Pages

Saturday, April 14, 2012

സ്വപ്നത്തിന്‍റെ വിരല്‍ത്തുമ്പ്

'സ്വപ്നം നനയ്ക്കുന്ന കണ്ണുകള്‍ '

തെല്ലൊരമ്പരപ്പോടെയാണ് തപനെ നോക്കിയത്. ഒരിക്കല്‍ പോലും സ്വാന്തന്ത്ര്യം കാട്ടാത്ത ഒരാള്‍ ... ഒരാഴ്ചയായി ഈ പരിശീലന ക്യാംപില്‍ ..

ഹഹഹ ..എന്താപ്പോ ഒരു സാഹിത്യം? അതും പോകാന്‍ നേരം ?

പെട്ടെന്ന് മുഖം കുനിച്ച് മേശപ്പുറത്ത ചിതറി കിടന്ന ചാര്‍ട്ടുകള്‍ ചുരുട്ടി എടുത്തു നടന്നു പോകുമ്പോള്‍ അയാള്‍ വിളിച്ചു പറഞ്ഞു,

‘ഹേയ്, വെറുതെ പറഞ്ഞതല്ല...’

പഴയ നാലുകെട്ടിന്റെ മാതൃകയിലുള്ള ട്രെയിനിംഗ് സെന്ററിന്റെ മുറ്റത്ത്‌ വെള്ളരി പന്തലിലെ നിറയെ വെളുത്ത പൂക്കളെ നോക്കിയിരിക്കുമ്പോഴും ഞാന്‍ അയാളെ പറ്റി ഓര്‍ക്കുകയായിരുന്നു ..അല്പസമയത്തിനുള്ളില്‍ യാത്രയ്ക്കുള്ള വേഷവുമായി ഗായത്രി വന്നു ചോദിച്ചു ...

നീ ഇവിടെ ഇരിക്കയാണോ യാമിനി? ഓ, ഇന്നത്തെ സ്വപ്‌നങ്ങൾ ആകാശ വെള്ളരികള്‍ ആയിരിക്കുമല്ലേ? വന്നേ, എല്ലാരും യാത്രപറയാന്‍ കാത്തു നില്ക്കുന്നു. എവിടെ നിന്റെ ടീം ലീഡര്‍ ?

അയാള്‍ പോയി.

പോയോ? എന്തൊരു സാധനം? ഇത്രയും നാള്‍ ഒന്നിച്ചു വര്‍ക്ക് ചെയ്തിട്ട് ഒരു വാക്കുപോലും പറയാതെ പോയോ?

ഉം... ഞാന്‍  അലസമായി മൂളി.

അയാള്‍ പോട്ടെ, നീ നടക്ക്.. എന്റെ ട്രെയിനിന്റെ സമയം ആയി ..

വേഗം പായ്ക്ക് ചെയ്തു ഗായത്രി തയ്യാറായി. എവിടെയോ നഷ്ടപ്പെട്ട മനസ്സുമായി ഇരിക്കുന്ന എന്നെ നോക്കി അവളും അല്പ നേരം നിന്നു.

നോക്ക്.. നീ ഇവിടെ തനിച്ച് ... എന്റെ കൂടെ പോരൂ. നാളെ നമുക്ക് രണ്ടാള്‍ക്കും കൂടി ഓഫീസിലേയ്ക്ക് പോകാം .. ഗോപന്‍ ഇപ്പോള്‍ തന്നെ അഞ്ച് തവണയായി വിളിക്കുന്നു ... ഇറങ്ങിയില്ലേ എന്ന് ചോദിച്ചു...

ഹേയ് ...നീ പൊയ്ക്കോളൂ.. എനിക്കിതൊക്കെ ശീലമല്ലേടാ.. ?

 ഗായത്രിയെ യാത്രയാക്കി മുറിയുടെ വാതിലടച്ചു കട്ടിലില്‍ കയറി കിടന്നു. പിന്നെ കൈയെത്തി മൊബൈല്‍ ഫോൺ എടുത്തു. വെറുതെ പേരുകള്‍ സ്ക്രോള്‍ ചെയ്തു... ആരെയും വിളിക്കാന്‍ തോന്നിയില്ല. ഫോണ്‍ തിരികെ വെയ്ക്കാന്‍ തുടങ്ങിയപ്പോള്‍ മെസ്സേജ് വന്നതിന്റെ വെളിച്ചം മിന്നിമറഞ്ഞു. ഗായത്രി ഇത്രവേഗം ട്രെയിനില്‍ കയറിയോ.?  മെസ്സേജ് തുറന്നു..

