Pages

Tuesday, January 24, 2012

റൈഹാന


കടാറിലേതോ പടിപ്പുരക്കോണില്‍
തീഷ്ണഗന്ധം പരത്തിയിപ്പോഴും
നില്ക്കയാണോ നീ റൈഹാന ?
ശവക്കൂനകള്‍ക്ക് മീതെ വീശിയെത്തുന്ന
ചൂടുകാറ്റില്‍ ,പ്രകൃതി ഒളിപ്പിച്ച
ചുട്ടമണ്‍പാത്രങ്ങളുടെ, പഴമണം
നിറഞ്ഞതിനാലാണോ നിനക്കിത്ര
വന്യഗന്ധം, പറയൂ റൈഹാന ?

ഭൂമിക്കുതുള്ളി മഴ കൊടുക്കാതെ
കാലില്‍ മണ്ണിന്‍റെ നനവ്‌ പടര്‍ത്താതെ
സിമന്റിട്ടു വെടിപ്പാക്കിയനടുമുറ്റത്തും
നില്‍ക്കയാണു നീയെന്‍റെ തുളസിയായ്
പ്രാണവായു പകരുന്നവളെ പൂജിച്ചതാണ്
മുത്തശ്ശിയെന്നറിയാതെ , ഞാനെന്നും
കൊളുത്താറുണ്ടൊരു തിരി നിനക്കായ്‌
പാട്ടുപെട്ടി സന്ധ്യാനാമം ജപിക്കുമ്പോള്‍

ജബല്‍ ദുക്കാനിലെ ജീവവൃക്ഷചോട്ടിലും
അറാത്ത് മലയിലെ പെട്ടകത്തിലും
മോഹന്‍ജദാരോയിലെ ചത്വരങ്ങളിലും
ഉറങ്ങുന്ന ആത്മാക്കള്‍ക്കും പറയാനുള്ളത്
പുതിയ ജനപഥങ്ങള്‍ തീര്‍ക്കുവാന്‍
കറുത്തവന്‍ കരതേടിയലഞ്ഞ കഥകള്‍ മാത്രം

എന്‍റെ ഈറന്‍ മുടിത്തുമ്പിലെക്കതിരിന്‍റെ
ദലങ്ങള്‍ തന്നെ നിന്‍റെ നിസ്കാരപ്പായിലും
എന്നിട്ടും നമുക്കിടയില്‍ ആരാണ് നാട്ടിയത്
വൈരത്തിന്‍റെ ഈ കൊടിക്കൂറ റൈഹാന?
--------------------------------------------------------------------------
റൈഹാന്‍ / റൈഹാന : തുളസി
കടാര്‍---------------:- -   -----ഖത്തറിന്‍റെ പഴയ പേര് (ചരിത്രം പറയുന്നു )
ജബല്‍ ദുക്കാന്‍---- :- ബഹറിനിലെ ഒരു സ്ഥലം, ഇതിനടുത്താണ് ജീവന്‍റെ മരം (ട്രീ ഓഫ് ലൈഫ്)

Monday, January 16, 2012

ഹാപ്പി ബര്‍ത്ത്‌ ഡേ അമ്മ...


അരികിലിരുന്ന സെല്‍ഫോണ്‍ പിന്നെയും എടുത്തുനോക്കി...18 പ്രാവശ്യം ഇതിനകം അവളെ വിളിച്ചിരിക്കുന്നു. രാവിലെ വിളിക്കാത്തതിന്‍റെ ദേഷ്യമായിരിക്കും ഫോണ്‍ എടുക്കാത്തത് ... പക്ഷെ എന്നെപ്പോലെയല്ലല്ലോ അവള്‍ എന്നോര്‍ത്തപ്പോള്‍ എന്തോ ഒരു ഭയം അരിച്ചു കയറാന്‍ തുടങ്ങി. എന്തെന്നറിയില്ല... കണ്മുന്നില്‍ ഒരു ഐ.സി.യു റൂം ഇടയ്ക്കിടെ തെളിയുന്നപോലെ...

“എനിക്ക് നല്ല പ്രഷര്‍ ആയിരുന്നു. ഇന്ന് തട്ടിപ്പോയേനെ നോക്കിയില്ലായിരുന്നെങ്കില്‍” എന്നവള്‍ പറഞ്ഞത് ഇന്നലെ വൈകിട്ടാണ്. രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ രാവിലെ തന്നെ വിളിക്കണമെന്നു കരുതിയിരുന്നു... പക്ഷെ ഉണര്‍ന്നത് പത്ത് മണിക്ക. കുറെ ദിവസങ്ങളായി ശെരിക്കും ഉറങ്ങിയിട്ട്. ഒന്ന് കൂടി അവളെ വിളിക്കാം എന്ന് കരുതി ഡയല്‍ ചെയ്തു ... ഫോണ്‍ എടുത്തതും 'മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞല്ലോ' എന്ന് ഞാന്‍ ദേഷ്യപ്പെട്ടു.

സോറി... ഞാന്‍ ഐ.സി.യു വില്‍ ആയിരുന്നു. ഇന്നലെ അഡ്മിറ്റ്‌ ചെയ്ത പേഷ്യന്റ്... ഹി ഈസ്‌ സിന്കിംഗ്. ഇന്നലെ വീട്ടില്‍ പോകാന്‍ കഴിഞ്ഞില്ല, എന്താ നീ ഇത്ര അത്യാവശ്യമായി വിളിച്ചത്?

ഒന്നുമില്ലെടാ... ഇന്ന് നിന്‍റെ ജന്മദിനം അല്ലെ? ആശംസിക്കാന്‍ വിളിച്ചതാ

ആഹാ.. നല്ലൊന്നാന്തരം ആശംസ....എന്‍റെ ഈ കൊല്ലം പോയിക്കിട്ടിയല്ലോ? നീ ഇപ്പോഴാണ് എണീറ്റതല്ലെ? പിന്നെ, നീ ആശംസിച്ചാലും നിന്നെ ആശംസിച്ചാലും ഫലം ഒന്നല്ലെ?

ഹഹഹഹ ..

നീയെന്താ ചിരിച്ചത്‌?

ഞാനാ പഴയ ആശംസകള്‍ ഓര്‍ത്തുപോയി ... വഴക്ക് പറയലും തലയ്ക്കു കിഴുക്കും.

ഹഹഹ ..

ഞാന്‍ ചിരിച്ചെങ്കിലും കണ്ണ് നിറയാന്‍ തുടങ്ങി.. എന്‍റെ സങ്കടങ്ങളൊക്കെ എപ്പോഴും തൊണ്ടക്കുഴിയിലെക്കിറങ്ങി പോകുന്നതിനാല്‍ പിന്നെ ഒന്നും സംസാരിക്കാന്‍ കഴിയില്ല.. അതവള്‍ക്കും അറിയാം, എന്‍റെ പ്രിയ സുഹൃത്തിന്.

പെണ്ണെ... എനിക്ക് ദേഷ്യം വരുമേ... നീ കരയാതെ ഫോണ്‍ വെച്ചേ... കുട്ടനിപ്പോള്‍ ഹൂസ്റ്റണില്‍ സുഖമായി ഉറങ്ങുന്നുണ്ടാവും. നീ പോയി വല്ലതും ഉണ്ടാക്കി കഴിക്കാന്‍ നോക്ക്. എനിക്ക് ഐ.സി.യു വിലെക്കു പോണം, രാത്രിയെ ഇനി വിളിക്കാന്‍ പറ്റു.

എന്‍റെ മറുപടിക്കു കാത്തു നില്‍ക്കാതെ അവള്‍ ഫോണ്‍ വെച്ചു. അല്ലെങ്കിലും ഞങ്ങള്‍ക്കിടയില്‍ ഒന്നും പരസ്പരം പറഞ്ഞു ബോധ്യപ്പെടുത്തേണ്ടി വരാറില്ല .ഒരാളിന്‍റെ ഉള്ളിലെ പിടച്ചില്‍ മറ്റെയാള്‍ വായിച്ചെടുക്കും. മടുപ്പരിയ്ക്കുന്ന ജീവന്‍റെ നീര്‍ച്ചാലിലെക്കു ഇറ്റുവീണ തീര്‍ത്ഥം പോലെ ഒരു സൗഹൃദം.

