Pages

Thursday, December 1, 2011

കൃഷ്ണശിലജീവിതത്തിലേയ്ക്ക്
ഉരുണ്ടു വീണ
വ്യഥകളുടെ കല്ലുകള്‍
ഉടച്ചുടച്ചവള്‍ ശിലയായ്‌

ഇതെന്‍ കൃഷ്ണശില
സ്നേഹപൂജയ്കായ്‌
എന്നുമെനിയ്ക്ക്
വേണമെന്നവന്‍

മോഹങ്ങള്‍ കൊണ്ട്
അഭിഷേകം ചെയ്തു
തലോടി തലോടി
ഉടല്‍ മിനുസമാക്കി

രാവുകളില്‍ പ്രാര്‍ത്ഥനാ-
നിരതമായ ചുണ്ടുകളാല്‍
ചുംബിച്ചു ചുംബിച്ചു
ജീവന്‍ തുടിപ്പിച്ചു

നിലാവ് പെയ്യുന്ന
ശരത്ക്കാല യാമങ്ങളിലെ
പ്രണയാഗ്നിയിലവള്‍
കന്മദമായ്‌ കിനിഞ്ഞു

വസന്തം പോയി
വര്‍ഷം വന്നപ്പോള്‍
അവന്‍റെ മഴപ്പാതയിലെ
ചവിട്ടുകല്ലായവള്‍


(Pic courtsey: Google)

Monday, November 7, 2011

ഇറോം,നിന്നെ ഞങ്ങള്‍ മറക്കുകയാണ്


വിടർത്തിയിട്ട മുടിയിഴകള്‍-
ക്കിടയിലെ വിളറിയ മുഖത്ത്
ദൃഢനിഛയത്തിന്‍റെ തിളക്കം ,
കണ്ണീര്‍ നിറയാത്ത കണ്ണുകളില്‍
പ്രതീക്ഷയുടെ പ്രകാശനാളം
മൌനത്തിലുറഞ്ഞ വാക്കുകള്‍ക്ക്
തീക്കനലിന്‍റെ ചൂട്
ചോരവറ്റിയ കവിളില്‍
പ്രണയത്തിന്‍റെ തുടിപ്പ്
ഇവള്‍ ഇറോം ശര്‍മ്മിള
സന്ധിയില്ലാ സമരത്തിലെ
ഏകാകിയാം യോദ്ധാവ്
മനക്കരുത്തിന്റെ പര്യായം!

കാണാമറയത്ത്‌ കാവലായ്‌
കരളുരുകും അമ്മതന്‍
പ്രാർത്ഥനയുടെ പുതപ്പ് ചൂടി
നീർത്തുള്ളിയിൽ വിശപ്പാറ്റിച്ചു
വര്‍ഷങ്ങള്‍ കടന്നു പോകവേ
ഒറ്റമുറിയിലെ വെളിച്ചത്തില്‍
മേഘശകലങ്ങളെപ്പറ്റിയവള്‍
ഇപ്പോഴും കവിതയെഴുന്നു

പത്ര ധര്‍മ്മങ്ങളും
ദൃശ്യ വിസ്മയങ്ങളും
ആഘോഷിക്കപ്പെടാത്ത
നിന്‍റെ സ്വയംവേദനയുടെ സമരം
“അഫ്സ്പാ”യുടെ അവസാനം
സ്വപ്നം കാണുമ്പോള്‍
സ്വപ്നങ്ങളില്ലാതെ ജീവിയ്ക്കാന്‍
ഞങ്ങള്‍ പഠിയ്ക്കുകയാണ്

എവിടെയോ മരിച്ചുവീഴുന്നവരുടെ,
മാനഭംഗം ചെയ്യപ്പെടുന്നവരുടെ
കുടിയിറക്കപ്പെടുന്നവരുടെ
നിലയ്ക്കാത്ത നിലവിളികള്‍
കാറ്റിലും അലയുന്നത്
ഞങ്ങള്‍ കേള്‍ക്കുന്നുണ്ട്

അധികാരത്തിന്‍റെ ആര്‍ത്തിയില്‍
അഴിമതിയുടെ ഭണ്ഡാരങ്ങള്‍
നിറയ്ക്കുന്ന തിരക്കിലാണ്
ജനാധിപത്യത്തിലെ ഏകാധിപതികള്‍
ചരിത്രത്തിന്‍റെ ചുവരുകളില്‍
അവരും ഇടം തേടുകയാണ്

എത്ര ചവിട്ടിയരച്ചാലും
പിന്നെയുമവര്‍ക്കു വണങ്ങി
“ജനസമ്മതി” രേഖപ്പെടുത്താന്‍
ഞങ്ങള്‍ ശീലിച്ചുപോയി

മനുഷ്യാവകാശങ്ങളുടെ
സമരചരിത്രത്തിലെ
മറക്കപ്പെട്ട നായികേ,
നിന്നെഓര്‍ക്കാന്‍, ഒരുമാത്ര
ഓര്‍ത്തു വിതുമ്പുവാന്‍
ഞങ്ങള്‍ക്ക് സമയമില്ല
പൊറുക്കുക, “ഇറോം”
നിന്നെ ഞങ്ങള്‍ മറക്കുകയാണ്
മങ്ങി മങ്ങി കത്തുന്ന
ജീവനാളം ഊതിയൂതി
തെളിയ്ക്കട്ടെ കാലം…

(Pic courtsey: Google)

Sunday, October 23, 2011

പാഠപുസ്തകങ്ങള്‍ പറയാത്തത്

പണ്ട് പാഠപുസ്തകത്തില്‍ പഠിച്ചു
ഏട്ടിലെ പശു പുല്ലു തിന്നില്ലെന്ന്
ഇന്ന് നാട്ടിലെ പശുക്കള്‍ക്ക് തിന്നാനും
പുല്ലമില്ല വൈക്കൊലുമില്ല, വിത്തൊക്കെ
ജനീവയിലെ ബാങ്കില്‍ പണയത്തിലാണ്

സ്ക്കൂളില്‍ പഠിപ്പിച്ചത് ആന -
കേരളത്തിന്‍റെ മൃഗം , പക്ഷെ
പത്രം വായിച്ച കുട്ടി ചോദിക്കുന്നു
നമ്മുടെ ദേശീയ മൃഗം താപ്പാനയാണോ?