If u feel to talk....Pls ..

പരിചയം ഇല്ലാത്ത നമ്പര്‍ .. എങ്കിലും എനിക്കുറപ്പായിരുന്നു .അതയാൾ തന്നെയാവും... ഹും, എന്തൊരു ഈഗോ ഉള്ള മനുഷ്യന്‍!

കഴിഞ്ഞ ശനിയാഴ്ച നാട്ടിലെയ്ക്കുപോകാന്‍ ഉച്ചയ്ക്ക് ഓഫിസില്‍ നിന്നും ഇറങ്ങി. തലേ ദിവസം പാക്ക്‌ ചെയ്യാഞ്ഞതിനാല്‍ ഹോസ്റ്റലില്‍ നിന്നിറങ്ങുമ്പോഴേ നേരം വൈകി. തിരക്ക് പിടിച്ച് റെയില്‍വേ സ്റ്റെഷനിലേക്ക് നടക്കുമ്പോഴാണ് ഗായത്രിയുടെ ഫോണ്‍ വന്നത്..

‘ഹഹഹ ..നീലക്കുറിഞ്ഞി പൂത്തുലഞ്ഞ മലനിരകളുടെ താഴ്വാരങ്ങളിലേയ്ക്ക് നമ്മള്‍ ഒന്നിച്ചു പറക്കാന്‍ പോകുന്നു..’

‘നിന്റെ ഒടുക്കത്തെ ഒരു സാഹിത്യം... എനിക്ക് ഇപ്പോൾ കേള്‍ക്കാന്‍ സമയം ഇല്ല ... രാത്രിയില്‍ വിളിക്കാം.. അപ്പോള്‍ നിന്റെ തലയും തണുത്തിട്ടുണ്ടാവും.’

‘ശ്ശോ.. ഉള്ള മൂഡ്‌ കളഞ്ഞു. അതേ നീ ട്രെയിനില്‍ കയറണ്ട ..ഞാന്‍ പ്ലാട്ഫോമില്‍ ഉണ്ട്.’.

സ്റ്റേഷന്റെ വാതില്‍ക്കല്‍ തന്നെ ഗായത്രി നില്ക്കുന്നു.

‘നീ വീട്ടില്‍ പോകുന്നില്ലേ? ഇതെന്താ കയ്യും വീശി?’

ഈ ആഴ്ച വീട്ടില്‍ പോക്ക് നടക്കില്ല. നമുക്ക് രണ്ടാള്‍ക്കും മൂന്നാറില്‍ ഒരാഴ്ചത്തെ ട്രെയിനിംഗ്. ഉച്ചയ്ക്ക് ഫാക്സ് വന്നു. കഴിഞ്ഞതവണ മുങ്ങിയത് കാരണം എം.ഡി.നല്ല സ്നേഹത്തോടെ വിളിച്ചു പറഞ്ഞു, രണ്ടാളെയും ഇന്ന് തന്നെ റിലീവ് ചെയ്തേക്കാന്‍. നാളെ രാവിലെ 10 മണിക്കു ആലുവായില്‍ എത്തണം. റെയില്‍വേ സ്റ്റേഷനില്‍ നമുക്ക് പോകാനുള്ള വണ്ടി ഉണ്ടാകും. ഇതാ നോക്ക്..

അവള്‍ ഓര്‍ഡര്‍ എന്റെ നേര്‍ക്ക് നീട്ടി. യാന്ത്രികമായി അത് വാങ്ങുമ്പോള്‍ അവള്‍ കളിയാക്കാന്‍ തുടങ്ങി...

