Pages

Friday, December 6, 2013

നീലക്കണ്ണുള്ള പക്ഷി

(Published in Malayalanatu Magazine)

അവള്‍ക്കു വല്ലാതെ ശ്വാസം മുട്ടി. വായ്‌ പിളര്‍ന്നു ആഞ്ഞു വലിച്ചപ്പോൾ കൊഴുത്ത ദ്രാവകം നിറയുന്ന ശ്വാസനാളിയിലെ തീരെ ചെറിയ വിടവില്‍കൂടി അല്പം പ്രാണവായു അകത്തേക്ക് കടന്നു..... ചിതല്‍കൂടുപോലെ അനേകായിരം തുളവീണ അവളുടെ ശ്വാസകോശത്തിനു ഇത്തിരി ജീവവായു നിറച്ചു വെയ്കുവാൻ മാത്രമേ കഴിയുമായിരുന്നുള്ളൂ.
ജനാലവിരി ചുവന്നചുണ്ടുകൊണ്ട് കൊത്തിവലിച്ചു ഒറ്റക്കാൽ ഉള്ള മൈന എത്തിനോക്കി ചിലച്ചു ...
ഈ മായപ്പെണ്ണ് എവിടെപ്പോയി കിടക്കുന്നു ?
ഇന്ന് അരിമണിയും വെച്ചില്ല, വെള്ളവും ഇല്ല. അല്ലെങ്കിലും ഇത്തിരി അരിമണിയെ വെയ്ക്കാറുളളു പിശുക്കത്തി. ചോദിച്ചാൽ പറയും നിന്റെ വയറു കുഞ്ഞല്ലേ… നീ ബാക്കി ഇട്ടിട്ടുപോയാൽ പിന്നെ നിറയെ ഉറുമ്പായിരിക്കും. ഉറുമ്പുപൊടി വിതറി അതിനെയെല്ലാം കൊല്ലുന്നത് കഷ്ടമല്ലേ എന്ന്. ഓര്‍ക്കാപ്പുറത്തല്ലേ മഴമരം മുറിച്ചു ഇട്ടത്. എന്‍റെ ഒരുകാലും കൂട്ടുകാരന്‍റെ ചിറകും ഒടിഞ്ഞു .എത്ര പക്ഷിക്കൂടുകൾ അതിലുണ്ടായിരുന്നു. വഴിയോരവും വിട്ടു ഇത്തിരി അകലെ നിന്ന മരം. എത്ര കുഞ്ഞുങ്ങൾ ആ മരത്തണലിൽ കളിച്ചു വളര്‍ന്നു. എത്ര തളര്‍ന്ന കാലടികള്‍ക്കു അത് തണലേകി. ഈ മനുഷ്യരുടെ ഹൃദയങ്ങള്‍ക്ക് കണ്ണില്ല.
മായപ്പെണ്ണ് മുറിക്കു പുറത്തിറങ്ങിയിട്ടു രണ്ടു ദിവസമായല്ലോ… ഇവള്‍ക്കെന്ത് പറ്റി? എത്ര വയ്യെങ്കിലും എന്നെ മറന്നുപോകാറില്ല.
മൈന ഒന്നുകൂടി തല ഉള്ളിലേക്ക് നീട്ടി...
ആഹാ..കംപ്യൂട്ടറിന്റെ മുന്നിൽ ഇരുപ്പാണോ ഇവൾ? ഇതാരണാവോ അവളുടെ പിറകിൽ ? ങേ... മറ്റൊരു മായപ്പെണ്ണോ? ഇന്നലെ വെള്ള ശംഖുപുഷപ്ങ്ങള്‍ക്കിടയിൽ വന്നിരുന്ന  നീലക്കണ്ണുള്ള ആ കുഞ്ഞു  പക്ഷിയല്ലേ അപ്പുറത്തിരിക്കുന്നത്? ഇതിപ്പോ ആരാ മായപ്പെണ്ണിനോട് സംസാരിക്കുന്നത്?
അങ്ങനെ ഓരോന്ന് ചിലച്ചു മടുത്ത മൈന മായയോട്‌ പിണങ്ങി പവിഴമല്ലിയുടെ തണലിലേക്ക്‌ ഒടിഞ്ഞ കാലും വലിച്ചു പതുക്കെ നടന്നു.
മായ അപ്പോൾ അവളുടെ ഹൃദയത്തിലേക്കുതന്നെ നോക്കിയിരിക്കുകയായിരുന്നു, ഓര്‍മ്മകൾ പെറുക്കി എടുത്ത്.
പകൽസ്വപ്നത്തിന്‍റെ ചിറകരിഞ്ഞ് വാക്കുകളുടെ വായ്ത്തല കൊണ്ട് ഹൃദയം പൊട്ടിച്ചിട്ടത് എപ്പോഴായിരുന്നു? രാത്രിയെ സ്നേഹിച്ചു ഭൂമിയുടെ ഒരറ്റത്ത് നിന്നും തനിയെ യാത്രപോയപ്പോഴോ? അല്ല... പിന്നെപ്പോഴായിരുന്നു? വെന്തു കുഴഞ്ഞ  കഷണങ്ങളിലേക്ക് സാമ്പാർ പൊടിയെന്ന് കരുതി മഞ്ഞൾപ്പൊടി വാരി ഇട്ടപ്പോഴോ...? അപ്പോഴായിരുന്നോ.....? അതോ അടുക്കു തെറ്റിക്കിടന്ന വസ്ത്രങ്ങളൊക്കെ പിന്നെയും അടുക്കി വെച്ചപ്പോഴോ....? ആവോ ഒന്നും ഓര്‍മ്മയിൽ നില്‍ക്കുന്നില്ലല്ലോ… ഫോണ്‍ ബെല്ലടിച്ചിരുന്നു. എടുക്കാനായ് ഇടതു കൈ നീട്ടിയപ്പോൾ വലതു കയ്യിലെ പാല്‍പാത്രം തട്ടി മറിഞ്ഞത് ഓര്‍മ്മയിലുണ്ട്.....
ഓര്‍മ്മകളുടെ അടുക്കുകൾ പിന്നെയും തെറ്റാനും അവൾ വീണ്ടും അത് നിരതെറ്റാതെ അടുക്കി വെക്കാനും ശ്രമിച്ചുകൊണ്ടിരുന്നു. അവളെത്തന്നെ ഉറ്റുനോക്കി പിന്നില്‍നിന്ന സുതാര്യമായ ആ നിഴല്‍രൂപം മുന്നിലേക്ക്‌ നീങ്ങി നിന്നു. തണുപ്പുള്ള മഞ്ഞ പ്രകാശരശ്മികൾ ആ രൂപത്തിൽ നിന്നും ഒഴുകിപ്പരന്നു മായയുടെ കണ്ണുകളിൽ തൊട്ടു. പിന്നെ അനുതാപത്തിന്റെ നേര്‍ത്ത ശബ്ദത്തിൽ അവളോടു ചോദിച്ചു....
‘എന്‍റെ മായേ… നീ ഇങ്ങനെ ഓര്‍മ്മകൾ കൊണ്ട് ജീവിതത്തേ കൊരുത്തിടാതെ... നിനക്കൊപ്പം ഞാനും വല്ലാതെ തളര്‍ന്നു.... ജീവശ്വാസത്തിനായുള്ള ഈ യുദ്ധം മതിയാക്കരുതോ ഇനി..?’
‘ഇത്തിരി കൂടി... ഒരല്പ സമയം കൂടി...’
‘ഹഹഹ… ഇത് നീ പറയാൻ തുടങ്ങിയിട്ട് എത്ര വര്‍ഷമായി..?
‘അദ്ദേഹം വന്നോട്ടെ … ചോറ് ....’
വാക്കുകൾ കഫത്തിൽ കുഴഞ്ഞു പുറത്തേക്കു വന്നില്ല .അവളുടെ കണ്ണുകൾ തുറിക്കാനും മുഖം നീല നിറമാകാനും തുടങ്ങി.  അവള്‍ക്കു വല്ലാതെ ദാഹിച്ചു. കട്ടിലിനരികിലെ മണ്‍കൂജ ഉണങ്ങി വരണ്ടിരുന്നു ...
ജീവിതത്തിൽ നിന്നും മരണത്തിലേക്കും അവിടെ എത്താതെ തിരിച്ചും നടന്നു അവളുടെ പാദങ്ങൾ ശോഷിച്ചു പോയിരുന്നു. അതുകൊണ്ടാവാം നിവര്‍ന്നു നില്‍ക്കാൻ ശ്രമിച്ചപ്പോഴേക്കും കൂനിപ്പോയി. ഏറുകൊണ്ട് തലതാഴ്ത്തി ദീനമായ്‌ ഞരങ്ങുന്ന നായെപ്പോലെ അവൾ കിടപ്പുമുറിയിൽ നിന്നും ഇഴഞ്ഞിറങ്ങി കൈകൾ നിലത്തു കുത്തി അടുക്കളയിലേക്ക് പതുക്കെ നടന്നു...
‘ഇനിയും വെറുതെ എന്തിനു ജീവന്‍ തൊട്ടു നനച്ചിടുന്നു മായേ? ഒന്ന് സമാധാനമായ് ശ്വസിക്കാന്‍ കൂടി നിനക്ക് കഴിയുന്നില്ലല്ലോ....?’
അവൾ കൈ എത്തി വെള്ളം മുക്കി എടുത്തു... വായിലേക്ക് എത്തുമ്പോഴേക്കും പാതിയും നിലത്തു വീണു. ബാക്കി ഉണ്ടായിരുന്നത് വീര്‍ത്തു വിജ്രംഭിക്കുന്ന തൊണ്ടക്കുഴിയിലേക്ക് വലിയ ശബ്ദത്തോടെ ഇറങ്ങിപ്പോയി … അവളുടെ കണ്ണുകൾ മയങ്ങി… ചുണ്ടുകൾ നനഞ്ഞു.
‘ഇനി മതി മായേ..നീ ഇവിടെ വന്നു കിടക്കു ശാന്തമായ്...’
ഖനിയുടെ ആഴത്തിൽ പോയൊളിച്ച ശ്വാസത്തിനെ തിരികെ എടുക്കാനെന്നപോലെ അവൾ സകല ശക്തിയുമെടുത്ത് വലിച്ചു.. പിന്നെ പതുക്കെ പറഞ്ഞു
‘അവനെ ഒന്ന് കൂടി കണ്ടോട്ടെ ..എനിക്ക്.... ഞാന്‍ …’
‘ശെരി ശെരി … ആ ചിത്രം അവിടെത്തന്നെയുണ്ട്...നോക്കിയിട്ട് വേഗം വന്നേ…  അവന്‍ വളര്‍ന്നു വല്യ കുട്ടിയായില്ലേ?  ...’
‘ഉം....’
അവൾ പിന്നെയും ഞരങ്ങി..
തേനൂറുന്ന കുഞ്ഞു വായിലെ കൊഞ്ചൽ ചിരിയുമായ് നിറം മങ്ങിയ ചിത്രത്തിലെ കുഞ്ഞ്  അവള്‍ക്കു നേരെ കൈ നീട്ടി... ഇടയ്ക്കു വീണു കിട്ടിയ നേര്‍ത്ത ഒരു ശ്വാസത്തിന്റെ ബലത്തിൽ അവൾ അവനെ വാരിയെടുത്തു നെഞ്ചോടു ചേര്‍ത്ത് വയമ്പും ജാതിക്കയും മണക്കുന്ന ചുണ്ടിൽ തുരുതുരാ മുത്തമിട്ടു...
“അത് പൊട്ടിച്ചു കളയല്ലേ മായേ......അവിടെ വെച്ചേക്കു.... അവന്റെ പ്രിയപ്പെട്ട ചിത്രമല്ലേ അത്? നീ വരൂ.....വന്നിവിടെ കിടക്കു… എനിക്ക് പോകാന്‍ നേരമായി ...’
‘വരാം.........ആ മുറിയിൽ...’
വാക്കുകൾ മുറിഞ്ഞു പോയി… അവൾ കിതച്ചു വീണു…
‘ആ മുറിയിൽ എന്തിരിക്കുന്നു.....? ങ്ഹും...അവിടെ നിന്ന് നീ പുറത്തായിട്ട്‌ എത്രയോ കാലമായി....’
അവൾ ആയാസപ്പെട്ട്‌ പറഞ്ഞു ...
‘ഷീറ്റ് ഒന്ന് മാറ്റി വിരിച്ചിട്ട്.....ഒരാഴ്ചയായ്....’
‘ഹഹഹ..നേരെ നില്‍ക്കാൻ കഴിയാത്ത നീയാണോ ഈ കോണിപ്പടി കയറാൻ പോകുന്നത്...? അയാൾ യാത്ര പോയതല്ലേ.....? വരുമ്പോൾ മാറ്റട്ടെ......നീ വന്നേ ....’
അവൾ വേദനയോടെ  മുകളിലേക്ക് കയറിപ്പോകുന്ന പടികളിൽ നോക്കി...അവള്‍ക്കപ്പോൾ അല്പം ആശ്വാസം ഉള്ളതുപോലെ .... പതുക്കെ അവൾ ശ്വസിക്കുന്നുണ്ട്… ഭിത്തിയിൽ പിടിച്ചു കിടക്കമുറിയിലേക്ക് നടന്നു പോകുമ്പോൾ അവളുടെ പിന്നിലായി നടന്നു ....
അതുവരെ ചോദ്യങ്ങൾ കൊണ്ട് അവളെ ഉലച്ചു കളഞ്ഞ അദൃശ്യമായ ആ നിഴലിനു അവളോടപ്പോൾ അതിയായ അനുകമ്പ  തോന്നി...... കയ്യിൽ പിടിച്ചു അവളുടെ വിരലുകൾ വിടര്‍ത്തി ചോദിച്ചു..
‘ജീവിതത്തെ ഇത്രയും നീ മോഹിക്കുന്നെങ്കിൽ പിന്നെ എന്തിനായിരുന്നു മായേ  ഈ കഴിഞ്ഞ രാത്രിയും പകലും  മുഴുവൻ മനസ്സും ശരീരവും ചിന്തകളും ഒരു ബിന്ദുവിൽ ഉരുക്കിച്ചേര്‍ത്ത് നീ പ്രാര്‍ത്ഥിച്ചത്‌......?’
അവൾ ഒന്നുമില്ലെന്ന് തലയാട്ടി..
‘ഞാനെന്നും നിന്‍റെ കൂടെത്തന്നെ ഉണ്ടായിരുന്നു ..നിന്നെ സ്വതന്ത്രയാക്കാന്‍ തയ്യാറുമായിരുന്നു … പക്ഷെ നിനക്കെപ്പോഴും മറ്റുള്ളവര്‍ക്ക് വേണ്ടി ഓരോരോ ആവശ്യങ്ങൾ ആയിരുന്നല്ലോ ...’
അവൾ ഒന്നും മിണ്ടാതെ കിടക്കമുറിയിലെ ജന്നലിനുള്ളിലേക്ക് നീണ്ടു വരുന്ന വെളുത്ത ശംഖുപുഷ്പത്തിന്റെ മൊട്ടുകൾ തൂങ്ങുന്ന വള്ളി പതുക്കെ പുറത്തെ ചുവരിലേക്ക് നീക്കി വെച്ചു ജനവാതിലുകൾ അടച്ചു..
പൂപാത്രത്തിലെ പൂക്കളുടെ ഇതളുകളിലെ പൊടി തുടച്ചു ജനാലയ്ക്കരികിലെ കൊച്ചു ഡപ്പിയിൽ നിന്ന് ഒരു നുള്ള് ഉപ്പ് പാത്രത്തിലെ ജലത്തിലിട്ടു വെയിൽ വീഴുന്നിടത്തേക്ക് അല്പം കൂടി നീക്കി വെച്ച് അവൾ തന്നത്താൻ പറഞ്ഞു ..
‘ഇത്തിരി വെളിച്ചം കിട്ടിയാൽ കുറച്ചു ദിവസം കൂടി വാടാതിരിക്കും...’
കിടക്കക്കരികിൽ  തുറന്നു വെച്ചിരുന്ന വെളിച്ചം കെട്ട ലാപ്ടോപ്പിന്റെ കീബോര്‍ഡിൽ  അവൾ വിരൽ അമര്‍ത്തി... ചരിഞ്ഞു പെയ്യുന്ന മഴയിലേക്ക്‌ ഇറങ്ങിപ്പോകുന്ന ആളൊഴിഞ്ഞ ഒരു നടപ്പാതയുടെ അങ്ങേ അറ്റത്ത്‌ ആരോ നടന്നു മറയുന്ന മങ്ങിയ ചിത്രം തെളിഞ്ഞു...ഓര്‍മ്മകൾ അവളെ എങ്ങോട്ടൊക്കെയോ യാത്രയാക്കുന്നുണ്ട്... ഒരു നിമിഷം അവൾ കണ്ണുകൾ ഇറുകെ അടച്ചു തുറന്നു.. പിന്നെ അവളുടെ വിരല്‍തുമ്പിൽ നിന്നും അക്ഷരങ്ങൾ ചിത്രത്തിന് താഴെ നിരന്നിരുന്നു...
“ഈ വഴി ഇനി ഒരിക്കലും വരില്ല …”
അവൾ വെളിച്ചം കെടുത്തി ലാപ്ടോപ്‌ അടച്ചു വെച്ചു ..
‘ആരായിരുന്നു അത്.....?’
അവൾ ചെറുതായി ഒന്ന് ചിരിക്കാൻ ശ്രമിച്ചു... മുഖം കോടിപ്പോകുന്നതിനടയിൽ പിറുപിറുത്തു
‘അതോ..? മഴ... കനിവൂതി കുളിരൂതി ചുറ്റിപ്പിടിച്ച  മഴ...’
അവളുടെ ശ്വാസവേഗങ്ങൾ കൂടി… കണ്ണുകൾ പുറത്തേക്കു തള്ളി വരുന്നപോലെ… ശ്വാസം കിട്ടാതെ അവൾ പിടയാൻ തുടങ്ങി…
പണ്ടൊക്കെ ചെയ്യാറുള്ളതുപോലെ രണ്ടു തലയിണ നെഞ്ചിൽ ചേര്‍ത്ത് വെച്ച് നിസ്കാരപ്പായയിലെന്നപോലെ അവൾ മുട്ടുകുത്തി തല താഴ്ത്തി കിടന്നു. പ്രാണന്‍ വേര്‍പെടുന്ന വേദനയിൽ ചുരുട്ടിപ്പിടിച്ച കൈകളിലെ വിരലുകൾ ഒച്ചയുണ്ടാക്കി ഞെരിഞ്ഞുടഞ്ഞു. അപ്പോഴും അവൾ പിറുപിറുത്തു...
‘അയ്യോ… മുന്‍വശത്തെ വാതിൽ അടച്ചില്ല...’
അകത്തേക്ക് അടക്കുകയും പുറത്തേക്കു തുറക്കുകയും ചെയ്യാവുന്ന   ഹൃദയത്തിന്‍റെ വാതിൽ എപ്പോഴും അടഞ്ഞുകിടക്കുമ്പോഴാണ് അതിൽ സുഷിരങ്ങൾ വീഴുന്നത്. പുറത്തേക്കു പോകേണ്ടവയൊക്കെ തള്ളിത്തുറക്കാന്‍ അടച്ചിട്ട വാതില്‍ക്കൽ കലപില കൂട്ടി ബഹളം വെയ്കുമ്പോൾ വാതില്‍പ്പാളി ബലം വെച്ച് പിന്നെ തുറക്കാതെയാവുന്നു.....
അവളുടെ തല ഒരു വശത്തേക്ക് ചരിഞ്ഞു… അവസാന ശ്വാസത്തിനായ്  തുറന്നു വെച്ച വായിൽ നിന്നും ഒരു കുടന്ന കൊഴുത്ത രക്തം പുറത്തേക്കു തെറിച്ചു… ജീവിതം പുറംകാല്‍ കൊണ്ട് തട്ടിയിട്ടപ്പോഴൊക്കെ ഇടറിവീണും പിന്നെയും എണീറ്റ്‌ നടന്നും നിറംകെട്ടു മരവിച്ച ആ പാദങ്ങളിൽ നിന്നും ആശ്വാസത്തോടെ മായ വെളുത്ത ശംഖ്പുഷ്പങ്ങള്‍ക്കിടയിലേക്കു ഒഴുകി ഇറങ്ങി... പിന്നെ നീലക്കണ്ണുള്ള  കുഞ്ഞുപക്ഷിയുടെ ചിറകു തൊട്ടു അനന്തതയിലെക്കും....

