വീടിനുള്ളിലോ ചുമരുകളുടെ തടവറയില്‍ തളച്ചിട്ട ജീവിതങ്ങള്‍.

ആരും വരാറില്ലേ ചേച്ചി? .....ആര് വരാനാ മക്കളെ....... അതും ആത്മഹത്യ ചെയ്തവന്റെ വീട്ടില്‍. ......ആരെങ്കില്‍ വന്നാതന്നെ ഓരോന്ന് ചോദിച്ചു ആ കൊച്ചിനെ ഇല്ല്ലാണ്ടാക്കും.

ഗേറ്റടക്കുമ്പോള്‍ അറിയാതെ പൊന്‍ചെമ്പകത്തിലേക്ക് നോക്കി. ഒന്ന് രണ്ടു പൂക്കള്‍ മാത്രം. അപ്പോള്‍ അരവിയുടെ മുഴങ്ങുന്ന ശബ്ദം കേള്‍ക്കുന്ന പോലെ തോന്നി എനിക്ക്.

അച്ചു ......നീയല്ലേ പറഞ്ഞത് ഇതു പൂക്കാന്‍ വര്‍ഷങ്ങള്‍ വേണമെന്ന്. കണ്ടോ ......ഞങ്ങളുടെ സ്നേഹം കണ്ടു കണ്ടു ചെമ്പകം പൂത്തുപോയി.

പെട്ടെന്ന് വീശിയ തണുത്ത കാറ്റില്‍ പാതി കരിഞ്ഞ ഒരു പൂവ് അടര്‍ന്നു വീണു.... ഞാന്‍ അതെടുത്തു മണത്തു..... പക്ഷെ അതിനു കരിഞ്ഞ മാംസത്തിന്‍റെ ഗന്ധമായിരുന്നു! ‌
(Image courtesy: Google)

Saturday, November 27, 2010

പാല്‍‌പുഴയിലേക്കുള്ള വഴി

നഗരത്തിന്‍റെ മരണവേഗതയ്ക്കൊപ്പം ഓടിയെത്താനാവാതെ വഴിയരുകില്‍ പലപ്പോഴും കിതച്ചു നിന്നു. അപ്പോഴൊക്കെ ഉപേക്ഷിച്ചു പോന്ന നാട്ടുവഴികളെ ഓര്‍ത്തുപോയി. നിറംകെട്ട സ്വപ്നങ്ങളുടെ രാത്രികളില്‍ പാല്‍പുഴ എന്ന ഗ്രാമത്തിന്‍റെ മുഖങ്ങള്‍ ഒരിക്കല്‍ കൂടി കാണണമെന്ന മോഹം ശക്തമായി. തിരക്കില്ലാത്തതിനാല്‍ അവസാനത്തെ വണ്ടിയ്ക്ക് യാത്രതിരിച്ചു. മൂന്നാമത്തെ ദിവസം ഇരുട്ടു വീണുതുടങ്ങുമ്പോഴേയ്ക്കും അവിടെ എത്താം.അടുത്തിരിക്കുന്ന യാത്രക്കാരനെ പരിചയപ്പെടാന്‍ താല്പര്യം തോന്നിയില്ല.. ജീവിതത്തിന്റെ മടുപ്പില്‍ വാക്കുകളും മരിച്ചു തുടങ്ങി. പൂര്‍ത്തിയാക്കാന്‍ കഴിയാത്ത റിപ്പോര്‍ട്ടുകള്‍ കവര്‍ന്നെടുത്ത ഉറക്കമെല്ലാം കൂടി പതിയെ കണ്ണിലെക്കിറങ്ങി വന്നു.....


സര്‍ പറഞ്ഞ സ്ഥലമെത്തി. ഇറങ്ങുന്നില്ലേ? സഹയാത്രികന്‍ തട്ടിവിളിച്ചു.

ങേ... ഞെട്ടിയുണര്‍ന്നപ്പോള്‍ കണ്ടത് നിയോണ്‍ വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുന്ന കമാനങ്ങള്‍!

എനിക്ക്... ഇതല്ല സ്ഥലം.. കുറച്ചുകൂടി പോകാനുണ്ട്..

അതെ സര്‍... ഇതിപ്പോള്‍ പാല്‍‌പ്പുഴയല്ല... സ്മാര്‍ട്ട്‌ സിറ്റിയാണ്. നേരെ നടന്നാല്‍ പുഴക്കര എത്താം, വേഗമാകട്ടെ.. വണ്ടി ഇപ്പോള്‍ വിടും.

കൂടെ ഭാരങ്ങളോന്നുമില്ലാത്തതിനാല്‍ വേഗമിറങ്ങി. പരിചയമുള്ള മുഖങ്ങളോന്നുമില്ല. ഏതൊക്കെയോ ഭാഷ സംസാരിക്കുന്നവര്‍. രാത്രിയായെങ്കിലും നഗരം പകല്‍ വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുന്നു. ഇന്ദ്രപ്രസ്ഥത്തിലെത്തിയ ദുര്യോധനനെ പോലെയായി ഞാന്‍. വെണ്ണക്കല്ലുകള്‍ പോലെ മിനുസമായ വീഥികള്‍. കാലെടുത്തു വച്ചതും ആകെയൊരു ബഹളം, ചുവപ്പ് ലൈറ്റുകള്‍ ഒച്ചയോടെ തെളിഞ്ഞു. കണ്ണാടി കൂട്ടില്‍ നിന്നും ഗൂര്‍ഖ ഓടി വന്നു.

