വെയില് ആളുകയാണ്,ഞാനിപ്പോള്‍
തലമാത്രമുള്ളൊരു മണ്‍കൂന
എനിക്കുചുറ്റും കരയിലും കടലിലും
ഒരുപാടു തലകളുണ്ട് ,അവയ്കെല്ലാം
മുകളില്‍ ആണവനിലയത്തിലെ
ചുവന്നവെളിച്ചം മിന്നികത്തുന്നു
വലിയവലിയ കാര്യങ്ങള്‍ എനിക്കറിയില്ല
എങ്കിലും സ്വപ്നങ്ങള്‍ കാണാന്‍ ഇഷ്ടമാണ്
ഉറക്കംകെടുത്തുന്ന സ്വപ്നങ്ങളില്‍
തീപിടിചോടുന്ന പെണ്‍കുട്ടി അലറിക്കരയുന്നു.,
സുനാമിതിര നക്കിയെടുത്ത എന്റെവീട്ടിലെ
തൊട്ടിലില്‍കിടന്ന പളുങ്ക്കണ്ണുള്ള മുത്തിന്റെ
നിര്‍ത്താതെയുള്ള കരച്ചില് കേള്‍ക്കുന്നു
ഏറ്റവുംവലിയ ജനാധിപത്യരാജ്യം
എന്റെ നാടെന്ന് പുസ്തകത്തിലുണ്ട്
ഇരുളില്‍ കടല്‍കടന്ന് വരുന്ന കറുത്ത
തോണിയിലാണ് അല്പം ഭക്ഷണമെത്തുന്നത്
ഞങ്ങളുടെ ഗ്രാമത്തിലേക്കുള്ള വഴി
അടചിട്ടിരിക്കയാണ്,കടകളും പൂട്ടിച്ചു
അനേകം പട്ടാളക്കാര്‍ കാവല്‍ നില്ക്കാന്
ഇവിടെ എന്ത് യുദ്ധമാണ് നടക്കുന്നത് ?
ജീവനുംജീവിക്കാനുമാണ് ഈ നിശ്ശബ്ദ
സമരമെന്നു നിങ്ങളും കാണുന്നില്ലേ?
ആ ചുവന്നകണ്ണുള്ള ഭൂതം തുപ്പുന്നതീയില്‍
കടലിലെ മീനെല്ലാം ചത്തൊടുങ്ങുമെന്നും
ഞങ്ങളൊക്കെ വെന്തുചാകുമെന്നു
എല്ലാവരും പറയുന്നു , ഇതെല്ലാംകല്ലുവെച്ച
നുണയെങ്കില്‍ കടലോരത്തെ കണ്ണാടിവീടുകള്‍----
ക്കരികിലീ ഭൂതത്തെ വെക്കാത്തതെന്താണ്?
ഞങ്ങളുടെ വീടുകള്‍ ഒറ്റമുറികളാണ്
വെളിച്ചത്തിനു ഒരു ബള്‍ബു മാത്രം
വലിയ വലിയ ജനനന്മകള്‍ക്കായി
ഞങ്ങളെ ഇങ്ങനെ ഭയത്തിന്റെകടലിട്ടു
കൊല്ലാതെ കൊല്ലുന്നതെന്തിനാണ്?
പുഴുക്കള്‍ക്കും പൂക്കള്‍ക്കും ദരിദ്രര്‍ക്കു-
മെല്ലാം താമസിക്കാനുള്ളതല്ലേ ഈ ഭൂമി?
(Pic courtsey: Google)
20 comments:
ഞങ്ങളുടെ വീടുകള്‍ ഒറ്റമുറികളാണ്
വെളിച്ചത്തിനു ഒരു ബള്‍ബു മാത്രം
വലിയ വലിയ ജനനന്മകള്‍ക്കായി
ഞങ്ങളെ ഇങ്ങനെ ഭയത്തിന്റെകടലിട്ടു
കൊല്ലാതെ കൊല്ലുന്നതെന്തിനാണ്?
ആര്‍ക്കോ വേണ്ടി....
എന്തിനോ വേണ്ടി.....
നന്നായിരിക്കുന്നു.