അല്ലെങ്കിലും ഇപ്പോള്‍ നമ്മള്‍ രണ്ടാളും അങ്ങോട്ട്‌ ഓടിച്ചെന്നിട്ടെന്താ കാര്യം? ഗോപന്‍ ഡല്ഹിയില്‍ നിന്നും അടുത്താഴ്ചയേ വരൂ. നിന്റെ ശ്രീമാന്‍ അമേരിക്കയുടെ തകര്‍ച്ച ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥിതിയെ എങ്ങനെ ബാധിക്കുന്നു എന്ന് ഉറക്കെ ചിന്തിച്ചു നടക്കുന്നുണ്ടാവും. വെറുതെ ഉറക്കം കളഞ്ഞു നീ കഴിഞ്ഞ തിങ്കളാഴ്ച വെളുപ്പിനെ ഉണ്ടാക്കിയതൊക്കെ ഇനി അടുത്താഴ്ച ചെന്നു എടുത്തു കളഞ്ഞാല്‍ പോരേ?

‘മതി... വാ ഹോസ്റ്റലില്‍ പോകാം...’

സ്റ്റേഷനില്‍ നിന്നും പുറത്തേയ്ക്കു നടക്കുന്നതിനടിയില്‍ പലതവണ നന്ദനെ വിളിച്ചു. എപ്പോഴും നമ്പര്‍ ബിസി. പിന്നെ ഒരു മെസ്സേജ് അയച്ചു. അല്ലെങ്കിലും താന്‍ എത്തുന്നതും കാത്ത് സ്റ്റേഷനില്‍ വരാറില്ല. പരാതിയുടെയും തര്‍ക്കങ്ങളുടെയുമൊക്കെ വര്‍ഷങ്ങള്‍ കൊഴിഞ്ഞു വീണപ്പോള്‍ സ്വന്തം വീട്ടില്‍ എപ്പോഴെങ്കിലും തമ്മില്‍ കാണുന്ന രണ്ടു അതിഥികളെപ്പോലെയായി ഞങ്ങൾ.

“ആകെ അല്‍പ്പനേരം മാത്രം എന്റെിയാത്ര തീരുവാന്‍. എന്നാല്‍ പിന്നെ അത് സാവധാനം കാഴ്ച്ചയൊക്കെ കണ്ടുരസിച്ചു സന്തോഷത്തോടെ അങ്ങ് നടന്നു തീര്ത്താല്‍  പോരേ” എന്ന ഗായത്രിയുടെ ജീവിത ഫിലോസഫി ഞാന്‍ വെറുതെ ഓർത്തുപോയി..

അവള്‍ക്ക് ഒന്നിനെക്കുറിച്ചും വേവലാതിയില്ല. ഏതു പ്രശ്നത്തിനും ഒരു വഴിയുണ്ടാവും എന്ന കാഴ്ച്ചപ്പാടാണ്. ഒരുതരത്തില്‍ അത് നല്ലതാണ്. തിരക്കിട്ടു ആധിയോടെ ജീവിച്ചാല്‍ ദിവസങ്ങൾ വേഗം തീര്‍ന്നു കിട്ടുമെന്നല്ലാതെ ജീവിക്കാന്‍ കഴിയില്ലല്ലോ. എന്തായാലും ഈ ഒറ്റപ്പെടലില്‍ നിന്നും തല്ക്കാലത്തേക്കുള്ള ഒരു രക്ഷപെടല്‍ ആവും ഈ യാത്ര എന്നോര്‍ത്തപ്പോള്‍ മനസ്സല്പം ശാന്തമായി.

കമ്പനിയുടെ ഇന്ത്യയിലുള്ള പല സ്ഥലത്തെ ഓഫീസുകളില്‍ നിന്നും വന്ന 20 പേര്‍ക്കുളള പരിശീലന പരിപാടിയാണ്. ചിലരെയൊക്കെ മുഖപരിചയമേ ഉള്ളു. അപരിചിതത്വത്തിന്റെ മുഖംമൂടിയണിഞ്ഞു മസ്സില്‍ പിടിച്ചിരിക്കുന്നവരെ ഒന്ന് നോക്കി ഗായത്രി പറഞ്ഞു

‘ഇത് CP* മാരുടെ വട്ടമേശ സമ്മേളനം ആയിരിക്കും.’

ഞാന്‍ ചിരിക്കാതിരിക്കാന്‍ ഗിഫ്റ്റ്‌ ബാഗിലെ ട്രെയിനിംഗ് നോട്സിന്റെ ഒപ്പമുള്ള ലിസ്റ്റ് എടുത്തു നോക്കി. ഒന്നാമത്തെ പേര് തപന്‍, കൊല്ക്കൊത്ത ഓഫിസ്‌.