ടാക്സ്‌ കാര്‍ഡ്‌ പ്ലീസ്...

ടാക്സ് കാര്‍ഡോ.....

അതെ.. ഈ വഴി പോകണമെങ്കില്‍ പണമടച്ച കാര്‍ഡ്‌ വേണം.

എനിക്ക് പാല്‍പ്പുഴയിലേക്ക്, എന്റെ ഗ്രാമത്തിലേക്ക് പോണം. അതിലേക്കുള്ള വഴി ഏതാണെന്നു പറയണം.

ഓ.. ലോക്കല്‍സിനുള്ള വഴി ആ കാണുന്ന ഓടയ്ക്കപ്പുറമുള്ള നടവഴിയാണ്. അതിലെ പോകൂ..

അയാളോട് തര്‍ക്കിച്ചിട്ടു കാര്യമില്ല. നിറഞ്ഞ ചിരിയോടെ ഒരാള്‍ എന്‍റെ കൈപിടിച്ചു.

ഞാന്‍ രാമന്‍.. പണ്ടൊക്കെ ഇവിടെയുള്ളവര്‍ സ്നേഹത്തോടെ രാമേട്ടാ എന്ന് വിളിച്ചിരുന്നു... ഇപ്പോള്‍ ഹെ രാം എന്ന വിളിയെ കേള്‍ക്കാനുള്ളു. വരൂ.. എന്‍റെ ഒപ്പം പോകാം... മാസത്തില്‍ ഒരു ഗസ്റ്റിനെ ഫ്രീയായി കൊണ്ട് പോകാം.അതാണ് നിയമം. കുറേകാലമായി ഇതുവഴി വന്നിട്ടല്ലേ? ഇതു മിടുക്കന്മാരുടെ നഗരമല്ലേ. സ്മാര്‍ട്ട്‌ സിറ്റി. ഞാനും വഴിതെറ്റി വന്നതാ വര്‍ഷങ്ങള്‍ക്കു മുന്‍പ്. ഇപ്പോള്‍ ഇതിനകത്ത് കച്ചവടമാ.

ഞാന്‍ അലസമായി നടന്നു. കപ്പലും വിമാനങ്ങളു‌മൊക്കെ പോലെ കണ്ണാടി കെട്ടിടങ്ങള്‍. ഒരു മനുഷ്യനെയും പുറത്തു കാണാനില്ല. നമുക്കിത്തിരി വേഗം നടക്കാം. ഞാന്‍ ചെന്നിട്ട് വേണം മകന്

ചിരിശാലയിലേക്ക് പോകാന്‍. രാമേട്ടന്‍ തിരക്ക് കൂട്ടി.

ചിരിശാലയോ... അതെന്തു ശാല?

ചിരിക്കാനറിയത്തവരെ ചിരി പഠിപ്പിക്കുന്ന സ്ഥലം. കുട്ടികള്‍ക്കുമുണ്ട് ട്യുഷന്‍...

എനിക്ക് തറയില്‍ കിടന്നു ചിരിക്കാന്‍ തോന്നി. ചിരിക്കാന്‍ പഠിപ്പിക്കുന്ന ശാല. കൊള്ളാം ...

അതാ എന്‍റെ കടയെത്തി. കടയല്ല കേട്ടോ. ഫുഡ്‌ കോര്‍ട്ട് ആണ്.

മകന്‍ അക്ഷമയോടെ കാത്ത്‌ നില്‍പ്പുണ്ടായിരുന്നു. അച്ഛനെ കണ്ടതും ഒരു യന്ത്രത്തെ പോലെ അയാള്‍ പുറത്തേക്കിറങ്ങി നടന്നു.കടയ്ക്കെതിരെയാണ് ചിരിശാല. ഒരു സര്‍ക്കസ്‌ കൂടാരം പോലെ മനോഹരമായ ടെന്‍റ്.

നിങ്ങള്‍ ഒന്നും കഴിച്ചിട്ടുണ്ടാവില്ലല്ലോ... എന്തെങ്കിലും കഴിക്കൂ...

ഞാന്‍ ചായ മാത്രം കുടിക്കാമെന്നു കരുതി. തലപ്പാവ് വച്ച വെയിറ്റര്‍ വന്നു.

വണ്‍ ടീ പ്ലീസ്.

നോ സാര്‍, ഇവിടെ ഗ്രീന്‍ ടീയെ ഉള്ളൂ.

രാമേട്ടന്‍ ഇടപെട്ടു. അതെ ചായപ്പൊടി തന്നെയാ. കുടിച്ചോ. നല്ലതാ.. ചവര്‍പ്പുള്ള വെള്ളം എങ്ങനെയോ കുടിച്ചു തീര്‍ത്തു. രമേട്ടനോട് ചോദിച്ചു. നമുക്ക് അവിടെ ഒന്ന് പോയാലോ?

അയ്യോ... അങ്ങനെയൊന്നും കേറി ചെല്ലാന്‍ പറ്റില്ല.