ഓര്‍മ്മകളില്‍ കാലത്തിന്‍റെ താളുകള്‍ മറിഞ്ഞു....

അന്നും രാവിലെ തിരക്കിട്ട് അടുക്കള ജോലി തീര്‍ക്കുന്നതിനിടയില്‍ കറണ്ട് പോയി. കറിയ്ക്കുള്ളതൊന്നും അരച്ചിട്ടില്ല. വൈകിട്ട് ചെയ്യാം എന്ന് വിചാരിച്ചാല്‍ വോള്‍ട്ടെജ് കാണില്ല. വടക്കന്‍ മലബാര്‍ കേരളത്തിന്‍റെ ഭാഗമല്ലേ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. വികസനം വീതം വെച്ചു ഇവിടെത്തുന്നത് എന്നാണാവോ? തീയല്‍ വെയ്കാന്‍ ഏതു നേരത്താണോ തോന്നിയതെന്ന് ശപിച്ചുകൊണ്ട് അമ്മിക്കല്ല് കഴുകി അരയ്ക്കാന്‍ തുടങ്ങി. ചോറ് തിളച്ചു തൂവുന്നതിന്‍റെ ശബ്ദം... ഗ്യാസ്‌ ഓഫ് ചെയ്യാന്‍ മോനെ വിളിച്ചപ്പോഴാണോര്‍മ്മവന്നത്, അവന്‍ രാവിലെതന്നെ അമ്പലത്തില്‍ പോയ കാര്യം. ധൃതിയില്‍ എല്ലാം ഒരുക്കി വരുമ്പോഴേയ്കും സമയം വൈകി. കഷട്പെട്ടു തയ്യാറാക്കി വെച്ചതാണെങ്കിലും ഗോളാന്തര, ദേശീയ, നാട്ടു വാര്‍ത്തകള്‍ ഒക്കെ വായിച്ചു കഴിഞ്ഞ് സമയമില്ലെങ്കില്‍ അദ്ദേഹം കഴിയ്ക്കാതെയും സ്ഥലം വിടും. അല്ലെങ്കിലും രാവിലെ ക്ലോക്കിലെ സൂചിക്കു കുറച്ചു സ്പീഡ്‌ കൂടുതലാണ്. എല്ലാര്‍ക്കുമുള്ള ഭക്ഷണം മേശപ്പുറത്ത് വെച്ച് ഞാന്‍ കുളിമുറിയിലെക്കോടി.... ടവ്വലെടുക്കാന്‍ മറന്നു...

മോനേ.... പിന്നെയും വിളിച്ചു.

നീ വിളിച്ചുകൂവണ്ട... അവനെത്തിയില്ല..

മുകളിലത്തെ മുറിയില്‍ നിന്നും അശിരീരി കേട്ടു!

നിങ്ങള്‍ ഒന്നുപോയി നോക്കിയേ... ഇത്രയും നേരമായിട്ടും കുട്ടി വന്നില്ലല്ലോ?

എനിക്ക് പോകാനൊന്നും വയ്യ... സമയത്തിനു സ്കൂളില്‍ പോകണമെന്നു അവനും അറിയണ്ടേ..? ഉടനെ തന്നെ മറുപടിയും വന്നു.

പത്തുവയസ്സുകരനായാലും സ്വന്തമായി കാര്യങ്ങള്‍ അറിയാനും ചെയ്യാനും പഠിയ്കണം എന്നൊക്കെയുളള ഉപദേശങ്ങള്‍ പിന്നാലെ വരുമെന്നറിയാം..അതൊന്നും കേള്‍ക്കാന്‍ സമയമില്ല.. കലക്ടര്‍ വിളിച്ച മീറ്റിങ്ങിനു സമയത്തു തന്നെ ചെല്ലണം...

