Pages

Friday, December 6, 2013

നീലക്കണ്ണുള്ള പക്ഷി

(Published in Malayalanatu Magazine)

അവള്‍ക്കു വല്ലാതെ ശ്വാസം മുട്ടി. വായ്‌ പിളര്‍ന്നു ആഞ്ഞു വലിച്ചപ്പോൾ കൊഴുത്ത ദ്രാവകം നിറയുന്ന ശ്വാസനാളിയിലെ തീരെ ചെറിയ വിടവില്‍കൂടി അല്പം പ്രാണവായു അകത്തേക്ക് കടന്നു..... ചിതല്‍കൂടുപോലെ അനേകായിരം തുളവീണ അവളുടെ ശ്വാസകോശത്തിനു ഇത്തിരി ജീവവായു നിറച്ചു വെയ്കുവാൻ മാത്രമേ കഴിയുമായിരുന്നുള്ളൂ.
ജനാലവിരി ചുവന്നചുണ്ടുകൊണ്ട് കൊത്തിവലിച്ചു ഒറ്റക്കാൽ ഉള്ള മൈന എത്തിനോക്കി ചിലച്ചു ...
ഈ മായപ്പെണ്ണ് എവിടെപ്പോയി കിടക്കുന്നു ?
ഇന്ന് അരിമണിയും വെച്ചില്ല, വെള്ളവും ഇല്ല. അല്ലെങ്കിലും ഇത്തിരി അരിമണിയെ വെയ്ക്കാറുളളു പിശുക്കത്തി. ചോദിച്ചാൽ പറയും നിന്റെ വയറു കുഞ്ഞല്ലേ… നീ ബാക്കി ഇട്ടിട്ടുപോയാൽ പിന്നെ നിറയെ ഉറുമ്പായിരിക്കും. ഉറുമ്പുപൊടി വിതറി അതിനെയെല്ലാം കൊല്ലുന്നത് കഷ്ടമല്ലേ എന്ന്. ഓര്‍ക്കാപ്പുറത്തല്ലേ മഴമരം മുറിച്ചു ഇട്ടത്. എന്‍റെ ഒരുകാലും കൂട്ടുകാരന്‍റെ ചിറകും ഒടിഞ്ഞു .എത്ര പക്ഷിക്കൂടുകൾ അതിലുണ്ടായിരുന്നു. വഴിയോരവും വിട്ടു ഇത്തിരി അകലെ നിന്ന മരം. എത്ര കുഞ്ഞുങ്ങൾ ആ മരത്തണലിൽ കളിച്ചു വളര്‍ന്നു. എത്ര തളര്‍ന്ന കാലടികള്‍ക്കു അത് തണലേകി. ഈ മനുഷ്യരുടെ ഹൃദയങ്ങള്‍ക്ക് കണ്ണില്ല.
മായപ്പെണ്ണ് മുറിക്കു പുറത്തിറങ്ങിയിട്ടു രണ്ടു ദിവസമായല്ലോ… ഇവള്‍ക്കെന്ത് പറ്റി? എത്ര വയ്യെങ്കിലും എന്നെ മറന്നുപോകാറില്ല.
മൈന ഒന്നുകൂടി തല ഉള്ളിലേക്ക് നീട്ടി...
ആഹാ..കംപ്യൂട്ടറിന്റെ മുന്നിൽ ഇരുപ്പാണോ ഇവൾ? ഇതാരണാവോ അവളുടെ പിറകിൽ ? ങേ... മറ്റൊരു മായപ്പെണ്ണോ? ഇന്നലെ വെള്ള ശംഖുപുഷപ്ങ്ങള്‍ക്കിടയിൽ വന്നിരുന്ന  നീലക്കണ്ണുള്ള ആ കുഞ്ഞു  പക്ഷിയല്ലേ അപ്പുറത്തിരിക്കുന്നത്? ഇതിപ്പോ ആരാ മായപ്പെണ്ണിനോട് സംസാരിക്കുന്നത്?
അങ്ങനെ ഓരോന്ന് ചിലച്ചു മടുത്ത മൈന മായയോട്‌ പിണങ്ങി പവിഴമല്ലിയുടെ തണലിലേക്ക്‌ ഒടിഞ്ഞ കാലും വലിച്ചു പതുക്കെ നടന്നു.
