Pages

Sunday, December 23, 2012

മരണമേ.....ഇത്തിരി .....



മരണമേ നീയെങ്കിലും ഇത്തിരി
കരുണ ഇവളോടു കാണിക്കുക  
ചോരവാര്‍ന്നു പിളര്‍ന്ന നെഞ്ചിലെ
പ്രാണന്റെ കണികയും ഊറ്റിയെടുക്കുക  
മതിമതിയിനി ആവതില്ലമിടിക്കുവാന-
വസാനശ്വാസത്തിനായ് പിടയുമാജീവനു

കാത്തു കാത്തിരുന്നമ്മതന്‍ കണ്ണില്‍
കാലം അരിച്ചെടുത്ത  ഓര്‍മ്മകള്‍
വെള്ളിക്കൊലുസ് കിലുക്കിയ ബാല്യവും
കണ്മഷി ഊറിച്ചിരിച്ച കൌമാരവും
പട്ടുപോല്‍  മൃദുലമാ പൂവുടല്‍
എത്രക്രൂരമായ്‌ കൊത്തിരസിച്ചവര്‍

വാതില്‍ തുറന്നെത്തിയ നിലവിളിയെന്‍ 
കാതില്‍ ചോര  കോരിയൊഴിക്കവേ
നിന്‍ഗര്‍ഭപാത്രം തുളച്ചിറക്കിയ ദന്ടെന്റെ
മിഴികള്‍ രണ്ടും തുരന്നിറങ്ങുന്നിതാ

മരണ വണ്ടിയിലിരിക്കയാണ് ഞാന്‍
ഹൃദയം നിലച്ചുപോകുന്ന മാത്രകള്‍
കേക്കുന്നുണ്ടകലെയായ് ഓടിയെത്തുന്ന
ഇനിയുംമരിക്കാത്ത നന്മതന്‍ കാഹളം

എറിഞ്ഞുവീഴ്ത്തണം പേപിടിച്ചനായ്ക്കളെ
ഏതു കാട്ടില്‍ പോയൊളിചിരുന്നാലും
ഇഴഞ്ഞു തീര്‍ക്കാന്‍ വിടുക വരിയുടച്ച
നരകജന്മങ്ങള്‍ തന്‍ ആയുസ്സൊടുങ്ങുംവരെ  

ഉണരട്ടെ മനസാക്ഷികള്‍,പഠിപ്പിക്ക മക്കളെ   
കാമാര്ത്തിയില്ലാതെ കാണുവാനുടലുകള്‍
ഓര്‍ക്കേണ്ട മകളായ് ,കൂടെപിറന്നവളായ്
മറക്കാതിരിക്കണം സഹജീവിയെന്നെങ്കിലും 

----------------------------------------------------------------------
(കാമവെറിയില്‍ നിസ്സഹായരായ് പിടഞ്ഞുവീണ 
എല്ലാ കുഞ്ഞുങ്ങളുടെയും ഓര്‍മ്മയ്ക്ക്‌ മുന്നില്‍ 
ഈ ലോകത്ത് ജീവിക്കേണ്ടി വന്നതത്തിന്റെ ആത്മനിന്ദയോടെ ....)     

14 comments:

ajith said...

ഈ ക്രൂരതയ്ക്ക് എന്നെങ്കിലും അവസാനമുണ്ടാകുമോ?
ഉലക്ക വിഴുങ്ങീട്ട് ചുക്കുകഷായം കുടിയ്ക്കാന്‍ കൊടുക്കുന്നപോലത്തെ ശിക്ഷയാണിവിടെ. അതിന് മാറ്റം വരുമെങ്കില്‍, കഠിനശിക്ഷ കിട്ടുമെന്നുറപ്പുണ്ടെങ്കില്‍ കുറ്റകൃത്യങ്ങള്‍ ഗണ്യമായി കുറയുകയില്ലേ?