കരയുന്ന കുഞ്ഞിനെ പാലുള്ളൂ
എന്നും ക്ലാസ്സില്‍ പഠിപ്പിച്ചിരുന്നു
ഇന്നും കുഞ്ഞുങ്ങള്‍ കരയുന്നുണ്ട്
എന്‍ഡോസള്‍ഫാന്‍ കലരാത്തപാലിന്

നാടോടുമ്പോള്‍ നടുവേ ഓടണം
എന്നും പഠിച്ചതാണെങ്കിലും
നാട്ടാരൊന്നും ഓടാറില്ല, കൊതുകിന്‍റെ
കുത്തേറ്റ് കൂനിയാണ് നടക്കുന്നത്

തിളച്ചവെള്ളത്തില്‍ വീണപൂച്ച പച്ച-
വെള്ളം കണ്ടാലും കരയുമെന്നു പഠിച്ചിട്ടും
ആടു, തേക്കു, മാഞ്ചിയത്തില്‍ തൊട്ടു
പൊള്ളിയവരൊക്കെ “ടോട്ടലാ”യിവീണു

കണ്ണുണ്ടായാല്‍ പോര കാണണം
എന്നാണ് ഗുരുക്കന്മാര്‍ പഠിപ്പിച്ചത്
ചില ഗുരുക്കന്മാരെപോലും കാണാന്‍
പെണ്‍കുഞ്ഞുങ്ങള്‍ക്ക് പേടിയാണ്

വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം
എന്നാണ് പഠിച്ചതെങ്കിലും കിടപ്പാടം
വിറ്റ ധനമെല്ലാം കൊടുത്താലും
പട്ടിണിപാവങ്ങള്‍ക്കും സ്വാശ്രയവിദ്യ

ആയിരംകുറ്റവാളികള്‍ രക്ഷപെട്ടാലും
ഒരുനിരപരാധിയും ശിക്ഷിക്കപെടരു –
തെന്നു നിയമപാലകരെ പഠിപ്പിച്ചിട്ടും
ഒരു കുറ്റവാളിയെ രക്ഷപെടുത്താനവര്‍
ആയിരം നിരപരാധികളെ ശിക്ഷിക്കുന്നു

മണ്ണും പെണ്ണും ഒരുപോലെന്നു പഠിച്ചിട്ടും
മണ്ണ് തരിശിട്ടു പെണ്ണിന്‍റെ പിന്നാലെയാണ്
മിന്നുന്നതെല്ലാം പൊന്നല്ല എന്നു പഠിച്ച
മലയാളിയ്ക്കു മാനംപോലും പൊന്നിലാണ്

Tuesday, September 20, 2011

നിന്നോട് ...


ഇത്തിരി വെട്ടത്തിലീ കിളിവാതിലില്‍

ഒറ്റയ്ക്കിരുന്നു നീ കാണുന്ന കാഴ്ചകള്‍
എത്ര ചെറുതെന്നറിയുക, അറിവി-
ന്നതിരുകള്‍ കെട്ടാതിരിയ്ക്കുക 
 
താഴേയ്ക്ക് നോക്കി ഭയത്തിന്‍
പാതാളങ്ങള്‍ കാണാതിരിക്കുക
ഹൃദയതാളം മുറുകാം, നിലച്ചെന്നു
തോന്നാം, എങ്കിലും ശ്രമിക്ക
വിടരട്ടെ കുഞ്ഞു ചിറകുകള്‍

വാനം വിരിച്ചിട്ട വീഥികള്‍
നക്ഷ്ത്രജാലം മിന്നുന്ന പാതകള്‍
വെഞ്ചാമരം വീശുന്ന മേഘങ്ങള്‍
നിന്നെക്ഷണിക്കുന്നു ചക്രവാളങ്ങള്‍

തളര്‍ന്നു പോകാം, മരീചിക തന്‍
ചതിയില്‍വീണു ദിശതെറ്റിയലയാം
കാത്തു നില്ക്കാതെ കൂടെയുള്ളവര്‍
പറന്നുപോകാം, എങ്കിലുമോര്‍ക്കുക
വന്‍ചിറകുകള്‍ വേണ്ട ദൂരം താണ്ടുവാന്‍
കൂര്‍ത്ത നഖങ്ങള്‍ വേണ്ട വിശപ്പകറ്റുവാന്‍
മരുഭൂമിയിലുണ്ട് മരുപ്പച്ചകള്‍
പ്രകൃതി നിനക്കായ്‌ കരുതിവെച്ച
പഴങ്ങളും, തണലിന്‍ തണുപ്പും 

വഴിയിലുപേക്ഷിക്ക പൊഴിഞ്ഞ
തൂവല്‍ പോല്‍ പരാജയങ്ങളെ
കുടഞ്ഞെറിയുക നനഞ്ഞചിറകിലെ
നീര്‍ത്തുള്ളികള്‍ പോല്‍ കദനങ്ങളെ

അലസമായിട്ട മനസ്സില്‍ തിന്മകള്‍
അഴുക്കുചാലുകള്‍ തീര്‍ത്തിടാം
മനസ്സിന്നപാരമാം കരുത്തറിയുക
ഏതുവേഗങ്ങളിലും പറന്നുയരാം
മത്സരിക്ക നിന്നോടുമാത്രമായെന്നും 
കാത്തിരിയ്കയാണ് നിന്‍വഴികള്‍
കാലം മായ്ക്കുവാനകാത്ത
സുവര്‍ണ്ണ മുദ്രകള്‍ ചാര്‍ത്തുവാന്‍  

ഇല്ല നിന്നോടിനി പറയുവാന്‍ ഒന്നുമേ 
മെല്ലെ ചിറകു വിടര്‍ത്തി നീയീപടിയിറങ്ങവെ
ചാരത്തു ചേര്‍ന്നിരിക്കണ്ട പോകണമിനി- 
ദൂരേയ്ക്ക്, നിന്‍ സ്വപ്നലോകങ്ങള്‍ തേടി

(Pic courtsey: Google) 

Saturday, August 27, 2011

വൃത്തങ്ങള്‍ക്കുള്ളിലെ ചതുരങ്ങള്‍

പൊരുത്തം നോക്കി
ഗണം നോക്കി
ശുഭമുഹൂര്‍ത്തത്തില്‍
ചേര്‍ത്തു വെച്ചാലും
വൃത്തത്തിനുള്ളിലെ
ചതുരക്കട്ട പോലെയാണ്‌
ചില ജീവിതങ്ങള്‍

ഇടത്തോട്ടു തിരിഞ്ഞും  
വലത്തോട്ടു നീങ്ങിയും
വട്ടം കറങ്ങിയുമൊക്കെ
ഒന്നാകാനെത്ര ശ്രമിച്ചാലും
പിന്നെയും ബാക്കിയാവുന്ന
അകല്‍ച്ചയുടെ വിടവുകള്‍
തുറക്കാനാവാത്ത മനസ്സുകളുടെ  
നിഴലുകള്‍ തീര്‍ക്കുന്ന
പ്രണയമൊഴിഞ്ഞ രാപകലുകള്‍