എന്‍റെ മുഖം മങ്ങിയത് കണ്ടാവാം രാമേട്ടന്‍ പറഞ്ഞു,

ആ കാവല്‍ക്കാരന്‍ എന്‍റെ പരിചയകാരനാണ്. ഊം നോക്കട്ടെ...

ഞങ്ങള്‍ ചിരിശാലയിലേക്ക് നടന്നു. . കാവല്‍ക്കാരന്‍റെ ചെവിയില്‍ രാമേട്ടന്‍ എന്തോ പറഞ്ഞു. അയാള്‍ തലകുലുക്കി.

ഇവിടെ നിന്ന് ഇത്തിരി കണ്ടു പോന്നോള്ളൂ..

രാമേട്ടന്‍ വാതിലിനരുകില്‍ എന്നെ നിര്‍ത്തി പോയി. ശീതീകരിച്ച ഹാളില്‍ ടൈ കെട്ടിയവരും കെട്ടാത്തവരുമൊക്കെ ഇരിക്കുന്നു. പത്തു നൂറ്‌ പേര്‍ കാണും. ഹൃദ്യമായ സംഗീതം പെട്ടെന്ന് നിലച്ചു. വേദിയില്‍ വെള്ള കുപ്പായമണിഞ്ഞു പരിശീലകന്‍ നില്‍ക്കുന്നു.

ഇന്ന് ഞങ്ങള്‍ നൂറാമത്തെ ബാച്ച് ആരംഭിക്കുകയാണ്. എല്ലാവര്‍ക്കും സ്വാഗതം. പരിചാരകന്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി പറഞ്ഞു തുടങ്ങി.

എല്ലാവരും ഒരു പുഞ്ചിരിയോടെ പരസ്പരം വിഷ് ചെയ്യൂ.. പലരും വിഷ് ചെയ്യുന്നുണ്ടായിരുന്നു. പക്ഷെ ചിരിച്ചില്ല. ചിരി മരുന്നാണ്. ആയുസ്സിന്, ആരോഗ്യത്തിന്, സന്തോഷകരമായ കുടുംബജീവിതത്തിന്, മറ്റുള്ളവരെ സ്വാധീനിക്കാന്‍, ബിസിനസ്സ് വര്‍ദ്ധിപ്പിക്കാന്‍. നമ്മുടെ ജീവിതം യാന്ത്രികമാകുന്നത് തന്നെ ചിരിക്കാന്‍ മറന്നു പോകുന്നത് കൊണ്ടാണ്. പത്ത് വര്‍ഷം മുന്‍പ് നാം ദിവസം മുപ്പത്തിയാറു മിനിറ്റ് ചിരിച്ചിരുന്നു എങ്കില്‍ ഇന്ന് പലരും ചിരിക്കാന്‍ മറന്നുപോയിരിക്കുന്നു. ചിരിക്കാതിരിക്കാന്‍ നമ്മള്‍ അറുപത്തിനാല് മസിലുകള്‍ പ്രവര്‍ത്തിപ്പിക്കണം. പക്ഷെ ഒന്ന് ചിരിക്കാന്‍ പതിനെട്ടു മസിലുകള്‍ പ്രവര്‍ത്തിച്ചാല്‍ മതി. ഒന്ന് ശ്രമിച്ചു നോക്കൂ...

മിക്കവരുടെയും ശ്രമങ്ങള്‍ പാഴായി.

ശരി ഇതാ നോക്കൂ... കയ്യിലിരിക്കുന്ന പെന്‍സില്‍ കടിച്ചു പിടിക്കാന്‍ പറഞ്ഞു.

ഇനി പരസ്പരം നോക്കൂ... ചിരി കാണുന്നില്ലേ..

ഞാന്‍ കണ്ടത് എല്ലാവരുടെയും വക്രിച്ചു വികൃതമായ മുഖങ്ങളാണ്. എനിക്ക് വല്ലാതെ പേടി തോന്നി.ഞാന്‍ അവിടെ നിന്നിറങ്ങി. ബിസിനസ്സ് ചിരി, പ്ലാസ്റ്റിക്‌ ചിരി അങ്ങനെ പരിശീലകന്‍

പറയുന്നത് കേട്ടൂ. എനിക്ക് പലതും മനസ്സിലായില്ല.

നിറയെ പ്രതിമകള്‍ നിരത്തി വച്ചിരിക്കുന്ന ആന്റിക് ഷോപ്പിനു മുന്‍പില്‍ രാമേട്ടന്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. കണ്ണാടി കൂട്ടിലെ പ്രതിമകളില്‍ കൂടുതലും ചിരിക്കുന്ന ബുദ്ധന്മാര്‍.

എല്ലാം കണ്ടോ? ഇയാള്‍ ചിരിച്ചോ? രാമേട്ടന്‍ ചോദിച്ചു.

ഇല്ലാ.... പേടി തോന്നി.

ഉം... ഒക്കെ ഹൃദയമില്ലാത്ത ചിരികള്‍.

ഒരു മിനിട്ട് നില്‍ക്കൂ. ഇനി ഒരു ഗേറ്റ് കൂടിയുണ്ട്. അവര്‍ കടത്തി വിടില്ല. ഞാനിതൊന്നു വാങ്ങിയിട്ട് വരം, മരുമകള്‍ക്ക് വേണ്ടിയാണ്. ഇപ്പോള്‍ വീടുകള്‍ നിറയെ ചിരിക്കുന്ന ബുദ്ധന്മാരാണ്. പക്ഷെ അവര്‍ക്കാര്‍ക്കും ചിരിക്കാനറിയില്ല. എന്‍റെ പേരകുട്ടി ഇടയ്ക്കിടെ ചോദിക്കുന്നത് കേള്‍ക്കാം. വൈ ദിസ് ഓള്‍ഡ്‌ മാന്‍ ഈസ്‌ ഗിഗ്ലിംഗ് മോം?

അത് പറയുമ്പോഴും രാമേട്ടന്‍ ചിരിച്ചു .അതിനു കരച്ചിലിന്റെ നനവ്‌. എനിക്ക്തോന്നിയതാവം...

ദൂരെ കാണുന്ന കെട്ടിടം എന്താ വിറക്കുന്നത് രാമേട്ട..?

അത് വിറക്കുകയല്ല തിരിയുകയല്ലേ..റിവോള്‍വിംഗ് റസ്ട്റന്റ്.. കറങ്ങി കാഴ്ചകള്‍ കണ്ടു ഭക്ഷണം കഴിക്കാം ..

ഇത്തിരിനേരം ആകാശം കണ്ടാല്‍ ആളുകള്‍ക്ക ഇത്ര വേഗം മടുക്കുമോ..?

കൂറ്റന്‍ കമാനത്തിന്‍റെ ചെറിയൊരു വാതില്‍പ്പാളി പതുക്കെ തുറന്നു. ഞാന്‍ പുറത്തേക്കിറങ്ങി. രമേട്ടനോട് തലയാട്ടി യാത്ര പറയാന്‍ തുടങ്ങുന്നതിനു മുന്‍പേ കറുത്ത വാതില്‍ താനെ അടഞ്ഞു. മനുഷ്യത്വത്തിന്റെ വാതില്‍ അടഞ്ഞപോലെ എനിക്ക് തോന്നി!
..

ഇരുട്ട് കനം വച്ച് തുടങ്ങി. ഞാന്‍ പാല്‍പ്പുഴ കടവിലെക്കുള്ള വഴിയും തിരഞ്ഞു നടന്നു. ഉണങ്ങി വരണ്ട മണ്ണിലുടെ കുറച്ചു ദൂരം നടന്നു. ആളുകള്‍ തിരക്കിട്ട് എങ്ങോട്ടെക്കോ പോകുന്നു..പുഴയില്‍ നിന്നും വരുന്ന തണുത്ത കാറ്റിലെ നെല്ലിന്‍ പൂമണത്തിനായി ഞാന്‍ ദീര്‍ഘമായിശ്വസിച്ചു ... വിലകുറഞ്ഞ അത്തറിന്റെയും, ചതഞ്ഞരഞ മുല്ലപൂക്കള്ടെയും ഗന്ധം മൂക്കിലേക്ക് അടിച്ചു കയറി. മാക്കാച്ചി തവളകളുടെ ശബ്ദവും കേട്ടില്ല. പാല്‍നുര പോലെ പതഞ്ഞൊഴുകുന്ന തെളിഞ്ഞ വെള്ളത്തിലെ പരല്‍ മീനുകളെയും നോക്കി എത്രയോ സന്ധ്യകളില്‍ ജീവിതത്തിന്‍റെ കയ്പ്പ് ആ പുഴക്കരയില്‍ ഒഴുക്കി കളഞ്ഞിരിക്കുന്നു. ഒരിക്കല്‍ രാത്രിയിലെ അവസാന യാത്രക്കാരനായി തോണിയില്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുഴ പകുതി കടക്കവേ പെട്ടെന്ന് വെള്ളി

തിളക്കത്തോടെ ഒരു വലിയ മീന്‍ തോണിയിലേക്ക് പറന്നു വീണതും പേടിച്ചു നിലവിളിച്ചു ഞാന്‍ വെള്ളത്തിലേക്ക്‌ വീണതും ഒരുമിച്ചായിരുന്നു. അതോര്‍ത്തു അറിയാതെ ഞാന്‍ ചിരിച്ചു. കണ്ണ് തുറന്നപ്പോള്‍ കണ്ടത് വറ്റി വരണ്ടു ഉണങ്ങി കറുത്ത പേക്കോലം പോലെ ഒരു ചെറിയ തോട്. എങ്ങോട്ട് പോകണമെന്നറിയാതെ ഞാന്‍ തരിച്ചു നിന്നു. കുറച്ചകലെ ഉണങ്ങിയ ചീലാന്തി മരത്തിനു താഴെ കടത്ത് തോണി തകര്‍ന്നു കിടക്കുന്നു.

തിരികെ നടക്കവേ പതഞ്ഞൊഴുകുന്ന പാല്‍പ്പുഴ എന്റെ ഓര്‍മ്മകളില്‍ അലകളിളക്കി. ആരോ പറഞ്ഞ വരികള്‍ അവളെന്നോട് ചോദിക്കുന്നുണ്ടായിരുന്നു, ജീവിതം “ആകുലമാം ഒഴുക്ക് ചാലായി” മാറാത്ത ഗ്രാമം ഇന്നെവിടെ കാണാം..?

(Image courtesy: Google)

Monday, November 15, 2010

കടല്‍തേടിപോയ കാലടികള്‍

കനല്‍കെട്ട മനസ്സുകളില്‍
അഗ്നി ജ്വലിപ്പിക്കാനാണ്
ഏകാന്തതയുടെ തണുപ്പിലേക്ക്
നീ എന്നെ പറഞ്ഞയച്ചത്

വിശക്കുന്നവനും ആയുധം
അറിവിന്‍റെ മൂര്‍ച്ചയാണെന്നു
പഠിപ്പിക്കാന്‍ പടിയിറങ്ങിയപ്പോള്‍
ചാരം മൂടിയത് എന്‍റെ കനലുകള്‍

സ്വപ്നങ്ങള്‍ ഉണ്ടുറങ്ങിയരാവില്‍
ഏതുജന്മത്തിലാണ് അതിഥിയായ്‌
എന്നെകാല്‍കഴുകി ഊട്ടിയുറക്കിയതെന്നു
നീ പിറുപിറുത്തത് ഒരോര്‍മ്മ മാത്രം

എച്ചിള്‍ കൂനക്കരികിലെ കുഞ്ഞുങ്ങളെയും
ഇരുളിന്‍റെ മറവില്‍ പതുങ്ങുന്ന
പെണ്‍നിഴലുകളെയും കാണാതിരിക്കാനാണ്
അവര്‍ക്കായ്‌ നിന്നെ വിട്ടുകൊടുത്തതും

ആശയങ്ങള്‍ അലങ്കാര മാക്കിയവരുടെ
കൂടാരത്തില്‍ അന്യനായ്‌
തളര്‍ന്ന സ്വപ്നത്തിന്‍റെ അടയാളംപോലെ
നിന്നെകാണാന്‍ എന്‍റെ കണ്ണുകള്‍ക്കാവില്ല

വെന്തു തീര്‍ന്ന ദിനങ്ങളില്‍
തോറ്റവന്‍റെ മുഖവുമായ്‌
നീവന്നേക്കാം പക്ഷെ അപ്പോഴേക്കും
എന്‍റെകാലടികള്‍ കടല്‍തേടി പോയിരിക്കും

ചോരമണക്കുന്ന രാവുകള്‍ക്ക് കാവലിരുന്നു
നോവിന്‍റെ മാഷിപാടുകള്‍ മായിച്ചത്
കാലത്തിന്‍റെ മണല്‍തരികളില്‍ പോലും
രേഖപെടുത്തി വെയ്ക്കുവാന്‍ ആയിരുന്നില്ല

Sunday, October 31, 2010

തസ്സറാക്കിലെ സായന്തനം

ചിന്തകള്‍ പാതിമുറിഞ്ഞു ഉറക്കത്തിലേക്ക് വീണ രാത്രികളിലെല്ലാം ഒരു യാത്ര അനിവാര്യമാണെന്ന് തോന്നി.

പകലുകളില്‍ ഒന്നും ചെയ്യുവാനില്ലാതെ അലഞ്ഞു തിരിഞ്ഞപ്പോഴും വൈകുന്നേരങ്ങള്‍ ലഹരിക്കു ദാനം ചെയ്യുമ്പോഴും ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ ആ യാത്ര മനസ്സിലേക്ക് കയറി വന്നു. ഒരു ദിവസം ഏതൊക്കെയോ വണ്ടികള്‍ കയറി ഇറങ്ങി തുടര്‍ന്ന യാത്ര. പൊടി മണ്ണ് നിറഞ്ഞ നിരത്തിലൂടെ ബസ് ഇഴഞ്ഞും ആസ്തമയേറ്റ പോലെ കിതച്ചും പതുക്കെ നീങ്ങി. വല്ലപ്പോഴും എത്തിയ കാറ്റിലും വിയര്‍പ്പുമണക്കുന്ന ചൂട്. ഇടയ്ക്ക് അകത്താക്കിയ ലഹരി ഉള്ളിലും വെന്തുപുകയുന്നു. അതിന്റെ മയക്കത്തിലും ആരോ പറയുന്നകേള്‍ക്കാം തസ്സറാക്ക്... ഭൂപടത്തില്‍ രേഖപെടുത്തിയിട്ടില്ലാത്ത ഖസാക്ക് ഉറങ്ങുന്ന തസ്സറാക്ക് ...അതെ, എന്റെ യാത്രയും ഇവിടേക്ക് തന്നെ ആയിരുന്നില്ലേ...? വായിച്ചു വായിച്ചു മറക്കാന്‍ ശ്രമിച്ച ഇതിഹാസത്തിന്റെ അവശേഷിപ്പുകള്‍ തേടി ഒരു യാത്ര...

കരിമ്പനകള്‍ കാവല്‍ നില്‍ക്കുന്ന വഴിയോരത്തെ സ്‌റ്റോപ്പില്‍ ബസ് നില്‍ക്കുന്നതിനു മുന്നേ ഞാന്‍ ചാടിയിറങ്ങി...മാട്ടികളില്‍ ലഹരി മൂത്തു നില്‍ക്കുന്ന പനത്തലപ്പുകള്‍ക്ക് ഇടയിലുടെ ആകാശത്തേക്ക് നോക്കി... 'കല്പകവൃക്ഷത്തിന്റെ തൊണ്ടുകള്‍' ഓരോന്നായി താഴേക്കുവീണു... ചുട്ടു നീറിയ കണ്ണിലേയ്ക്കു പെട്ടെന്നാണ് ഒരു മഴതുള്ളി ഇറ്റു വീണത്. മഴത്തുള്ളികളുടെ എണ്ണം പെരുകി. ചരല്‍ക്കല്ലുകള്‍ വാരിയെറിഞ്ഞ പോലെ പനയോലകളില്‍ തട്ടി ഉരുണ്ടു വീഴുന്ന മഴ. ജീവിതത്തിലെ ഏതൊക്കെയോ വേഷങ്ങള്‍ ഊരി എറിയാനെന്ന പോലെ, ഓര്‍മ്മകളുടെ ദാഹം കോരിയെടുക്കാനെന്നപോലെ ഞാന്‍ മഴ നനഞ്ഞു നടന്നു... ആര്‍ത്തലച്ചു പെയ്ത മഴ പ്രളയം പോലെ കുത്തിയൊഴുകിയപ്പോള്‍ തരളയായ ഭൂമിയുടെ ഉച്ഛ്വാസങ്ങള്‍ക്കായി മൂക്കു വിടര്‍ത്തി നീണ്ടു നിവര്‍ന്നു കിടന്നു... അനക്കമറ്റ് രവിയെപോലെ...ഉള്ളിലെ ചൂട് കെട്ടടങ്ങി... ജീവിതത്തിന്റെ ഭാരങ്ങളും മഴയില്‍ ഒലിച്ചുപോയി...ബോധാബോധ തലങ്ങളില്‍ ആര്‍ത്തലയ്ക്കുന്ന ഓര്‍മ്മകളെ ഏറ്റുവാങ്ങി...

കാല്‍പ്പനിക സൌന്ദര്യം ഇറ്റു വീഴുന്ന വികാരപ്പകര്‍ച്ചയില്‍ ലോകം എനിക്ക് ചുറ്റും കനംവെച്ച് ആടിയുലഞ്ഞു. കാലത്തിന്റെ നാരായവേരുകള്‍ കോറിയിട്ട രൂപ രഹിതമായ ചില രൂപ രേഖകള്‍... അവക്കിടയില്‍ ക്രമം തെറ്റി തുന്നിചേര്‍ത്ത പുസ്തകം പോലെ ഞാന്‍... രാത്രിയുടെ കരിമ്പടം പുതയ്ക്കാന്‍ ഒരുങ്ങുന്ന സന്ധ്യയുടെ കാതിലേക്ക് വീണ വാങ്കൊലി എന്നെയും ഉണര്‍ത്തി... അങ്ങ് ദൂരെ പൊട്ടിപോയ ചെരിപ്പിന്റെ വാറുകള്‍ തുന്നികെട്ടി അള്ളപിച്ചാ മൊല്ലാക്ക മെല്ലെ മെല്ലെ നടന്നു മറഞ്ഞു...ഓര്‍മകളുടെ കൈവഴികളില്‍ രവിക്കൊപ്പം ഞാന്‍ നടന്നു...ആദ്യമാദ്യം പിച്ചവച്ച് പിന്നെ പിന്നെ ആഞ്ഞുവലിഞ്ഞ്...

ആകാശം ഊര്‍ന്നിറങ്ങിയ ചെതലിയുടെ മിനാരങ്ങളില്‍ വെള്ളയുടുത്ത ജിന്നുകള്‍ ഓടിമറയുന്നു...ആഞ്ഞു വീശുന്നകാറ്റില്‍ ഷെയ്ക്ക് തങ്ങളുടെ ചാവാലി കുതിരയുടെ തളര്‍ന്ന കുളമ്പടികളും നേര്‍ത്ത ഞരക്കങ്ങളും. പുകമറയുള്ള കണ്ണുമായ് താഴ്‌വാരത്തില്‍ നില്‍ക്കുന്നത് ആരാണ് ? ഖാലിയാര്‍ നൈസാമോ ? പണ്ടെങ്ങോ ഒരു മഴയിലേക്ക് കയറി പോയവരല്ലേ ഇവരൊക്കെ..? ഭൂമിയെ ആഞ്ഞു പുല്‍കാന്‍ കുതിച്ചിറങ്ങിയ വെള്ളി നൂലില്‍പറ്റി ഇവരൊക്കെ മണ്ണിലെക്കിറങ്ങിയതാണോ..?
കരിംഭൂതങ്ങള്‍ക്കിടയില്‍ മഴ പോയ വഴിയെ വരഞ്ഞപോലെ ഒരു മണ്‍പാത. ഇടിഞ്ഞു ആകൃതി കെട്ടെങ്കിലും കോണോടു കോണായി പാടം മുറിച്ചുകിടക്കുന്ന ചവിട്ടടിപാതയിലൂടെ രവി ഇപ്പോള്‍ നിശ്ശബ്ദനായ് നടക്കുകയാണ്...കുളിര്‍ത്തു വിറച്ചു പൂത്തിറങ്ങാനൊരുങ്ങി കിടക്കുന്ന മണ്ണ്. തോട്ടുവക്കത്തെ പൊന്തയില്‍ നിന്നും തുമ്പികള്‍ പാറി...അവയ്ക്ക് പിന്നാലെ എട്ടുകാലി പ്രന്തനായ വലിയ തലയും വട്ടക്കണ്ണമായി അപ്പുക്കിളി ഓടികിതച്ചെത്തി...'കതല മുതുക്ക് താതാ ഏത്താ...'..എന്ന് നീട്ടി വിളിച്ചത് ഞാന്‍ കേട്ടില്ല... പകലിലെ ഇരുട്ടിലും തപ്പിത്തടയുന്ന കുപ്പുവച്ചന്‍ ഒറ്റലുമായ് മുമ്പേ നടക്കുന്നുണ്ടായിരുന്നു...

പാടം കഴിഞ്ഞു താമരക്കുളം ആയിരുന്നോ..? അതോ..? പള്ളിയോ ..? ഓര്‍മ്മകളില്‍ കാലത്തിന്റെ ഓലക്കെട്ടുകള്‍ കാറ്റ് പിടിച്ചുലയുന്നു...പായല് മൂടിയ കുളത്തിനരികെ ഒരു നിമിഷം നിന്നു. തണ്ടുലഞ്ഞതെങ്കിലും നിവര്‍ന്നു നില്‍ക്കുന്ന ഒരു താമര...മൈമുനയെപോലെ....നൈജാമണ്ണന്റെ 'ചെന്ത്രം' അരയില്‍ ഞാന്നു കിടക്കുന്നതിന്റെ വിശ്വാസത്തില്‍ ആയിരുന്നോ എപ്പോഴും തലയുയര്‍ത്തി മൈമുന നടന്നിരുന്നത്..? പ്രണയത്തിന്റെ അഗ്‌നി സിരകളില്‍ നിറച്ചവള്‍ എന്തിനാണ് വാക്കുകള്‍ എറിഞ്ഞു ആബിദയെ വേദനിപ്പിച്ചത്..? പണ്ടു കൈയും കാലും കുത്തി നിന്ന രാജാവിന്റെ പള്ളി നട്ടെല്ല് തകര്‍ന്നു അപ്പുറത്ത് കിടക്കുന്നു...ഞാന്‍ തറക്കല്ലുകള്‍ ഇളകിയ പടവുകള്‍ ചവിട്ടി ഇറങ്ങി. സാമ്പ്രാണിയുടെയും വാറ്റ് ചാരയത്തിന്റെയും ഗന്ധം ഇടകലര്‍ന്നു കാറ്റില്‍ നിറഞ്ഞു. കാമത്തിന്റെ മണമുള്ള വസുരി കലകള്‍ ഏതോ രതിമൂര്‍ച്ചയില്‍ ഈ മണ്ണില്‍ കിടപ്പുണ്ടെന്ന് നീരാവിയുടെ നനവാര്‍ന്ന ചുണ്ടുകള്‍ കാതില്‍ പറഞ്ഞു...നേര്‍ത്ത ഇരുട്ടിലും മൈമുനയുടെ കയ്യിലെ നീല ഞരമ്പുകള്‍ തെളിഞ്ഞു നിന്നു....വസ്സൂരിവിത്തുകള്‍ മുളച്ചുയര്‍ന്ന ജമന്തിപാടം പോലെ തീക്ഷ്ണ ഗന്ധമുതിര്‍ത്തു  ഖസാക്ക് അപ്പോള്‍ മലര്‍ന്നു കിടന്നു . അതില്‍ മിടിപ്പ് നിലച്ചുപോയ...കരുവ്, കുഞ്ഞുനൂര്‍, ചാന്തുമ്മ, കുട്ടാടന്‍ പൂശാരി...ഇവരുടെ നിഴലുകള്‍ ചുറ്റും നിരന്നു...പിന്നെ ഓരോന്നായി എങ്ങോട്ടേക്കോ നടന്നു പോയി...

ഓര്‍മ്മകളുടെ തിരയടങ്ങിയ പോലെ രവിയുടെ നിഴല്‍ പിന്നെയും എനിക്ക് മുന്നിലായി...അകലെ തെവ്വാരത്ത് ശിവരാമന്‍ നായരുടെ ഉമ്മറക്കോലായില്‍ ഇപ്പോഴും ചന്ദനക്കിണ്ണവുമായി ഉടയാത്ത ഉടലുഴിഞ്ഞു ഒറ്റതോര്‍ത്ത് ഉടുത്ത് നാരായണി ഉലാത്തുന്നുണ്ടോ...? മാഷേ...മാഷേ..എന്ന് വിളിച്ചു തുന്നല്‍ക്കാരന്‍ മാധവന്‍ നായര്‍ പിറകെ വരുന്നുവോ...?

പൊടിഞ്ഞു വീണു പോയ ഞാറ്റ്പുരയുടെ അരികില്‍ രവിയുടെ എകാധ്യാപകവിദ്യാലയത്തിന്റെ ചിറകൊടിഞ്ഞ ബോര്‍ഡ് ഒരു മായകാഴ്ച പോലെ കിടക്കുന്നു. ചാഞ്ഞുവീണ ജനാലപടിക്കല്‍ ഭഗവത് ഗീതയുടെയും ബോദിലെയറിന്റെയും താളുകള്‍ തുളവീണു അടര്‍ന്നുകിടക്കുന്നു. കുളിരെറിഞ്ഞിട്ടുപോയ മഴയെ തപ്പി കാറ്റ്‌പോയത് കാതോര്‍ക്കെ ഒരു കൊലുസിന്റെ കിലുക്കം...മിനുങ്ങിന്റെ... എന്റെ കുഞ്ഞാമിനയുടെ...മഷി പടര്‍ന്ന കണ്ണുകളില്‍ നിറഞ്ഞു തുളുമ്പിയ കണ്ണീരും ഭയന്ന് വിളറിയ മുഖവുമായി അടിവയര്‍ പൊത്തിപിടിച്ചു അവള്‍ എപോഴാണ് എന്റെ മടിയില്‍ നിന്നും രജസ്വലയായ് ഇറങ്ങിപോയത്..? ഖല്‍ബിലെ കുളിരിനായി അവള്‍ പിന്നെയും വന്നത് സായാഹ്നയാത്രകളുടെ അവസാന ദിനത്തിലായിരുന്നോ... അണക്കെട്ടിലെ സല്‍ക്കാരപ്പുരയില്‍ പത്മയുടെ വിളറിയ കവിളില്‍ മുഖമമര്‍ത്തി കിടന്നപ്പോള്‍ പ്രിസ്ടനിലെ വിശേഷങ്ങള്‍ക്ക് കാതോര്‍ക്കാതെ ഖസാക്കിലേക്ക് പിടിച്ചു വലിച്ചത് ആരായിരുന്നു.. നിയോഗമോ..? കുഞ്ഞാമിനയോ...? അതെന്തായാലും ഇവളില്‍ നിന്നൊരു തിരിവ് ഞാന്‍ മനപ്പൂര്‍വ്വം വേണ്ടെന്നുവയ്ക്കുന്നു...

ഖസാക്കിന് കാവാലായി ചെതലിമല ഇപ്പോഴും നിവര്‍ന്നു നില്‍കുന്നു..അതിനു മീതെ മുകിലുകള്‍ അതിരിടാത്ത അനാദിയുടെ മേലാപ്പ്...ഭൂമിയിലേക്ക് നടക്കാനിറങ്ങിയ ഒരു ജീവന്‍ ചെമ്പകമരമായ് ചെതലിയുടെ താഴവാരത്തില്‍ പൂത്തുലഞ്ഞു നില്‍പ്പുണ്ടാവും...തയ്യല്‍ക്കാരന്‍ പക്ഷി ഇലകള്‍ തുന്നിച്ചേര്‍ത്തു കൂടുണ്ടാക്കുമ്പോള്‍ പുറം ലോകത്തിന്റെ ഇരുളാണ്ട അകത്തളങ്ങളില്‍ കരിമ്പനകള്‍ക്കിടയിലൂടെ കാറ്റിന്റെ കണ്ണില്‍ പെടാതെ സൈ്വര വിഹാരം നടത്തുകയാണ് ഇതിഹാസത്തില്‍ നിന്നും ഒളിച്ചിറങ്ങിയ ഓര്‍മ്മകള്‍...ഈ മണ്ണിന്റെ കീഴ്‌നാഭിയില്‍ ചേര്‍ത്ത് കെട്ടിയ ഇതിഹാസത്തിന്റെ ചരട്... അതിന്റെ തുടിപ്പുകള്‍ ഏറ്റുവാങ്ങി.

വീണ്ടും മഴ... കുളിരൂതി, കനിവൂതി എന്നെ ചുറ്റിപ്പിടിക്കുകയാണ്...മഴ നനയുന്ന വെയിലുപോലെ ഞാനെന്നെ തേടുകയാണ്...ചിന്തകള്‍ക്ക് മുനയിടുന്ന, അക്ഷരങ്ങള്‍ക്ക് ചിറകുനല്‍കുന്ന കുളിര്‍ത്തുവിറച്ചു നില്‍ക്കുന്ന തസ്സറാക്കിലെ ഈ സായന്തനം എത്ര സ്വപ്നതുല്യം !!!

***************

കുറിപ്പ്‌ :-മലയാള സാഹിത്യത്തിലെ ഇതിഹാസമായി ഇന്നും നിലനില്‍കുന്ന ഖസാക്കിനെ നമുക്ക്‌തന്ന പ്രിയപ്പെട്ട എഴുത്തുകാരനുംഎന്‍റെ സുഹൃത് അമീറിനും ഈ കഥ കടപ്പെട്ടിരിക്കുന്നു.

പാലക്കാട്ട് നിന്നും ഏകദേശം 10 കി. മീ. ദൂരെയാണ് തസ്സറാക്ക് ... അത് തന്നെയാണ് ഖസാക്ക്. പാലക്കാട്ട് നിന്നും പുതുനഗരത്തിലേക്കുള്ള വഴി കനാല്‍‌പാലം ബസ്‌സ്റ്റോപ്പിനരുകില്‍ ബോര്‍ഡ് കാണാം - “ഇതിഹാസത്തിന്റെ നാട്ടിലേക്ക് സ്വാഗതം”.



Click Here To Send Your Coments