ഇലഞ്ഞിപൂക്കള്‍ said...

തുരന്നിറങ്ങുന്നുണ്ട് ഓരോ വാര്‍ത്തകളും ദിനംപ്രതി ഹൃദയമിടിപ്പ് നിലയ്ക്കും വിധമുള്ളിലേക്ക്.. പക്ഷേ...

എന്തെഴുതിയാലും ഇവിടെ മതിയാവില്ല ധനലക്ഷ്മീ, അതുകൊണ്ട്തന്നെ നിര്‍ത്തുന്നു.

സൗഗന്ധികം said...

ഉണരട്ടെ മനസാക്ഷികള്‍,പഠിപ്പിക്ക മക്കളെ
കാമാര്ത്തിയില്ലാതെ കാണുവാനുടലുകള്‍
ഓര്‍ക്കേണ്ട മകളായ് ,കൂടെപിറന്നവളായ്
മറക്കാതിരിക്കണം സഹജീവിയെന്നെങ്കിലും

പാശ്ചാത്യ സംസ്ക്കാരത്തിന്റേയും, ശാസ്ത്ര മുന്നേറ്റത്തിന്റേയും ചീത്ത വശങ്ങൾക്കടിമപ്പെട്ടു പോകുന്നു നമ്മുടെ നാട്... അതിന്റെ ചില അനുരണനങ്ങളാണിതൊക്കെയുമെന്നു തോന്നുന്നു.

അതെ... ഇനി വരുന്ന കുഞ്ഞുങ്ങളെയെങ്കിലും രക്ഷിക്കാൻ നമുക്കു ശ്രമിക്കേണ്ടതുണ്ട്.

നല്ല കവിത....

ശുഭാശംസകൾ.....

Cv Thankappan said...

തിന്മയോടുള്ള രോഷം എല്ലാ ഹൃദയങ്ങളിലും
അഗ്നിയായി പടരട്ടെ!!!
ഉള്ളില്‍ തീപ്പൊരി വീഴ്ത്തുന്ന വരികള്‍
ആശംസകള്‍

Echmukutty said...

എനിക്ക് വയ്യ, വായിക്കാനൊന്നും.

ഇതൊന്ന് പുറത്തു വന്നത്...... അതേ ദിവസങ്ങളില്‍ ബീഹാറില്‍ , സിലിഗുരിയില്‍., ഇംഫാലില്‍ ..... ഇതിനൊരവസാനമില്ലേ....
ഈ സമരം ഇന്ത്യ മുഴുവന്‍ പടര്‍ന്ന് കത്തുന്നതെന്നാവും?...


കവിത നെഞ്ചു കീറുന്നുണ്ട്. പക്ഷെ, എന്തെഴുതിയാലും....

sabu murani said...

ഒരു പെണ്ണിനെ നോവിച്ചുകൊണ്ടാണല്ലോ നാമോരോരുത്തരും ജനിച്ചതുതന്നെ

പട്ടേപ്പാടം റാംജി said...

കഠിനമായ ശിക്ഷ ഉണ്ടാകുന്നതുകൊണ്ടു മാത്രം കാര്യമില്ല. കുറ്റവാളികളെ (ആരായാലും,മുഴുവന്‍ പേരെയും) ഉടനെ പിടിക്കാനും ശിക്ഷ നടപ്പാക്കാനും ആര്‍ജവമുള്ള ഭരണകൂടമാണ്‌ വേണ്ടത്.
പ്രധിഷേധം കനത്തുതന്നെ

അനില്‍കുമാര്‍ . സി. പി. said...

...കേക്കുന്നുണ്ടകലെയായ് ഓടിയെത്തുന്ന
ഇനിയുംമരിക്കാത്ത നന്മതന്‍ കാഹളം ... aswasthinte oru nurungu pinneyum baakki.

ullulakkunna kavitha. novum, vevum, prathishedhavum ellam manoharamayo avishkarikkan kazhinju kavithayil.

