Pages

Wednesday, August 3, 2011

കടത്തുതോണിരാവേറെയായ്‌ ദൂരെതെളിയുമാ
ചെറുതിരിയും കണ്ണടച്ചുറക്കമായ്‌
തോരണം ചാര്‍ത്തിയൊരുക്കിയ
മേല്‍പാലത്തിലെ  താലമേന്തിയ-  
വഴിവിളക്കിന്‍റെ ചോട്ടിലിപ്പൊഴും
ആഘോഷത്തിന്നാരവം മുഴങ്ങുന്നു  
ചടുലമാകുന്നു  നൃത്തച്ചുവടുകൾ
ലഹരിമണക്കുന്നു കാറ്റിലും   

എന്തൊരാഹ്ലാദമായിരുന്നന്നു ഗ്രാമത്തില്‍
നീരഹാരമണിയിച്ചു ചന്ദനം ചാര്‍ത്തി
നെയ്പായസംകുടിച്ചു, ആര്‍പ്പുവിളിയു-   
മായെന്നെ നീറ്റിലിറക്കിയൊരാ പ്രഭാതത്തിൽ    
ഒഴുകിമറയുന്ന ഓളങ്ങള്‍പോലായിരം
ഓര്‍മ്മകള്‍ ഓടിമറയുന്നു നിശ്ശബ്ദമായ്

ചേമ്പിലക്കുടചൂടി ബാല്യങ്ങള്‍
ചേറില്‍ തിമര്‍ത്തതും, ചോരപൊടിഞ്ഞ
കൈത്തണ്ടില്‍ പച്ചിലച്ചാറുപിഴിഞ്ഞതും
കരിമഷിപടര്‍ന്ന കണ്ണുകള്‍
തുടച്ചിരുവരും പൊട്ടിച്ചിരിച്ചതും
എത്ര കണ്ടു രസിച്ചിരുന്നു ഞാന്‍

ഉച്ചവെയിലിന്‍ ചൂടറിയാതെ
തമ്മില്‍ നോക്കിയിരുന്നവര്‍
എത്ര വേഗം വളര്‍ന്നുപിന്നെ
ഒറ്റയായവര്‍ വന്നുപോയതും
വിരല്‍ത്തുമ്പുകള്‍ ജലരേഖകള്‍ 
തീര്‍ത്തതും, തൊട്ടു പിണഞ്ഞതും

വാദ്യഘോഷങ്ങള്‍ അകമ്പടിയായ്
വരന്‍റെ ചാരത്തിരുന്നവള്‍ ചിരിച്ചതും  
ഒറ്റക്കിരുന്നീ കടവില്‍ കവിളത്തെ
കരിവാളിപ്പിന്‍ കഥ പറഞ്ഞതും
ഏറെക്കഴിയാതെ ഇരുവഴിയ്ക്കു
മൂകരായ്‌ പിരിഞ്ഞു പോയതും

പേറ്റ്നോവില്‍ പിടഞ്ഞപെണ്ണിന്
ഈറ്റില്ലമായി കണ്ണുപൂട്ടിയിരുന്നതും
ആരോകടിച്ചു കുടഞ്ഞെറിഞ്ഞവള്‍
നീന്തി നീന്തി കുഴഞ്ഞു താഴ്ന്നതും
നീട്ടിയകൈ പിടിക്കുവാനാവാതെ
നീറിപുകഞ്ഞു ഉറക്കമൊഴിച്ചതും

എങ്ങോമറഞ്ഞ മകനെയും കാത്ത്   
കടവത്തു കാലംകഴിച്ചൊരമ്മ   
പിന്നെ കാലമെത്താതെ മരിച്ചതും    
കാവലിരുന്ന കുറിഞ്ഞി കരഞ്ഞതും
കനലായെരിയുന്നു ഓര്‍മ്മയിലിപ്പോഴും

കടവ് പൂട്ടി മുദ്ര വെച്ചിന്നലെ
കരയ്ക്ക് കയറ്റി ഇരുത്തിയെന്നെയും
ഇനിയില്ല യാത്രകള്‍, ഇനിയില്ല
നക്ഷത്ര രാവിന്‍റെ ഭംഗികള്‍, ഇനിയില്ല  
കരള്‍നോവും കാഴചകള്‍, ഇനിയില്ല
നേര്‍ത്തു വറ്റുന്ന പുഴതന്‍ നിലവിളി

കാലം കടിഞ്ഞാണില്ലാതെ പായവെ
കാലിടറി വീഴുന്ന ജന്മമെന്നപോല്‍ 
കായലോരത്തതാ ഒറ്റയ്ക്കിരിക്കുന്നു   
കാല്‍നൂറ്റാണ്ട്കാലത്തെ സഹയാത്രികന്‍

38 comments:

ചെറുവാടി said...

"ഇനിയില്ല യാത്രകള്‍, ഇനിയില്ല
നക്ഷത്ര രാവിന്‍റെ ഭംഗികള്‍, ഇനിയില്ല
കരള്‍നോവും കാഴചകള്‍, ഇനിയില്ല
നേര്‍ത്തു വറ്റുന്ന പുഴതന്‍ നിലവിളി"

വരികള്‍ ലളിതം സുന്ദരം .
ഇഷ്ടപ്പെട്ടു

കുസുമം ആര്‍ പുന്നപ്ര said...

ഇനിയില്ല യാത്രകള്‍, ഇനിയില്ല
നക്ഷത്ര രാവിന്‍റെ ഭംഗികള്‍, ഇനിയില്ല
കരള്‍നോവും കാഴചകള്‍, ഇനിയില്ല
നേര്‍ത്തു വറ്റുന്ന പുഴതന്‍ നിലവിളി
കൊള്ളാം..നല്ല വരികള്‍..നല്ല കവിത
നല്ല പടം

keraladasanunni said...

ഇനിയില്ല യാത്രകള്‍, ഇനിയില്ല
നക്ഷത്ര രാവിന്‍റെ ഭംഗികള്‍, ഇനിയില്ല
കരള്‍നോവും കാഴചകള്‍, ഇനിയില്ല
നേര്‍ത്തു വറ്റുന്ന പുഴതന്‍ നിലവിളി


നിലവിളി മനസ്സില്‍ നിന്ന് ഉയരുന്നു. നല്ല വരികള്‍.

പ്രയാണ്‍ said...

കെട്ടിവരിയുന്ന ഓര്‍മ്മകള്‍ ....... നോവും നിനവും.

Pradeep paima said...

കാലം കടിഞ്ഞാണില്ലാതെ പായവെ
കാലിടറി വീഴുന്ന ജന്മമമെന്നപോല്‍

nalla kavitha

Kalavallabhan said...

ഒഴുകിമറയുന്ന ഓളങ്ങള്‍പോലായിരം
ഓര്‍മ്മകള്‍ ഓടിമറയുന്നു

SHANAVAS said...

അതീവ ഹൃദ്യമായ കവിത...ഒരു കടത്തു വള്ളത്തിന്റെ തേങ്ങല്‍ ചെറു വരികളിലൂടെ അതീവ സുന്ദരമായി അനുഭവവേദ്യം ആക്കിയ കവിയ്ക്ക് അഭിവാദ്യങ്ങള്‍..

the man to walk with said...

കവിത മനോഹരം ..
ഒഴുകി അകലുന്ന കാലവും ഓര്‍മകളും ഓളങ്ങളായി...
ആശംസകള്‍

snehitha said...

കാലം കടിഞ്ഞാണില്ലാതെ പായവെ
കാലിടറി വീഴുന്ന ജന്മമമെന്നപോല്‍
കായലോരത്തതാ ഒറ്റയ്ക്കിരിക്കുന്നു
കാല്‍നൂറ്റാണ്ട്കാലത്തെ സഹയാത്രികന്‍

മനോഹരം
ആശംസകള്‍

Echmukutty said...

കവിത അതി സുന്ദരം. നീട്ടിച്ചൊല്ലാവുന്ന നല്ല വരികൾ. അഭിനന്ദനങ്ങൾ.

നാമൂസ് said...