വേഗം ടവ്വലെടുത്ത് വരുന്ന വഴി സ്ഥാനം മാറിക്കിടന്ന കസേരയില്‍ തട്ടി... ദാ കിടക്കുന്നുനിലത്ത്. വേദനിയ്ക്കുന്ന കയ്യും തടവി കുളിച്ചു ഡ്രസ്സ്‌ മാറി വന്നപ്പോള്‍ വിയര്‍ത്തുകുളിച്ചു നിന്ന് വെള്ളം കുടിക്കുന്നു കുട്ടന്മോന്‍.... എവിടെയോ കളിച്ചു നിന്ന് നേരം കളഞ്ഞതാവും എന്നുതോന്നിയപ്പോള്‍ വല്ലാതെ ദേഷ്യം വന്നു. ആദ്യം തന്നെ തലയ്ക്ക് ഒരു കിഴുക്കു കൊടുത്തു...

എത്ര നേരമായി നീ പോയിട്ട്? ഇനിയെപ്പോഴാ സ്കൂളില്‍ പോകുക? നിന്നെ കൊണ്ടാക്കി ചെല്ലുമ്പോള്‍ ട്രെയിനും കിട്ടില്ല...

ദേഷ്യം തീരാഞ്ഞിട്ടു ഒരു അടിയും കൂടി കൊടുത്തു..

പാവം ഒന്നും പറഞ്ഞില്ല... കരഞ്ഞോണ്ട് മുകളിലെ മുറിയിലേയ്ക്ക് പോയി..

ഉം... ഇന്ന് തന്നത്താന്‍ പോയ്ക്കോ... അല്ലെങ്കില്‍ അച്ഛനോട് പറയു..

എന്‍റെ ഒച്ചയും ബഹളവുമൊക്കെ കേട്ട് അദ്ദേഹം താഴേയ്ക്ക് വന്നു....

നീ ആ ഫ്രിഡ്ജ്‌ ഒന്ന് തുറന്നു നോക്കിയെ..

പിന്നെ ഇനിയിപ്പോ ഫ്രിഡ്ജ്‌ നോക്കാന്‍ പോകുന്നു..എന്താ കാര്യം?

നിങ്ങള്‍ വന്നു വല്ലതും കഴിച്ചേ... നേരം പോകുന്നു.. അവനെ വിളിയ്ക്കു..

മോനെ എന്തിനാ നീ അടിച്ചത്..? പോയി ഫ്രിഡ്ജ്‌ തുറന്നു നോക്കു. നിനക്ക് അവന്‍ എന്തോ വാങ്ങി കൊണ്ടുവെച്ചിട്ടുണ്ട്...

ഇപ്പൊ സമയമില്ല, ഇനിയും താമസിച്ചാല്‍ ട്രെയിന്‍ കിട്ടില്ല...

റെയില്‍വേ സ്റ്റേഷനില്‍ എത്തി വണ്ടി പാര്‍ക്ക് ചെയ്തപ്പോള്‍ സരിയുടെ ഫോണ്‍....... ...അവിടെ മിഴിച്ചു നിലക്കാതെ ബസ്‌സ്റ്റാന്റിലെയ്ക്കു ഒടിക്കോ, ട്രെയിന്‍ വിട്ടു. 2 മണിക്കൂര്‍ ബസ്സില്‍ യാത്ര ചെയ്തു ഓഫീസിലെത്തിയപ്പോഴെക്കും കലക്ടറുടെ ഓഫീസില്‍ നിന്നും പലതവണ വിളിച്ചിരുന്നു എന്നുപറഞ്ഞു... തലയും താഴ്ത്തിയാണ് മീറ്റിങ്ങിനു ചെന്നിരുന്നത്. കണ്ടപാടെ സെക്രട്ടറി ശകാരിക്കാന്‍ തുടങ്ങി... ഒരു സോഷ്യല്‍ ഇഷ്യൂ കൈകാര്യം ചെയ്യേണ്ട ഇവരെയൊക്കെ എന്താ പറയേണ്ടത്? ശകാരവര്‍ഷം തുടര്‍ന്നപ്പോള്‍ കലക്ടര്‍ ഇടപെട്ടു.. സര്‍... അവരുടെ ഇന്‍വോള്‍മെന്റുള്ളത് കൊണ്ടാണ് നമുക്ക് വലിയ പ്രശങ്ങള്‍ ഇപ്പോള്‍ അവിടെ ഇല്ലാത്തതെന്നൊക്കെ അദ്ദേഹം പറഞ്ഞെങ്കിലും സെക്രട്ടറി അതൊന്നും കേള്‍ക്കാത്ത മട്ടില്‍ പിന്നെയും ദേഷ്യപ്പെട്ടു.

