Pages

Monday, November 7, 2011

ഇറോം,നിന്നെ ഞങ്ങള്‍ മറക്കുകയാണ്


വിടർത്തിയിട്ട മുടിയിഴകള്‍-
ക്കിടയിലെ വിളറിയ മുഖത്ത്
ദൃഢനിഛയത്തിന്‍റെ തിളക്കം ,
കണ്ണീര്‍ നിറയാത്ത കണ്ണുകളില്‍
പ്രതീക്ഷയുടെ പ്രകാശനാളം
മൌനത്തിലുറഞ്ഞ വാക്കുകള്‍ക്ക്
തീക്കനലിന്‍റെ ചൂട്
ചോരവറ്റിയ കവിളില്‍
പ്രണയത്തിന്‍റെ തുടിപ്പ്
ഇവള്‍ ഇറോം ശര്‍മ്മിള
സന്ധിയില്ലാ സമരത്തിലെ
ഏകാകിയാം യോദ്ധാവ്
മനക്കരുത്തിന്റെ പര്യായം!

കാണാമറയത്ത്‌ കാവലായ്‌
കരളുരുകും അമ്മതന്‍
പ്രാർത്ഥനയുടെ പുതപ്പ് ചൂടി
നീർത്തുള്ളിയിൽ വിശപ്പാറ്റിച്ചു
വര്‍ഷങ്ങള്‍ കടന്നു പോകവേ
ഒറ്റമുറിയിലെ വെളിച്ചത്തില്‍
മേഘശകലങ്ങളെപ്പറ്റിയവള്‍
ഇപ്പോഴും കവിതയെഴുന്നു

പത്ര ധര്‍മ്മങ്ങളും
ദൃശ്യ വിസ്മയങ്ങളും
ആഘോഷിക്കപ്പെടാത്ത
നിന്‍റെ സ്വയംവേദനയുടെ സമരം
“അഫ്സ്പാ”യുടെ അവസാനം
സ്വപ്നം കാണുമ്പോള്‍
സ്വപ്നങ്ങളില്ലാതെ ജീവിയ്ക്കാന്‍
ഞങ്ങള്‍ പഠിയ്ക്കുകയാണ്

എവിടെയോ മരിച്ചുവീഴുന്നവരുടെ,
മാനഭംഗം ചെയ്യപ്പെടുന്നവരുടെ
കുടിയിറക്കപ്പെടുന്നവരുടെ
നിലയ്ക്കാത്ത നിലവിളികള്‍
കാറ്റിലും അലയുന്നത്
ഞങ്ങള്‍ കേള്‍ക്കുന്നുണ്ട്

അധികാരത്തിന്‍റെ ആര്‍ത്തിയില്‍
അഴിമതിയുടെ ഭണ്ഡാരങ്ങള്‍
നിറയ്ക്കുന്ന തിരക്കിലാണ്
ജനാധിപത്യത്തിലെ ഏകാധിപതികള്‍
ചരിത്രത്തിന്‍റെ ചുവരുകളില്‍
അവരും ഇടം തേടുകയാണ്

എത്ര ചവിട്ടിയരച്ചാലും
പിന്നെയുമവര്‍ക്കു വണങ്ങി
“ജനസമ്മതി” രേഖപ്പെടുത്താന്‍
ഞങ്ങള്‍ ശീലിച്ചുപോയി

മനുഷ്യാവകാശങ്ങളുടെ
സമരചരിത്രത്തിലെ
മറക്കപ്പെട്ട നായികേ,
നിന്നെഓര്‍ക്കാന്‍, ഒരുമാത്ര
ഓര്‍ത്തു വിതുമ്പുവാന്‍
ഞങ്ങള്‍ക്ക് സമയമില്ല
പൊറുക്കുക, “ഇറോം”
നിന്നെ ഞങ്ങള്‍ മറക്കുകയാണ്
മങ്ങി മങ്ങി കത്തുന്ന
ജീവനാളം ഊതിയൂതി
തെളിയ്ക്കട്ടെ കാലം…

(Pic courtsey: Google)