Monday, October 14, 2013

കാറ്റനക്കമില്ലാ മുറികള്‍



ഇലയനക്കമില്ലാത്ത രാത്രിതന്‍ നിഴലുകള്‍
മൌനം കുടിച്ചു മയങ്ങികിടക്കവെ
സ്മൃതിതന്‍ നേര്‍ത്തഞരമ്പിലൂറുന്ന ഓര്‍മ്മകള്‍
ഇഴപിരിച്ചെന്‍റെ രാവ് പുലര്‍ന്നുപോയ്

മധുരചുംബനം തന്നുണര്‍ത്തിയ പുലരിയും
പ്രണയമഗ്നിയായ് നിറഞ്ഞ സന്ധ്യയും
വെണ്‍നിലാവ് പുതച്ചുറങ്ങിയ രാത്രിയും
ഇനി വരില്ല  വൃദ്ധാലയങ്ങളില്‍

ഭയമാണെനിക്കു മണിയൊച്ചകള്‍
ഉണരുവാന്‍ ,ഉണ്ണുവാന്‍, ഉറങ്ങുവാന്‍
മുരളുന്നശീതവും കാറ്റനക്കമില്ലാ മുറികളും
മരണംമണക്കും  ഇടനാഴികളും     

ചിതലരിച്ച കോലായില്‍ ചുറ്റിത്തിരിയുന്നു
ഓര്‍മ്മകള്‍ ,    കരയാതെ കരയുന്നു
തൊടിയിലെ മണ്ണും കരിയിലക്കിളികളും
മുറ്റത്തെമുക്കൂറ്റിയും നടവഴിയിലെപാലയും

വിറക്കുന്നുപാദങ്ങള് അകത്തേക്കുകയറുവാന്‍
വിരല്‍ വഴുതുന്നു തടിച്ച സാക്ഷകള്‍
തെക്കിനിയില്‍ ഒച്ചവെക്കുന്നുണ്ടിപ്പോഴും 
പിച്ചവെച്ച പളുങ്കുചിരി കിലുക്കങ്ങള്‍

ലജ്ജയാല്‍തുടുത്ത മുഖംതുടച്ചു നിലാവിന്‍ചിരി
തെക്കേജനാലതുറന്നു മാവിന്‍ നിഴല്‍പറ്റിനിന്നതും
മാറത്തുചാഞ്ഞതും, പിന്നെ കരള്‍ പിളര്‍ന്നതും     
തെളിയുന്നിപ്പോഴും കനല്‍ കാഴച്ചയ്ക്കിടയിലും  

വേണ്ടെനിക്ക് അസ്ഥിമാടവും പൂക്കളും
വരേണ്ടനീ ഓര്‍മ്മത്തിരി കൊളുത്തുവാന്‍  
കണ്‍ചിമ്മാതച്ഛനുണ്ട് അങ്ങേപറമ്പില്‍      
ഇനി അമ്മയ്ക്കു കാവലിരിക്കുവാന്‍ 

Friday, February 15, 2013

ഹൃദയം മുറിച്ചു കടന്നുപോയൊരു പകല്‍

(മഴവില്ല്  മാഗസിനില്‍ പ്രസിദ്ധീകരിച്ചത് )
(ഭാഗം  ഒന്ന് )

നക്ഷത്രവിളക്കുകള്‍ കൊളുത്തി വെച്ച രാത്രി മുറ്റത്തേക്ക് മേഘവാതില്‍ തുറന്നു നിലാവ് ഇറങ്ങിവരുന്നതും നോക്കി ജനാലയ്ക്കരികില്‍ അയാൾ നിന്നു. വൈരപ്പൊടികൾ വാരി വിതറിയപോലെ ആകാശം അപ്പോൾ മിന്നിത്തിളങ്ങി. കണ്ണ് ചിമ്മിചിമ്മി കുഴഞ്ഞ് അടര്ന്നു വീഴുന്ന നക്ഷത്രങ്ങൾ റൂബ് അല്‍ ഖാലിയിൽ കരിക്കട്ടകളായി കിടന്നു. ‘ദൂരം എല്ലാറ്റിനെയും മനോഹരമാക്കുന്നു’ എന്ന് എവിടെയാണ് വായിച്ചത്………..?

കടൽചൊരുക്കുമായി വീശിയെത്തിയ കാറ്റ്, മേശപ്പുറത്തു വായിച്ചു മടക്കിവെച്ച വിമലമ്മയുടെ കത്ത് തട്ടി താഴെയിട്ട് നിലാവിന്റെ ഉടയാടയുമായി എവിടേക്കോ മറഞ്ഞു. കത്തെടുത്ത് മേശപ്പുറത്തു വെക്കുമ്പോള്‍ അയാളുടെ വിരലുകളിൽ  കണ്ണീരിന്‍റെ ഉപ്പുകല്ലുകൾ ഉരഞ്ഞു……

'അനുക്കുട്ടാ...മരണമെത്തുന്നതിനു മുമ്പ് മോൻ വരില്ലേ...?'

ഒറ്റവരി കത്തിലെ അക്ഷരങ്ങളിൽ നിന്നും മരണഗന്ധം പുറത്തേക്കു ഒഴുകി...

……….പോകണം……….അയാളുടെ മനസ്സ് പറഞ്ഞു.

മരണത്തെ പടിവാതില്ക്കല്‍ നിര്ത്തി  അയാള്‍ എത്തുംവരെയ്ക്കും അവര്‍ പിടഞ്ഞുകൊണ്ടിരിക്കും .ഈ ഭൂമിയില്‍ ഇത്രയും സ്നേഹം നിറച്ച ഹൃദയവുമായ്‌ അയാളെ കാത്തിരിക്കാൻ വിമലമ്മ മാത്രം!

അയാള്‍ അലമാര തുറന്നു. കയ്യിൽ തടഞ്ഞ ഒന്ന് രണ്ടു ഷർട്ടുകൾഎടുക്കുമ്പോള്‍ വലത്തെ അറ്റത്തെ ഹാങ്ങറില്‍ നിന്നും അരച്ച ചന്ദനത്തിന്റെ നിറമുള്ള ഷര്ട്ട് ‌ ഊര്ന്നു കയ്യിലേക്ക് വീണു.അതിനിപ്പോഴും കര്പ്പൂരത്തിന്റെ നേര്ത്ത  മണം. പിന്നെ ഒരുപാടു രാത്രികളില്‍ മുങ്ങിമരിച്ച, ബോധത്തിന്റെ കണ്ണീര്‍ കറകളുടെ നിറമില്ലാചിത്രങ്ങൾ. അയാള്‍ യാന്ത്രികമായി പാക് ചെയ്യാൻതുടങ്ങി.

ഓര്മ്മകൾ കെട്ടഴിഞ്ഞു നിരത്തിലേക്ക് നടന്നിറങ്ങി.

നിരത്തിനപ്പുറത്തെ വെണ്ശംഖ് നിറമുള്ള ഫ്ലാറ്റിന്‍റെ വാതില്‍ അന്നൊക്കെ പതിവായി അടഞ്ഞുകിടന്നു. ഒരു ദിവസം അതില്‍ നിന്നും ചുരുൾമുടിയുള്ള ഒരു ചെറുപ്പക്കാരന്‍ ഇറങ്ങി വന്നു കൈനീട്ടി.

'ഹലോ ..ഞാന്‍ അഖില്‍ .. മീര ബിൽഡേഴ്സിലെ പുതിയ പ്രോജക്റ്റ് എന്ജിനീയര്‍...'

'ഞാന്‍ അനന്തൻ ...'    കൂടുതൽ പരിചയപ്പെടുത്തുന്നതിനു മുൻപ് അയ്യാൾ ഇടക്ക് കയറി

'അറിയാം, വാക്കുകളുടെ ഇന്ദ്രജാലം കൊണ്ട് വിസ്മയം തീര്ക്കുന്നയാൾ. പരസ്യക്കമ്പനികൾ വീട്ടുപടിക്കൽ ഊഴം കാത്തു നില്ക്കുന്നത് കാണാറുണ്ട്……... അതെന്റെ അമ്മ വിമല..'

അഖിലിന്റെ പിറകില്‍ വാതിലിൽ നില്ക്കുന്നവരെ അപ്പോഴാണ്‌ കണ്ടത്. ദൈവത്തിന്റെ കണ്ണുകള്‍ ആയിരുന്നു അവര്ക്ക് . നല്ല ഉയരവും വണ്ണവും ,അങ്ങിങ്ങായി നരകയറിത്തുടങ്ങിയ മുടിയും.അവര്‍ ഒന്ന് തറപ്പിച്ചു നോക്കിയാല്‍ ആരും അറിയാതെ എഴുന്നേറ്റ് നിന്നുപോകുന്ന ആജ്ഞാശക്തിയുള്ള മുഖഭാവം. പരിചയമില്ലാത്തവരോടു സംസാരിക്കാന്‍ വലിയ മടിയുള്ള ഞാന്‍ അറിയാതെ അവരുടെ അടുത്തേക്ക് അഖിലിനൊപ്പം നടന്നു.

അവര്‍ ഒരു ചെറുചിരി പോലുമില്ലാതെ ക്ഷണിച്ചു

'അകത്തേക്ക് വരൂ...'

എനിക്ക് ചുറ്റും എന്തെന്നറിയാത്ത ഒരു ശാന്തത നിറയുന്നപോലെ. ഞാന്‍ അവിടെത്തന്നെ നിന്നുപോയി.

' വരൂ അനന്താ.. അമ്മയുടെ ഗൌരവം കണ്ടിട്ടാണോ? ഷീ ഈസ് ദി മോസ്റ്റ്‌ ലവിംഗ് മദര്‍ ...'

അതുകേട്ട് ചിരിച്ചുകൊണ്ടവര്‍ പറഞ്ഞു,

'യെസ്, അയാം എ പ്രൌഡ് മദർ ഓഫ് ടു ഗ്രോൺ അപ്പ്‌ ലവിംഗ് സണ്സ്...'

'ഇല്ല കയറുന്നില്ല.. .തിരക്കുണ്ട്‌"....'

പിന്നെ കാണാമെന്നു പറഞ്ഞു ഞാന്‍ തിരക്കിട്ട് പുറത്തേക്കു നടന്നു.സത്യത്തില്‍ ഒരു ക്ലൈന്റ് മീറ്റിംഗ് ഉണ്ടായിരുന്നു എനിക്ക്.അന്ന് രാത്രി ഏറെ വൈകിയാണ് ഞാന്‍ ഫ്ലാറ്റില്‍ എത്തിയത്.വാതില്‍ തുറക്കുമ്പോഴേക്കും അഖില്‍ എന്നെയും കാത്തിരുന്നതുപോലെ കയറി വന്നു.

'രാവിലെ ബ്രേക്ഫാസ്റ്റ് നമുക്കൊന്നിച്ചാകാം. അനന്തനെ കൂട്ടികൊണ്ട് ചെല്ലണമെന്ന് അമ്മ കുറെതവണ പറഞ്ഞു. ഈ പിങ്ക്സിറ്റിയിൽ ഞങ്ങള്ക്ക്പിരിചയക്കാർ അധികമില്ല. രാവിലെ കാണാം. ഗുഡ് നൈറ്റ്.'

ഉണർന്നപ്പോള്‍ നേരം ഒരുപാട് വൈകിയിരുന്നു. അതുകൊണ്ട് വൈകിട്ടാണ് അവിടേക്ക് ചെന്നത്. കതകു തുറന്നു തന്നെ കിടപ്പുണ്ടായിരുന്നു. സോഫയിലിരുന്നു അവര്‍ പുസ്തകം വായിക്കുന്നു. എന്നെക്കണ്ടതും ചിരിച്ചുകൊണ്ട് എഴുന്നേറ്റു വന്നു.

'ഉറങ്ങിപ്പോയി അല്ലേ അനന്താ? ഇന്ന് ഓഫീസിലും പോയില്ല അല്ലേ ?'

'ഉം..'

'മോനിരിക്ക്... ഞാന്‍ ചായ എടുക്കാം.'

അവർ ചായയുമായി വന്നു അരികത്തിരുന്നു..

'മോനെ വീട്ടില്‍ ആരൊക്കെ ഉണ്ട്?'

'അച്ഛന്‍ അമ്മ,……… അനിയന്‍  ഡല്‍ഹിയിലാണ് .'

'അപ്പോള്‍ ഇവിടെ തനിച്ചാണോ?'

'അതെ........'

'അഖി പറഞ്ഞു നിങ്ങളുടെ രണ്ടാളിന്റെയും ഓഫീസുകള്‍ ഒരേ ബിൽഡിങ്ങിലാണെന്ന്. പക്ഷെ അവന്റെ സൈറ്റ് ഓഫീസ് കുറെ അകലെയായത് കൊണ്ട് എന്നും വൈകി ആണെത്തുന്നത് '

' ഞാന്‍ പോകട്ടെ...'

' അഖി വന്നിട്ട് പോകാം മോനെ. …സംസാരം കുറവാണല്ലേ? ഞാനും അങ്ങനെ തന്നെ. പക്ഷെ ഇഷ്ടമുള്ളവരോടു ഒരുപാടു സംസാരിക്കും കേട്ടോ...'

ചിരിച്ച്കൊണ്ട് പറഞ്ഞു...'അപ്പോള്‍ ഞാനിരുന്നാൽ അമ്മയ്ക് ബോറടിക്കും'

'ഇല്ല കുഞ്ഞേ…'

അഖില്‍ എത്തുമ്പോഴേക്കും ഞങ്ങൾ ഒരുപാടു കാര്യങ്ങൾ സംസാരിച്ചു. അവര്‍ സംസാരിക്കുകയും കൂടുതൽസമയം ഞാൻ കേട്ടിരിക്കുകയും ചെയ്തു. അഖിലിനൊപ്പം രാത്രിയിലെ ഭക്ഷണവും കഴിപ്പിച്ചാണവർ അന്നെന്നെ വിട്ടത്.
പിന്നെ അതൊരു പതിവായി. വൈകിട്ട് ഓഫീസിൽ നിന്നും വരുമ്പോൾ എന്നും വിമലയമ്മയെ കണ്ടു. അവര്‍ അരികിലിരുന്നു ഭക്ഷണം കഴിപ്പിക്കുമ്പോഴൊക്കെ വീട്ടില്‍ മേശപ്പുറത്തു അടച്ചു വെയ്ക്കാറുണ്ടായിരുന്ന തണുത്ത ഭക്ഷണം ഒറ്റയ്കിരുന്നു കഴിക്കുന്നത് എപ്പോഴും മനസ്സില്‍ കനംവെച്ച് കിടന്നു.