ആദ്യ ദിവസം സെല്‍ഫ് അനാലിസിസ്‌ ആയിരുന്നു. ഈഗോ ഗ്രാം വരച്ചുകഴിഞ്ഞപ്പോള്‍ ആകെയുള്ള 19 പേരില്‍ 15 ഉം CP ( critical parents). അപ്പോഴാണ്‌ അയാള്‍ കയറി വന്നത്... ആരെയും നോക്കാതെ ഏറ്റവും പിറകിലുള്ള ചെയറില്‍ പോയിരുന്നു.

‘പ്രസിഡന്‍റ് ഇപ്പോഴാ വന്നത്.’

ഗായത്രി പതുക്കെ പറഞ്ഞു. ഞാന്‍ ചോദ്യഭാവത്തില്‍ അവളെ നോക്കി..

‘CP അസോസിയഷന്‍..’

ഹഹഹ.. ഞാന്‍ അറിയാതെ ചിരിച്ചുപോയി..

ആദ്യദിവസം കഴിഞ്ഞതോടെ എല്ലാവരുടെയും അപരിചിതത്വമൊക്കെ മാറി. പുഞ്ചിരിയും കുശലങ്ങളും തമാശയുമൊക്കെ ആയി എല്ലാവരും ഇടപഴകി. അപ്പോഴും ചുണ്ടത്ത് ഒട്ടിച്ചുവെച്ച ഒരു ചിരിയുമായി അയാള്‍ ബഹളങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി. ഇടയ്ക്കിടെ ഗായത്രി പറയും,

ആ കല്‍ക്കത്തക്കാരന്റെ രണ്ടു കണ്ണും നിന്‍റെ മേലുണ്ട്.. ഹഹഹ.. നിന്‍റെ ജീവിതാഭിലാഷമല്ലേ കല്ക്കത്ത നഗരത്തില്‍ അലഞ്ഞു നടക്കണമെന്ന്. എന്താ വണ്ടി വിടുന്നോ? കൂട്ടിനൊരു ആളുണ്ടാവും..

ഫോണില്‍ പിന്നെയും സന്ദേശം വന്നതിന്‍റെ വെളിച്ചം തെളിഞ്ഞു.. അതില്‍ വാക്കുകള്‍ ഒന്നുമില്ലായിരുന്നു... അയാളോട് എന്തെങ്കിലും സംസാരിക്കണം എന്ന് തോന്നി. പക്ഷെ എന്തുപറയാന്‍? അസ്വസ്ഥതയുടെ നിഴലുകള്‍ മനസ്സില്‍ നിറയാന്‍ തുടങ്ങി... ചിന്തകള്‍ അവക്കിഷ്ടമുള്ള വഴിയെ നടന്നു.

വാതിലിലെ മുട്ട് കേട്ടാണ് ചിന്തയില്‍ നിന്നും ഉണര്‍ന്നത്. വാതില്‍ക്കല്‍ നിറഞ്ഞ ചിരിയുമായി കെയര്‍ടേക്കർ മരിയ.

ഫുഡ്‌ റെഡിയായി മാഡം.. തപന്‍ സര്‍ മടങ്ങി വന്നിട്ടുണ്ട് ... ഫ്ലൈറ്റ് ക്യാൻസൽ ആയത്രെ.

ഡൈനിങ്ങ്‌ ഹാളിലേയ്ക്ക് നടക്കുമ്പോള്‍ മനസ്സില്‍ കുഴിച്ചു മൂടിയ അസ്വസ്ഥത പിന്നെയും തല നീട്ടി പുറത്തേയ്ക്ക് വരാന്‍ തുടങ്ങി.

ഹലോ.. .തളര്‍ന്ന ശബ്ദത്തിൽ തപൻ വിഷ് ചെയ്തു.

ഹായ്‌, ഇനി എപ്പോഴാ ഫ്ലൈറ്റ്?

എന്നെ പറഞ്ഞു വിടാന്‍ ഇത്ര ധൃതിയായോ? നാളെ രാവിലെ ... യാമിനിക്ക് എന്നോടു ഒന്നും സംസാരിക്കാനില്ലേ?