നിലാവ് പെയ്യുമ്പോഴും
നെടുവീര്‍പ്പുകള്‍ നിറയുന്ന
അകത്തളങ്ങള്‍,സങ്കല്പങ്ങളുടെ
വാചാലതയില്‍ മൌനംനിറച്ച്
മാഞ്ഞുപോകുന്ന ഋതുഭേദങ്ങള്‍  
പുകയില്ലാത്ത അടുപ്പിനുമുന്നിലും
കരളിലെപുകയേറ്റ്‌ നീറുന്നകണ്ണുകള്‍
പിന്നെ സ്വയമൊതുങ്ങി
ഒരരികിലേയ്ക്ക് നീങ്ങുന്തോറും
മറുവശത്ത് വലുതാകുന്ന
ഇരുള്‍ നിറഞ്ഞ ഗര്‍ത്തങ്ങള്‍

വിട്ടുവീഴ്ചയുടെ നൂല്‍പാലത്തില്‍
അഭ്യാസിയെപോലെ ഓരോചുവടും
സൂക്ഷ്മതയോടെ നടന്നാലും
എപ്പോഴാണ് ഒളിച്ചിരിക്കുന്ന
വിഷാദത്തിന്‍റെ മരണക്കയത്തില്‍
വഴുതി വീഴുന്നതെന്നറിയില്ല
ഒന്നുകില്‍ ചുവടുപിഴച്ച്
അല്ലെങ്കില്‍ അവഗണനയുടെ
തീക്കാറ്റില്‍ വെന്തുലഞ്ഞ്

വൃത്തമോ ചതുരമോ
ആകുവാനാവാതെ
ആയുസ്സൊടുങ്ങുംവരെ
ജീവനില്ലാത്ത ജീവിതംമാത്രം 

Wednesday, August 3, 2011

കടത്തുതോണിരാവേറെയായ്‌ ദൂരെതെളിയുമാ
ചെറുതിരിയും കണ്ണടച്ചുറക്കമായ്‌
തോരണം ചാര്‍ത്തിയൊരുക്കിയ
മേല്‍പാലത്തിലെ  താലമേന്തിയ-  
വഴിവിളക്കിന്‍റെ ചോട്ടിലിപ്പൊഴും
ആഘോഷത്തിന്നാരവം മുഴങ്ങുന്നു  
ചടുലമാകുന്നു  നൃത്തച്ചുവടുകൾ
ലഹരിമണക്കുന്നു കാറ്റിലും   

എന്തൊരാഹ്ലാദമായിരുന്നന്നു ഗ്രാമത്തില്‍
നീരഹാരമണിയിച്ചു ചന്ദനം ചാര്‍ത്തി
നെയ്പായസംകുടിച്ചു, ആര്‍പ്പുവിളിയു-   
മായെന്നെ നീറ്റിലിറക്കിയൊരാ പ്രഭാതത്തിൽ    
ഒഴുകിമറയുന്ന ഓളങ്ങള്‍പോലായിരം
ഓര്‍മ്മകള്‍ ഓടിമറയുന്നു നിശ്ശബ്ദമായ്

ചേമ്പിലക്കുടചൂടി ബാല്യങ്ങള്‍
ചേറില്‍ തിമര്‍ത്തതും, ചോരപൊടിഞ്ഞ
കൈത്തണ്ടില്‍ പച്ചിലച്ചാറുപിഴിഞ്ഞതും
കരിമഷിപടര്‍ന്ന കണ്ണുകള്‍
തുടച്ചിരുവരും പൊട്ടിച്ചിരിച്ചതും
എത്ര കണ്ടു രസിച്ചിരുന്നു ഞാന്‍

ഉച്ചവെയിലിന്‍ ചൂടറിയാതെ
തമ്മില്‍ നോക്കിയിരുന്നവര്‍
എത്ര വേഗം വളര്‍ന്നുപിന്നെ
ഒറ്റയായവര്‍ വന്നുപോയതും
വിരല്‍ത്തുമ്പുകള്‍ ജലരേഖകള്‍ 
തീര്‍ത്തതും, തൊട്ടു പിണഞ്ഞതും

വാദ്യഘോഷങ്ങള്‍ അകമ്പടിയായ്
വരന്‍റെ ചാരത്തിരുന്നവള്‍ ചിരിച്ചതും  
ഒറ്റക്കിരുന്നീ കടവില്‍ കവിളത്തെ
കരിവാളിപ്പിന്‍ കഥ പറഞ്ഞതും
ഏറെക്കഴിയാതെ ഇരുവഴിയ്ക്കു
മൂകരായ്‌ പിരിഞ്ഞു പോയതും

പേറ്റ്നോവില്‍ പിടഞ്ഞപെണ്ണിന്
ഈറ്റില്ലമായി കണ്ണുപൂട്ടിയിരുന്നതും
ആരോകടിച്ചു കുടഞ്ഞെറിഞ്ഞവള്‍
നീന്തി നീന്തി കുഴഞ്ഞു താഴ്ന്നതും
നീട്ടിയകൈ പിടിക്കുവാനാവാതെ
നീറിപുകഞ്ഞു ഉറക്കമൊഴിച്ചതും

എങ്ങോമറഞ്ഞ മകനെയും കാത്ത്   
കടവത്തു കാലംകഴിച്ചൊരമ്മ   
പിന്നെ കാലമെത്താതെ മരിച്ചതും    
കാവലിരുന്ന കുറിഞ്ഞി കരഞ്ഞതും
കനലായെരിയുന്നു ഓര്‍മ്മയിലിപ്പോഴും

കടവ് പൂട്ടി മുദ്ര വെച്ചിന്നലെ
കരയ്ക്ക് കയറ്റി ഇരുത്തിയെന്നെയും
ഇനിയില്ല യാത്രകള്‍, ഇനിയില്ല
നക്ഷത്ര രാവിന്‍റെ ഭംഗികള്‍, ഇനിയില്ല  
കരള്‍നോവും കാഴചകള്‍, ഇനിയില്ല
നേര്‍ത്തു വറ്റുന്ന പുഴതന്‍ നിലവിളി

കാലം കടിഞ്ഞാണില്ലാതെ പായവെ
കാലിടറി വീഴുന്ന ജന്മമെന്നപോല്‍ 
കായലോരത്തതാ ഒറ്റയ്ക്കിരിക്കുന്നു   
കാല്‍നൂറ്റാണ്ട്കാലത്തെ സഹയാത്രികന്‍

Friday, June 17, 2011

ഒരുതുള്ളി മഴ

വസന്തമില്ലെനിക്ക് പൂത്തുലയുവാന്‍
വര്‍ഷമില്ല തളിരിലകള്‍ നീട്ടുവാന്‍
ശിശിരമില്ല ഇലകള്‍ പൊഴിക്കുവാന്‍
ഹേമന്തമില്ല  ഇളവെയിലേല്‍ക്കുവാന്‍

