മൌനമാണെന്‍റെ വാക്കുകള്‍
എങ്കിലും കനലെരിയുന്നു
ആത്മാവിലെപ്പോഴും
ഒരു നിശ്വാസമാണ്
ഉതിരുന്നതെങ്കിലും
മിന്നല്‍ പിണരുകള്‍
പായുന്നു ജീവതന്തുക്കളില്‍
ജീവന്‍റെ പാതിയാണെങ്കിലും
ജീവിതംപാതി, വിശപ്പ്‌പാതി
കൂലിപാതി, നീതി പാതി
നിയമംപാതി, മാനം പാതി
സമ്പാദ്യങ്ങള്‍ സഹനങ്ങള്‍
സ്വത്തുക്കള്‍ മുറിപാടുകള്‍
രുധിരമെത്ര കുടിച്ചുതീര്‍ക്കണം
പകയുടെ, വെറുപ്പിന്‍റെ
തുറിച്ചു നോട്ടത്തിന്‍റെ,
ചതിയുടെ, ആസക്തിയുടെ
സ്ഖലനത്തിന്നിരയായി
വീണുടയാതിരിക്കുവാന്‍
ഇനിയുമെത്ര നഗരവഴികള്‍
പാഠശാലകൾ, തൊഴിലിടങ്ങള്‍
റെയില്‍പാതകൾ, ബസ്‌സ്റ്റോപ്പുകള്‍
ഇരുട്ടുമുറികൾ, പീടികതിണ്ണകള്‍
ഗ്രാമപാതകൾ, കുറ്റിക്കാടുകള്‍
മുറിച്ചു കടക്കണം ഞാന്‍
ഭയക്കാതെ, വഴിയാത്രയില്‍
കണ്‍ ചിമ്മാതെ ഉണര്‍ത്തി
വെയ്ക്കണം കാമവെറിയുടെ
വിരലുകള്‍ പതിയാതെ
ജീവിതപാത പിന്നിടാന്‍
എന്‍റെ പെണ്മക്കളെ..?



