Pages

Wednesday, January 1, 2014

എല്‍ 2 സെക്ഷന്‍



ധ്യാനത്തിലെന്നപോലെ അവര്‍ ആ പെണ്‍കുട്ടിയുടെ മുഖത്തേക്കു മാത്രം നോക്കിയിരുന്നു.അവളാകട്ടെ അവരുടെ മുഖം കാണാതിരിക്കാന്‍ വേണ്ടി ഒരുവശത്തേക്കു മാത്രം എപ്പോഴും നോക്കി. ഏതോ കാലങ്ങള്‍ക്കപ്പുറം എനിക്കവരെ പരിചയമുള്ളപോലെ .എങ്ങോട്ട്‌ ശ്രദ്ധ തിരിച്ചിരുന്നാലും അവസാനം അവരിലായിരിക്കും എന്‍റെ കണ്ണുകള്‍ ചെന്നെത്തുക..അവര്‍ക്കധികം പ്രായം കാണില്ലെങ്കിലും ഏതോ പ്രാണസങ്കടങ്ങള്‍ വാര്‍ധക്യത്തിന്‍റെ വലയില്‍ കുരുക്കിയിട്ടിരിക്കുന്നതിന്‍റെ അടയാളങ്ങള്‍ മുഖത്തു പതിഞ്ഞുകിടപ്പുണ്ട്.

ഉച്ചവെയില്‍ ജനാലവിരിതുളച്ചു അകത്തേക്കു കയറിക്കൊണ്ടിരുന്നു. അവര്‍ പതുക്കെ എഴുന്നേറ്റു പെണ്‍കുട്ടിയുടെ മുന്നില്‍ ചെന്നു.  

“എന്‍റെ അപേക്ഷകൂടി ഒന്ന് അകത്തേക്കു കൊടുത്തയക്കൂ...”

“നിങ്ങളോടു കഴിഞ്ഞ മൂന്നു ദിവസമായി  പറയുന്നതല്ലേ ഇതു എല്‍2 സെക്ഷനില്‍ കൊടുക്കാന്‍ . ഇതകത്തേക്കു കൊടുത്തയച്ചാലും അവിടേയ്ക്കെ പോകൂ.

“എനിക്കു കളക്ടറെ ഒന്നു നേരില്‍ കാണണം. അതൊന്നു അകത്തേക്കു കൊടുത്തയച്ചാല്‍ അദ്ദേഹം എന്നെ വിളിപ്പിക്കുമല്ലോ “

“അമ്മച്ചി ,സര്‍ വഴക്കുപറയും ആവശ്യമില്ലാത്തതൊക്കെ  അങ്ങോട്ടു കൊടുത്തയച്ചാൽ അദ്ദേഹത്തിനു എല്ലാം നോക്കാന്‍ സമയം കിട്ടുമോ ?”

അവരുടെ ശബ്ദം ഉയര്‍ന്നു ..

”ആവശ്യമില്ലാത്തതെന്നു ആര് തീരുമാനിച്ചു? ദയവുചെയ്തു നിങ്ങളതു അകത്തേക്കു കൊടുത്തയക്കൂ..”.....

വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങി തളര്‍ന്നു വീഴാതെ അവര്‍ മേശയുടെ മൂലയില്‍ അമര്‍ത്തി പിടിച്ചു. മേശയുടെ വശത്ത് സി.എ ടു കളക്ടര്‍ എന്ന് ഇംഗ്ലീഷില്‍ എഴുതി വെച്ചിട്ടുണ്ട്.

പെണ്‍കുട്ടിക്കു അലിവു തോന്നിയിട്ടോ അവര്‍ അവിടെ മറിഞ്ഞുവീഴുമെന്നു ഭയന്നിട്ടോ എന്തോ അടുത്ത ഫയലിനൊപ്പം കരിമ്പച്ച നാടകെട്ടിയ ഫയല്‍ബോഡില്‍ അവരുടെ അപേക്ഷയും വിശറിതൊപ്പിക്കാരന്‍റെ കയ്യില്‍ അകത്തേക്കു കൊടുത്തു വിട്ടു. അയാള്‍ പോയ സ്പീടില്‍ തിരികെ വന്നു ഫയല്‍ മേശപ്പുറത്തേക്ക് ശബ്ദത്തോടെ ഇട്ടിട്ടു അകത്തേക്കു ചെല്ലാന്‍ പെണ്‍കുട്ടിയോടു ആഗ്യം കാണിച്ചു. അവള്‍ വിളറിയ മുഖവുമായി തിരികെ വന്നു അവരെ കടുപ്പിച്ചു നോക്കി ..

“ഞാന്‍ അപ്പൊഴേ പറഞ്ഞതല്ലേ.. കണ്ടോ കളകടര്‍ എല്‍2 സെക്ഷനെന്നു എഴുതിയിട്ടത്? ..വെറുതെ എനിക്ക് വഴക്കും കിട്ടി..”

അവരുടെ കണ്ണുകളിലെ അവസാനപ്രതീക്ഷയും കെട്ടപോലെ തോന്നി. കൂടുതല്‍ തളര്ച്ചയോടെ അവര്‍ ചോദിച്ചു..

“എല്‍2 സെക്ഷന്‍ എവിടെയാ?”

“3ാമത്തെ നിലയില്‍ തെക്കേ അറ്റത്ത്‌ “

അവര്‍ അപേക്ഷ്യ്ക്കായ് കൈ നീട്ടി...

“ഇനിയിത് നിങ്ങളുടെ കയ്യില്‍ തരാന്‍ പറ്റില്ല  .സെക്ഷനിലേക്ക് കൊടുത്തയക്കാം. നിങ്ങള്‍ അവിടേയ്ക്കു ചെല്ലൂ..”

ചതുരാകൃതിയിലുള്ള കെട്ടിടത്തിന്‍റെ ദിക്കറിയാതെ അവര്‍ വിയര്‍പ്പുപടര്‍ന്ന മുഖംതുടച്ചു മിഴിച്ചു നിന്നു.

“അമ്മ വരൂ ഞാന്‍ കാണിച്ചു തരാം" ..

എനിക്കപ്പോള്‍ അവരോടു അങ്ങനെ പറയാനാണ് തോന്നിയത്.

ആരുടെയൊക്കെയോ ജീവിതവും സങ്കടങ്ങളും പ്രശ്നങ്ങളുമൊക്കെ തരംതിരിച്ചു കെട്ടിവെച്ചിരിക്കുന്ന ഫയല്കൂട്ടങ്ങളുടെ അറകള്‍ നോക്കി ഞങ്ങള്‍ പടികള്‍ കയറി.ഇവയിലേതിലാവും തന്‍റെ ജീവിതത്തിന്‍റെ കുരുക്കഴിയുകയെന്നറിയാതെ ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും പൊയ്കൊണ്ടിരുന്നു. ഇടയ്ക്കിടെ ഏതൊക്കെയോ കയ്പുറങ്ങളില്‍ പച്ചയും ചുവപ്പും ചട്ടകളില്‍ കെട്ടിവരിഞ്ഞ ജീവിതങ്ങള്‍ പുറത്തു നില്‍ക്കുന്നവരെ നോക്കാതെ അറകളിലേക്കു കയറിപ്പോയി. അതിനു പിറകെപോയ ചിലര്‍ പുഞ്ചിരിച്ചും ചിലര്‍ നെടുവീര്‍പ്പിട്ടും ഇറങ്ങി വന്നു.

ഞാനും രണ്ടു ദിവസമായി ഇവിടെ കയറിയിറങ്ങുന്നു. എന്ജിനീയറിംഗ് പഠിക്കാന്‍ ബാങ്ക് വായ്പ എടുത്തതാണ്.രണ്ടു വര്‍ഷമായി ജോലി കിട്ടിയിട്ടെങ്കിലും അച്ഛന്‍ കിഡ്നി പേഷ്യന്റ് ആയതോടെ കടവും പെരുകി. വായ്പയ്ക്കു ഈടുവെച്ച വീടും ഇപ്പോള്‍ ജപ്തിയിലായ്..കല്കടരെ കണ്ടു കുറച്ചുകൂടി അവധി നീട്ടിവാങ്ങാന്‍ രണ്ടു ദിവസമായി വരുന്നു..രണ്ടു ദിവത്തെ ശമ്പളവും പോയി. അദ്ദേഹത്തെ കാണാനും പറ്റിയില്ല.