സുഹൃത്തുക്കളെ പോലെ ആയിരുന്നു അവര്ക്ക് മക്കള്‍. .ഒരമ്മയ്ക്ക് മക്കളെ ഇത്രയും സ്നേഹിക്കാന്‍ കഴിയുമോ എന്ന് പലപ്പോഴും നോക്കി നിന്നുപോയിട്ടുണ്ട്. മക്കളും അവരെ എത്ര ബഹുമാനത്തോടെയും സ്നേഹത്തോടെയുമാണ് കൊണ്ട് നടക്കുന്നത്.

വളരെ പ്രശസ്തമായ തറവാട്ടിൽ ജനിച്ചു രാജകീയ പ്രൌഢിയോടെ ജീവിച്ച അവരെ ബാല്യം മാറുന്നതിനു മുമ്പ് പതിനഞ്ചു വയസ്സിൽ കല്യാണം കഴിപ്പിച്ചു. തന്നെക്കാള്‍ ഇരുപതു വയസ്സിനു മൂപ്പുള്ള ഭര്ത്താവ് പുറംലോകം എന്തെന്നറിയാത്ത അവരെ ഒരു കുഞ്ഞിനെപോലെയാണ് കൊണ്ട് നടന്നതു. മുപ്പതു വയസ്സില്‍ വിധവയായ അവർ പിന്നെ ഒരുപാട് വിഷമിച്ചാണ് മക്കളെ വളര്ത്തിയതും പഠിപ്പിച്ചതും.സ്വത്തുക്കളൊക്കെ ബന്ധുക്കള്‍ കയ്യടക്കി. പലതും മുതലെടുക്കാന്‍ അടുത്തു കൂടിയവരെയൊക്കെ അകറ്റാന്‍ അവര്‍ ഗൌരവക്കാരിയുടെ മുഖംമൂടി അണിഞ്ഞു. കഥകളൊക്കെ പറയുന്നത് എല്ലാ മാസവും എത്തുന്ന അഖിലിന്റെ ചേട്ടൻഅനൂപ്‌ ആയിരുന്നു. അനൂപ്‌ ഒരു യാത്രാപ്രിയനും അഖില്‍ സിനിമാ ഭ്രാന്തനും ആയിരുന്നു.

അനൂപ്‌ വരുന്ന ദിവസങ്ങളിൽ ആ വീട് ഒരുത്സവകാലത്തിന്റെ ഭാവമണിഞ്ഞു. ചരിത്രവും രാഷ്ട്രീയവും സിനിമയും സംഗീതവും പുസ്തകങ്ങളും ഒക്കെ അവിടെ ചര്ച്ചാ വിഷയമായി. ചര്ച്ചകള്ക്ക്ചൂടേറുമ്പോള്‍ ഒരു ടീനേജുകാരനെപ്പോലെ അഖില്‍ വഴക്കിട്ടു. അവരുടെ വഴക്കില്‍ ഒരു നെഴ്സറിക്കുട്ടിയെന്നപോലെ വിമലമ്മ അവനെ ആശ്വസിപ്പിക്കുന്നത്  കൊതിയോടെ ഞാൻ നോക്കിയിരുന്നു. ആദ്യമൊക്കെ വെറുമൊരു കേഴ്വിക്കാരന്‍ മാത്രം ആയിരുന്നു,പിന്നെ പിന്നെ ഞാനും അഭിപ്രായങ്ങള്‍ പറയാൻ തുടങ്ങി.അവര്ക്കൊ പ്പം സിനിമയ്ക്കും പാര്ക്കിലും പുറത്തു ലഞ്ച് കഴിക്കാനും ചെറുയാത്രകള്ക്കും പോയി. ആ വീട്ടിൽ സര്‍വ്വ സ്വാതന്ത്ര്യമുള്ള  ഒരംഗമായി ഞാൻ മാറി…

ഒറ്റപ്പെടലിന്റെ ചുറ്റുമൊരു മതിൽ പണിഞ്ഞു അതിൽ ഒതുങ്ങിയിരുന്ന ഞാൻ ആഹ്ലാദിക്കാനും ചുറ്റുമുള്ള കാഴ്ച്ചകളിൽ മനസ്സിനെ അലയാൻ വിടാനും പഠിച്ചു. പരസ്യങ്ങളുടെ നിറച്ചാർത്തിൽ നിന്നും വാക്കുകളുടെ കറിക്കൂട്ടുകളിൽ നിന്നും തളര്ന്ന  മനസ്സ് പലപ്പോഴും ഇറങ്ങിച്ചെല്ലുന്നത് വിമലമ്മയുടെ സാമീപ്യത്തി ലെക്കായിരുന്നു.. ദിവസങ്ങള് കഴിയുന്തോറും വിമലമ്മ എനിക്കാരൊക്കെയോ ആയിമാറി.

മുതിർന്ന സ്ത്രീകൾക്കു ചുറ്റുമായിരുന്നു എന്റെ ബാല്യം. അമ്മമ്മ,ചെറിയമ്മമാർ, അമ്മായിമാർ, വേലക്കാരികള്‍.... അച്ചാച്ചന്‍ മാത്രമേ എന്നെക്കൂടാതെ ആ വീട്ടിൽ ആണായി ഉണ്ടായിരുന്നുള്ളൂ. പട്ടണത്തിൽ ജോലി ആയിരുന്നതിനാല്‍ അച്ഛൻ വാരാന്ത്യങ്ങളിൽ മാത്രമേ വന്നിരുന്നുള്ളൂ. വീട്ടിലെ ഏറ്റവും മൂത്തതും ഉദ്യോഗസ്ഥയുമായിരുന്നതിൽ അമ്മ എപ്പോഴും ബഹുമാനിക്കപ്പെട്ടിരുന്നു. അതിന്റെ അകല്ച്ചയും എല്ലാവർക്കിടയിലും ഉണ്ടായിരുന്നു. ഒരുതരം ഭയം കലര്ന്ന സ്നേഹമായിരുന്നു എനിക്കും. ഇരുവർക്കും ലഭിച്ചിരുന്ന ‘പദവിയിൽ’ അവർ സന്തോഷിച്ചിരുന്നു. സ്നേഹം പ്രകടിപ്പിക്കാനുള്ളതല്ലെന്ന വിശ്വാസമായിരുന്നു അച്ഛനും അമ്മയ്കും. മക്കളോടായാലും കൂടുതൽ സ്നേഹം കാണിച്ചാല്‍ ആ ബഹുമാനം നഷ്ടപ്പെടുമോ എന്നവര്‍ വിചാരിച്ചിരിക്കാം.

ആ വീടിനു ചുറ്റും ധാരാളം കുട്ടികള്‍ ഉണ്ടായിരുന്നെങ്കിലും ആരുമായി കളിക്കുന്നതിനു എനിക്ക് താല്പര്യം തോന്നിയിരുന്നില്ല.. മണ്ണും ചളിയുമൊക്കെ പുരളുന്നത് അറപ്പായിരുന്നു. അതുകൊണ്ടാവും അന്തർമുഖനായിരുന്ന എനിക്ക് ബാല്യത്തില്‍ പോലും കൂട്ടുകാർ ഉണ്ടായിരുന്നില്ല. വളരുംതോറും ഒറ്റപ്പെടലും വളര്ന്നു . പ്രായമുള്ള സ്ത്രീകളുടെ സാമീപ്യത്തില്‍ മാത്രം എന്തോ ഒരുതരം സ്വസ്ഥതയും സന്തോഷം അനുഭവപ്പെട്ടു. ഒരുകവചം പോലെ.

ആരവത്തിന്റെയും ആഘോഷത്തിന്റെയും യുവത്വം തുളുമ്പുന്ന ക്യാംപസ്സുകളില്‍ നിന്നും ചേരികളിലും കാട്ടുപാതകളിലും അലഞ്ഞു നടന്നു. വളരെ ഇഷ്ടമുള്ള ചിലരോടൊപ്പം മാത്രം സായന്ഹങ്ങൾ ചിലവിട്ടു. സ്നേഹവും കാമവുമായി ജീവിതത്തില്‍ വന്നുപോയവരെയോക്കെയും മനസ്സില്‍ ഞാൻ പോലും അറിയാതെ വരച്ചിട്ട അതിർവരമ്പിനു വെളിയില്‍ നിര്ത്തി . അവരെ കുറിച്ചുള്ള ഓര്മ്മോകളും വേദനയുടെ നേര്ത്ത പാടുകൾ പോലുമില്ലാതെ അവര്ക്കൊ പ്പം ജീവിതത്തിൽ നിന്നും മാഞ്ഞു പോയി...

എല്ലായിടത്തും ദൈവത്തിനു എത്താന്‍ കഴിയാത്തതുകൊണ്ട് അമ്മമാരെ സൃഷ്ടിച്ചു ഭൂമിയിലേക്ക്‌ അയച്ചതെന്ന പഴമൊഴി വിമലമ്മയെ പോലുള്ളവര്ക്ക് വേണ്ടിയുള്ളതാവും. മൂടിക്കെട്ടിയ മനസ്സുമായിരിക്കുമ്പോഴൊക്കെ വിമലമ്മ തലയിൽ തോലോടി എന്ത് പറ്റി അനുക്കുട്ടാ എന്ന് ചോദിച്ചു. മനസ്സിന്റെ ഭാരങ്ങളൊക്കെ ആ തലോടലില്‍ ഒഴുകിപ്പോയി.

പുതിയ ഓരോ പരസ്യത്തിന്റെയും ലോഞ്ചിങ്ങില്‍ ഞാൻ കടുത്ത മാനസ്സികസമ്മര്ദ്ദത്തില്‍ തളർന്നു പോകുമായിരുന്നു. പുലരുവോളം ബാറുകളില്‍ ചിലവഴിക്കുമായിരുന്ന ആ ദിവസങ്ങള്‍ ക്രമേണ ജീവിതത്തിൽ നിന്നും അപ്രത്യക്ഷമായി. വിമലമ്മ കയ്യിലെ ഇലച്ചീന്തില്‍ നിന്നും നെറ്റിയിൽ പ്രസാദം തൊട്ടു തന്ന്, മോന്റെ പരസ്യം ഒരു ഹിറ്റ്‌ ആവുമെന്ന് പറഞ്ഞയക്കുമ്പോൾ മനസ്സിൽ എന്തോ ഒരു പോസിറ്റീവ് എനര്ജി നിറയും. ഉറക്കം കെടുത്തുന്ന സ്വപ്നങ്ങള്ക്കു പിന്നാലെ തീഷ്ണമായ അഭിലാഷങ്ങളുമായി ഞാന്‍ അലയുകയും എന്റെ പരസ്യ ചിത്രങ്ങള്‍ കൂടുതൽ മിഴിവോടെ ഓരോ ഉല്പന്നത്തിന് വേണ്ടി പിറക്കുകയും ചെയ്തു.

അഖില്‍ ഒരിക്കൽ ചോദിച്ചു.....

'ഈ മഹാമൌനിയില്‍ നിന്നും എങ്ങനെയാണാവോ ഇത്രയും ക്യാച്ചിയായ പരസ്യ വാചകങ്ങള്‍ ഉണ്ടാവുന്നത്?'

'വാക്കുകള്‍ ഒക്കെ മനസ്സിന്റെ അടിത്തട്ടിൽ നിധി പോലെ കാത്തു വെയ്ക്കുന്നതു കൊണ്ടാവും അത് വായിക്കുന്നവന്റെ ഹൃദയത്തില്‍ വിസ്മയം ആകുന്നത് അല്ലേ അനുക്കുട്ടാ?'

വാക്കുകളുടെ കാന്തശക്തിയെ പറ്റി ഒരു വീട്ടമ്മയുടെ ഗൌരവമാർന്ന ചിന്ത ഞാന്‍ വളരെ അതിശയത്തോടെയാണ് അന്ന് കേട്ടിരുന്നത്. ശാസ്ത്രലോകവും ഗണിതവും എനിക്കന്യമായിരുന്നു എന്നും. വാക്കുകളെ ഉപവസിക്കാനും നിറങ്ങളെ സിരാപടലങ്ങളില്‍ എഴുതിചേർക്കാനും ആയിരുന്നു ഇഷ്ടം.അതുകൊണ്ടാവാം വീട്ടുകാരുടെയും ബന്ധുക്കളുടെയും മുന്നില്‍ ഞാന്‍ ഒന്നിനും കൊള്ളാത്തവനായി. സമൂഹത്തിന്റെ മുന്നില്‍ അന്നുമിന്നും ശാസ്ത്ര വിഷയങ്ങള്‍ പഠിക്കുന്നവര്‍ മിടുക്കരും അല്ലാത്തവര്‍ വെറും ശരാശരിക്കാരുമാണല്ലോ.

എല്ലാമാസവും ഒരു ദിവസം മുഴുവന്‍ അവർ അമ്പലങ്ങളില്‍ പൂജകളും പ്രാർത്ഥനകളുമായി ചിലവഴിച്ചു. എല്ലാ പൂജകളും എനിക്കുവേണ്ടിയും ചെയ്തു. എനിക്കിപ്പോള്‍ മൂന്ന് മക്കളാണെന്ന് അവർ പറയുമായിരുന്നു. കുഞ്ഞുങ്ങള്‍ ആയിരിക്കുമ്പോള്‍ അവരെ സ്നേഹം കൊണ്ട് പൊതിഞ്ഞു നെഞ്ചോടു ചേര്ത്ത് പിടിക്കുന്ന അമ്മ അവര്‍ വളര്ന്നു കൈയെത്താത്ത ദൂരത്താകുമ്പോൾ തന്റെ പ്രാർത്ഥനകള്‍ കൊണ്ട് അവരെ പൊതിയുന്നു എന്ന് പറയുന്നത് എത്ര ശെരിയാണ് .

അന്നെനിക്ക് അവധി ആയിരുന്നു. രാവിലെ പതിവുപോലെ ഉണര്ന്നെങ്കിലും പിന്നെയും തിരിഞ്ഞുകിടന്നു കുറച്ചുകൂടി ഉറങ്ങാമെന്ന് വിചാരിക്കുമ്പോഴാണ് ഫോൺ ബെല്ലടിച്ചത്.

'അനുക്കുട്ടാ വേഗം കുളിച്ചു വന്നേ...'

ഇന്നെന്താ വിശേഷം എന്നോര്ത്ത് ചെല്ലുമ്പോഴേക്കും അവർ മുണ്ടും നേര്യതുമുടുത്ത് കയ്യിലെ ഇലയിൽ അമ്പലത്തിലെ പ്രസാദവുമായ് കാത്തുനില്പുണ്ടായിരുന്നു.

'ഹാപ്പി ബർത്ത്ഡേ അനുക്കുട്ടാ...'

കയ്യിലിരുന്ന കവര്‍ എന്റെ നേരെ നീട്ടി.

ചുവന്ന മണ്ണിന്റെ നിറമുള്ള ഒരു ഷര്ട്ടും അതേ കരയുള്ള മുണ്ടും. ബാല്യത്തിന്റെ ഓര്മ്മ കള്ക്ക പ്പുറമുള്ള എന്റെ ആദ്യത്തെ പിറന്നാള്‍ സമ്മാനം. മറ്റുള്ളവര്ക്ക് എന്നെ പറ്റിയുള്ള സ്വപ്നങ്ങള്‍ തകര്ത്തു കളഞ്ഞതുകൊണ്ടാവും വീട്ടിലെ ആരുടെയും മറക്കാനാവാത്ത ഓര്മ്മ കളില്‍ ഞാന്‍ ഉണ്ടായിരുന്നില്ല . എനിക്ക് വല്ലാതെ കരച്ചില്‍ വന്നു... ഷര്ട്ടും മുണ്ടും മുഖത്തോട് ചേര്ത്ത്  അടുത്തുണ്ടായിരുന്ന സോഫയിൽ ഞാൻ കണ്ണടച്ചിരുന്നു. കർപൂരത്തിന്റെ മണവുമായ്‌ അവർ അടുത്തു വന്നിരുന്നു. ഏതോ ഒരുൾപ്രേരണയില്‍ ഏറ്റവും വിശുദ്ധമായ ഹൃദയത്തോടെ ഞാൻ വിമലമ്മയെ കെട്ടിപ്പിടിച്ചു ആ തോളിൽ മുഖം ചേര്ത്തു .

'അയ്യേ, പിറന്നാള്കു ട്ടി കരയാൻ പാടില്ല. വേഗം പോയി ഡ്രസ്സ്‌ മാറി വാ… ഞാന്‍ പാലട ഉണ്ടാക്കിയിട്ടുണ്ട്.'

വീട്ടിലേക്കു നടക്കുമ്പോള്‍ എനിക്ക് അമ്മയെ ഓര്മ്മ വന്നു. എന്റെ ഓര്മ്മ്കളിൽ അമ്മയുടെ ഒരുമ്മയോ ആലിംഗനമോ ഉണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് എല്ലാം ഉണ്ടായിരുന്നിട്ടും എന്റെി ജീവിതത്തിൽ ഇത്രയേറെ സ്നേഹരാഹിത്യം വന്നതെന്ന് എത്ര തന്നെ ഓര്ത്തെടുക്കാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. ഈ കാലമത്രയും ഉപാധികള്‍ ഇല്ലാതെ ഒരാളെപ്പോലും സ്നേഹിക്കാൻ കഴിയാതെ പോയത് എന്തെന്നും എനിക്ക് മനസ്സിലായില്ല. ജീവിതത്തിന്റെ വര്ണ്ണാ ഭമായ പുറംകാഴ്ചകൾക്കപ്പുറം വേദനിക്കുന്നവന്റെ മനസ്സുകാണാൻ എനിക്ക് കഴിയുമായിരുന്നു. ഞാന്‍ ഇപ്പോഴും അച്ഛന്റെയും അമ്മയുടെയും സ്വപ്‌നങ്ങൾ തകര്ത്തവൻ… സ്നേഹിക്കുന്നവരുടെ സങ്കല്പ്പ ങ്ങള്‍ തകര്ത്തവന്‍… സ്വന്തം കാര്യം നോക്കാന്‍ അറിയാത്തവൻ… എന്നിട്ടും എന്റെ ആരുമല്ലാത്തവര്‍ എനിക്കായ് പിറന്നാൾ വിരുന്നൊരുക്കുന്നു!

ഒരു വർഷം കഴിഞ്ഞു അഖില്‍ വിദേശത്തേക്ക് പോയതോടെ വിമലമ്മ നാട്ടിലേക്ക് മടങ്ങി. അപ്പോഴേക്കും ഞങ്ങള്‍ വളരെ അടുത്ത കൂട്ടുകാരായിക്കഴിഞ്ഞിരുന്നു. നാട്ടിലെത്തിയിട്ടും മിക്ക ദിവസങ്ങളിലും ഞങ്ങൾ ഫോണിൽ സംസാരിക്കുമായിരുന്നു. ഓരോ കുഞ്ഞു വിശേഷങ്ങളും അറിയിക്കുന്ന ദീർഘ മായ മെയിലുകളും വിമലമ്മ അയച്ചു.

 ഞാന്‍ നാട്ടിൽ പോകുമ്പോഴൊക്കെ വിമലമ്മയെ കാണാൻ പോയി. എനിക്കിഷ്ടമുള്ള പലഹാരങ്ങളൊക്കെ ഉണ്ടാക്കി അരികത്തിരുന്നവർ കഴിപ്പിച്ചു. പിന്നെ പതിവുപോലെ എനിക്കായി കണ്ടെത്തിയ പെണ്കുട്ടികളുടെ ഫോട്ടോകള്‍ കാട്ടി ഗുണങ്ങൾ പറഞ്ഞു.

'നോക്കിയേ… ഇത് നല്ല ഐശ്വര്യമുള്ള കുട്ടി..'

'എന്റെ വിമലമ്മേ, കുറെ ഐശ്വര്യക്കാരുമായി വീട്ടിലെ ബഹളം കഴിഞ്ഞാ ഞാന്‍ വന്നത്. ഇനി നിങ്ങളും തുടങ്ങിക്കോ...'

'നീയല്ലേ എന്‍റെ മൂത്ത മകൻ. അപ്പോള്‍ നിന്റെ വിവാഹമല്ലേ ആദ്യം നടത്തേണ്ടത്? അനൂപിന് 27ഉം അഖിലിനു  25ഉം വയസ്സായി. അവരും ഇത് തന്നെയാ പറയുന്നത്. അമ്മയുടെ കൂടെ കുറച്ചു നാള്‍ കൂടി ഫ്രീ ആയി കഴിയട്ടെ എന്ന്..'

'എനിക്ക് 28 വയസ്സല്ലേ ആയുള്ളൂ. നാലഞ്ചുകൊല്ലം കൂടി കഴിയട്ടെ'

' വയസ്സന്മാര്ക്ക് ആരും പെണ്ണ് തരില്ല..ഓർത്താൽ നന്ന്'

വിമലമ്മ മുഖം വീര്പ്പിച്ചു എണീറ്റുപോയി.

'നല്ല ആളാ… ഇത്രയും കാലം കൂട്ടില്ലാതെ ജീവിച്ച വ്യക്തി.......?'

'എനിക്കെന്‍റെ മക്കള്‍ ഉണ്ടായിരുന്നു… നിനക്കോ..? വീട്ടിലുള്ളവരെപ്പോലും ദൂരത്തു നിര്ത്തി യിരിക്കയല്ലേ? എന്തിനാ മോനെ ഇങ്ങനെ ഒറ്റപ്പെടുന്നത് ?'

ഒരു നിമിഷം ഞാന്‍ നിശ്ശബ്ദനായി പോയി... പിന്നെ പതുക്കെ പറഞ്ഞു.

'അത്  മനപ്പൂര്‍വ്വം  അല്ല വിമലമ്മേ… അങ്ങനെ ആയിപോകുന്നതാണ്..'

'അറിയാം മോനെ ..എന്നെപോലെ നിന്നെ മനസ്സിലാക്കിയവര്‍ വേറെ ആരിരിക്കുന്നു.? നിന്നെ അറിയാനും സ്നേഹിക്കാനും ഒരു കൂട്ട് വേണം ജീവിതത്തില്‍.'

അവരുടെ കണ്ണുകള്‍ നനയാൻ തുടങ്ങി.

'എനിക്ക് വേറെ ആരുടെയും കൂട്ടിപ്പോൾ വേണ്ട.. എനിക്ക് വിമലമ്മയുടെ കൂട്ട് മാത്രം മതി.. ഒന്ന് ചിരിക്കെന്റെ വിമലക്കുട്ട്യെ....'

പിണങ്ങി മുഖം വീര്പ്പിച്ചിരിക്കുന്ന കുഞ്ഞുവാവ യെന്നപോലെ ചേര്ത്ത് പിടിച്ചു നെറ്റിയില്‍ ഉമ്മവെയ്ക്കുമ്പോൾ അവര്‍ രണ്ടുനുണക്കുഴിയും തെളിച്ചു കണ്ണുകളില്‍ വെള്ളം നിറച്ചു ചിരിച്ചു.

ഋതുക്കള്‍ വന്നുപോയിക്കൊണ്ടിരിക്കുന്നതിനിടയിൽ വിമലമ്മ ജീവിതത്തില്‍ ഞാനേറ്റവും സ്നേഹിക്കുകയും എന്നെ ഏറ്റവുമധികം സ്വാധീനിക്കുകയും ചെയ്യുന്ന വ്യക്തിയായി......


(ഭാഗം രണ്ടു ) 


അഖിലും അനൂപും വിവാഹിതരായി. 

ഈ ലോകത്തെ ഏറ്റവും ഭാഗ്യവതിയായ അമ്മ ഞാനെന്ന്‍ അവർ എത്രയോ തവണ പറഞ്ഞിരിക്കുന്നു. പക്ഷെ എത്ര പെട്ടന്നാണവരെ നിര്‍ഭാഗ്യങ്ങൾ  പൊതിയാൻ  തുടങ്ങിയത്. ഒരു വര്‍ഷമെത്തുന്നതിനുമുന്നേ മക്കൾ കൊടുക്കുന്ന സ്നേഹത്തിനൊക്കെ മരുമക്കള്‍ കണക്ക് വെയ്ക്കാനും   അതിർവരമ്പുകള്‍ ഇടാനും തുടങ്ങി . അവരുടെ മരുന്നിന്‍റെയും യാത്രകളുടെയും ഫോണിന്‍റെയും ചിലവുകളും  വീട്ടുജോലിക്കാരുടെയും ഡ്രൈവരിന്റെയും ശമ്പളവും വീതം വെയ്ക്കുന്നതിന്റെ  വഴക്കുകളും   കൂടിക്കൂടി വന്നു.

വീട്ടിലെ അന്തരീക്ഷം ദുസ്സഹമായതോടെ അവരുടെ ഹൃദയം താളം തെറ്റി മിടിക്കാന്‍ തുടങ്ങി. രോഗം തളർത്തുന്നതിനു മുന്‍പേ ജീവിതം മതിയാക്കാൻ  അവര്‍ തീരുമാനിച്ചെങ്കിലും മരണത്തോടു തോറ്റു ആത്മനിന്ദയുടെ   നിലയില്ലാ കയത്തില്‍ വീണു.ആത്മഹത്യാ ശ്രമത്തിന്റെ ഉണങ്ങാത്ത മുറിവുകളുമായിട്ടാണ്‌ വിമലമ്മ വിദേശത്തുള്ള അഖില്‍നൊപ്പം കുറച്ചു നാള്‍ താമസിക്കാനെത്തിയത്.  പക്ഷെ അവിടെയും അവര്‍ ഒട്ടും സന്തോഷവതി ആയിരുന്നില്ല. 

 അവര്‍ എനിക്കെഴുതി,  എന്‍റെ മക്കള്‍ക്ക്‌ ഏറ്റവും മികച്ച വിദ്യാഭ്യാസം നല്‍കാൻ വേണ്ടിയാണ് ഞങ്ങളുടെ സമ്പാദ്യം മുഴുവൻ ചിലവഴിച്ചത്.   അതവരുടെ അച്ഛന്റെ കൂടി ആഗ്രഹമായിരുന്നു അവരെ ലണ്ടനിലും അമേരിക്കയിലുമൊക്കെ അയച്ചു പഠിപ്പിക്കണമെന്നത്.    രാജ്ഞിയെപോലെ ജീവിച്ചെങ്കിലും ഇപ്പോൾ ഞാനൊരു തെണ്ടിയാണ് മോനെ..

കടുത്ത ആത്മ വേദന നിറഞ്ഞ  വിമലമ്മയുടെ മെയിലുകൾ എന്നെയും സങ്കടങ്ങളുടെ  നീർച്ചുഴിയിലേക്ക് തള്ളിയിട്ടു.. അവര്‍ക്ക് മനസ്സ് തുറക്കാനുള്ള ഒരേ ഒരാള്‍ ഞാന്‍ മാത്രമായി.

എന്റെ  ഫ്ലാറ്റിന്റെ  ജനാലയ്ക്കരികിലുള്ള ഗുല്‍മോഹർ   പിന്നെയും ഒരുവട്ടം കൂടി പൂത്തുകൊഴിഞ്ഞു. 

ദൈവം മനപ്പൂര്‍വ്വം പറഞ്ഞുവിട്ടതുപോലെയാണ്  ഞാനും കമ്പനിയുടെ പുതിയ വിദേശ ശാഖയുടെ ചുമതലയുമായി അവിടെ എത്തിയത്. ഞങ്ങളുടെ താമസസ്ഥലങ്ങള്‍ തമ്മിൽ കുറച്ചു ദൂരം ഉണ്ടായിരുന്നതിനാല്‍ വല്ലപ്പോഴുമേ എനിക്ക് വിമലമ്മയെ കാണാന്‍ പറ്റിയുള്ളൂ. എന്റെ സാമീപ്യം അവര്‍ക്ക് വലിയ ആശ്വാസമായിരുന്നു.

രാവിലെ ഓഫീസില്‍ പോകാൻ  അന്ന് തിരക്കിട്ടിറങ്ങുമ്പൊഴാണ് വിമലമ്മയുടെ മെസ്സേജ് വന്നത്.

മോനെഇന്നെന്റെ പിറന്നാളാണ്… ഇന്നെനിക്കു നിന്നോടോന്നിച്ചു ഭക്ഷണം കഴിക്കണംഒരുപക്ഷെ ഇനി അതിനു കഴിഞ്ഞില്ലെങ്കിലോ?

ഓഫീസിൽ അവധി പറഞ്ഞു ഞാൻ വിമലമ്മയ്കൊരു ഗിഫ്റ്റ് വാങ്ങാനായി പല മാളിലും കയറിയിറങ്ങി.   അവര്‍ക്കിഷ്ടമുള്ള  മുണ്ടും നേര്യതും  കിട്ടിയില്ല. ഒരു കടയിൽ ഡിസ്പ്ലേ ചെയ്തിരുന്ന ആകാശനീലിമയിൽ   വെള്ള  എംബ്രോയിഡറി കരയുള്ള ബംഗാൾ കോട്ടൻ   സാരി അതി മനോഹരമായ  കാഴ്ച വിരുന്നായി. അതുടുത്ത വിമലമ്മയെ ഞാന്‍ വെറുതെ സങ്കല്‍പ്പിച്ചു നോക്കി.പക്ഷെ അവര്‍ പുറത്തു പോകുമ്പോഴൊക്കെ പട്ടു സാരിയാണല്ലോ ഉടുത്ത്  കണ്ടിട്ടുള്ളതെന്നോർത്തപ്പോള്‍ അതു വാങ്ങാന്‍ തോന്നിയില്ല. സമയം പോയതറിഞ്ഞില്ല. ഉച്ചയാകാറാവുന്നു.  ഞാന്‍ വേഗം മെട്രോസ്റ്റേഷനിലേക്ക് പോയി.

വാതില്‍ തുറന്നു നിറഞ്ഞ ചിരിയുമായ് വിമലമ്മ... എന്നത്തേയും പോലെ മുണ്ടും നേര്യതും  ഉടുക്കാതെ ആകാശനീലിമ നിറത്തില്‍ നല്ല ഭംഗിയുള്ള ഒരു കോട്ടണ്‍ സാരി ഉടുത്ത്, അവിടവിടെ നരച്ച മുടി കുളികഴിഞ്ഞു അറ്റം കെട്ടി ഇട്ടിരിക്കുന്നു. ദുഖത്തിന്റെ ചാലുകൾ മറച്ചുകൊണ്ട്‌ എന്നെ കണ്ടതിന്റെ സന്തോഷം അവരുടെ മുഖത്തു തെളിഞ്ഞു. ഞാന്‍ അവരെത്തന്നെ അതിശയത്തോടെ നോക്കിനിന്നുപോയി.പറഞ്ഞറിയിക്കാനാവാത്ത  ഒരിഷ്ടത്തോടെ

"ഉം..എന്താ അവിടെത്തന്നെ നില്‍ക്കുന്നത്?"

 "ഹേയ്ഒന്നുമില്ല... പിറന്നാള്‍ കുട്ടിയെ ഒന്ന് നോക്കിയതാ …"

"നല്ല കുട്ടി.. 55 വയസ്സായി ഇന്ന്...."

"അതേയോ..പക്ഷെ കണ്ടാല്‍ പറയില്ല കേട്ടോ… യു ലുക്ക്‌ യംഗ് ആന്‍ഡ്‌ പ്രെറ്റി..  എസ്പെഷലി ടുഡേ…"

"ഉം… മതി മതി… മരണം ഞാനിപ്പോള്‍ പരിശീലിക്കയാണ്..."

"വേണ്ട ....എനിക്ക് ദേഷ്യം വരുമേ...ജീവിതം ജീവിച്ചു തീര്‍ക്കാനുള്ളതല്ലേ?" 

 "ദേഷ്യം വരണ്ട .ഒരുപാടു നാളുകള്‍ക്കുശേഷം സന്തോഷം തോന്നിയ ദിവസമാണിന്നു.."

"അഖിലും നമിതയും എവിടെ?"

"അവര്‍ പുറത്തുപോയി മോനെ. നമിതയുടെ ബോസ്സിന്റെ മകളുടെ ബർത്ഡേ പാർടിയ്ക്ക്… രാത്രി വൈകിയേ അവര്‍ വരൂ."

 "എന്നാലും അമ്മയെ ഈ ദിവസം തനിച്ചാക്കി…. !" 

"സാരമില്ല മോനെ… നീയുണ്ടല്ലോ?...........  യാത്ര ചെയ്തു ക്ഷീണിച്ചതല്ലേ… നമുക്ക് ഭക്ഷണം കഴിക്കാം..."

അവര്‍ വിഷയം മാറ്റിമനപൂര്‍വ്വം ഇന്നത്തെ ദിവസം സന്തോഷം നിറയ്ക്കാൻ ശ്രമിക്കുന്നതു പോലെ തോന്നി.  അതുകൊണ്ടുതന്നെ മനസ്സിനെ അസ്വസ്ഥമാക്കുന്ന ആരുടെയും കാര്യങ്ങള്‍ ഞാനും ചോദിച്ചില്ല.

"നീ എന്താ ആലോചിച്ചു നില്‍ക്കുന്നത്?"

 "ഹേ ..ഒന്നുമില്ല...  ഭക്ഷണം എടുത്തുവെക്കുമ്പോഴേക്കും ഞാനൊന്നു ഫ്രഷ്‌ ആയി വരാം.."

ബാത്ത് റൂമില്‍ പോയി കാലുകഴുകാനായ് ടാപ്പ്‌ തുറക്കുകയും ഷവറില്‍ നിന്നും വെള്ളം ചിതറി തലയും ഷര്‍ട്ട്ന്റെ പകുതിയും നനഞ്ഞു. ഞാന്‍ കൈകൊണ്ടു തലയിലെ വെള്ളം കുടഞ്ഞുകളഞ്ഞിട്ട് ഭക്ഷണം എടുത്തു വെയ്ക്കാന്‍ വിമലമ്മയെ സഹായിക്കാനായി അടുക്കളയിലേക്ക് ചെന്നു.

അയ്യേ..ഇതെന്താ ആകെ  നനഞ്ഞു കുളിച്ചല്ലോ നീ ?“
അവര്‍ സാരിത്തലപ്പു കൊണ്ട് എന്റെ തല തുവര്‍ത്തി ..

ഷവറിന്റെ ടാപ്പ്‌ തുറന്നിരിക്കയായിരുന്നു ..ഞാന്‍ കണ്ടില്ല ..സാരമില്ല ..അതുണങ്ങിക്കോളും ..

വെറുതെ പനിപിടിപ്പിക്കണ്ട..നീ പോയി ഡ്രസ്സ്‌ മാറി വാ..എന്റെ മുറിയിലെ  ഡ്രസ്സിംഗ് ടെബ്ലിന്റെ സൈഡ് ഡ്രോയിലെ പായ്ക്കറ്റില്‍ ഒരു ഷര്‍ട്ടും മുണ്ടുമുണ്ട്.... അതെടുത്തോളു. നിനക്ക് ഞാന്‍ വാങ്ങി വെച്ചതാ.. അടുത്തമാസം നിന്റെ പിറന്നാള്‍ അല്ലെ?“

 “എന്തിനാ വിമലമ്മേ ...