എത്രയോ ദിവസം രാപകല്‍ ഓരോ വീടും കയറി ഇറങ്ങി നടന്നു റിപ്പോര്‍ട്ട് തയ്യാറാക്കി. ഇന്നലെ റിപ്പോര്‍ട്ട് സബ്മിറ്റ് ചെയ്തു രാത്രി 9 മണിയ്ക്കാണ് ഓഫീസില്‍ നിന്നും ഇറങ്ങിയത്. എന്നിട്ടും മീറ്റിങ്ങിനു അല്പം താമസിച്ചു പോയതിന്‍റെ പേരില്‍ എന്നെ ഇത്രയും അധിക്ഷേപിക്കുന്നതെന്തിനാണെന്ന് മനസ്സിലായില്ല. അടുത്തിരുന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു, നിങ്ങള്‍ വിഷമിക്കണ്ട, ഷി ഹാസ്‌ ഡണ്‍ എക്സലന്റ് വര്‍ക്ക് എന്ന് കലക്ടര്‍ ഇന്നലെ എന്നോടു പറഞ്ഞതാണ്. ഇത് അവരുടെ ഇടയിലെ ഈഗോ ക്ലാഷ്‌ ആണ്. അതിനു നമ്മെപ്പോലുള്ളവരെ പറയാനേ ഇവര്‍ക്ക് കഴിയു. എന്തായാലും അവിടുത്തെ രണ്ടുവിഭാഗം ജനങ്ങള്‍ക്കും എന്നോടു നല്ല സഹകരണം ആണ്. അവരുടെ സ്നേഹം മതി എനിക്കെന്നു ഞാനും സമാധാനിച്ചു.

മോനെ അടിച്ചതിന്‍റെ സങ്കടം ഇടയ്കിടെ തികട്ടി വരുന്നുണ്ടായിരുന്നു. ഉച്ചവരെയുള്ളൂ എന്നു പറഞ്ഞിരുന്ന മീറ്റിംഗ് നീണ്ടുപോയി. വീട്ടിലെത്തിയപ്പോള്‍ സന്ധ്യയായി... മോന്‍ കളി കഴിഞ്ഞെത്തിയിട്ടില്ല. കസേരയില്‍‍ തളര്‍ന്നിരുന്നു. അപ്പോഴാണ് ഓര്‍മ്മ വന്നത്... അവന്‍ ഫ്രിട്ജില്‍ കൊണ്ട് വെച്ചത് എന്താണെന്ന് നോക്കിയില്ലെന്ന്. ഫ്രിഡ്ജ്‌ തുറന്നപ്പോള്‍ വാഴയിലയില്‍ പൊതിഞ്ഞ വാടിയ മുല്ലപ്പൂമാല... അത് തുറക്കുമ്പോള്‍ ഒരു തുണ്ട് കടലാസ്സു നിലത്ത് വീണു...ഞാന്‍ അതെടുത്തു തുറന്നു..

Happy BirthDay Amma

വായിച്ചു തീരുമ്പോഴെയ്ക്കും ഞാന്‍ വേദന കൊണ്ട് പുളഞ്ഞു പോയി. അവന്‍റെ മുറിയില്‍ ചെന്ന് നോക്കിയപ്പോള്‍ പാവം തളര്‍ന്നുറങ്ങുന്നു. വിളിച്ചുണര്‍ത്തിയപാടെ അവന്‍ പറഞ്ഞു

ഹാപ്പി ബര്‍ത്ത്‌ ഡേ അമ്മ...

അവനെന്നെ കെട്ടിപിടിച്ചുമ്മവെച്ചു. അവനെ ചേര്‍ത്തു പിടിയ്ക്കുമ്പോള്‍ ഹൃദയം നുറുങ്ങുന്നുണ്ടായിരുന്നു.

താങ്ക്യു കുട്ടുസെ, ലവ്‌ യു സൊ മച്ച്. മോന്‍ വന്നിട്ട് ഒന്നും കഴിച്ചില്ലേ? ഇന്ന് കളിയ്ക്കാന്‍ പോയില്ലേ?

അമ്മ വേഗം വരുമെന്ന് അച്ഛന്‍ പറഞ്ഞു..അമ്മ വന്നിട്ട് കഴിക്കാം എന്ന് വിചാരിച്ചു..എന്‍റെ വാടിയ മുഖവും നിറയുന്ന കണ്ണുകളും കണ്ടിട്ടാവണം അവന്‍ ചോദിച്ചു

അമ്മയെ കലക്ടര്‍ വഴക്ക് പറഞ്ഞോ.?

ഇല്ലല്ലോ... ഞാന്‍ ചിരിയ്ക്കാന്‍ ശ്രമിച്ചു.

ഇന്നമ്മക്കുട്ടിടെ പിറന്നാള്‍ ആയതുകൊണ്ടാ രാവിലെ അമ്പലത്തില്‍ പോയത്.... അച്ഛന്‍ ബസ്‌കൂലി തന്നിരുന്നു... പക്ഷെ പൂ വാങ്ങിയപ്പോള്‍ള്‍ പിന്നെ പൈസ ഇല്ലായിരുന്നു..ഞാന്‍ നടന്നിട്ടാ വന്നത്. അതാ താമസിച്ചുപോയത്... സോറി അമ്മ.

മോനെന്തിനാ ഇത്രയും വാങ്ങിച്ചത്? കുറച്ചു വാങ്ങിയാല്‍ പോരായിരുന്നോ..നമ്മുടെ കയ്യിലുള്ള കാശുനോക്കിയല്ലേ ചെലവ് ചെയ്യാവു.?

ഉം....ഞാന്‍ കുറെ കടയില്‍ പോയി അവിടെയൊക്കെ തീര്‍ന്നു പോയി...ഒരു കടയിലെ ഉണ്ടായിരുന്നുള്ളൂ. പക്ഷെ അവര്‍ മുറിച്ചു തന്നില്ല, വേണമെങ്കില്‍ അത്രയും വാങ്ങണമെന്നു പറഞ്ഞു... അമ്മയ്ക്ക് ഒരുപാടു ഇഷ്ടമല്ലെ മുല്ലപ്പൂ ..അതാ വാങ്ങിയത്..

ഞാന്‍ പോലും മറന്നുപോയ എന്‍റെ ജന്മദിനം ഓര്‍ത്തു എനിക്ക്‌ പിറന്നാള്‍ സമ്മാനം വാങ്ങി 3 കിലോമീറ്റര്‍ നടന്നുവന്ന കുഞ്ഞിനെയാണ് കാര്യം തിരക്കാതെ വഴക്കു പറഞ്ഞതും അടിച്ചതും... ഞാന്‍ പൊട്ടിക്കരഞ്ഞുപോയി ..അവന്‍ അപ്പോഴും നിഷ്ക്കളങ്കതയോടെ ചോദിച്ചു...

അമ്മയെന്തിനാ കരയുന്നത്?

ഒന്നുമില്ല മോനെ.ഈ ലോകത്ത് ഇതില്‍ വലുതായി ഒരു സമ്മാനവും അമ്മയ്ക്ക് കിട്ടാനില്ല... ഞാന്‍ പറഞ്ഞത് അവനു മനസ്സിലായോ എന്തോ?

ജീവിതത്തിന്‍റെ തിരക്കില്‍ പറയാതെ പോകുന്ന ഒരു വാക്ക്... പറയുന്നത് കേള്‍ക്കാന്‍ രണ്ടു നിമിഷമെങ്കിലും ചിലവഴിക്കാന്‍ ക്ഷമ കാണിക്കാനുള്ള മനസ്സ്... ഇതൊക്കെയും ഇല്ലാതെയാകുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത് നമ്മള്‍ തിരിച്ചറിയുന്നില്ല... അതുണ്ടാക്കുന്ന മുറിപ്പാടുകള്‍ നമ്മള്‍ കാണുന്നില്ല. പലപ്പോഴും തീരാ വേദനപോലെ ഈ ഓര്‍മ്മകളും നഷ്ടങ്ങളും നമ്മളേ വേട്ടയാടിക്കൊണ്ടിരിക്കും, ജീവിതാവസാനത്തോളം.

(Pic courtsey: Google)