കോര്‍പറേറ്റുകളുടെ കോടികണക്കിനുരൂപയുടെ വായ്പകുടിശ്ശിക എഴുതിത്തള്ളുന്നവര്‍ നിവൃത്തികേടുകൊണ്ടു വായ്പയടക്കാന്‍ കഴിയാത്തവന്‍റെ കിടപ്പാടംപോലും ജപ്തി ചെയ്യുന്നു. വിലകൂടിയ കാറുകള്‍ വാങ്ങാനും വലിയ വീടുകള്‍ വെക്കാനുമൊക്കെ എത്രകുറഞ്ഞ പലിശക്കാണ് ബാങ്കുകള്‍ വായ്പ കൊടുക്കുന്നത്? പക്ഷെ വിദ്യാഭ്യാസവായ്പക്കു കൊള്ളപലിശ!. വെടിക്കോപ്പുകള്‍ വാങ്ങിക്കൂട്ടുന്നവര്‍ക്കു വിദ്യാഭ്യാസത്തിന്‍റെ പദ്ധതിവിഹിതം പ്രതിവര്‍ഷം വെട്ടിച്ചുരുക്കാനല്ലേ കഴിയൂ. മരംവെട്ടുകാരന്‍റെ കയ്യില്‍തന്നെ കോടാലികൊടുത്താല്‍ ഇതില്‍കൂടുതല്‍ എന്തു പ്രതീക്ഷിക്കാന്‍ ? 

കാടു കയറിയ ചിന്തകളെ പിടിച്ചു നിര്‍ത്തിയത് അവരുടെ ദയനീയമായ ശബ്ദം ആയിരുന്നു..

“മോനെ , ഒന്നു നില്‍ക്കൂ..” പടികള്‍ 

കയറിവരാനാവാതെ അവര്‍ കിതയ്ക്കുന്നുണ്ടായിരുന്നു..

“ക്ഷമിക്കണം.. എന്തോ ആലോചിച്ചു നടന്നതാണ്..ഞാന്‍ കൈ പിടിക്കാം ..”

നടന്നിട്ടും നടന്നിട്ടും തീരാതെ പടികളും വരാന്തകളും നീളംവെച്ചു കിടന്നു. അവസാനം, വെളുത്ത കുഞ്ഞുപൂക്കള്‍ എപ്പോഴും പൊഴിഞ്ഞു വീണുകൊണ്ടിരുന്ന മരച്ചില്ല തല നീട്ടി തൊടുന്ന  ജനാലക്കപ്പുറത്തെ വാതിലില്‍ എല്‍2 സെക്ഷന്‍ ബോര്‍ഡ് തൂങ്ങികിടക്കുന്നതു കണ്ടു. പുറത്തെ ചുമരില്‍ ചാരി ആളുകള്‍ അഭയാര്ത്ഥികളെപ്പോലെ നില്‍ക്കുന്നു. സമയം 12.30 ആകുന്നതെഉള്ളു. എങ്കിലും സീറ്റുകളില്‍നിന്നും ഉദ്യോഗസ്ഥര്‍ പുറത്തേക്കു പോയ്കൊണ്ടിരുന്നു. ഞാന്‍ അകത്തേക്കു നോക്കി. കസേരയില്‍ ആളില്ല. ഞാനവരോടു പറഞ്ഞു...

“ലഞ്ച് ബ്രേക്ക് ആകുന്നു.ഇനി എല്ലാരും രണ്ടു മണി കഴിഞ്ഞേ വരൂ .നമുക്കും വല്ലതും കഴിച്ചു വരാം..”

“വേണ്ട, സമയമില്ല. എനിക്ക് ഒരുപാടുദൂരം പോകാനുള്ളതാണ്. ആരെങ്കിലും വന്നാല്‍ കണ്ടിട്ടു പോകാമല്ലോ. മോന്‍ പോയി കഴിച്ചിട്ടുവരൂ  .”

“എന്താ അമ്മയുടെ പ്രശ്നം?, അപേക്ഷയുടെ പകര്‍പ്പുണ്ടോ കയ്യില്‍?”

അവര്‍ അല്പം മടിച്ചെങ്കിലും പിന്നെ കയ്യിലിരുന്ന പേര്‍സില്‍ നിന്നും ഒരു കടലാസ് എടുത്തു തന്നു .

ബഹുമാനപ്പെട്ട ജില്ല കളക്ടര്‍ മുമ്പാകെ കുലശേഖരപുരം വില്ലേജില്‍ രണ്ടാം വാര്‍ഡില്‍ കളരിപറമ്പില്‍ താമസിക്കും സൗമിനി ബോധിപ്പിക്കുന്ന അപേക്ഷ ..
    
എന്‍റെ വീട്ടുമുറ്റത്തിന്‍റെ പാതിയും എടുത്താണ്‌ അവിടെയുണ്ടായിരുന്ന റോഡു രണ്ടു വരിയാക്കിയത്. ഇപ്പോള്‍ അതു നാല് വരിയാക്കാന്‍ ബാക്കിയുണ്ടായിരുന്ന മുറ്റവും വീടിന്‍റെപാതിയും  മുറിച്ചെടുത്തു.വീടിന്‍റെ തെക്കുവശത്തെ ഇത്തിരി മണ്ണിലുറങ്ങുന്ന എന്‍റെ കുഞ്ഞിനെ രണ്ടായി മുറിക്കാന്‍ പോകുന്നു. ദയവുചെയ്തു ഇപ്പോള്‍ കുഴിച്ചിട്ടിരിക്കുന്ന അതിര്ത്തിക്കല്ല് അല്പം കിഴക്കോട്ടു നീക്കി എന്‍റെ മകളെ അവിടെ കിടക്കാന്‍ അനുവദിക്കണം. മറുവശം ആള്‍ത്താമസമില്ലാത്ത ഭൂമിയാണ്‌.സര്‍ക്കാര്‍ ഏറ്റെടുത്ത എന്‍റെ ഭൂമിയില്‍ നിന്നും നാലടി നീളത്തിലും രണ്ടടി വീതിയിലും ഉള്ള സ്ഥലം എനിക്കു പതിച്ചു നല്‍കണമെന്നു താഴ്മയായി അപേക്ഷിക്കുന്നു.സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന പൊന്നും വിലയായ സെന്റിന് ഇരുപതിനായിരം പ്രകാരം ഈ ഒരുതുണ്ട് ഭൂമിക്കു വരുന്ന വില സര്‍ക്കാരിലേക്ക് കെട്ടി വെക്കാന്‍ ഞാന്‍ തയ്യാറാണ്.
         
                       എന്ന്
കുലശേഖരപുരം                സൗമിനി
25.11.2013


അപേക്ഷ വായിച്ചുകഴിയുമ്പോഴേക്കും കണ്ണുകളില്‍ നിന്നും ഹൃദയത്തിലേക്കു വേദനയുടെ സൂചികള്‍ കുത്തിക്കയറി.വാക്കുകള്‍വറ്റിവരണ്ട എന്‍റെ തൊണ്ടയില്‍ നിന്നും കാറ്റുപോലും പുറത്തേക്കു വന്നില്ല. 

നാലുവരിപ്പാതയുടെ കോണ്ട്രാക്ടു കമ്പനിയില്‍  ജോലി ചെയ്യുന്ന എന്‍റെ സഹപാഠി രാജീവന്‍റെ വീടും ഈ സ്ഥലത്തെവിടെയോ ആണെല്ലോ എന്നു പെട്ടെന്നാണെന്‍റെ ഓര്‍മ്മയില്‍ വന്നത്. അക്വയര്‍ ചെയ്ത ഭൂമിക്കു ചിലയിടങ്ങളില്‍ വളരെ കുറഞ്ഞ തുക പൊന്നും വില ഇട്ടതും അതിന്‍റെ അണിയറക്കഥകളും അവന്‍ എന്നോ ഒരിക്കല്‍ പറഞ്ഞിരുന്നു. സ്വന്തം വീടിന്‍റെ തറതുരന്നു റോഡു വീതി കൂട്ടുന്നതിനും മുത്തശ്ശനെ വിമാനത്താവളത്തിലെക്കും മുത്തശ്ശിയെ റിസോട്ടിലെക്കും ലോറിയില്‍ കയറ്റി വിടുന്നതിന്റെ മേല്നോട്ടക്കാരനാകാനും ഭാഗ്യം കിട്ടിയവനാണെന്നു പറഞ്ഞു അന്നവന്‍ ഒരുപാടു ചിരിചിരിച്ചു കണ്ണുനീരില്‍ കുതിര്‍ന്നു... 

അപേക്ഷ മടക്കി കൊടുക്കുമ്പോഴേക്കും വിളറി മെലിഞ്ഞ ഒരു സ്ത്രീ നെഴ്സറിക്കുട്ടിയുടെ കയ്യും പിടിച്ചു ധൃതിയില്‍ നടന്നുവന്നു ഒഴിഞ്ഞ കസേരയില്‍ ഇരുന്നു.ഞാന്‍ അവര്‍ക്കൊപ്പം അകത്തേക്ക് കയറിച്ചെന്നു.

“ഇരിക്കൂ ..എന്താ കാര്യം?”

“ഭൂമി പതിച്ചുകിട്ടാനുള്ള അപേക്ഷ ഇവിടെയല്ലേ തരേണ്ടത്‌ ? ..”

“അതെ ..പക്ഷെ ഇപ്പോള്‍ പുതിയ അപേക്ഷകള്‍ ഒന്നും സ്വീകരിക്കരിക്കുന്നില്ല.”

“ഞാന്‍ സൌമിനി.എന്‍റെ അപേക്ഷ കല്ക്ടരുറെ ഓഫീസില്‍ നിന്നും ഇങ്ങോട്ടു കൊടുത്തയക്കുമെന്നു പറഞ്ഞു ..”

“അപേക്ഷ വന്നിട്ടില്ലല്ലോ .നിങ്ങള്‍ നാളെ വരൂ” ..അവര്‍ ധൃതി കൂട്ടി ..

അവരുടെ മേശപ്പുറത്തിരിക്കുന്ന ഫയലിന്‍റെ അടിയില്‍ പച്ചചട്ടയിട്ട ഫയല്‍ എന്നെ നോക്കി പിറുപിറുക്കുന്നപോലെ..ഞാന്‍ വേഗം പറഞ്ഞു..

“അതിലുണ്ട് ..പുതിയ സ്ഥലം കിട്ടാനല്ല ..”

അവര്‍ ദേഷ്യത്തോടെ എന്‍റെ നേര്‍ക്കു 

മുഖമുയര്‍ത്തി ചോദിച്ചു “ നിങ്ങളാരാ”?

“എന്റെ കൂടെ വന്നതാ .മോളു കുഞ്ഞിനു ഭക്ഷണം കൊടുക്കു.ഞാന്‍ കാത്തിരിക്കാം..”

അവരുടെ മുഖം അല്പം അയഞ്ഞു. “വേണ്ട ..ഞാന്‍ നോക്കട്ടെ” എന്ന് പറഞ്ഞു ഞാന്‍ ചൂണ്ടിക്കാണിച്ച ഫയല്‍ വലിച്ചെടുത്തു .അതില്‍ രണ്ടായി മടക്കി വെച്ച അപേക്ഷ നിവര്‍ത്തി വായിക്കാന്‍ തുടങ്ങി.വായിക്കുമ്പോള്‍ അവരുടെ കണ്ണുകളിലേക്കു കയറിപ്പോയ തമാശ മെല്ലെ മെല്ലെ അപ്രത്യക്ഷമായി.

“ഇത് വളരെ വിചിത്രമാണല്ലോ.എന്തിന്‍റെ പേരിലായാലും സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി തിരികെ നല്‍കാന്‍ വ്യവസ്ഥയില്ല.മാത്രമല്ല അവിടെ അടുത്തയാഴ്ച റോഡുപണി തുടങ്ങും.ഈ അപേക്ഷയില്‍ ഒരു നടപടിയും ഉണ്ടാകില്ല.നിങ്ങള്‍ വെറുതെ സമയം കളയാതെ പോകൂ ..”

“എന്റെ സമയം മുഴുവന്‍ ഇതിനു മാത്രമുള്ളതാണ് .ദയവു ചെയ്തു ഒരുപരിഹാരം ഉണ്ടാക്കി തരൂ “.

ഇത്രയും നിസ്സഹായാവസ്ഥയില്‍ ഞാന്‍ ആരെയും അന്നുവരെ കണ്ടിട്ടില്ല. ഉരുകി തീരുന്ന മെഴുകുതിരിക്കാലിന്റെ അവസാനത്തെ അച്ചുപോലെ അവര്‍ പുകഞ്ഞുകത്തി.

“മാഡം, ഇവരുടെ സ്ഥലത്തിട്ട അതിര്‍ത്തിക്കല്ല് മറുവശത്തേക്കു അല്പം നീക്കിയാല്‍ ആ കുഞ്ഞിന്‍റെ കുഴിമാടം ഒഴിവാകും.മറുവശം ആള്‍താമസം ഇല്ലാത്ത തുറന്ന സ്ഥലമാണ്.മാത്രമല്ല നേരെ കിടന്ന റോഡ്‌ വേഗത കൂട്ടാന്‍ നാലുവരി ആക്കുമ്പോള്‍ വളഞ്ഞു പുളഞ്ഞാണ് പോകുന്നത്..അല്ലെങ്കില്‍ തന്നെ ആര്‍ക്കൊക്കെയാണ് രണ്ടര മണിക്കൂര്‍കൊണ്ട്‌ തലസ്ഥാനത്തു എത്തേണ്ടത്?”

“ഇതൊന്നും നിങ്ങള്‍ എന്നോടു ചോദിച്ചിട്ട് കാര്യമില്ല.സ്ഥലമെടുപ്പും കല്ലിടലുമൊക്കെ എന്നോ കഴിഞ്ഞതാണ്.അതിന്റെയൊക്കെ നഷ്ടപരിഹാരവും കൊടുത്തു. പരാതി പരിഹരിക്കാന്‍ സ്പെഷ്യല്‍ തഹസില്‍ദാരെയും നിയമിച്ചിരുന്നു ..”

“നഷ്ടപരിഹാരം ഇവര്‍ കൈപ്പറ്റിയിട്ടില്ല.സര്‍ക്കാര്‍ കൊടുത്ത പൊന്നും വില കൊള്ളാം. സെന്റിന് 3 ലക്ഷം വിലയുള്ള സ്ഥലത്തിന് 20000 രൂപ.50 മീറ്റര്‍ മാറി 2 ലക്ഷം.അവിടൊക്കെ സര്‍ക്കാരിനു വേണ്ടപ്പെട്ടവര്‍ താമസിക്കുന്ന ഇടം.ഭരിക്കുന്നവരുടെ ബന്ധുക്കളായി ജനിക്കാന്‍ എല്ലാര്ക്കും കഴിയുമോ?..”

“നോക്ക് സഹോദരാ ,ഈ ഫയലുകള്‍ ഒക്കെ കടലെടുത്ത, കാറ്റെടുത്ത ,മഴയെടുത്ത, റോഡെടുത്ത കുറെ ജീവിതങ്ങളുടെ സങ്കടങ്ങള്‍ ആണ് .ഇതൊക്കെ പല സ്ഥലങ്ങളില്‍ കയറി ഇറങ്ങി തിരിഞ്ഞു ഇവിടെത്തന്നെ വന്നു പൊടി പിടിച്ചു കിടക്കും.നിങ്ങള്ക്ക് ഇനിയും വല്ലതും പറയാനുണ്ടെങ്കില്‍ ലാന്‍ഡ്‌ അക്വസിഷന്‍ ഡെപ്യുട്ടി കളക്ടറെ കാണൂ..ഫയല്‍ ഞാന്‍ അവിടെ കൊടുക്കാം ”

അവര്‍ സൌമിനിയമ്മയുടെ അപേക്ഷയില്‍ എന്തോ എഴുതി പ്യൂണിനെ വിളിച്ചു കൊടുത്തിട്ട് ബാക്കി ഫയലുകള്‍ മാറ്റി വെച്ച് കുട്ടിയുടെ കയ്യും പിടിച്ചു എഴുന്നേറ്റു പുറത്തേക്കു പോയി.

അവിടെ നിന്നിട്ടോ അവരുടെ മേലുദ്യോഗസ്ഥരെ കണ്ടിട്ടോ ഒരു കാര്യമില്ലാന്നു എനിക്ക് മനസ്സിലായി..

“നമുക്ക് പോകാം അമ്മെ .ഇവിടെ ആരെയും കണ്ടിട്ട് ഒരു കാര്യവുമില്ല. ഇവര്‍ക്കെല്ലാം ഫയലുകള്‍ മാത്രമാണ്..അതിലെ സങ്കടങ്ങള്‍ വായിച്ചെടുക്കാന്‍ പലര്‍ക്കും മനസ്സില്ല.”

“എന്നാലും മോനെ ആ ഡെപ്യുട്ടി കളക്ടറെ കൂടി കണ്ടിട്ട് പോകാം.ഇത്രയും ദൂരം വന്നിട്ട്..എന്‍റെ കുഞ്ഞിനെ അവര്‍ മാന്തിയെടുത്ത് ഏതു അഴുക്കു ചാലില്‍ കൊണ്ടിടുമെന്നറിയില്ല...”

അവര്‍ വിങ്ങിപൊട്ടി.മകളുടെ അച്ഛന്‍ എവിടെ എന്ന് ചോദിക്കാന്‍ തോന്നിയില്ല.എല്ലാ ചോദ്യങ്ങള്‍ക്കും നേരെ അവര്‍ മൌനത്തിന്‍റെ വാതില്‍ വലിച്ചടച്ചപോലെ.