Mohammed Kutty.N said...


"ഉണരട്ടെ മനസാക്ഷികള്‍,പഠിപ്പിക്ക മക്കളെ
കാമാര്ത്തിയില്ലാതെ കാണുവാനുടലുകള്‍
ഓര്‍ക്കേണ്ട മകളായ് ,കൂടെപിറന്നവളായ്
മറക്കാതിരിക്കണം സഹജീവിയെന്നെങ്കിലും "
____________
നല്ലവരികള്‍ ..."ഉത്തിഷ്ഠത ജാഗ്രത ...."

Unknown said...

പ്രിയ ചേച്ചി , ഉണരട്ടെ മനസാക്ഷികള്‍ പ്രാര്‍ത്ഥിക്കാം,
സ്നേഹത്തോടെ,
ഗിരീഷ്‌

വീകെ said...

സ്കൂളിൽ പോയിത്തുടങ്ങിയ കാലം മുതൽ ഞങ്ങൾ എന്നും അസംബ്ലിയിൽ പ്രാർത്ഥന കഴിഞ്ഞാൽ, പിന്നെ ഒരു പ്രതിഞ്ജയുണ്ട്. അതെല്ലാവരും ഏറ്റു ചൊല്ലണം.
‘ഭാരതം എന്റെ നാടാണ്. എല്ലാ ഭാരതീയരും എന്റെ സഹോദരീസഹോദരന്മാ‍രാണ്......’
ആ പ്രായത്തിൽ പഠിച്ച് ഹൃദിസ്തമാക്കിയ നല്ല മന്ത്രങ്ങളായിരുന്നു അവയൊക്കെ. അതൊക്കെ ജീവിതത്തിൽ പകർത്തി ജീവിച്ചതുപോലെ, ഇന്നത്തെ തലമുറകൾക്ക് ജീവിക്കാൻ കഴിയാത്തത്, അത്തരം മന്ത്രങ്ങൾ ഇന്നാരും പഠിപ്പിക്കാത്തതു കൊണ്ടായിരിക്കുമോ...?
കവിത നന്നായിരിക്കുന്നു....
കണ്ടാലും കൊണ്ടാലും പഠിക്കാത്തവരോട് ഇനിയെന്തു ചെയ്യാൻ...? ചേച്ചി പറഞ്ഞതുപോലെ-
“എറിഞ്ഞുവീഴ്ത്തണം പേപിടിച്ചനായ്ക്കളെ
ഏതു കാട്ടില്‍ പോയൊളിചിരുന്നാലും
ഇഴഞ്ഞു തീര്‍ക്കാന്‍ വിടുക വരിയുടച്ച
നരകജന്മങ്ങള്‍ തന്‍ ആയുസ്സൊടുങ്ങുംവരെ...!!”
ആശംസകൾ...

Muralee Mukundan , ബിലാത്തിപട്ടണം said...

‘ഉണരട്ടെ മനസാക്ഷികള്‍,പഠിപ്പിക്ക മക്കളെ
കാമാര്ത്തിയില്ലാതെ കാണുവാനുടലുകള്‍
ഓര്‍ക്കേണ്ട മകളായ് ,കൂടെപിറന്നവളായ്
മറക്കാതിരിക്കണം സഹജീവിയെന്നെങ്കിലും ‘

നല്ല വരികൾ...
പക്ഷേ ഇതൊക്കെ കാമവെറിയന്മാർക്ക് പോത്തിന്റെ ചെവിയിൽ വേദം ഓതുന്ന പോലെയല്ലേ..!

ശ്രീ said...

ഇനിയെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിയ്ക്കാതിരിയ്ക്കട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കാം

നന്നായെഴുതി.

Anil cheleri kumaran said...

മനസ്സാക്ഷികൾ ഉണർന്ന് ഒരു കൊടുങ്കാറ്റാവട്ടെ..

Post a Comment