Pages

Sunday, December 23, 2012

മരണമേ.....ഇത്തിരി .....



മരണമേ നീയെങ്കിലും ഇത്തിരി
കരുണ ഇവളോടു കാണിക്കുക  
ചോരവാര്‍ന്നു പിളര്‍ന്ന നെഞ്ചിലെ
പ്രാണന്റെ കണികയും ഊറ്റിയെടുക്കുക  
മതിമതിയിനി ആവതില്ലമിടിക്കുവാന-
വസാനശ്വാസത്തിനായ് പിടയുമാജീവനു

കാത്തു കാത്തിരുന്നമ്മതന്‍ കണ്ണില്‍
കാലം അരിച്ചെടുത്ത  ഓര്‍മ്മകള്‍
വെള്ളിക്കൊലുസ് കിലുക്കിയ ബാല്യവും
കണ്മഷി ഊറിച്ചിരിച്ച കൌമാരവും
പട്ടുപോല്‍  മൃദുലമാ പൂവുടല്‍
എത്രക്രൂരമായ്‌ കൊത്തിരസിച്ചവര്‍

വാതില്‍ തുറന്നെത്തിയ നിലവിളിയെന്‍ 
കാതില്‍ ചോര  കോരിയൊഴിക്കവേ
നിന്‍ഗര്‍ഭപാത്രം തുളച്ചിറക്കിയ ദന്ടെന്റെ
മിഴികള്‍ രണ്ടും തുരന്നിറങ്ങുന്നിതാ

മരണ വണ്ടിയിലിരിക്കയാണ് ഞാന്‍
ഹൃദയം നിലച്ചുപോകുന്ന മാത്രകള്‍
കേക്കുന്നുണ്ടകലെയായ് ഓടിയെത്തുന്ന
ഇനിയുംമരിക്കാത്ത നന്മതന്‍ കാഹളം

എറിഞ്ഞുവീഴ്ത്തണം പേപിടിച്ചനായ്ക്കളെ
ഏതു കാട്ടില്‍ പോയൊളിചിരുന്നാലും
ഇഴഞ്ഞു തീര്‍ക്കാന്‍ വിടുക വരിയുടച്ച
നരകജന്മങ്ങള്‍ തന്‍ ആയുസ്സൊടുങ്ങുംവരെ  

ഉണരട്ടെ മനസാക്ഷികള്‍,പഠിപ്പിക്ക മക്കളെ   
കാമാര്ത്തിയില്ലാതെ കാണുവാനുടലുകള്‍
ഓര്‍ക്കേണ്ട മകളായ് ,കൂടെപിറന്നവളായ്
മറക്കാതിരിക്കണം സഹജീവിയെന്നെങ്കിലും 

----------------------------------------------------------------------
(കാമവെറിയില്‍ നിസ്സഹായരായ് പിടഞ്ഞുവീണ 
എല്ലാ കുഞ്ഞുങ്ങളുടെയും ഓര്‍മ്മയ്ക്ക്‌ മുന്നില്‍ 
ഈ ലോകത്ത് ജീവിക്കേണ്ടി വന്നതത്തിന്റെ ആത്മനിന്ദയോടെ ....)     

Monday, December 17, 2012

വായനയ്ക്കെടുക്കാത്ത വാക്കുകള്‍


ഒറ്റമുറിയില്‍ ഇരുട്ടിന്‍റെ
പ്രാണന്‍ പകുത്തിടിവെട്ടി-
പ്പെരുമഴ പെയ്ത രാത്രിയില്‍
നീ കുറിച്ചിട്ടു പോയതാണാ-
പഴം ചുമരിലെ  തൂങ്ങുന്ന  
പൊട്ടിയ കണ്ണാടിയില്‍ ......

ഒട്ടിപ്പിടിയ്ക്കാതെ വിട്ടുകൊടുക്കാന്‍
പഠിയ്ക്കുന്നതാണെന്‍റെ  സ്നേഹം

മറവിയുടെ തീര്‍ഥാടനങ്ങളില്‍
മായാത്ത അടയാളങ്ങള്‍പോല്‍
മാര്‍ബിള്‍ പതിച്ച ചുമരിലെ
മുഖം ചിരിക്കാത്ത കണ്ണാടിയില്‍
ഹൃദയം കൊത്തിവലിച്ചു
തെളിയുമാ വാക്കുകളിപ്പോഴും

സ്വാര്‍ത്ഥമോഹം പുതച്ച
ആത്മദാഹം സ്നേഹ -
മെന്നുഞാന്‍  കലഹിയ്ക്കവെ ,
സ്നേഹത്തിന്നര്‍ത്ഥം വെറുതെ
തിരയാതിരിക്കെന്നു ചൊല്ലി
ചിരിച്ചു നീ മറഞ്ഞ രാത്രിയും

ഏഴു കടലും കരയും
വലംവെച്ചു ക്ഷീണിച്ചു
എരകപ്പുല്ലു തറച്ചൊരെന്‍
പാദങ്ങള്‍, പതിന്നാലു
ലോകങ്ങളും ചുറ്റി, നിന്നെ -
തിരഞ്ഞു ,പുകയുന്നു കണ്ണുകള്‍

കണ്ടതില്ലെവിടെയും വിട്ടു-
കൊടുക്കാന്‍ പഠിച്ച സ്നേഹത്തെ

നീതിത്തുലാസ്സിന്‍റെ തട്ടിലെ
വിധിപറയാനാവാത്ത
അന്യായക്കെട്ടു പോല്‍
മടക്കി വെയ്ക്കട്ടെ ഞാന്‍
നിന്‍റെ വാക്കുകള്‍ ,പുതുലോകം
വായനയ്ക്കെടുക്കാത്ത വാക്കുകള്‍