ഇനിയും മരിക്കാത്ത ഓര്‍മ്മകളില്‍ തുടിക്കുന്ന ജീവനുകള്‍.
കവിതക്കഭിനന്ദനം.

~ex-pravasini* said...

: )

വീ കെ said...

ഓർമ്മകൾ കവിതയാക്കിയത് നന്നായിരിക്കുന്നു.
ലളിതമായതു കൊണ്ട് മനസ്സിലാക്കാനും ബുദ്ധിമുട്ടില്ല.
ആശംസകൾ...

പാവപ്പെട്ടവന്‍ said...

കവിതയുടെ പേരും കവിതയുമായി ഒരു നൂൽബന്ധംപോലും ഇല്ല.ധനലക്ഷ്മി നല്ല കവിതകൾ എഴുതിയിരുന്ന ആളാണ്. സമയകുറവായിരിക്കും!

ധനലക്ഷ്മി പി. വി. said...

പാവപ്പെട്ടവന് സമയക്കുറവു കൊണ്ട് കവിത മുഴുവനും വായിക്കാന്‍ പറ്റിയില്ലയിരിക്കാം.അതു കൊണ്ടാവാം കവിതയുടെ പേരും കവിതയുമായുള്ള ബന്ധം മനസ്സിലാക്കാന്‍ കഴിയാതെ പോയത്!!!

ധനലക്ഷ്മി പി. വി. said...

ഇതുവഴി വന്നു അഭിപ്രായം പറഞ്ഞ എല്ലാ സുഹൃത്തുക്കള്‍ക്കും സ്നേഹവും നന്ദിയും അറിയിക്കുന്നു ..എല്ലാ നല്ല വാക്കുകള്‍ക്കും സന്തോഷം..

keralafarmer said...

തുടച്ചിരുവരും പൊട്ടിച്ചരിച്ചതും
തുടിച്ചിരുവരും പൊട്ടിച്ചിരിച്ചതും (എന്ന് അല്ലെ?)

വിപിൻ. എസ്സ് said...

nannayirikkunnu.. lalitham manoharam..

ശ്രീജിത് കൊണ്ടോട്ടി. said...

കവിത നന്നായിട്ടുണ്ട്..

^^ ^^ വേനൽപക്ഷി ^^ ^^ said...

ഒരു കടത്തുതോണി പോലെ ചാഞ്ഞും ചെരിഞ്ഞും ആദ്യം മുതൽ അവസാനം വരെ....മനോഹരമായി ഒഴുകുന്ന കവിത..

രഞ്ജിത്ത് കലിംഗപുരം said...

പാവപ്പെട്ടവനിൽ നിന്നും ഇത്തരമൊരഭിപ്രായം...
മോശമായിപ്പോയി...

മനോഹരമായ കവിത...

എത്ര വേഗം വളര്‍ന്നു, പിന്നെ
ഒറ്റയായവര്‍ വന്നുപോയതും
വിരല്‍ത്തുമ്പുകള്‍ ജലരേഖകള്‍
തീര്‍ത്തതും, തൊട്ടു പിണഞ്ഞതും

ഷാജു അത്താണിക്കല്‍ said...

കവിത മനോഹരമായി........... നന്നായിട്ടുണ്ട്.....

ധനലക്ഷ്മി പി. വി. said...

കേരള ഫാര്‍മര്‍ ,

ശരിയാണ് " പൊട്ടിച്ചിരിച്ചതും "എന്നുതന്നെയാണ്.അക്ഷരത്തെറ്റ് തിരുത്താം ..ചൂണ്ടി കാട്ടിയതില്‍ സന്തോഷം ..

Sapna Anu B.George said...

എങ്ങോമറഞ്ഞ മകനെയും കാത്ത്
കടവത്തു കാലംകഴിച്ചൊരമ്മ................ നന്നായിരിക്കുന്നു ധനലക്ഷ്മി

നികു കേച്ചേരി said...

നല്ല കവിത..
:)

SAJAN S said...

വളരെ നല്ല കവിത , ഇഷ്ടമായി

കലി (veejyots) said...