 “നിന്നു ചിണുങ്ങാതെ പോയി ഡ്രസ്സ്‌ മാറി വാ അനുക്കുട്ടാ ....എനിക്ക് വിശക്കുന്നു

ഞാന്‍ മേശതുറന്ന് ഷര്‍ട്ടും മുണ്ടും എടുത്തു.അരച്ച ചന്ദനത്തിന്റെ നിറമുള്ള ഷര്‍ട്ടും അതെ കരയുള്ള മുണ്ടും..വിമലമ്മയുടെ വസ്ത്രങ്ങളുടെ കൂടെ ഇരുന്നതുകൊണ്ടാവും അതിനു കര്പൂരത്ത്തിന്റെ മണം. ഞാന്‍ വേഗം ഡ്രസ്സ്‌ മാറി ഡൈനിംഗ്റൂമിലേക്ക്‌ ചെന്നു ..

"ആഹാ.... സുന്ദരനായിട്ടുണ്ടല്ലോ ...."

"അതെയോ..ഷര്‍ട്ട്‌ കറക്റ്റ് ഫിറ്റിംഗ് ആണ്..."

"ഇത് ഞാന്‍ തനിയെപോയി  വാങ്ങിയതാ..ഈ നിറം നിനക്ക് നന്നായി ചേരുന്നു.."

 ‘അത് പിന്നെ എന്റെ വിമലമ്മ സെലെക്റ്റ് ചെയ്‌താല്‍ എനിക്ക് ചേരാതിരിക്കുമോ?’

 അവര്‍ ചിരിച്ചു കൊണ്ട് ഭക്ഷണം വിളമ്പാന്‍ തുടങ്ങി.

എനിക്കിഷ്ടമുള്ള  വിഭവങ്ങൾ  മാത്രമേ ഉണ്ടായിരുന്നുള്ളൂ.. പാലടയും. ഞാന്‍ കൊതിയോടെ പരിപ്പും നെയ്യും പപ്പടവും കുഴച്ചു ഉരുള ഉരുട്ടി  വായിലേക്ക് വെക്കാനായി എടുത്തപ്പോള്‍ എന്നെത്തന്നെ നോക്കി ഇരിക്കയായിരുന്നു വിമലമ്മ.  അറിയാതെ ഞാന്‍ ആ ഉരുള അവര്‍ക്ക് നേരെ നീട്ടി..അവര്‍ സ്വയം മറന്നതുപോലെ വായ്‌ തുറന്നു. ആ ഉരുള പതുക്കെ കഴിക്കുമ്പോള്‍ അവർ ഏതോ ഓര്‍മ്മയിൽ   നഷ്ടപ്പെട്ടു…കവിളുകള്‍ ചുവക്കുകയും കണ്ണുകള്‍  തിളങ്ങുകയും  ചെയ്തു.

 "ഹലോ... ഏതു ലോകത്താ  വിമലക്കുട്ട്യെ കഴിക്കുന്നില്ലേ?"
 ങ്ഹേ... ഞാന്‍ എന്തോ ഓര്‍ത്തുപോയി.."

"ഉം..എനിക്ക് മനസ്സിലായി.."

"അതെ… എന്റെ എല്ലാ പിറന്നാളുകള്‍ക്കും അദ്ദേഹം മടിയിലിരുത്തി എനിക്ക് ഉരുള ഉരുട്ടി തരുമായിരുന്നു."  
 അവരുടെ മുഖം ആ ഓര്‍മ്മയിൽ  തുടുത്തു  ....

ഭക്ഷണം കഴിച്ചു തീര്‍ന്നിട്ടും അവർ  ഓര്‍മ്മയിൽ ആയിരുന്നു.

"പാലട എവിടെ ?"

 "മോന്‍ കൈ കഴുകൂഅപ്പോഴേക്കും ഞാൻ എടുത്തു വരാം…നിനക്ക് ഇലയില്‍ കഴിക്കാൻ ഇപ്പോഴും അറിയില്ലല്ലോ!"

അവര്‍ക്ക് കടുത്ത പ്രമേഹമുള്ളത് കൊണ്ട് എനിക്ക് മാത്രം ഗ്ലാസിൽ പാലട കൊണ്ട് വന്നു തന്നിട്ട് അടുത്തിരുന്നു.  അപ്പോഴും ഓര്‍മ്മകളുടെ മധുരത്തിൽ അവര്‍ അലിയുന്നത് ഞാൻ കൌതുകത്തോടെ  നോക്കി ഇരുന്നു.

"വിമലമ്മ എപ്പോഴാ മേനോൻ സാറിനെ ആദ്യമായി കണ്ടത്?"

 “ഹഹഹ… അദ്ദേഹം എന്നെ  പെണ്ണുകാണാൻ   വന്നപ്പോൾ   ഞാൻ പത്തായത്തിൽ പോയി ഒളിച്ചിരുന്നുപിന്നെ വേലക്കാരി പറഞ്ഞാണ് കല്യാണമാണെന്നറിഞ്ഞത്."

 "അപ്പോള്‍ ആളെ കണ്ടില്ലേ?"

"ഇല്ല..കല്യാണം കഴിഞ്ഞിട്ടും കുറച്ചു ദിവസങ്ങള്‍ അടുത്ത് വരാനൊന്നും ഞാന്‍ സമ്മതിച്ചില്ല.."

"അയ്യോ പാവത്തിന്റെ കാര്യം.."

"ഉം നല്ല പാവം."
 അവര്‍ നാണംകൊണ്ട് തുടുത്തു.

"അതെന്താ പാവമായിരുന്നില്ലേ?"

"ജുസില്‍ ഉറക്കമരുന്നു കലക്കിത്തന്ന കക്ഷിയാ."

"ഹഹഹ… അപ്പൊ മയങ്ങിയ ആദ്യരാത്രിയായിരുന്നല്ലേ?"

 "പോടാ…"
 അവര്‍ ലജ്ജയോടെ എന്റെ തോളിൽ തട്ടി....

ഞാന്‍ ചിരിച്ചുകൊണ്ട്  അവരെ  ചേര്‍ത്ത് പിടിച്ചു. പക്ഷെ ആ ഒരു നിമിഷം അവര്‍ എനിക്കൊരു സ്ത്രീ മാത്രമായി.  ചുണ്ടുകളില്‍ അമര്‍ത്തി ചുംബിച്ചത് ഞാന്‍ പോലും അറിയാതെ ആയിരുന്നു..അവര്‍ പകച്ചു തളര്‍ന്നു തോളിലേക്ക് വീഴുമ്പോള്‍ പാപത്തിന്റെ ചിന്തകൾ   മായ്ച്ചുകളഞ്ഞു അവരില്‍ നിറയാനുള്ള ആസക്തി ഒരുതരം ബാധപോലെ എന്നിൽ  പടര്‍ന്നു. മനസ്സിന്റെ അബോധതലങ്ങളിൽ നിന്നു കെട്ടുപൊട്ടിച്ചെത്തിയതൊക്കെ ആര്‍ത്തലച്ചു പെയ്തു… അതിനിടയിൽ അവരെ ഞാന്‍ പിന്നെയും പിന്നെയും ചുംബിച്ചതോഅവര്‍ വേണ്ട വേണ്ട എന്ന് പറയുന്നതോ,  എന്റെ നെഞ്ചിലേക്ക് തളര്‍ന്നു വീണതോ ഒന്നും ഞാൻഅറിഞ്ഞില്ല… .പരിസരബോധം വരുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.....

 പ്രതികരണശേഷി നഷ്ടമായി തരിച്ചിരിക്കുന്ന അവരെ നോക്കാന്‍ കൂടി ഞാൻ ഭയപ്പെട്ടു. നിശബ്ദത  നീരാളിയെപോലെ അതിന്റെ വിഷം ചീറ്റുന്ന കയ്യുകള്‍ എന്നെ വരിഞ്ഞുമുറുക്കി. ശ്വാസം നിലച്ചുപോകുമെന്നു തോന്നിയപ്പോള്‍ ഞാൻ ഇറങ്ങി നടന്നു എങ്ങോട്ടെന്നില്ലാതെ. അപ്പോള്‍ കാല്‍ക്കീഴിലെ മണ്‍തരികൾ കനലുകൾ പോലെ ചുട്ടു പഴുത്തു.തലയ്ക്കു മീതെ വീശിയ കാറ്റിന്റെ വിരലുകളില്‍  അഗ്നിയുടെ നാമ്പുകള്‍ എരിഞ്ഞു..

ഫ്ലാറ്റില്‍ തിരിച്ചെത്തുമ്പോഴേക്കും എനിക്ക് ചുറ്റും കറുത്തിരുണ്ട ഒരു ഗുഹപോലെ ലോകം ചുരുങ്ങി.  അതിനുള്ളിൽ ശ്വാസം കിട്ടാതെ ഞാൻ പിടഞ്ഞു.   എന്റെ ഫോൺകോളുകള്‍ ഒന്നുപോലും അവര്‍ എടുത്തില്ല .

ബോധാ അബോധങ്ങൾടയില്‍ സ്വയം തിരിച്ചറിയാനാവാതെ എത്രയോ രാത്രികളും പകലുകളും. ഇടയ്ക്കൊക്കെ ഓഫീസില്‍ പോയി. പക്ഷെ മായാജാലം കാട്ടി എന്റെ ചൊൽപടിയില്‍ നിന്ന അക്ഷരങ്ങളും നിറങ്ങളും എനിക്കന്യമായ ലോകത്ത് ഒതുങ്ങി നിന്നുനീണ്ട അവധിക്കു അപേക്ഷയുമായി ഓഫീസിലേക്ക് പോകന്നതിനു മുമ്പായി അവരെ ഒരിക്കല്‍ കൂടി കാണാന്‍ ഞാൻ തീരുമാനിച്ചു.

സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും  ലോകത്ത് നിന്നും പുറത്താക്കപ്പെട്ടു അപമാനത്തിന്റെയും ആത്മനിന്ദയുടെയും നരകവാതിലിനു മുന്നിലെന്നപോലെ    അടഞ്ഞുകിടന്ന ആ പടിവാതില്‍ക്കല്‍ ഞാന്‍ കാത്തു നിന്നു. അദൃശ്യമായ അകലങ്ങളില്‍ നിന്നും കടുത്ത ശാപവാക്കുകള്‍ എന്റെ ഹൃദയം മുറിച്ചു തുളഞ്ഞിറങ്ങി.തണുതത പാദങ്ങളും പുകയുന്ന നെഞ്ചുമായ് ഞാന്‍ കാളിംഗ് ബെല്ലില്‍ പിന്നെയും  വിരല്‍ അമര്‍ത്തി.

എന്റെ മുഖത്തിന്‌ നേരെ വാതിൽ വലിച്ചടക്കുമെന്നു ഞാന്‍ കരുതി.പക്ഷെ അവര്‍ ശാന്തയായി പറഞ്ഞു…

 “കയറി വരൂ.

അവര്‍ അകത്തേക്ക് നടന്നു. 

എനിക്ക് വളരെ ഇഷ്ടമുള്ള ഇഞ്ചിയും പഞ്ചസാരയും  ചെറുനാരങ്ങയും തണുത്ത വെള്ളവും ചേര്‍ത്ത് മിക്സിയിൽ    അടിച്ചുണ്ടാക്കുന്   പാൽനിറമുമുള്ള നാരങ്ങാവെള്ളം ഒരു വലിയ ഗ്ലാസ്‌ നിറയെ കൊണ്ട് വന്നു തന്നിട്ട് എനിക്കെതിരെ സോഫയിൽ ഇരുന്നു. തണുത്ത വെള്ളം ചുട്ടുപഴുത്ത അന്നനാളത്തിൽ  ഒഴുകി ഇറങ്ങി. ഞങ്ങള്‍ക്കിടയിലെ മൌനം ഹൃദയത്തിന്റെ ഓരോ അറകളിലും താങ്ങാനാവാത്തഭാരം നിറച്ചു. എന്റെ പ്രാണന്‍ ഓരോ നിമിഷവും അതിന്റെ ശക്തി ചോര്‍ന്നൊലിച്ചു  പിടഞ്ഞു...