ഡെപ്യുട്ടി കലക്ടരുടെ മുറിക്കു മുന്നില്‍ ആരും കാത്തുനില്പുണ്ടായിരുന്നില്ല.അകത്തേക്ക് കയറിയ ഞങ്ങളെ കണ്ടതും അദ്ദേഹം നീരസത്തോടെ പറഞ്ഞു.

“പുറത്തിരിക്കൂ.വിളിക്കാം. “

ഒരു മണിക്കൂര്‍ കാത്തിരുന്നിട്ടും ഞങ്ങളെ വിളിച്ചില്ല. ഞങ്ങള്‍ പോയോ എന്ന് നോക്കാനായിരിക്കും പ്യൂണ്‍ വന്നു ഹാഫ് ഡോറിനു മുകളിലൂടെ എത്തി നോക്കി.” സേവനം ഔദാര്യമല്ല നിങ്ങളുടെ  അവകാശം ആണ്.’ എന്നൊരു ബോര്‍ഡ് ഡെപ്യൂട്ടി കലക്ടരുറെ പിറകു വശത്തെ ഭിത്തിയില്‍ തൂങ്ങുന്നുണ്ട്.എനിക്ക് കലശലായ ദേഷ്യം വന്നു . ഞാന്‍ അവരുമായി അകത്തേക്കു കയറി ചെന്നു.

“സര്‍, താങ്കളുടെയും ഞങ്ങളുടെയും സമയം വിലപ്പെട്ടതാണ്‌.ഒരഞ്ചു മിനിറ്റ് മതി.”

അയാള്‍ ദേഷ്യം കൊണ്ട് വിറയ്ക്കാന്‍ തുടങ്ങി.

“നടക്കാത്ത കാര്യത്തിന് 5 മിനിട്ടല്ല 50 മിനിട്ട് ചിലവഴിച്ചാലും കാര്യമില്ല. വലിയ കാര്യങ്ങള്‍ക്കു വേണ്ടി ചെറിയ നഷ്ടങ്ങളൊക്കെ ചിലര്‍ക്കുണ്ടാവും. അത് സഹിക്കുകയെ നിവൃത്തിയുള്ളൂ. നിങ്ങള്ക്ക് പോകാം..”

അതിനു മറുപടി പറയാന്‍ തുടങ്ങിയ എന്നെ അവര്‍ വിലക്കി.എന്റെ കയ്യില്‍ പിടിച്ചു തിരിഞ്ഞു നടന്നു.എന്തോ ഉറച്ച തീരുമാനത്തില്‍ അവര്‍ എത്തിച്ചേര്‍ന്നപോലെ എന്നോടു പറഞ്ഞു ..
“വെറുതെ എന്‍റെ കാര്യത്തിനു നടന്നു ഇനി സമയം കളയണ്ട. മോന്‍റെ കാര്യം പോയി ശരിയാക്കൂ.ഞാനും പോകുന്നു..”

“അമ്മ വിഷമിക്കണ്ട .നിങ്ങളുടെ വീടിനു കുറച്ചപ്പുറത്ത്‌ എന്‍റെ സുഹൃത്തുണ്ട്, രാജീവന്‍ .അവന്‍ അമ്മയെ കാണാന്‍ വരും. നമുക്ക് പരിഹാരം ഉണ്ടാക്കാം...”

ഞാന്‍ പറഞ്ഞതൊന്നും അവര്‍ കേട്ടതായി തോന്നിയില്ല.അവര്‍ തിരിഞ്ഞു നോക്കാതെ നടന്നുതുടങ്ങി. സൂര്യന് അപ്പോള്‍ ആയിരം മടങ്ങ് ചൂടുള്ള രശ്മികള്‍ കൊണ്ട് അവരെ തൊട്ടു. കാനല്‍ജലംപോലെ റോഡു തിളങ്ങി.

ഒാഫീസിലെത്തി ഞാന്‍ രാജീവനെ വിളിച്ചു. കുലശേഖരപുരത്തെ വര്‍ക്ക് രണ്ടു ദിവസത്തിനുള്ളില്‍ തുടങ്ങുമെന്നവന്‍ പറഞ്ഞു.

“നിനക്ക് അവിടെ കളരിപറമ്പില്‍ സൌമിനിയെ അറിയുമോ?”