പുഴുക്കള്‍ക്കും പൂക്കള്‍ക്കും ദരിദ്രര്‍ക്കു-
മെല്ലാം താമസിക്കാനുള്ളതല്ലേ ഈ ഭൂമി?
അതൊക്കെ പണ്ട്. ഒരു എഴുത്തുകാരന് ബഷീര്‍ പറഞ്ഞത്. ഇപ്പം
കൈയ്യൂക്കുള്ളവനും കരിഞ്ചന്തക്കാരനും വാഴാനുള്ളതാണ്. നല്ല കവിത
ആര്‍ക്കു വേണ്ടിയായാലും എന്തിനു വേണ്ടിയായാലും ഇടിന്തകരൈയിലെ ആ പെണ്‍കുട്ടിക്കു വേണ്ടിയല്ല.....ഉറപ്പ്.
ന്യായം ചോദിക്കരുത്
നിങ്ങള്‍ രാജ്യദ്രോഹിയായിത്തീര്ന്നേക്കാം
പാര്ശ്വവല്ക്കരിക്കപ്പെട്ടവ്ന്റെ നെഞ്ചില്‍ കനല് കോരിയിടുന്ന ചോദ്യം - "പുഴുക്കള്‍ക്കും പൂക്കള്‍ക്കും ദരിദ്രര്‍ക്കു-
മെല്ലാം താമസിക്കാനുള്ളതല്ലേ ഈ ഭൂമി?"
വരം കൊടുത്തവ്ന്റെ നെറുകയില്‍ തന്നെ തൊട്ടു നിഗ്രഹിക്കാന്‍ തക്കം പാര്‍ക്കുന്ന ഭാര്ണവര്ഗ്ഗ ക്രൂരതക്കെതിരെ ജലസമാധിയുടെ നിസ്സഹായ്തയിലെക്ക് തള്ളിവിടപ്പെട്ടവനോടോപ്പമുള്ള ഈ പക്ഷംചേരല്‍ ഗംഭീരമായി; അഭിനന്ദനങ്ങള്‍ .
എന്ത് പറയാനാണ്ഒരു മണിക്കൂര്കറന്റ് പോവുമ്പോള്‍ ദേഷ്യം വരുന്നതു കൊണ്ട് .എന്ത് പറയണംന്ന് അറിയില്ല ..
നഗരങ്ങളില്‍ ആണവ നിലയങ്ങളുള്ള പാരീസിനെ അനുകരിക്കുന്നതായിരുന്നു നല്ലത്
കവിത കാലികം ..ആശംസകള്‍
സര്‍വ്വചരാചരങ്ങള്‍ക്കും അവകാശപ്പെട്ടതാണീ ഭൂമി..
നന്മ സ്ഫുരിക്കുന്ന വാക്കുകള്‍ക്കു വളരെ നന്ദി
കൈയൂക്കുള്ളവനും,സ്വാധീനമുള്ളവനും കാര്യക്കാരാണ്.
അവര്‍ ചെയ്യുന്നത് ശരിയായി മാറുന്നു.
നല്ല രചന
ആശംസകള്‍
വായനാസുഖമുള്ള രചന.
ഭാവുകങ്ങള്‍
പുഴുക്കള്‍ക്കും പൂക്കള്‍ക്കും ദരിദ്രര്‍ക്കു-
മെല്ലാം താമസിക്കാനുള്ളതല്ലേ ഈ ഭൂമി?
അല്ലല്ലൊ,, ഈ ഭൂമി കൊള്ളക്കാർക്കും കള്ളന്മാർക്കും അവകാശപ്പെട്ടതാണെന്ന് നമ്മുടെ ഭരണകൂടം പറയുന്നു. അപ്പോൾ ഇടിന്തക്കരയിലെ പെൺകുട്ടിക്ക് എന്തവകാശം?
എതിർക്കുന്നോർക്കുള്ളതല്ല ഈ ഭൂമി....
അനുകൂലിക്കുന്നോർക്കുള്ളതാണീ ഭൂമി..
സ്വിസ്സ് ബാങ്കിൽ അക്കൌണ്ടുണ്ടെങ്കിൽ..
നിങ്ങൾക്കുള്ളതാണീ ഭൂമി...
പണം മരത്തിൽ കായ്ക്കില്ല മക്കളെ...!
നന്നായിരിക്കുന്നു കവിത.
ആശംസകൾ...
ഇഷ്ടപ്പെട്ടു.
പുഴുക്കള്‍ക്കും പൂക്കള്‍ക്കും ദരിദ്രര്‍ക്കു-
മെല്ലാം താമസിക്കാനുള്ളതല്ലേ ഈ ഭൂമി?
അല്ല, കോടീശ്വരന്മാര്ക്കും, ഭരണാധികാരികള്‍ക്കും സുഖിക്കാനുള്ളതാണീ ഭൂമിയെന്ന്, ഇന്നിന്റെ കഥകള്‍ വിളിച്ചു പറയുന്നു..
ഈ നല്ല വരികള്‍ക്ക് എന്റെയും ഹൃദയം നിറഞ്ഞ ആശംസകള്‍.
ഏറ്റവും സുഖം പകരുന്നത് അധികാരത്തിന്റെ ലഹരിയണ് എന്നുകേട്ടിട്ടുണ്ട്. ആ ലഹരിയിൽ ആടിത്തിമിർക്കുന്നവർക്ക് പാവപ്പെട്ടവന്റെ അവകാശത്തെക്കുറിച്ച്, എന്തിന് നിലനിൽപ്പിനെക്കുറിച്ചു പോലും വേവലാതിപ്പെടേണ്ടതില്ലല്ലോ.
പുഴുക്കള്‍ക്കും പൂക്കള്‍ക്കും ദരിദ്രര്‍ക്കു-
മെല്ലാം താമസിക്കാനുള്ളതല്ലേ ഈ ഭൂമി?
അവര്‍ക്ക് പറയാന്‍ നൂറു ന്യായങ്ങള്‍ കാണും.
അനുഭവിക്കുന്നവര്‍ക്കെ അതിന്റെ വിഷമം
അറിയൂ...
ഇന്നിന്റെ വേദന നന്നായി പകര്‍ത്തി.
കണ്ണുള്ളവർ കാണട്ടെ കാതുള്ളവർ കേൾക്കട്ടെ ഈ രോദനം..നല്ല കവിത
നല്ല എഴുത്ത്, വരികളും ലളിതം. ആശംസകൾ
കയ്യൂക്കുള്ളവൻ കാര്യക്കാരൻ....പുല്ലും പുഴുക്കളുമെല്ലാം ചവുട്ടി അരക്കപ്പെടേണ്ടവ.....
നല്ല കവിത ഇഷ്ടമായി...
ഞങ്ങളുടെ വീടുകള്‍ ഒറ്റമുറികളാണ്
വെളിച്ചത്തിനു ഒരു ബള്‍ബു മാത്രം
വലിയ വലിയ ജനനന്മകള്‍ക്കായി
ഞങ്ങളെ ഇങ്ങനെ ഭയത്തിന്റെകടലിട്ടു
കൊല്ലാതെ കൊല്ലുന്നതെന്തിനാണ്?
പുഴുക്കള്‍ക്കും പൂക്കള്‍ക്കും ദരിദ്രര്‍ക്കു-
മെല്ലാം താമസിക്കാനുള്ളതല്ലേ ഈ ഭൂമി?
ഇടിന്തകരയിലെ പെണ്‍കുട്ടിയുടെ ചോദ്യങ്ങള്‍ക്ക്
ഇനിയും ഉത്തരം കിട്ടില്ലന്നു തോന്നുന്നു!
അതിനിനി കാതങ്ങള്‍ തന്നെ താണ്ടേണ്ടതുണ്ട്!
കാലികപ്രസക്തമായ വരികള്‍.
ഇവിടെത്തുവാനും വായിക്കുവാനും വൈകി.
ആശംസകള്‍.
PS : അക്ഷരങ്ങളുടെ വലിപ്പം കൂട്ടുക. ഈ ഫോണ്ട്
ഒരു സുഖമില്ല വായിക്കാന്‍!
Post a Comment