ഞാന്‍ അവിശ്വസനീയതയോടെ അയാളെ നോക്കി. പിന്നെ ആഹാരം കഴിക്കുന്നതില്‍ ശ്രദ്ധിച്ചു. ഭക്ഷണം കഴിഞ്ഞിറങ്ങുമ്പോള്‍ അയാൾ എനിക്കൊപ്പം നടന്നു. പുറത്തു ഇരുട്ടിനു കനം വെച്ചിരുന്നു. സൂര്യ റാന്തലിന്റെ വെളിച്ചം പാല്‍ നിലാവുപോലെ മുറ്റത്ത്‌ വീണു കിടന്നു.

‘എന്റെ സാമീപ്യം ഇയാള്‍ക്കൊരു അസ്വസ്ഥതയാവില്ലെങ്കില്‍ നമുക്കല്പനേരം പുറത്തിരിക്കാം.’

ബംഗാളിച്ചുവയുള്ള മലയാളം കേട്ട് ഞാന്‍ അറിയാതെ ചിരിച്ചുപോയി..

വെള്ളരി പന്തലിനു താഴെ വിരിച്ച ചരൽക്കല്ലുകളില്‍ ഞങ്ങള്‍ ഇരുന്നു. ആകാശത്ത് അങ്ങിങ്ങായി മിന്നുന്ന കുഞ്ഞു നക്ഷത്രങ്ങള്‍ .

‘ഉം..പറയൂ.. എന്താണ്?’

‘എന്റെ ഫ്ലൈറ്റ്‌ മിസ്സായതല്ല. പോകാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം.. നിങ്ങളുടെ സാമീപ്യം എനിക്കെന്തോ ഒരുതരം സമാധാനമോ ശാന്തിയോ നല്‍കുന്നു.'

‘പ്ലീസ്‌ തപന്‍, നമുക്ക് മറ്റെന്തെങ്കിലും വിഷയം സംസാരിക്കാം...’

പറയണം യാമിനി എനിക്ക്... ഇതിനെപറ്റി മാത്രമേ നിങ്ങളോട് സംസാരിക്കനുള്ളു. ഈ കഴിഞ്ഞ മുപ്പത്തഞ്ച് വര്‍ഷത്തിനിടയിൽ, എന്റെ സ്വപ്നങ്ങളില്‍ , വിഭ്രാന്തികളില്‍ഒക്കെ എന്നെ സാന്ത്വനിപ്പിച്ചിരുന്ന ഈ രണ്ടു കണ്ണുകള്‍ ... അച്ഛന്റെ ചിത്രങ്ങളില്‍ മാത്രം ജീവന്‍ തുടിച്ചവ...

അച്ഛന്‍?

ജീവിച്ചിരുപ്പില്ല... കടുത്ത നിറക്കൂട്ടുകളുടെ കുറെ ചിത്രങ്ങള്‍ ബാക്കിവെച്ചു അച്ഛൻ ഭ്രാന്തിന്റെ‍ ലോകം സ്വയം അവസാനിപ്പിക്കുമ്പോഴേക്കും ഞാന്‍ മുതിര്‍ന്നിരുന്നു.

അമ്മയോ?

ഭ്രാന്തമായ സ്നേഹത്തിന്റെ മുറിവുകള്‍ സഹിക്കാനാവാതെ അമ്മ മരണത്തിലേക്ക് അച്ഛനു മുന്‍പേ നടന്നു പോയി.

അവര്‍ പ്രണയിച്ചു വിവാഹം കഴിച്ചതാണോ?

എങ്ങനെ മനസ്സിലായി? ഓഹ്... പ്രണയത്തിന്റെ ബാക്കിപത്രം പലപ്പോഴും പീഡനങ്ങളും മുറിവുകളും മാത്രമാണല്ലേ?

വരണ്ട ചിരിക്കുശേഷം അയാള്‍ തുടര്‍ന്നു ....

അതെ, കല്ക്കത്തയിലെ ഒരു ചിത്രകലാ ക്യാംപിൽ വെച്ചുള്ള പരിചയം. സ്നേഹിച്ചു സ്നേഹിച്ചു കൊന്നതാണ് നിന്റെ അമ്മയെ എന്ന് അച്ഛമ്മ എപ്പോഴും പറയാറുണ്ട്‌.