“അറിയുമല്ലോ.എന്‍റെ ടീച്ചറായിരുന്നു. പാവം ഇപ്പോള്‍ ഒറ്റയ്ക്കായിപ്പോയി.”

“അതെന്താ?”

“ടീച്ചര്‍ക്ക് ആകെ ഒരു മകളെ ഉണ്ടായിരുന്നുള്ളൂ. അത് ഒരപകടത്തില്‍ മരിച്ചുപോയി. ഒരു രാത്രിയില്‍ ആ കുഴിമാടത്തിനു മീതെ ടീച്ചറിന്‍റെ ഭര്‍ത്താവും കുഴഞ്ഞു വീണു മരിച്ചു. നീ എന്താ അവരെപറ്റി അന്വേഷിച്ചത്?”

“ഞാനിന്നു കളക്ട്രേറ്റില്‍വെച്ച് അവരെ പരിചയപ്പെട്ടു.ആ കുഞ്ഞിന്‍റെ കുഴിമാടം രണ്ടായി പകുത്താണ് പുതിയ റോഡു വെട്ടാന്‍ പോകുന്നത്. ടീച്ചര്‍ സമ്മതിച്ചാല്‍ അതിളക്കി  മാറ്റിവെച്ചു കൊടുക്കാന്‍ കഴിയുമോ നിനക്ക്? കഴിയുമെങ്കില്‍ ഈരാത്രിയില്‍ തന്നെ നീ എനിക്ക് വേണ്ടി അതു ചെയ്യണം..”

“ഞാനൊന്നു സൈറ്റ്എഞ്ചിനീയറോട് സംസാരിച്ചിട്ടു നിന്നെ വിളിക്കാം...”

“ശരി ..”

രാജീവന്‍ വിളിക്കുമ്പോള്‍ ഞാന്‍ നല്ല ഉറക്കത്തിലായിരുന്നു...

“ഹരി ,സൌമിനി ടീച്ചര്‍ മരിച്ചു..”

“ന്ഹെ .എപ്പോള്‍?

“അല്പം മുന്‍പ്..”

“ഞാന്‍ പറഞ്ഞ കാര്യം.....”

“ടീച്ചര്‍ പറഞ്ഞപോലെ ഭര്‍ത്താവിനെ അടക്കിയതിനു മീതെയാണു മാറ്റി വെച്ചത്.പണിതീരുമ്പോഴേക്കും പാതിരാത്രിയായി. അതാ നിന്നെ വിളിക്കാഞ്ഞതു. പണിക്കാരും അയല്‍ക്കാരുമൊക്കെ പോയിട്ടും രാത്രി മുഴുവന്‍ ടീച്ചര്‍ അതു നോക്കി അവള്‍ക്കെന്നും അദ്ദേഹത്തിന്റെ നെഞ്ചത്ത്‌ കിടന്നുറങ്ങാനായിരുന്നു ഇഷ്ടം എന്നൊക്കെ എന്നോടു സംസാരിച്ചുകൊണ്ടിരുന്നു ....”

“പിന്നെ എന്തുപറ്റി ?..”

"എനിക്കൊരു  കാപ്പി എടുത്തുവരാം എന്നുപറഞ്ഞു  അകത്തേക്കുപോയ ടീച്ചറെ കുറേകഴിഞ്ഞും കാണാത്തതുകൊണ്ടു വിളിക്കാന്‍ ചെന്നപ്പോള്‍ അവിടെ മേശമേല്‍ തലവെച്ചു കിടക്കുന്നു... അച്ഛന്‍റെ നെഞ്ചില്‍ മകളെ ഉറക്കി കിടത്തി അവര്‍ പോയി. ഇത്രയും കാലം അവര്‍ ജീവിച്ചിരുന്നതും അതിനായിരിക്കണം അല്ലെ ഹരി....?”

ഞാന്‍ നിശ്ശബ്ദം ഫോണ്‍ വെച്ചു വാതില്‍ തുറന്നു. നേരം പുലരാന്‍ തുടങ്ങിയിരുന്നു...അകത്തേക്കു കയറിയ തണുത്ത കാറ്റ് എന്‍റെ മുടിയില്‍ തഴുകി, നെറ്റിയിലുമ്മ വെച്ചു ,പിന്നെ  കൈയ്യിലൊന്നു തൊട്ടു പുറത്തേക്കുതന്നെ ഇറങ്ങിപോയി....

(Pic courtesy: Google)