Pages

Saturday, August 27, 2011

വൃത്തങ്ങള്‍ക്കുള്ളിലെ ചതുരങ്ങള്‍

പൊരുത്തം നോക്കി
ഗണം നോക്കി
ശുഭമുഹൂര്‍ത്തത്തില്‍
ചേര്‍ത്തു വെച്ചാലും
വൃത്തത്തിനുള്ളിലെ
ചതുരക്കട്ട പോലെയാണ്‌
ചില ജീവിതങ്ങള്‍

ഇടത്തോട്ടു തിരിഞ്ഞും  
വലത്തോട്ടു നീങ്ങിയും
വട്ടം കറങ്ങിയുമൊക്കെ
ഒന്നാകാനെത്ര ശ്രമിച്ചാലും
പിന്നെയും ബാക്കിയാവുന്ന
അകല്‍ച്ചയുടെ വിടവുകള്‍
തുറക്കാനാവാത്ത മനസ്സുകളുടെ  
നിഴലുകള്‍ തീര്‍ക്കുന്ന
പ്രണയമൊഴിഞ്ഞ രാപകലുകള്‍

നിലാവ് പെയ്യുമ്പോഴും
നെടുവീര്‍പ്പുകള്‍ നിറയുന്ന
അകത്തളങ്ങള്‍,സങ്കല്പങ്ങളുടെ
വാചാലതയില്‍ മൌനംനിറച്ച്
മാഞ്ഞുപോകുന്ന ഋതുഭേദങ്ങള്‍  
പുകയില്ലാത്ത അടുപ്പിനുമുന്നിലും
കരളിലെപുകയേറ്റ്‌ നീറുന്നകണ്ണുകള്‍
പിന്നെ സ്വയമൊതുങ്ങി
ഒരരികിലേയ്ക്ക് നീങ്ങുന്തോറും
മറുവശത്ത് വലുതാകുന്ന
ഇരുള്‍ നിറഞ്ഞ ഗര്‍ത്തങ്ങള്‍

വിട്ടുവീഴ്ചയുടെ നൂല്‍പാലത്തില്‍
അഭ്യാസിയെപോലെ ഓരോചുവടും
സൂക്ഷ്മതയോടെ നടന്നാലും
എപ്പോഴാണ് ഒളിച്ചിരിക്കുന്ന
വിഷാദത്തിന്‍റെ മരണക്കയത്തില്‍
വഴുതി വീഴുന്നതെന്നറിയില്ല
ഒന്നുകില്‍ ചുവടുപിഴച്ച്
അല്ലെങ്കില്‍ അവഗണനയുടെ
തീക്കാറ്റില്‍ വെന്തുലഞ്ഞ്

വൃത്തമോ ചതുരമോ
ആകുവാനാവാതെ
ആയുസ്സൊടുങ്ങുംവരെ
ജീവനില്ലാത്ത ജീവിതംമാത്രം 

Wednesday, August 3, 2011

കടത്തുതോണി



രാവേറെയായ്‌ ദൂരെതെളിയുമാ
ചെറുതിരിയും കണ്ണടച്ചുറക്കമായ്‌
തോരണം ചാര്‍ത്തിയൊരുക്കിയ
മേല്‍പാലത്തിലെ  താലമേന്തിയ-  
വഴിവിളക്കിന്‍റെ ചോട്ടിലിപ്പൊഴും
ആഘോഷത്തിന്നാരവം മുഴങ്ങുന്നു  
ചടുലമാകുന്നു  നൃത്തച്ചുവടുകൾ
ലഹരിമണക്കുന്നു കാറ്റിലും   

എന്തൊരാഹ്ലാദമായിരുന്നന്നു ഗ്രാമത്തില്‍
നീരഹാരമണിയിച്ചു ചന്ദനം ചാര്‍ത്തി
നെയ്പായസംകുടിച്ചു, ആര്‍പ്പുവിളിയു-   
മായെന്നെ നീറ്റിലിറക്കിയൊരാ പ്രഭാതത്തിൽ    
ഒഴുകിമറയുന്ന ഓളങ്ങള്‍പോലായിരം
ഓര്‍മ്മകള്‍ ഓടിമറയുന്നു നിശ്ശബ്ദമായ്

ചേമ്പിലക്കുടചൂടി ബാല്യങ്ങള്‍
ചേറില്‍ തിമര്‍ത്തതും, ചോരപൊടിഞ്ഞ
കൈത്തണ്ടില്‍ പച്ചിലച്ചാറുപിഴിഞ്ഞതും
കരിമഷിപടര്‍ന്ന കണ്ണുകള്‍
തുടച്ചിരുവരും പൊട്ടിച്ചിരിച്ചതും
എത്ര കണ്ടു രസിച്ചിരുന്നു ഞാന്‍

ഉച്ചവെയിലിന്‍ ചൂടറിയാതെ
തമ്മില്‍ നോക്കിയിരുന്നവര്‍
എത്ര വേഗം വളര്‍ന്നുപിന്നെ
ഒറ്റയായവര്‍ വന്നുപോയതും
വിരല്‍ത്തുമ്പുകള്‍ ജലരേഖകള്‍ 
തീര്‍ത്തതും, തൊട്ടു പിണഞ്ഞതും