എത്ര ഗ്രീഷ്മങ്ങളായീ മരുഭൂമിയില്‍
എരിഞ്ഞു തീരുന്നു ജന്മമെങ്കിലും
ഏതോരാവിലൊരുതുള്ളി മഴ
ചിരിതൂകി വീണു നെറുകയില്‍

ഋതുക്കള്‍ നൃത്തമാടിതളര്‍ന്ന തരുക്കളില്‍
എത്ര തളിരുകളടര്‍ന്നു ,വിടരാതെ
പൂമൊട്ടുകളെത്ര വാടിക്കൊഴിഞ്ഞു
പാകമെത്താതെ പൊഴിഞ്ഞെത്രപഴങ്ങള്‍

ഏറെനന്മചൊരിഞ്ഞേകിയ ജന്മമെങ്കിലും
പോരപോരെന്നു കേഴുന്നു മര്‍ത്ത്യനും
ഒരിറ്റ്ജലം  മാത്രമെന്‍ സൌഭാഗ്യം
ഉയിരിന്നൊരില ബാക്കിയാണിപ്പോഴും

ചിറകു കുഴഞ്ഞെത്തുന്ന പക്ഷിക്കും
വഴിതെറ്റി മരുവിലലയുന്ന പാന്ഥനും
ഒരുവേള ക്ഷീണമകറ്റുവാന്‍ തണല്‍
വിരിച്ചുനില്‍ക്കുന്നീ “ഗാഫി”ന്‍റെചില്ലകള്‍

ചുറ്റിപ്പിടിക്കുന്നു പ്രതീക്ഷപോല്‍
വിട്ടുപോകാതെ കനവിന്‍റെ നാമ്പുകള്‍
എത്രഗ്രീഷ്മങ്ങള്‍ ചുട്ടുപൊള്ളിക്കിലും
എനിക്കായ്‌പെയ്യുമൊരു തുള്ളിമഴപിന്നെയും
----------------------------------------------------------------------------------------------
മരുഭൂമിയില്‍ വീഴുന്ന  ഒരുതുള്ളി മഴയില്‍  പതിറ്റാണ്ടുകള്‍ ജീവിക്കാന്‍
“ഗാഫ്” മരത്തിനു കഴിയുമെന്ന് പറയപ്പെടുന്നു..

(ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍ )

Sunday, May 29, 2011

നക്ഷത്രങ്ങള്‍ ഇപ്പോള്‍ ചിരിക്കാറില്ല ...ഓര്‍മ്മയുടെ ചില്ലുജാലകത്തിലെന്നും
നക്ഷത്രങ്ങളുടെ നിലാച്ചിരികളുണ്ടായിരുന്നു
വസന്തരാവിന്റെ വാനിലിന്നുമെത്ര നക്ഷത്രങ്ങള്‍
പക്ഷെ അവയെല്ലാം ചിരികെട്ടു വിളറിയിരിക്കുന്നു

നിശ്ശ്ബ്ദമാക്കപ്പെടുന്ന പെണ്‍കുഞ്ഞുങ്ങളുടെ
നിലവിളികള്‍ ആകാശത്തിനും അപ്പുറമെത്തിയോ
പട്ടിണികൊണ്ടു പടിയിറങ്ങിയവന്റെ
കൊലച്ചിരികണ്ടു ഭയന്നുവിളറിയോ

വെടിയൊച്ചനിലയ്ക്കാത്ത രാവുകളുടെ
പുകമണമേറ്റുകറുത്ത മേഘങ്ങളും
നുരയുന്നലഹരിയില്‍ പിടഞ്ഞുവീഴുന്നുടലുകളും
നക്ഷത്രങ്ങള്‍ ഇപ്പോള്‍ ചിരിക്കാറേയില്ല...

Saturday, April 16, 2011

ഓർമ്മകൾ മായുമ്പോൾ ...മേഘങ്ങളൊഴിഞ്ഞ ആകാശത്തിന്
വിളറിയ വെളുപ്പാണ്
ഓര്‍മ്മകള്‍ മായിച്ചുകളഞ്ഞ
നിന്‍റെ  മനസ്സുപോലെ
നിനക്കും എനിക്കുമിടയിലെ
ശൂന്യത്യ്ക്കുമിപ്പോള്‍ അതെനിറം

ഓര്‍മ്മകളുടെ ഓരത്തിങ്ങനെ
പകച്ചിരുന്നു നീ വിതുമ്പുമ്പോള്‍
ഏതുകാലത്തില്‍ നിന്നാണവ
അടര്‍ത്തി നിനക്കു ഞാന്‍നല്‍കുക  
എവിടേക്കാണ് ഓര്‍മ്മകളെ നീ
പറഞ്ഞയച്ചതെന്നും എനിക്കറിയില്ലല്ലോ

വാശിയോടെ ഇറുകെപ്പൂട്ടിയ
ചുണ്ടുകള്‍ പിളര്‍ന്നുമ്മവെച്ച്     
കൊഞ്ചിച്ചു കൊഞ്ചിച്ചു  
സ്നേഹത്തിന്നുരുളകള്‍
മെല്ലെ മെല്ലെ നല്‍കവേ
തുപ്പിത്തെറിപ്പിച്ചെന്‍ മുഖത്തേക്ക് 
കൈകൊട്ടിയാര്‍ത്തു ചിരിച്ചു നീ   
ചോറുവാരിക്കുഴച്ച കൈകളാല്‍
നീറുമെന്‍ കണ്ണുകള്‍ തുടച്ചു
എന്മണിപൈതലായ്‌ മയങ്ങവേ

കണ്ണുനീർ കുരുങ്ങിയെന്‍
തൊണ്ടയിലിടറിയ താരാട്ടുകേട്ട്
കണ്ണുമിഴിച്ചു കരയുന്നു കാലവും
ഓര്‍മകളില്ലാത്ത നിന്‍ലോകവും

(സമര്‍പ്പണം:- അല്‍ഷിമേഴ്സ് രോഗികളുടെ പ്രിയപ്പെട്ടവര്‍ക്ക്)

Wednesday, March 30, 2011

മധുരനെല്ലിമരത്തിലെ പക്ഷികള്‍


മുറ്റത്തെ മധുരനെല്ലി മരത്തില്‍ കൂടുകൂട്ടിയ കിളികള്‍ എന്നെ നോക്കി  എന്തോ പറയുന്നുണ്ട്. എന്താണാവോ പതിവില്ലാതെ എന്നെ തന്നെ നോക്കി രണ്ടുംകൂടി ഇരിക്കുന്നത്? ഇന്ന് വഴക്കൊന്നുമില്ലേ എന്ന് ചോദിച്ചത് കേള്‍ക്കാതെ അവ  ചിറകടിച്ചു ചിലച്ചു..ബീപ് ..ബീപ്! എന്നോടു രണ്ടാള്‍ക്കും എന്തോ  പറയാനുള്ളതു പോലെ. ഇന്നെന്തോ ഇവയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ ആശുപത്രിയിലെ പള്‍സ്-ഓക്സി മീറ്റര്‍ ഓര്‍മ്മ വരുന്നു . മരണത്തിന്‍റെ  മണമാണ് ആശുപത്രികള്‍ക്കെന്നു എനിക്കെപ്പോഴും തോന്നാറുണ്ട്.


 പക്ഷികളുടെ ചിറകൊച്ചയും കലപിലയും  ശ്രദ്ധിക്കാതെ ഞാന്‍ ആലോചിച്ചത് എന്നെ തന്നെ നോക്കിയിരിക്കുന്ന എന്‍റെ പൂച്ചകുട്ടിയെ പറ്റിയാണ്. ഓരോ യാത്രകഴിഞ്ഞു എത്തുമ്പോഴും വഴിക്കണ്ണുമായ്‌ അവള്‍ കാത്തു നില്‍ക്കും അടച്ചിട്ട വീടിന്‍റെ ഒഴിഞ്ഞ ഉമ്മറകോലായില്,
ഒട്ടുംപരിഭവമില്ലാതെ. അകത്തുകയറി ഓരോജോലിത്തിരക്കില്‍ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ഓടി
നടക്കുമ്പോള്‍ വെറുതെ എന്നെയും നോക്കി ഇടക്ക് ചിണുങ്ങിയും എന്‍റെ പിന്നാലെ  കൂടും. വീണ്ടും നിശ്ശബ്ദത നീരാളിയെ പോലെ വലിഞ്ഞു മുറുക്കുമ്പോള്‍ ഞാന്‍ മുറ്റത്തെ ഊഞ്ഞാലില്‍ പോയി ഇരിക്കും. അപ്പോഴേക്കും അവളും എത്തി ദൂരെ മാറി നില്‍ക്കും...  ഞാന്‍ കണ്ണുകള്‍ അടയ്കുംപോള്‍ പതുങ്ങിവന്നു കാലിനരികിലിരുന്ന് നഖങ്ങള്‍ കൊണ്ടു നോവിക്കാതെ എന്‍റെ  കാല്‍വിരലുകളില്‍ തൊടും... എന്നിട്ട് ഒരു കണ്പോള മെല്ലെ  തുറന്നു എന്നെ ഒന്ന് നോക്കും..പിന്നെ പതിയെ മടിയില്‍ കയറും.. അറിയാതെ എനിക്കും അവളെ
ചേര്‍ത്തുപിടിക്കാന്‍ തോന്നും. അപ്പോഴേക്കും അവള്‍ക്ക് സ്വര്‍ഗ്ഗം കിട്ടിയപോലെയാണ്. കൈകള്‍ രണ്ടും നിവര്‍ത്തി മുഖം എന്‍റെ  കൈകളില്‍ചേര്‍ത്ത്  ഉറങ്ങാന്‍ തുടങ്ങും.

അവളെപോലെയാണ് നിന്നോടുള്ള എന്‍റെ സ്നേഹവും എന്ന് എപ്പോഴും എനിക്ക് തോന്നും. എത്ര ദൂരേക്ക്‌ മാറ്റിനിര്‍ത്തിയാലും നിശബ്ദമായി നിന്‍റെ അരികില്‍ എത്താന്‍ കാത്തുനില്‍ക്കുന്നു.
വീടിന്‍റെ മുകള്‍നിലയിലെ ജാലകത്തില്‍നിന്നും ആരുടെയൊക്കെയോ
നിശ്വാസങ്ങൾ  കാറ്റിനൊപ്പം പുറത്തേക്കൊഴുകി. നിരാസത്തിന്‍റെന്‍റെയും  ഇഷ്ടക്കേടുകളുടേയും പഴകിയഗന്ധം അതിലിപ്പോഴും. തിരക്കുകള്‍ക്കിടയില്‍ ചതഞ്ഞരഞ്ഞ സ്വപ്നങ്ങളുടെ ബാക്കിയായ തുടിപ്പുകള്‍ അതിലുണ്ടെന്നു
എനിക്ക് വെറുതെ തോന്നിയതാവാം. ഒരിക്കലുംഉയരാത്ത വാഗ്വാദങ്ങള്‍ ... കിലുങ്ങനെ പറഞ്ഞിരുന്ന ശബ്ദങ്ങള്‍ വെറുംനിശബ്ദതയായത് അപ്പോള്‍ മാത്രമാണറിഞ്ഞത്.

അടുത്തിരിന്നു പറയുമ്പോഴും കാലങ്ങൾക്കപ്പുറത്ത് നിന്നും എതോ ഗുഹാമുഖമാണോര്‍മ വരിക. ആവശ്യങ്ങൾക്കുവേണ്ടി മാത്രം ഉപയോഗിക്കുന്ന വാക്കുകള്‍ ഒരിക്കലും ഹൃദയത്തിലെത്തിയില്ല... തലോച്ചിറില്‍ തട്ടി അവ എനിക്ക് ചുറ്റും പലപ്പോഴും ചിതറി വീണു.

അയ്യേ നീ ഇനിയും ഇതൊന്നും മറന്നില്ലേ എന്ന് മുറ്റത്തെ ചെന്തെങ്ങില്‍ ഒടിക്കയറുന്നതിനിടയില്‍ അണ്ണാന്‍ ചിലച്ചു കളിയാക്കിയതു വെള്ളച്ചോറിനു കാറി കാറി കരയുന്ന കാക്ക മാത്രം കേട്ടു!
അകത്ത് ഫോണ്‍ ബെല്‍ നിര്‍ത്താതെ മുഴങ്ങി..ആരാണ് ആവോ?  ഈ അവധിക്കാലം വീട്ടിലെ പൊടിപിടിച്ച ഓര്‍മ്മകളിലെക്ക് ആണെന്ന്‍ ആരോടും പറഞ്ഞിരുന്നില്ല... പലതവണ പിന്നെയും ബെല്‍ മുഴങ്ങി. മനസ്സില്ലാ മനസ്സോടെ ഫോണിന്‍റെ അരികിലെത്തുമ്പോഴേക്കും അത് നിശ്ശബ്ദമായി. അല്ലെങ്കിലും ഓര്‍മ്മയില്‍ സൂക്ഷിച്ച് വെക്കാനും, കാണാത്തപ്പോള്‍ വിളിച്ചു സ്നേഹം പങ്കിടാനുമുള്ള സൌഹൃദങ്ങള്‍ ഇപ്പോള്‍ കൊണ്ടുനടക്കാറുമില്ല. തിരക്കുകള്‍ കാര്‍ന്നു തിന്നുന്ന ജീവതങ്ങള്‍ക്കിടയില്‍ ആര്‍ക്കും ആരും അനിവാര്യമല്ലെന്ന് പലതവണ ബോധ്യമായി. ആരുടെയും അസാന്നിധ്യം ആര്‍ക്കും വേദനയുമല്ല. ഒരുപാടു സൌഹൃദങ്ങള്‍ നമുക്കുണ്ടെന്നു തോന്നും, പക്ഷെ ആലോചിച്ചു നോക്കുമ്പോള്‍ എല്ലാവരും വെറും പരിചയക്കാര്‍ മാത്രം!


സന്ധ്യക്ക് അകമ്പടി വന്ന ഇരുട്ട് മുറിയില്‍ നിറഞ്ഞു കനം വെയ്ക്കുന്നു. വായിക്കാന്‍ കൊണ്ടുവന്ന പുസ്തകങ്ങള്‍ തുറന്നു നോക്കാതെ മേശപ്പുറത്ത് ഇരിക്കുന്നത് ഇരുട്ടിലും കാണാം. വായന മരിക്കുന്നുവെങ്കില്‍ അത് മനസ്സുകളുടെ മരണം കൊണ്ടാവാം എന്ന് തോന്നി. മുറിയിലെ ലൈറ്റ്‌ ഇട്ടു വായിച്ചു പകുതിയാക്കിയ ഖാലിദ്‌ ഹൊസ്സൈനിയുടെ പുസ്തകം ‘A thousand splendid Suns’ എടുത്തു. പേജുകള്‍ മറിഞ്ഞതല്ലാതെ ഒന്നും മനസ്സില്‍ തങ്ങിയില്ല. ഹൃദയമിടിപ്പ് വല്ലാതെ കൂടുന്നപോലെ... മനസ്സ് അസ്വസ്ഥമാകാന്‍ തുടങ്ങി. വായന നാളേക്ക് മാറ്റി വെച്ച് ഉറങ്ങാനായി  കട്ടിലില്‍ കയറി കിടന്നു. തിരിഞ്ഞം മറിഞ്ഞും കിടന്നു മടുത്തപ്പോള്‍ എണീറ്റിരുന്നു. ഉറങ്ങാന്‍ ഇത്തിരിസമയത്തിന് വേണ്ടി കൊതിച്ച എത്രയോ പകല്‍ തിരക്കുകളെ പറ്റി ഓര്‍ത്തുപോയിഎനിക്ക് മാത്രമാണോ ഇങ്ങനെ ... ഏറെ ആഗ്രഹിക്കുന്നതൊക്കെ അനവസരങ്ങളില്‍ കണ്‍മുന്നില്‍ നിര്‍ത്തി കൊതിപ്പിക്കുന്നു, ജീവിതം പോലെ.
അലസമായി വീണ്ടും കിടക്കനൊരുങ്ങുമ്പോഴാണു മേശപ്പുറത്തു തുറന്നുവെച്ചിരിക്കുന്ന ലാപ്‌ടോപ്‌ കണ്ടത്. ഇന്നലെ കണക്ട് ചെയ്ത നെറ്റ് ആണ്. ഒച്ചിന്‍റെ വേഗതയില്‍ ജി-മെയില്‍ ഇഴഞ്ഞു വരുന്നത് കണ്ടുമടുത്തു വെച്ചിട്ട് പോയതാ... പൊതുജനങ്ങളുടെ വക ആയതുകൊണ്ട് ആയിരിക്കാം bsnl നാട്ടുകാര്‍ക്ക്‌ ഇത്ര സ്പീഡ്‌ കുറഞ്ഞ സേവനം മതി എന്ന് തീരുമാനിച്ചത്!

ഇനി എന്തായാലും കുറച്ചു സമയം ഇതിന്‍റെ മുന്നില്‍ ഇരിക്കാം. ആദ്യം കണ്ട സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ തുറന്നു.., ‘നിങ്ങള്‍ ദൈവത്തിൽ വിശ്വസിക്കുന്നോ?’ ...  ചര്‍ച്ച പൊടിപൊടിക്കുന്നു. കുറെ കമന്റുകള്‍
വായിച്ചപ്പോള്‍ ചിരിയാണ് വന്നത്. എല്ലാ മതക്കാരും അവരുടെ ദൈവത്തില്‍മാത്രം വിശ്വസിച്ചു സ്വര്‍ഗ്ഗത്തിലേക്ക് പോകാനാണ് പറയുന്നത്. നാട്ടിൽ കുങ്കുമക്കുറിയും, പര്‍ദയും, ധ്യാനംകൂടലുമൊക്കെ കൂടിയിട്ടും ജീവിതങ്ങള്‍ കൂടുതല്‍ നരകമാവുകയാണ്. ഇവരൊക്കെ ഇനി അങ്ങോട്ട്‌ ചെന്ന്‌ സ്വര്‍ഗ്ഗത്തിലും നരകം തീര്‍ക്കും. അത്കൊണ്ടു എനിക്കെന്തായാലും സ്വര്‍ഗ്ഗത്തില്‍ പോകാന്‍ തോന്നിയില്ല.

ഞാന്‍ അടുത്ത സൈറ്റ് തുറന്നു.. നല്ല തമാശ! മറ്റേ സൈറ്റിലെ ചര്‍ച്ചയ്ക്ക് തങ്ങളുടെ മതത്തിന് അനുകൂലമാക്കാന്‍ കമന്‍റ് ഇടാന്‍ വേണ്ടി അവിടെ നിരീശ്വരവാദം പറഞ്ഞു എതിര്‍ത്തവര്‍ ഇവിടെ ഒത്തു കൂടി ചര്‍ച്ച ചെയ്യുന്നു! ഏതു രാജ്യത്ത് പോയാലും മലയാളിയുടെ മനസ്സിന്‍റെ ദുര്‍ഗ്ഗന്ധത്തിനു ഒരു കുറവും ഇല്ല. ഇവിടെയും ചര്‍ച്ചകള്‍  തകര്‍ക്കുന്നുണ്ട്. ‘.ആര്‍ക്കാണ് വില്‍ക്കാന്‍ അവകാശം?’ ... വിഷയം പരിസ്ഥിതിആണ്.. ഒന്ന് കയറി നോക്കാം. കരി കലങ്ങിയ ചാലിയാറിനെ പറ്റി ആരോ കമന്‍റ് ഇട്ടിട്ടുണ്ട്. ഒരു മറുപടി എഴുതണം എന്ന് തോന്നി..
 
പുഴ പെങ്ങളെന്നും പ്രണയിനി എന്നുമൊക്കെ കവിതയിലെ ഉള്ളു .. കയ്യില്‍ കിട്ടിയാല്‍ എല്ലാവര്‍ക്കും അവള്‍ വെറും പെണ്ണുതന്നെയാ. എല്ലാം ഊറ്റി എടുത്ത് കടിച്ചു കീറി കുടഞ്ഞു കൊന്നുകളയും.
 
പെട്ടെന്ന് തന്നെ മറുപടി വന്നു.
സുഹൃത്തെ താങ്കളുടെ ആത്മരോഷം മനസിലാക്കുന്നു. കവിതയില്‍ മാത്രമല്ല പുഴ പെങ്ങളായത്. ചില ഗോത്രവർഗ്ഗക്കാരുടെ ജീവിത സങ്കല്‍പം പോലും അങ്ങനെയാണ്. അതാണ് നൂറ്റാണ്ടുകള്‍ക്കു മുന്നേ സിയാറ്റില്‍ പറഞ്ഞത്‌. സമയം കിട്ടുമ്പോള്‍ ഈ ലിങ്കില്‍ പോയി ഒന്ന് വായിച്ചു നോക്ക്.. “Oration of Seattle”. രാവേറെ ആയി, ശുഭരാത്രി.
 
കഴുത്ത് വേദന വല്ലാതെ അലട്ടാന്‍തുടങ്ങി. എങ്കിലും അയാള്‍ പറഞ്ഞ പ്രസംഗം കണ്ടുപിടിച്ചു വായിച്ചു. ശെരിയാണ്... എത്ര മനോഹരമായ സങ്കല്‍പം.......ഞങ്ങളുടെ പൂര്‍വ്വികരുടെ നിശ്വാസങ്ങളാണ് ഇന്ന് നിങ്ങളെ വീശി തണുപ്പിക്കുന്ന ഈ കുളിര്‍ കാറ്റ്, പുഴയും പൂക്കളുമൊക്കെ ഞങ്ങളുടെ സഹോദരങ്ങള്‍ ആണു...

എപ്പോഴാണ് മയങ്ങിപ്പോയതെന്നറിയില്ല, എന്തോ ഒന്ന് മുഖത്തിന്‌ മീതെപാറിയപോലെ. ഉണരുമ്പോള്‍ ചെവിക്കരുകില്‍ കിരുകിരെ ശബ്ദം. ഭിത്തിയിലിരിക്കുന്ന ഒരു ചിത്രശലഭത്തിന്‍റെ ചിറകൊച്ചയാണ്. കണ്ണടച്ചു വീണ്ടും കിടന്നു. ചിറകൊച്ച പതുക്കെ കനംവെച്ച് ഒരുഹൂങ്കാരമായി. ഏതോ ആപത്ത്തന്‍റെ നേര്‍ക്ക്‌ ചിറകു വിരിച്ചു വരുന്നപോലെ... ഒരു ചെറിയ ചിറകനക്കം പോലും വലിയൊരു ദുരന്തത്തിന്‍റെ മുന്നറിയിപ്പായി നമുക്ക് വായിച്ചെടുക്കാം എന്ന് എവിടെയോ വായിച്ചത്  ഓര്‍ത്തുപോയി.

വല്ലാത്ത ദാഹം. സമയം എത്ര ആയി എന്നറിയില്ല. ജനല്‍ കര്‍ട്ടന്‍ മാറ്റി പുറത്തേക്കു നോക്കി. പുലരി മഞ്ഞു മറനീക്കി പ്രഭാതരശ്മികള്‍ തെളിയുന്നത്തെ ഉള്ളു. പ്രഭാത സൂര്യന്റെ മുഖംപോലും  മറന്നുപോയിരിക്കുന്നു. പൂമുഖവാതില്‍തുറന്നു, മുറ്റത്തേക്കുള്ള രണ്ടു പടികള്‍ ഇറങ്ങിയതെ ഓര്‍മ്മയുള്ളൂ....
 
പിന്നെ കണ്ണ് തുറക്കുന്നത് വേദനയുടെ നിലയില്ലാക്കയങ്ങളില്‍ മുങ്ങി ശ്വാസം കിട്ടാതെ പിടയുമ്പോഴാണ്. നേര്‍ത്ത തണുപ്പിലും വേദനയുടെ ചീളുകള്‍ തുളച്ചുകയറുന്നു എവിടെയൊക്കെയോ. ഹൃദയരേഖ മോണിറ്റല്‍ തെളിയുന്നതും നോക്കി പ്രതിമ പോലെയിരിക്കുന്ന നഴ്സ്! ആദ്യം ഏറിയും കുറഞ്ഞും തെളിഞ്ഞ രേഖ, നോക്കി നോക്കിയിരിക്കെ ഒരു നേര്‍രേഖ പോലെ ആയി, പിന്നെ സാവധാനം ഓരോഇഴയും അതില്‍ നിന്ന് പൊട്ടി വേര്‍പെടാന്‍ തുടങ്ങി. ഇനി  കനം കുറഞ്ഞ ഒരൊറ്റ നാരു മാത്രം. നേര്‍ത്തു വറ്റുന്ന ജീവന്‍റെ ഇഴ... ഏതു നിമിഷവും അത് പൊട്ടിവീഴുമെന്നു എനിക്ക് തോന്നി.
മധുരനെല്ലി മരത്തിലെ പക്ഷികളെ പോലെ മോനിറ്റർ ബീപ് ബീപ് ശബ്ദം മുഴക്കാന്‍ തുടങ്ങി. എവിടെ നിന്നെന്നറിയില്ല മുറിഞ്ഞു വീഴുന്ന  ഇഴയുടെ കാഴ്ച  മറച്ചു ഒരു ചിത്രശലഭം അതില്‍ പറന്നു വന്നിരുന്നു ചിറകൊതുക്കി...

ഞാന്‍ സാവധാനം ശ്വസിച്ചു തുടങ്ങി ......