മായ അപ്പോൾ അവളുടെ ഹൃദയത്തിലേക്കുതന്നെ നോക്കിയിരിക്കുകയായിരുന്നു, ഓര്‍മ്മകൾ പെറുക്കി എടുത്ത്.
പകൽസ്വപ്നത്തിന്‍റെ ചിറകരിഞ്ഞ് വാക്കുകളുടെ വായ്ത്തല കൊണ്ട് ഹൃദയം പൊട്ടിച്ചിട്ടത് എപ്പോഴായിരുന്നു? രാത്രിയെ സ്നേഹിച്ചു ഭൂമിയുടെ ഒരറ്റത്ത് നിന്നും തനിയെ യാത്രപോയപ്പോഴോ? അല്ല... പിന്നെപ്പോഴായിരുന്നു? വെന്തു കുഴഞ്ഞ  കഷണങ്ങളിലേക്ക് സാമ്പാർ പൊടിയെന്ന് കരുതി മഞ്ഞൾപ്പൊടി വാരി ഇട്ടപ്പോഴോ...? അപ്പോഴായിരുന്നോ.....? അതോ അടുക്കു തെറ്റിക്കിടന്ന വസ്ത്രങ്ങളൊക്കെ പിന്നെയും അടുക്കി വെച്ചപ്പോഴോ....? ആവോ ഒന്നും ഓര്‍മ്മയിൽ നില്‍ക്കുന്നില്ലല്ലോ… ഫോണ്‍ ബെല്ലടിച്ചിരുന്നു. എടുക്കാനായ് ഇടതു കൈ നീട്ടിയപ്പോൾ വലതു കയ്യിലെ പാല്‍പാത്രം തട്ടി മറിഞ്ഞത് ഓര്‍മ്മയിലുണ്ട്.....
ഓര്‍മ്മകളുടെ അടുക്കുകൾ പിന്നെയും തെറ്റാനും അവൾ വീണ്ടും അത് നിരതെറ്റാതെ അടുക്കി വെക്കാനും ശ്രമിച്ചുകൊണ്ടിരുന്നു. അവളെത്തന്നെ ഉറ്റുനോക്കി പിന്നില്‍നിന്ന സുതാര്യമായ ആ നിഴല്‍രൂപം മുന്നിലേക്ക്‌ നീങ്ങി നിന്നു. തണുപ്പുള്ള മഞ്ഞ പ്രകാശരശ്മികൾ ആ രൂപത്തിൽ നിന്നും ഒഴുകിപ്പരന്നു മായയുടെ കണ്ണുകളിൽ തൊട്ടു. പിന്നെ അനുതാപത്തിന്റെ നേര്‍ത്ത ശബ്ദത്തിൽ അവളോടു ചോദിച്ചു....
‘എന്‍റെ മായേ… നീ ഇങ്ങനെ ഓര്‍മ്മകൾ കൊണ്ട് ജീവിതത്തേ കൊരുത്തിടാതെ... നിനക്കൊപ്പം ഞാനും വല്ലാതെ തളര്‍ന്നു.... ജീവശ്വാസത്തിനായുള്ള ഈ യുദ്ധം മതിയാക്കരുതോ ഇനി..?’
‘ഇത്തിരി കൂടി... ഒരല്പ സമയം കൂടി...’
‘ഹഹഹ… ഇത് നീ പറയാൻ തുടങ്ങിയിട്ട് എത്ര വര്‍ഷമായി..?
‘അദ്ദേഹം വന്നോട്ടെ … ചോറ് ....’
വാക്കുകൾ കഫത്തിൽ കുഴഞ്ഞു പുറത്തേക്കു വന്നില്ല .അവളുടെ കണ്ണുകൾ തുറിക്കാനും മുഖം നീല നിറമാകാനും തുടങ്ങി.  അവള്‍ക്കു വല്ലാതെ ദാഹിച്ചു. കട്ടിലിനരികിലെ മണ്‍കൂജ ഉണങ്ങി വരണ്ടിരുന്നു ...
ജീവിതത്തിൽ നിന്നും മരണത്തിലേക്കും അവിടെ എത്താതെ തിരിച്ചും നടന്നു അവളുടെ പാദങ്ങൾ ശോഷിച്ചു പോയിരുന്നു. അതുകൊണ്ടാവാം നിവര്‍ന്നു നില്‍ക്കാൻ ശ്രമിച്ചപ്പോഴേക്കും കൂനിപ്പോയി. ഏറുകൊണ്ട് തലതാഴ്ത്തി ദീനമായ്‌ ഞരങ്ങുന്ന നായെപ്പോലെ അവൾ കിടപ്പുമുറിയിൽ നിന്നും ഇഴഞ്ഞിറങ്ങി കൈകൾ നിലത്തു കുത്തി അടുക്കളയിലേക്ക് പതുക്കെ നടന്നു...
‘ഇനിയും വെറുതെ എന്തിനു ജീവന്‍ തൊട്ടു നനച്ചിടുന്നു മായേ? ഒന്ന് സമാധാനമായ് ശ്വസിക്കാന്‍ കൂടി നിനക്ക് കഴിയുന്നില്ലല്ലോ....?’
അവൾ കൈ എത്തി വെള്ളം മുക്കി എടുത്തു... വായിലേക്ക് എത്തുമ്പോഴേക്കും പാതിയും നിലത്തു വീണു. ബാക്കി ഉണ്ടായിരുന്നത് വീര്‍ത്തു വിജ്രംഭിക്കുന്ന തൊണ്ടക്കുഴിയിലേക്ക് വലിയ ശബ്ദത്തോടെ ഇറങ്ങിപ്പോയി … അവളുടെ കണ്ണുകൾ മയങ്ങി… ചുണ്ടുകൾ നനഞ്ഞു.
‘ഇനി മതി മായേ..നീ ഇവിടെ വന്നു കിടക്കു ശാന്തമായ്...’
ഖനിയുടെ ആഴത്തിൽ പോയൊളിച്ച ശ്വാസത്തിനെ തിരികെ എടുക്കാനെന്നപോലെ അവൾ സകല ശക്തിയുമെടുത്ത് വലിച്ചു.. പിന്നെ പതുക്കെ പറഞ്ഞു
‘അവനെ ഒന്ന് കൂടി കണ്ടോട്ടെ ..എനിക്ക്.... ഞാന്‍ …’
‘ശെരി ശെരി … ആ ചിത്രം അവിടെത്തന്നെയുണ്ട്...നോക്കിയിട്ട് വേഗം വന്നേ…  അവന്‍ വളര്‍ന്നു വല്യ കുട്ടിയായില്ലേ?  ...’
‘ഉം....’
അവൾ പിന്നെയും ഞരങ്ങി..
തേനൂറുന്ന കുഞ്ഞു വായിലെ കൊഞ്ചൽ ചിരിയുമായ് നിറം മങ്ങിയ ചിത്രത്തിലെ കുഞ്ഞ്  അവള്‍ക്കു നേരെ കൈ നീട്ടി... ഇടയ്ക്കു വീണു കിട്ടിയ നേര്‍ത്ത ഒരു ശ്വാസത്തിന്റെ ബലത്തിൽ അവൾ അവനെ വാരിയെടുത്തു നെഞ്ചോടു ചേര്‍ത്ത് വയമ്പും ജാതിക്കയും മണക്കുന്ന ചുണ്ടിൽ തുരുതുരാ മുത്തമിട്ടു...
“അത് പൊട്ടിച്ചു കളയല്ലേ മായേ......അവിടെ വെച്ചേക്കു.... അവന്റെ പ്രിയപ്പെട്ട ചിത്രമല്ലേ അത്? നീ വരൂ.....വന്നിവിടെ കിടക്കു… എനിക്ക് പോകാന്‍ നേരമായി ...’
‘വരാം.........ആ മുറിയിൽ...’
വാക്കുകൾ മുറിഞ്ഞു പോയി… അവൾ കിതച്ചു വീണു…
‘ആ മുറിയിൽ എന്തിരിക്കുന്നു.....? ങ്ഹും...അവിടെ നിന്ന് നീ പുറത്തായിട്ട്‌ എത്രയോ കാലമായി....’
അവൾ ആയാസപ്പെട്ട്‌ പറഞ്ഞു ...
‘ഷീറ്റ് ഒന്ന് മാറ്റി വിരിച്ചിട്ട്.....ഒരാഴ്ചയായ്....’
‘ഹഹഹ..നേരെ നില്‍ക്കാൻ കഴിയാത്ത നീയാണോ ഈ കോണിപ്പടി കയറാൻ പോകുന്നത്...? അയാൾ യാത്ര പോയതല്ലേ.....? വരുമ്പോൾ മാറ്റട്ടെ......നീ വന്നേ ....’
അവൾ വേദനയോടെ  മുകളിലേക്ക് കയറിപ്പോകുന്ന പടികളിൽ നോക്കി...അവള്‍ക്കപ്പോൾ അല്പം ആശ്വാസം ഉള്ളതുപോലെ .... പതുക്കെ അവൾ ശ്വസിക്കുന്നുണ്ട്… ഭിത്തിയിൽ പിടിച്ചു കിടക്കമുറിയിലേക്ക് നടന്നു പോകുമ്പോൾ അവളുടെ പിന്നിലായി നടന്നു ....
അതുവരെ ചോദ്യങ്ങൾ കൊണ്ട് അവളെ ഉലച്ചു കളഞ്ഞ അദൃശ്യമായ ആ നിഴലിനു അവളോടപ്പോൾ അതിയായ അനുകമ്പ  തോന്നി...... കയ്യിൽ പിടിച്ചു അവളുടെ വിരലുകൾ വിടര്‍ത്തി ചോദിച്ചു..
‘ജീവിതത്തെ ഇത്രയും നീ മോഹിക്കുന്നെങ്കിൽ പിന്നെ എന്തിനായിരുന്നു മായേ  ഈ കഴിഞ്ഞ രാത്രിയും പകലും  മുഴുവൻ മനസ്സും ശരീരവും ചിന്തകളും ഒരു ബിന്ദുവിൽ ഉരുക്കിച്ചേര്‍ത്ത് നീ പ്രാര്‍ത്ഥിച്ചത്‌......?’
അവൾ ഒന്നുമില്ലെന്ന് തലയാട്ടി..
‘ഞാനെന്നും നിന്‍റെ കൂടെത്തന്നെ ഉണ്ടായിരുന്നു ..നിന്നെ സ്വതന്ത്രയാക്കാന്‍ തയ്യാറുമായിരുന്നു … പക്ഷെ നിനക്കെപ്പോഴും മറ്റുള്ളവര്‍ക്ക് വേണ്ടി ഓരോരോ ആവശ്യങ്ങൾ ആയിരുന്നല്ലോ ...’
അവൾ ഒന്നും മിണ്ടാതെ കിടക്കമുറിയിലെ ജന്നലിനുള്ളിലേക്ക് നീണ്ടു വരുന്ന വെളുത്ത ശംഖുപുഷ്പത്തിന്റെ മൊട്ടുകൾ തൂങ്ങുന്ന വള്ളി പതുക്കെ പുറത്തെ ചുവരിലേക്ക് നീക്കി വെച്ചു ജനവാതിലുകൾ അടച്ചു..
പൂപാത്രത്തിലെ പൂക്കളുടെ ഇതളുകളിലെ പൊടി തുടച്ചു ജനാലയ്ക്കരികിലെ കൊച്ചു ഡപ്പിയിൽ നിന്ന് ഒരു നുള്ള് ഉപ്പ് പാത്രത്തിലെ ജലത്തിലിട്ടു വെയിൽ വീഴുന്നിടത്തേക്ക് അല്പം കൂടി നീക്കി വെച്ച് അവൾ തന്നത്താൻ പറഞ്ഞു ..
‘ഇത്തിരി വെളിച്ചം കിട്ടിയാൽ കുറച്ചു ദിവസം കൂടി വാടാതിരിക്കും...’
കിടക്കക്കരികിൽ  തുറന്നു വെച്ചിരുന്ന വെളിച്ചം കെട്ട ലാപ്ടോപ്പിന്റെ കീബോര്‍ഡിൽ  അവൾ വിരൽ അമര്‍ത്തി... ചരിഞ്ഞു പെയ്യുന്ന മഴയിലേക്ക്‌ ഇറങ്ങിപ്പോകുന്ന ആളൊഴിഞ്ഞ ഒരു നടപ്പാതയുടെ അങ്ങേ അറ്റത്ത്‌ ആരോ നടന്നു മറയുന്ന മങ്ങിയ ചിത്രം തെളിഞ്ഞു...ഓര്‍മ്മകൾ അവളെ എങ്ങോട്ടൊക്കെയോ യാത്രയാക്കുന്നുണ്ട്... ഒരു നിമിഷം അവൾ കണ്ണുകൾ ഇറുകെ അടച്ചു തുറന്നു.. പിന്നെ അവളുടെ വിരല്‍തുമ്പിൽ നിന്നും അക്ഷരങ്ങൾ ചിത്രത്തിന് താഴെ നിരന്നിരുന്നു...
“ഈ വഴി ഇനി ഒരിക്കലും വരില്ല …”
അവൾ വെളിച്ചം കെടുത്തി ലാപ്ടോപ്‌ അടച്ചു വെച്ചു ..
‘ആരായിരുന്നു അത്.....?’
അവൾ ചെറുതായി ഒന്ന് ചിരിക്കാൻ ശ്രമിച്ചു... മുഖം കോടിപ്പോകുന്നതിനടയിൽ പിറുപിറുത്തു
‘അതോ..? മഴ... കനിവൂതി കുളിരൂതി ചുറ്റിപ്പിടിച്ച  മഴ...’
അവളുടെ ശ്വാസവേഗങ്ങൾ കൂടി… കണ്ണുകൾ പുറത്തേക്കു തള്ളി വരുന്നപോലെ… ശ്വാസം കിട്ടാതെ അവൾ പിടയാൻ തുടങ്ങി…
പണ്ടൊക്കെ ചെയ്യാറുള്ളതുപോലെ രണ്ടു തലയിണ നെഞ്ചിൽ ചേര്‍ത്ത് വെച്ച് നിസ്കാരപ്പായയിലെന്നപോലെ അവൾ മുട്ടുകുത്തി തല താഴ്ത്തി കിടന്നു. പ്രാണന്‍ വേര്‍പെടുന്ന വേദനയിൽ ചുരുട്ടിപ്പിടിച്ച കൈകളിലെ വിരലുകൾ ഒച്ചയുണ്ടാക്കി ഞെരിഞ്ഞുടഞ്ഞു. അപ്പോഴും അവൾ പിറുപിറുത്തു...
‘അയ്യോ… മുന്‍വശത്തെ വാതിൽ അടച്ചില്ല...’
അകത്തേക്ക് അടക്കുകയും പുറത്തേക്കു തുറക്കുകയും ചെയ്യാവുന്ന   ഹൃദയത്തിന്‍റെ വാതിൽ എപ്പോഴും അടഞ്ഞുകിടക്കുമ്പോഴാണ് അതിൽ സുഷിരങ്ങൾ വീഴുന്നത്. പുറത്തേക്കു പോകേണ്ടവയൊക്കെ തള്ളിത്തുറക്കാന്‍ അടച്ചിട്ട വാതില്‍ക്കൽ കലപില കൂട്ടി ബഹളം വെയ്കുമ്പോൾ വാതില്‍പ്പാളി ബലം വെച്ച് പിന്നെ തുറക്കാതെയാവുന്നു.....
അവളുടെ തല ഒരു വശത്തേക്ക് ചരിഞ്ഞു… അവസാന ശ്വാസത്തിനായ്  തുറന്നു വെച്ച വായിൽ നിന്നും ഒരു കുടന്ന കൊഴുത്ത രക്തം പുറത്തേക്കു തെറിച്ചു… ജീവിതം പുറംകാല്‍ കൊണ്ട് തട്ടിയിട്ടപ്പോഴൊക്കെ ഇടറിവീണും പിന്നെയും എണീറ്റ്‌ നടന്നും നിറംകെട്ടു മരവിച്ച ആ പാദങ്ങളിൽ നിന്നും ആശ്വാസത്തോടെ മായ വെളുത്ത ശംഖ്പുഷ്പങ്ങള്‍ക്കിടയിലേക്കു ഒഴുകി ഇറങ്ങി... പിന്നെ നീലക്കണ്ണുള്ള  കുഞ്ഞുപക്ഷിയുടെ ചിറകു തൊട്ടു അനന്തതയിലെക്കും....