അച്ഛനും എനിക്കുമിടയിലെ ഒരു വാതിലായിരുന്നു അമ്മ. മുലയൂട്ടുന്ന അമ്മയെ പലപ്പോഴും അച്ഛന്റെ ചിത്രശാലയിലേക്ക് ഭ്രാന്തനെ പോലെ വലിച്ചിഴച്ചു കൊണ്ട് പോകുമായിരുന്നു. ചായം കോരിയൊഴിച്ച ശരീരവും കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി കുളിത്തൊട്ടിയില്‍ കിടന്നു പുലരുവോളം അമ്മ കരയുന്നത് നിസ്സഹായയായി അച്ഛമ്മ നോക്കിയിരിക്കും...

വീട്ടില്‍ വേറെ ആരുമില്ലേ? ബന്ധുക്കള്‍ ?

അച്ഛമ്മയും ജോലിക്കാരും മാത്രം. അച്ഛനു വളർത്തമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്മയുടെ ബന്ധുക്കളെ എനിക്കറിയില്ല. കണ്ടുപിടിക്കാന്‍ ശ്രമിച്ചിട്ടില്ല.. പ്രണയത്തിന്റെ നിറങ്ങളും ഭ്രാന്തിന്റെ കഥകളും അവരെ കേൾപ്പിക്കുന്നതെന്തിന്?

‘തപന്‍ കുറച്ചു വിശ്രമിക്കു... ഒന്നുറങ്ങിയാല്‍ മനസ്സ് ശെരിയാകും...’

‘ഉം... ഇവിടെ വന്നതിനു ശേഷം മാത്രമല്ല, കഴിഞ്ഞ ഒരു വര്‍ഷമായി ഞാൻ ശെരിക്കുറങ്ങിയിട്ട് ... ഈ കണ്ണുകള്‍ ആദ്യം കണ്ട ദിവസം മുതല്‍ എനിക്കുറങ്ങാന്‍ കഴിഞ്ഞിട്ടില്ല .. നിങ്ങളെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിൽ പലപ്പോഴും കണ്ടു. നിങ്ങളെപ്പറ്റി എനിക്കെല്ലാം അറിയാം’.

‘എങ്ങനെ, എവിടെവെച്ച്? എന്നെപ്പറ്റി എന്തറിയാന്‍?’

നിങ്ങളുടെ ഓഫീസില്‍ വെച്ച്. പ്രൊജക്റ്റ്‌ മാനേജർ രാജീവ് എന്റെ് ഒരേയൊരു സുഹൃത്താണ്. അവന്‍ കല്ക്കത്തയിൽ നിന്നും ട്രാന്‍സ്ഫറായി വീണ്ടും നിങ്ങളുടെ ഒഫീസില്‍ ജോയിന്‍ ചെയ്യാൻ വന്നപ്പോൾ ഞാനും വന്നിരുന്നു. എന്റെ അഛമ്മയുടെ നാടു കാണാൻ മാത്രം...

അച്ഛൻ എപ്പോഴും ചുരുട്ടിപ്പിടിച്ചിരുന്ന ചിത്രത്തിലെ കണ്ണുകള്‍ അന്നാണ് ആദ്യമായി ജീവനോടെ നിങ്ങളിൽ കണ്ടത്...പിന്നെ പലപ്പോഴും വന്നു ..ഇപ്പോള്‍ ഈ പരിശീലനത്തിനും നിങ്ങളുടെ പേരുള്ളത് കൊണ്ട് മാത്രം വന്നതാണ് ...

രാജീവോ? എന്റെ കളിക്കൂട്ടുകാരനും നന്ദന്റെ കസിനുമാണ്. പക്ഷെ അവന്‍ നിങ്ങളെപ്പറ്റി ഒന്നും പറഞ്ഞുകേട്ടില്ലല്ലോ...?

ഞാന്‍ പറഞ്ഞിരുന്നു എന്നെ നിങ്ങൾക്ക് പരിചയപ്പെടുത്തണ്ട എന്ന്. ഈ കണ്ണുകള്‍ അന്നുമുതലേ എന്റെ ഹൃദയത്തിൽ കൊത്തി വലിക്കാൻ തുടങ്ങി. നിങ്ങളെപ്പറ്റി കൂടുതല്‍ അറിയണമെന്ന് തോന്നി..