Wednesday, March 2, 2011

കനലെരിയുന്നു ആത്മാവിലെപ്പോഴും


മൌനമാണെന്‍റെ വാക്കുകള്‍
എങ്കിലും കനലെരിയുന്നു
ആത്മാവിലെപ്പോഴും
ഒരു നിശ്വാസമാണ്
ഉതിരുന്നതെങ്കിലും
മിന്നല്‍ പിണരുകള്‍
പായുന്നു ജീവതന്തുക്കളില്‍

ജീവന്‍റെ പാതിയാണെങ്കിലും
ജീവിതംപാതി, വിശപ്പ്‌പാതി
കൂലിപാതി, നീതി പാതി
നിയമംപാതി, മാനം പാതി
സമ്പാദ്യങ്ങള്‍ സഹനങ്ങള്‍
സ്വത്തുക്കള്‍ മുറിപാടുകള്‍

രുധിരമെത്ര കുടിച്ചുതീര്‍ക്കണം
പകയുടെ, വെറുപ്പിന്‍റെ
തുറിച്ചു നോട്ടത്തിന്‍റെ,
ചതിയുടെ, ആസക്തിയുടെ
സ്ഖലനത്തിന്നിരയായി
വീണുടയാതിരിക്കുവാന്‍

ഇനിയുമെത്ര നഗരവഴികള്‍
പാഠശാലകൾ‍, തൊഴിലിടങ്ങള്‍
റെയില്‍പാതകൾ‍, ബസ്‌സ്റ്റോപ്പുകള്‍
ഇരുട്ടുമുറികൾ‍, പീടികതിണ്ണകള്‍
ഗ്രാമപാതകൾ‍, കുറ്റിക്കാടുകള്‍
മുറിച്ചു കടക്കണം ഞാന്‍
ഭയക്കാതെ, വഴിയാത്രയില്‍
കണ്‍ ചിമ്മാതെ ഉണര്‍ത്തി
വെയ്ക്കണം കാമവെറിയുടെ
വിരലുകള്‍ പതിയാതെ
ജീവിതപാത പിന്നിടാന്‍
എന്‍റെ പെണ്മക്കളെ..?

Saturday, February 12, 2011

ജീവിതം പകുത്തപ്പോള്‍


വഴിതെറ്റി വന്ന കാറ്റില്‍
ഇലകള്‍ കൊഴിയുന്നപോലെ
ദിവസങ്ങള്‍ അങ്ങനെ
വെറുതെ തീരുകയാണ്
ആയുസ്സിന്‍റെ വര്‍ഷങ്ങള്‍
ആരൊക്കെയോ എപ്പോഴൊക്കെയോ
ആവശ്യത്തിനും അല്ലാതെയും
പകുത്തെടുത്ത കഷണങ്ങള്‍

ചേരുവകള്‍ എല്ലാം
പാകത്തിന് പുരട്ടിയത്
തേനില്‍ മുക്കിയെടുത്തു
എരിതീയില്‍ പൊള്ളിച്ചത്
എരിവില്‍ മാത്രം മുക്കി
എടുത്ത് കണ്ണ് നിറച്ചത്
ഉപ്പിലിട്ടു എന്നേക്കുമായി
ഭരണിയില്‍ സൂക്ഷിക്കുന്നത്
വേകാതെ രുചിച്ചു കടിച്ചു
തുപ്പിയതും, വലിച്ചെറിഞ്ഞതും

പ്രാണന്‍ പകുത്ത്‌, ജീവരക്തം
നനച്ചു വളര്‍ത്തി വേരുറച്ചത്
മറ്റാര്‍ക്കോ തണല്‍മരമായ്‌
ഇനി നിനക്ക് പകുക്കാന്‍
അവശേഷിപ്പൊന്നുമില്ല
മടുപ്പിന്റെ തണുപ്പരിച്ച
ജീവന്‍റെ നീര്‍ച്ചാലിലെ
കുടിക്കാനും കുളിക്കാനും
കൊള്ളാത്ത കറുത്തജലം മാത്രം

Saturday, January 1, 2011

പണയാധാരങ്ങള്‍

സ്വപ്‌നങ്ങള്‍ എറിഞ്ഞു കളഞ്ഞ്
കനല്‍ക്കാറ്റില്‍ മുഖം ഒളിച്ച്
ഭാഗ്യങ്ങളുടെ ഖനി തേടിപ്പോയത്
ജിവിതത്തിന്റെ പണയാധാരംതിരിച്ചെടുക്കാന്‍

എനിക്കുംനിനക്കും ഇനി ഒരു ലോകമെന്ന്
തീന്മേശയിലെ കപ്പുകള്‍ക്കിരുപുറമിരുന്ന്‍
പറഞ്ഞുറപ്പിച്ചിട്ടും നീ ഒപ്പ് വെച്ചത്
മരക്കൊമ്പിലെ മരണ പത്രത്തില്‍

ആര്‍ത്തികളുടെ കോണികയറാന്‍
കീറികളഞ്ഞത് സൌഹൃദങ്ങളുടെതാളുകള്‍
വിഴുപ്പുകളുടെ ഭ്രൂണങ്ങള്‍ഞെരിച്ചുകളഞ്ഞത്
പ്രണയത്തിന്‍റെ ഉള്‍തുടിപ്പുകള്‍

ഉള്ളവനും ഇല്ലാത്തവനുമിടയിലെ അകലം
കുറയ്ക്കാന്‍ കരാറുകള്‍ ഉറപ്പിച്ചപ്പോള്‍
പണയത്തിലായത് കര്‍ഷകന്റെ പ്രമാണങ്ങള്‍
നിറഞ്ഞത് സ്വിസ് ബാങ്കിലെ പണപ്പെട്ടികള്‍

സമ്പന്നന്റെ രതിസാമ്രാജ്യങ്ങള്‍ക്ക്
കടലോരം കടം കൊടുത്തപ്പോള്‍
മുങ്ങിപ്പോയത് മുക്കുവന്റെ ചാളകള്‍
കടല്‍കടന്നെത്തിയത് മുഖംമൂടിയവര്‍

കാട്ടിലെ ചോലകള്‍ക്ക് കുടപിടിച്ചമരങ്ങള്‍
വിറ്റ്‌ സിമന്റ് നഗരം പണിതപ്പോള്‍
കെട്ടുപോയത് കാട്ടുപെണ്ണിന്റെ മാനവും
വറ്റിവരണ്ടത് നാട്ടിലെ നദികളും

ജലസമൃദ്ധിയ്ക്കു നഗരംപണയം വെച്ചപ്പോള്‍
ജലസമാധിയടഞ്ഞത് ഗ്രാമങ്ങള്‍
വിണ്ടുകീറിയ കുന്നിന്‍ചെരിവുകള്‍
പക്ഷികളുടെ ശരപഞ്ജരങ്ങള്‍

വേനല്‍ മഴയില്‍ ഉരുള്‍പൊട്ടിച്ച് ഋതുക്കള്‍
പ്രകൃതിയുടെ കരാറുകള്‍ തിരുത്തിയപ്പോള്‍
കാലം ദിശയറിയാതെ തളര്‍ന്നിരുന്നു
തിരിച്ചെടുക്കാനാവാത്ത പണയാധാരംപോലെ