ഞാന്‍...

 അത്രയും പറയുമ്പോഴേക്കും വേണ്ട സംസാരിക്കണ്ട എന്ന് അവർകൈകൊണ്ടു വിലക്കി..പിന്നെ ഒഴിഞ്ഞ ഗ്ലാസ്‌ എടുത്തു കൊണ്ടുപോയി. തിരികെ വന്നു വീണ്ടും സോഫയില്‍ ഇരുന്ന് അവര്‍ മുഖം അമര്‍ത്തി തുടച്ചു.  നിറഞ്ഞൊഴുകുന്ന എന്റെ കണ്ണുകളിലേക്കു ഒട്ടും നനയാത്ത കണ്ണുകളുയര്‍ത്തി അവർനോക്കി. അടുത്ത് ചെന്നിരിക്കാന്‍ ആംഗ്യം കാണിച്ചു.  ഭയംകൊണ്ട് വിളറിയ കുട്ടിയെപോലെ ഞാൻ അരികത്തു ചെന്നിരുന്നു. അവര്‍ എന്നെ പതുക്കെ മടിയിൽ പിടിച്ചു കിടത്തി… എന്റെ തലയില്‍ തഴുകി..

പ്രളയകാലത്തെ നദിപോലെ ഞാൻ  കണ്ണീരിൽ  കുതിര്‍ന്നു… എത്ര നേരം ആ ഒഴുക്കില്‍ ഞാന്‍ അങ്ങനെ കിടന്നെന്നു അറിയില്ല.. വേദനയുടെ പാതാളത്തിലേക്ക്‌ എന്റെ ശബ്ദം താണുപോയി. അവരുടെ വിരലുകളിൽ നിന്നും വിശുദ്ധിയുടെ നിമിഷങ്ങള്‍ ഉള്ളിലേക്ക് ഇറങ്ങി എന്റെ മനസ്സ് കഴുകി വൃത്തിയാക്കി. ചിന്തകളുടെ ഭാരം ഒഴിഞ്ഞു…
ആശ്വാസത്തോടെ  എണീറ്റിരുന്നു. ണ്ണീര്‍ വറ്റി പുകഞ്ഞു നീറിയ കണ്ണുകളോടെ  ഞാൻ അവരെ നോക്കി.

ഇനി സ്വയം ശിക്ഷിക്കരുത്... ആ ഒരു ദിവസം നമ്മുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല… നമുക്കത് മറക്കാം മോനെ... ഇനി നമ്മള്‍ തമ്മില്‍ കാണുന്നത് എന്റെ മരണനേരത്തു മാത്രം.  നിന്റെ മടിയില്‍ കിടന്നു വേണം എനിക്ക് മരിക്കാന്‍… ഈ ലോകത്തിന്‍റെ ഏതു കോണിലായാലും എന്റെ ചിതക്ക് തീ കൊളുത്താൻ  നീ വരണം....   നല്ലതേ വരൂ…പൊയ്കോളൂ..

ഇനിയൊന്നും പറയാനില്ലാത്തതുപോലെ അവർ എണീറ്റ്‌ അകത്തേക്ക് നടന്നു..

അവിടുന്നിറങ്ങുമ്പോൾ  എന്റെ മനസ്സും  ശൂന്യമായിരുന്നു. ഇതുവരെ തലയ്ക്കു മീതെ ഉണ്ടായിരുന്ന തണല്  ഇല്ലാതായതുപോലെ . വല്ലപ്പോഴും ഒന്നോരണ്ടോ വരികളുമായ് വിമലമ്മയുടെ  മെയിലുകള്‍ വന്നു. പിന്നെ അതും നിലച്ചു. പതുക്കെ പതുക്കെ ഞാനെന്റെ ജീവിതത്തിരക്കില്‍ സ്വയം മറന്നു.പക്ഷെ ഒരിക്കലും നിറമൊഴിയാതെ വിമലമ്മയുടെ ഓര്‍മ്മകള്‍ മനസ്സിന്നടിയില്‍ എവിടെയോ കിടന്നു.അവയ്ക്ക് മീതെ വേദനയുടെ വിരിപ്പ് പുതച്ചു ഹൃദയം മുറിച്ചു കടന്നുപോയ ആ പകലും!

സിംഗപ്പൂരില്‍ ഒരു ഫെയറില്‍ പങ്കെടുത്തു മടങ്ങുമ്പോഴാണ് ഫ്ലൈറ്റില്‍ തോട്ടടുത്തിരുന്ന ആള്‍ പരിചയപ്പെട്ടത്‌.അദ്ദേഹം വളരെ പ്രഗല്‍ഭനായ ഒരു വ്യോമാശാസ്ത്രന്ജന്‍ ആയിരുന്നു.സംസാരം തുടങ്ങാന്‍ ആദ്യം ഞാന്‍ വലിയ താല്പര്യം കാണിച്ചില്ല. പിന്നെ സിംഗപ്പൂര്‍ നഗരത്തെ പറ്റിയായി ഞങ്ങളുടെ സംസാരം..എയര്‍പോര്‍ട്ടില്‍ നിന്നും യാത്ര പറയുമ്പോള്‍ അദ്ദേഹം ചോദിച്ചു .. 

"താങ്കള്‍ക്ക് ദൈവത്തില്‍ വലിയ വിശ്വാസമൊന്നുമില്ല അല്ലെ?"

"എനിക്കദ്ദേഹത്തോടു ഇഷ്ടക്കെടോന്നുമില്ല .."

 അദ്ദേഹം ചിരിച്ചു

 "ഭയപ്പെടുത്തിയ ചില അപകടങ്ങള്‍ ഉണ്ടായല്ലെ?"

"ഉം..തിരക്ക് പിടിച്ച നഗരമല്ലെഅതിവേഗത്തിലോടുന്ന വാഹനങ്ങളും. അപകടങ്ങള്‍ സ്വാഭാവികമല്ലേ?" 

 "സ്നേഹിതാ മരണം താങ്കളുടെ കൂടെത്തന്നെ ഉണ്ടായിരുന്നു. ഏതോ ഒരു ദൈവികശക്തിയാണ് താങ്കളെ ഇതുവരെ രക്ഷിച്ചത്‌.. ഇനി സൂക്ഷിക്കണം.."

എന്റെ മറുപടിക്ക് കാത്തുനില്‍ക്കാതെ അദ്ദേഹം നടന്നു മറഞ്ഞു ..

എന്തുകൊണ്ടോ ആ നിമിഷം വിമലമ്മയുടെ കണ്ണുകള്‍ എനിക്കോര്‍മ്മ വന്നു..

ആ രാത്രി എനിക്കുറങ്ങാനെ കഴിഞ്ഞില്ല.

പതിവുപോലെ ലഹരിയില്‍ കുഴഞ്ഞു വീണ ഏതോ രാത്രിയിലാണ് വീട്ടിലെ ജോലിക്കാരന്‍ പയ്യൻ ആ കത്ത് കയ്യിൽ തന്നത്. വീട്ടില്‍ നിന്നുമുള്ള പതിവ് കുറ്റപ്പെടുത്തലുകള്‍ ആയിരിക്കുമെന്ന് കരുതി അപ്പോള്‍ വായിക്കാൻ തോന്നിയില്ല.  കത്ത് മേശവലിപ്പിലേക്ക് ഇട്ട് ഞാന്‍ ബോധംകെട്ടുറങ്ങി. 

പകലുകൾ വറ്റിയതും രാത്രികൾ  മറഞ്ഞതും ഞാന്‍ അറിഞ്ഞതേ ഇല്ല.  ഉറക്കത്തിലും ഉണര്‍വ്വിലും അദൃശ്യമായ രണ്ടു കണ്ണുകള്‍ എന്നെ തന്നെ നോക്കുന്നതുപോലെ… തീ കൊണ്ട് ഹൃദയത്തില്‍ തൊടുന്നതുപോലെ ആ നോട്ടം ചുഴിഞ്ഞിറങ്ങി... എനിക്കൊപ്പം ഒരു നിഴല്‍ ചുറ്റിത്തിരിയുന്നു

വീട്ടിനുള്ളില്‍ കഴിയുന്നത്‌ അസഹ്യമായപ്പോഴാണ് പുറത്തേക്കിറങ്ങാന്‍ കാറിന്റെ കീഎടുക്കാനായി മേശവലിപ്പ് തുറന്നത്. വിമലമ്മയുടെ കയ്പ്ട കണ്ടു…..വായിക്കാതെ മേശവലിപ്പിലെക്കിട്ട ആ ഒറ്റവരി കത്ത് !

വിമലമ്മയുടെ ഒരു വാക്കുപോലും എന്നെ തേടി വരാതെ എത്ര വര്‍ഷങ്ങള്‍ ഊര്‍ജ്ജവും സ്വപ്നങ്ങളും വാക്കുകളുടെയും വര്‍ണ്ണങ്ങളുടെയും മാത്രം കടലിലേക്ക് ഒഴുക്കിവിട്ടു ഞാന്‍ ജീവിച്ചു തീര്‍ത്ത ഈ കാലമത്രയും അവരുടെ ഓര്‍മ്മയില്‍ ഞാനുണ്ടായിരുന്നോഎന്റെ ശ്വാസവേഗങ്ങള്‍ കൂടി.

ഇല്ല ....എന്നെ കാണാതെ ആ ജീവന്‍ ഈ ഭൂമി വിട്ടുപോകില്ല...

കോളിംഗ് ബെല്‍ ഒച്ചകേട്ട് അയാൾ ഓര്‍മ്മകളിൽ നിന്നും തിരിച്ചിറങ്ങി.

"സര്‍ ടാക്സി വന്നിട്ടുണ്ട്… ഫ്ലൈറ്റ് സമയം ആകുന്നു… വേഗം പോണം.."
ജോലിക്കാരന്‍ പയ്യൻ ഓര്‍മ്മിപ്പിച്ചു.

 "ഉം..ഇതാ വരുന്നു.."

ബാഗെടുത്തു മേശപ്പുറത്തിരുന്ന കത്തെടുക്കാനായി കൈ നീട്ടി.ഏതോ സ്ഥലത്ത് നിന്നും വീശിയെത്തിയപോലെ ജനലയ്കുള്ളിലേക്ക് അടിച്ചു കയറിയ കാറ്റില്‍ അയാളുടെ കണ്ണിൽ എന്തോ വീണു. ഒരു നിമിഷം കാഴ്ച മറഞ്ഞു. കൈതട്ടി മേശപ്പുറത്തിരുന്ന ജഗ്ഗും വെള്ളവും താഴെ വീണു ചിതറി…കത്തിലെ അക്ഷരങ്ങള്‍ക്ക് മീതെ വീണ ജലം അവയെ മായ്ച്ചു കൊണ്ട് പ്രാണന്‍ വേര്‍പെട്ട നീല രക്തതുള്ളികളായ് ഒഴുകി നിലത്തേക്ക് ഇറ്റിറ്റ് വീണു.  അടക്കിപ്പിടിച്ച ഒരു മരണ നിശ്വാസം അയാളുടെ അരികിൽ നിന്നും പുറത്തേക്കു പോയി. ഏതു അഴുക്കു ചാലിൽ വീണു കിടന്നപ്പോഴും ഏതു നന്മയില്‍ ദീപനാളം പോലെ ജ്വലിച്ചു നിന്നപ്പോഴും അയാളെ  തഴുകി   തലോടിയിരുന്ന ദൈവത്തിന്‍റെ കണ്ണുകളും ഒരു നിമിഷം ചിമ്മി അടഞ്ഞു. ജനാലയ്ക്കപ്പുറം തെളിഞ്ഞ ആകാശത്ത് കറുത്ത മേഘങ്ങൾ പുകച്ചുരുളുകളായി പടര്‍ന്നു ....

(ിത്രം: കപ്പാട്  - ജു ജലാഫ്)