എങ്ങോമറഞ്ഞ മകനെയും കാത്ത്
കടവത്തു കാലംകഴിച്ചൊരമ്മ
പിന്നെ കാലമെത്താതെ മരിച്ചതും
കാവലിരുന്ന കുറിഞ്ഞി കരഞ്ഞതും
കനലായെരിയുന്നു ഓര്‍മ്മയിലിപ്പോഴും

manasil kanal kori idunna varikal... ashamsakal

Manoraj said...

കാലം കടിഞ്ഞാണില്ലാതെ പായവെ
കാലിടറി വീഴുന്ന ജന്മമമെന്നപോല്‍

നല്ല ഒരു കവിത. മനോഹരമായ എഴുത്ത്..

junaith said...

ലളിതമായ വാക്കുകളില്‍ ഒരു സുന്ദര കവിത...

Sabu M H said...

മനോഹരം!

ഒരു സംശയം -
നീന്തി നീന്തി കുഴഞ്ഞു താഴ്ന്നതും
നീട്ടിയകൈ പിടിക്കുവാനാവാതെ
നീറിപുകഞ്ഞു ഉറക്കമൊഴിച്ചതും

ഇവിടെ അമ്മ മരിച്ചു പോയില്ലേ?

എന്നാൽ അതിനു ശേഷം, കടവത്ത്‌ കാലം കഴിച്ചൊരമ്മ എന്നു പറയുന്നു..
എനിക്കത്‌ മനസ്സിലായില്ല..
ഞാൻ എന്തെങ്കിലും വിട്ടു പോയോ ?

ധനലക്ഷ്മി പി. വി. said...

സാബു, കടത്ത്‌ തോണിയുടെ ഓര്‍മ്മയില്‍ തെളിയുന്നത് ഓരോരോ പെണ്‍ ജീവിതങ്ങള്‍ ആണ് .

ചന്തു നായർ said...

വ്യത്യസ്ഥമായ ഒരു കാവ്യബിംബം...‘കടത്ത് തോണി’ തോനിപറഞ്ഞ തന്ന കഥകളാകട്ടേ..മൻസ്സിൽ തട്ടുന്നതും,ചിന്തിപ്പിക്കുന്നതും,ചിലപ്പോൾ രസിപ്പിക്കുന്നതും.... ഞാൻ ഈ വഴി ആദ്യമാണെന്ന് തോന്നുന്നൂ...നല്ലൊരു കവിത വായിച്ചതിന്റെസുഖം മനസ്സിനെ ഉന്മേഷവാനാക്കുന്നൂ... ഈ കവിതക്കും,കവിക്കും എന്റെ പ്രാണാമം.....

jayaraj said...

nalla kavitha. oru thoniyude kadha..

Anonymous said...

കടത്ത് തോണിയുടെ ദു:ഖം
നല്ല വിഷയം..നല്ല ഒബ്സെർവേഷൻ..എല്ലാ നന്മകളും നേരുന്നു

നിശാസുരഭി said...

നന്നായി ആസ്വദിച്ചു.
ആശംസകള്‍..

റ്റോംസ്‌ || thattakam .com said...

കാലം കടിഞ്ഞാണില്ലാതെ പായവെ
കാലിടറി വീഴുന്ന ജന്മമമെന്നപോല്‍

ജീ . ആര്‍ . കവിയൂര്‍ said...
This comment has been removed by the author.
ജീ . ആര്‍ . കവിയൂര്‍ said...

ബാല്യത്തിന്‍ മധുരനെല്ലി കഴിച്ചതിന്‍
മധുരമറിയുന്നു ഇന്ന് ജീവിത കടത്ത് കടക്കവേ
ഏതാ നല്ല നാളുകളായിരുന്നു കാടവ് കടന്നു
പോയല്ലോ തിരികെ അടുക്കാനാവാത്ത
വഞ്ചിയിലെ യാത്രക്കാരാം നമ്മള്‍
ഈ ഓര്‍മ്മകളാകുന്ന കവിതകളുടെ ധനലക്ഷ്മി
നല്ല ഗദകാല സ്മരണയുണര്‍ത്തിയത്തിനു നന്ദി

Post a Comment