എനിക്ക് രാജീവിനോടു വല്ലാത്ത ഈർഷ്യ തോന്നി. അവന്‍ എന്തിനാണ് എന്റെ ജീവിതം ഇയാള്‍ക്ക് മുന്നില്‍ തുറന്നു വെച്ചത്. മനസ്സില്‍ തിളച്ചുപൊന്തുന്ന ദേഷ്യം മറച്ചു ഞാന്‍ പറഞ്ഞു ..

‘നേരം ഒരുപാടു വൈകി തപന്‍. അതിരാവിലെയാണ് എന്റെ ട്രെയിൻ ... അല്പം ഉറങ്ങണം..’

ഞാന്‍ മുറിയിലേക്ക് പോകാനായി എഴുന്നേറ്റു.. തപന്‍ എന്നെ തന്നെ നോക്കി നില്ക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് അയാള്‍ ചോദിച്ചു...

എന്തിനാണ് നിങ്ങള്‍ ഒരാളിന്റെ തിരക്കെന്ന മറ്റൊരു ഭ്രാന്തില്‍ ജീവിക്കുന്നത്? പത്ത് ദിവസം ഇവിടെ കഴിഞ്ഞപ്പോൾ എല്ലാവരും വീടുകളിലേക്ക് ഓടിപ്പോയി... പക്ഷെ നിങ്ങള്‍ മാത്രം ഇവിടെ... കാത്തിരിക്കാന്‍ അവിടെ ആരുമില്ലെന്ന് എനിക്കറിയാം.

ഞാന്‍ നനഞ്ഞ ഒരു ചിരിയിൽ മുഖം തുടച്ചു തിരിഞ്ഞു നടന്നു. ചവിട്ടുപടികള്‍ കയറി വരാന്തയിലേക്ക് കാലെടുത്ത് വെയ്ക്കുമ്പോഴേക്കും തപന്‍ എന്റെ മുന്നിൽ വന്നു നിന്നു... പിന്നെ ശാന്തമായി ചോദിച്ചു..

വരുന്നോ എന്റ കൂടെ? എന്റെ അമ്മയായി? സ്വപ്നം നനയ്കുന്ന ഈ കണ്ണുകളും അതിലെ സ്നേഹവും എന്റെ വിഭ്രാന്തികള്‍ ഇല്ലാതാക്കും...

ഞാന്‍ അയാളെ സൂക്ഷിച്ചു നോക്കി. അകലെപ്പോയ അമ്മ വന്നെത്തുമ്പോള്‍ വിതുമ്പുന്ന ചുണ്ടുമായി ഓടി വരുന്ന എന്റെ സ്വപ്നത്തിലെ കുഞ്ഞിന്റെ മുഖമായിരുന്നു അപ്പോള്‍ അയാള്‍ക്ക് ‌.

അലസമായി കിടന്ന അയാളുടെ മുടിച്ചുരുളുകള്‍ ഒതുക്കി വെച്ച് ഞാന്‍ പറഞ്ഞു...

ഇല്ല തപന്‍... ഈ ഭ്രാന്തുകളില്‍ നിന്നും നിനക്കോ എനിക്കോ മോചനമില്ല. എന്റെറ വഴി എന്നെയും കാത്തു കിടപ്പുണ്ട്... കടുത്ത നിറക്കൂട്ടുകളില്ലാത്ത സ്വപ്നങ്ങളുടെ വിരല്‍ത്തുമ്പു പിടിച്ച് അതിലൂടെ ജീവിതം നടന്നു തീര്‍ക്കാനാണ് എനിക്കിഷ്ടം. നീ പോകാനൊരുങ്ങു...

ശുഭ രാത്രി!

----------------------------------------------------------------------------------------
CP*....Critical Parent
മനുഷ്യരുടെ ഒരു ഈഗോ സ്റ്റേറ്റ് ആണിത്. എന്തിനേയും ഏതിനേയും വിമര്‍ശിക്കുന്ന, ഞാനാണ്‌ ശരി എന്ന് വിശ്വസിക്കുന്ന , കര്‍ക്കശ സ്വഭാവമുള്ളവരെയാണ് Critical Parent എന്ന് പറയുന്നത്.

(Pic courtsey: Google)