വാദ്യഘോഷങ്ങള്‍ അകമ്പടിയായ്
വരന്‍റെ ചാരത്തിരുന്നവള്‍ ചിരിച്ചതും  
ഒറ്റക്കിരുന്നീ കടവില്‍ കവിളത്തെ
കരിവാളിപ്പിന്‍ കഥ പറഞ്ഞതും
ഏറെക്കഴിയാതെ ഇരുവഴിയ്ക്കു
മൂകരായ്‌ പിരിഞ്ഞു പോയതും

പേറ്റ്നോവില്‍ പിടഞ്ഞപെണ്ണിന്
ഈറ്റില്ലമായി കണ്ണുപൂട്ടിയിരുന്നതും
ആരോകടിച്ചു കുടഞ്ഞെറിഞ്ഞവള്‍
നീന്തി നീന്തി കുഴഞ്ഞു താഴ്ന്നതും
നീട്ടിയകൈ പിടിക്കുവാനാവാതെ
നീറിപുകഞ്ഞു ഉറക്കമൊഴിച്ചതും

എങ്ങോമറഞ്ഞ മകനെയും കാത്ത്   
കടവത്തു കാലംകഴിച്ചൊരമ്മ   
പിന്നെ കാലമെത്താതെ മരിച്ചതും    
കാവലിരുന്ന കുറിഞ്ഞി കരഞ്ഞതും
കനലായെരിയുന്നു ഓര്‍മ്മയിലിപ്പോഴും

കടവ് പൂട്ടി മുദ്ര വെച്ചിന്നലെ
കരയ്ക്ക് കയറ്റി ഇരുത്തിയെന്നെയും
ഇനിയില്ല യാത്രകള്‍, ഇനിയില്ല
നക്ഷത്ര രാവിന്‍റെ ഭംഗികള്‍, ഇനിയില്ല  
കരള്‍നോവും കാഴചകള്‍, ഇനിയില്ല
നേര്‍ത്തു വറ്റുന്ന പുഴതന്‍ നിലവിളി

കാലം കടിഞ്ഞാണില്ലാതെ പായവെ
കാലിടറി വീഴുന്ന ജന്മമെന്നപോല്‍ 
കായലോരത്തതാ ഒറ്റയ്ക്കിരിക്കുന്നു   
കാല്‍നൂറ്റാണ്ട്കാലത്തെ സഹയാത്രികന്‍

Friday, June 17, 2011

ഒരുതുള്ളി മഴ

വസന്തമില്ലെനിക്ക് പൂത്തുലയുവാന്‍
വര്‍ഷമില്ല തളിരിലകള്‍ നീട്ടുവാന്‍
ശിശിരമില്ല ഇലകള്‍ പൊഴിക്കുവാന്‍
ഹേമന്തമില്ല  ഇളവെയിലേല്‍ക്കുവാന്‍

എത്ര ഗ്രീഷ്മങ്ങളായീ മരുഭൂമിയില്‍
എരിഞ്ഞു തീരുന്നു ജന്മമെങ്കിലും
ഏതോരാവിലൊരുതുള്ളി മഴ
ചിരിതൂകി വീണു നെറുകയില്‍

ഋതുക്കള്‍ നൃത്തമാടിതളര്‍ന്ന തരുക്കളില്‍
എത്ര തളിരുകളടര്‍ന്നു ,വിടരാതെ
പൂമൊട്ടുകളെത്ര വാടിക്കൊഴിഞ്ഞു
പാകമെത്താതെ പൊഴിഞ്ഞെത്രപഴങ്ങള്‍

ഏറെനന്മചൊരിഞ്ഞേകിയ ജന്മമെങ്കിലും
പോരപോരെന്നു കേഴുന്നു മര്‍ത്ത്യനും
ഒരിറ്റ്ജലം  മാത്രമെന്‍ സൌഭാഗ്യം
ഉയിരിന്നൊരില ബാക്കിയാണിപ്പോഴും

ചിറകു കുഴഞ്ഞെത്തുന്ന പക്ഷിക്കും
വഴിതെറ്റി മരുവിലലയുന്ന പാന്ഥനും
ഒരുവേള ക്ഷീണമകറ്റുവാന്‍ തണല്‍
വിരിച്ചുനില്‍ക്കുന്നീ “ഗാഫി”ന്‍റെചില്ലകള്‍

ചുറ്റിപ്പിടിക്കുന്നു പ്രതീക്ഷപോല്‍
വിട്ടുപോകാതെ കനവിന്‍റെ നാമ്പുകള്‍
എത്രഗ്രീഷ്മങ്ങള്‍ ചുട്ടുപൊള്ളിക്കിലും
എനിക്കായ്‌പെയ്യുമൊരു തുള്ളിമഴപിന്നെയും
----------------------------------------------------------------------------------------------
മരുഭൂമിയില്‍ വീഴുന്ന  ഒരുതുള്ളി മഴയില്‍  പതിറ്റാണ്ടുകള്‍ ജീവിക്കാന്‍
“ഗാഫ്” മരത്തിനു കഴിയുമെന്ന് പറയപ്പെടുന്നു..

(ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍ )