Pages

Friday, May 25, 2012

നമുക്ക്‌ മനുഷ്യരാവാം ...


കാലദേശങ്ങള്‍ പിന്നിട്ട്  ദിക്കുകള്‍തോറും
സ്നേഹത്തിന്‍റെ കഥകള്‍ പറഞ്ഞുനടന്ന കാറ്റ്‌
കറുത്ത രക്തം നിറഞ്ഞ ഹൃദയങ്ങള്‍
കണ്ടു കണ്ടു ചകിതയായ്, മനുഷ്യരെ തേടി
കരയ്ക്കും കടലിനും മീതെ അലയുകയാണ്

സൌഹൃദത്തിന്റെ അയല്‍പ്പക്കങ്ങള്‍പോലെ
അതിരുകളില്ലാത്ത കരകള്‍ ഏതു വെറുപ്പിന്‍റെ
കുടഞ്ഞെറിയലിലാവാം ചിതറിത്തെറിച്ചത്?
കാലമൊഴുക്കിയ കണ്ണീര്‍ സമുദ്രങ്ങളായോ?

ഭൂഖണ്ഡങ്ങളില്‍ നിന്നും ഭൂഖണ്ഡങ്ങളിലേയ്ക്ക്
യാത്രയാകുമ്പോള്‍ ചരിത്രത്തിന്‍റെ
അവകാശികള്‍ മതങ്ങളാണെന്നു കേട്ട്
കടലും കരയും ഒരുപോലെ ചിരിച്ചു

അന്നത്തിനും അധിനിവേശങ്ങള്‍ക്കും
മണ്ണിനെയും പെണ്ണിനെയും കീഴടക്കി
ഉയിര്‍പ്പിന്റെ അടയാളങ്ങള്‍ ബാക്കിയിട്ടു
മനുഷ്യര്‍  നടന്നുതീര്‍ത്ത വഴികളൊക്കെ
ജലമറ്റ്, കനിവറ്റ്‌, തണലറ്റ്, തരിശായി

പ്രാണന്‍ എടുത്തും, കൊടുത്തും
അതിരുകള്‍ നാം കാത്തു വെച്ചാലും
ഇനി ഏതു ഉല്‍ക്കയിലാവാം
കരകള്‍ വീണ്ടും കഷണങ്ങളാവുക ?
അതുവരേയ്ക്കും നമുക്കു ചുവന്ന
ഹൃദയമുള്ള മനുഷ്യരാവാം

ഇടവേളയുടെ ഇത്തിരി നിമിഷം
ഭൂമിയുടെ കനിവില്‍ നട്ടുവളര്‍ത്തി
ഇല്ലാത്തവന്റെയും വിശപ്പാറ്റി
സ്നേഹത്തിന്റെ വെള്ളിനിലാവില്‍
കലഹത്തിന്റെ കറുപ്പ് മായ്ച്ചു
നമുക്ക്‌ വെൺപ്രാവുകളെ സ്വപ്നം കാണാം

14 comments:

ajith said...

ഹൃദയമുള്ള മനുഷ്യരാവാം.....

അനില്‍കുമാര്‍ . സി. പി. said...

"ഇടവേളയുടെ ഇത്തിരി നിമിഷം
ഭൂമിയുടെ കനിവില്‍ നട്ടുവളര്‍ത്തി
ഇല്ലാത്തവന്റെയും വിശപ്പാറ്റി
സ്നേഹത്തിന്റെ വെള്ളിനിലാവില്‍
കലഹത്തിന്റെ കറുപ്പ് മായ്ച്ചു
നമുക്ക്‌ വെൺപ്രാവുകളെ സ്വപ്നം കാണാം"

Satheesan OP said...

നമുക്കു മനുഷ്യരാവാം.
നല്ല എഴുത്തിനു ഭാവുകങ്ങള്‍ ..

Cv Thankappan said...

"കലഹത്തിന്‍റെ കറുപ്പ് മായ്ച്ചു നമുക്ക് വെണ്‍പ്രാവുകളെ സ്വപ്നം കാണാം"
കാലികപ്രസക്തിയുള്ള വരികള്‍!
പുതിയ പ്രഭാതങ്ങളില്‍ ശാന്തിയും ,സമാധാനവും, ഐശ്വര്യവും പൊട്ടിവിടരട്ടെ!!!
ആശംസകള്‍

റിയ Raihana said...

മനുഷ്യത്തം നഷ്ടപെടുന്ന ഈ കാലത്തില്‍ ...മനുഷ്യ രക്തത്തിന് വിലയില്ലാത്ത ഈ കാലത്ത് ..സമാദാനത്തിനായി നമ്മുക്ക് പ്രാര്‍ത്ഥിക്കാം

പട്ടേപ്പാടം റാംജി said...

സ്വപ്നങ്ങളാക്കി പ്രതീക്ഷകളില്‍ തളച്ചിടുന്നതാണ് സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകാതിരിക്കുന്നതിന് കൂടുതല്‍ വളം നല്‍കുന്നതെന്ന് തോന്നാറുണ്ട്.
നല്ല വരികള്‍, നന്നായി.

Harinath said...

മനുഷ്യരായാൽ തിരിച്ചറിയുമോ ?

Kalavallabhan said...

ഇത്തിരി നിമിഷം

Unknown said...

കാലികപ്രസക്തമാം വരികൾ നന്ന്

കുഞ്ഞൂസ്(Kunjuss) said...

"ഇടവേളയുടെ ഇത്തിരി നിമിഷം
ഭൂമിയുടെ കനിവില്‍ നട്ടുവളര്‍ത്തി
ഇല്ലാത്തവന്റെയും വിശപ്പാറ്റി
സ്നേഹത്തിന്റെ വെള്ളിനിലാവില്‍
കലഹത്തിന്റെ കറുപ്പ് മായ്ച്ചു
നമുക്ക്‌ വെൺപ്രാവുകളെ സ്വപ്നം കാണാം"

Joselet Joseph said...

തീഷ്ണമായ വാക്കുകള്‍!!

<>

കവിത ഒരുപാട് ഇഷ്ടമായി!!

ഇലഞ്ഞിപൂക്കള്‍ said...

മനുഷ്യരായി ജീവിക്കുവാനാണിന്നേറ്റവും പാട്..

വരികള്‍ക്ക് നല്ല മൂര്‍ച്ച... ആശംസകള്‍.

MOIDEEN ANGADIMUGAR said...

“ഭൂഖണ്ഡങ്ങളില്‍ നിന്നും ഭൂഖണ്ഡങ്ങളിലേയ്ക്ക്
യാത്രയാകുമ്പോള്‍ ചരിത്രത്തിന്‍റെ
അവകാശികള്‍ മതങ്ങളാണെന്നു കേട്ട്
കടലും കരയും ഒരുപോലെ ചിരിച്ചു”

നന്നായിരിക്കുന്നു വരികൾ !

Unknown said...

സ്നേഹത്തിന്റെ വെള്ളിനിലാവില്‍
കലഹത്തിന്റെ കറുപ്പ് മായ്ച്ചു
നമുക്ക്‌ വെൺപ്രാവുകളെ സ്വപ്നം കാണാം

Post a Comment