Pages

Saturday, August 9, 2014

മഞ്ഞുകാലത്തെ എഴുത്തുപുസ്തകം













അതൊരു മഞ്ഞുകാലമായിരുന്നു
തോലടര്‍ന്ന നിന്റെ എഴുത്തുപുസ്തകം
മഷി വറ്റിയ പേനയ്ക്കൊപ്പം
മേശമേല്‍ തലചായ്ച്ചു കിടന്നു

പച്ച നഷ്ടപെട്ട ഇലഞ്ഞരമ്പു പോലെ
വാക്കുകള്‍ വര വീണു , വക്കടര്‍ന്നു
ആരും വായിക്കാനില്ലാതെ
പുസ്തകത്താളില്‍ വിറച്ചു കിടന്നു

മുറിഞ്ഞുപോയ ഓരോവാക്കിനും
വേറൊന്നു വേറൊന്നെന്നു ധ്യാനിച്ച്
ഉരുക്കഴിച്ചു ഉള്ച്ചൂടില്‍ ചുട്ടെടുത്തു
പ്രഭാതത്തിന്റെ തണുപ്പിറ്റിച്ചു

ഏകാന്തതയുടെ വിരിപ്പിലിരുന്നു
വിശപ്പിനുമേല്‍ പ്രണയം തൂവി
വിരലുകള്‍ മുറിയുവോളം
ഞാനവ പകര്‍ത്തിയെഴുതി

സമരാത്ര ദിനങ്ങള്‍ വന്നതറിയാതെ
മതിഭ്രമത്തിന്റെ മതിലിലിരുന്നു
ഗ്രീഷ്മത്തിലെ ആകാശം നോക്കി 
നീയതു വായിക്കുന്നുണ്ടാവും .....

Monday, July 28, 2014

കയ്പ്പിന്റെ കടല്‍ നീന്തുമ്പോള്‍..



ഒട്ടിനില്‍ക്കാനും ചേര്‍ന്നിരിക്കാനുമൊരു
മരത്തണല്‍ വേണം, നടന്നുതീര്‍ത്ത
വഴിയറ്റത്തു തനിച്ചാകുമ്പോള്‍
ഓര്‍ത്തെടുക്കാനൊരു ആകാശവും

അഴുക്കുപിടിച്ച ചിന്തകള്‍
കുടഞ്ഞിടാനും, കുടഞ്ഞെറിഞ്ഞ
ഓര്‍മ്മകളാഴത്തില്‍ കുഴിച്ചിടാനും
ഒറ്റവാതിലുള്ളൊരു മനസ്സുവേണം

വെയിലൊളിപ്പിച്ച നിലാവില്‍
കയ്പ്പിന്റെ കടല്‍ നീന്തി- 
ക്കുഴയുമ്പോള്‍ ,ചാഞ്ഞിരിയ്ക്കാന്‍ 
ചതിക്കാത്തൊരു ചുമലു വേണം
മരണമുഖത്തിരിക്കുമ്പോള്‍
മരിക്കാതിരിക്കാനും ,മരിച്ചുപോകില്‍
മാറത്തമര്‍ത്തി വെയ്ക്കാനും
മൂടിയില്ലാത്തൊരു മുഖം വേണം

Sunday, March 2, 2014

തെളിവുകള്‍


സത്യമേ പറയാവൂ
ആരാണ്  ബട്ടന്‍  അഴിച്ചത്?
ആരായിരുന്നു മുകളില്‍?
അയാളോ  കുട്ടിയോ?

അവളുടെ കുടല്‍  പിരിഞ്ഞു
ശര്‍ദ്ദില്‍  തൊണ്ടക്കുഴിയോളം എത്തി
ഇടതു കൈവിരലിലെ നഖങ്ങള്‍
വലതു കൈത്തണ്ടില്‍ ആഴ്ന്നിറങ്ങി

ഉം  പറയൂ ..സത്യം  മാത്രം
അന്നു ധരിച്ചിരുന്ന
അടി വസ്ത്രത്തിന്‍റെ നിറം ?
ഓര്‍മ്മയില്ലേ? പറയൂ ..

എട്ടു വര്‍ഷമായ്  ഓര്‍മ്മിക്കുന്നു
 ഓര്‍ത്തോര്‍ത്തു  ബാക്കിയെല്ലാ -
 ഓര്‍മ്മകളും  മാഞ്ഞുപോയ്
അന്നത്തെ  ഇരുട്ടുപിടിച്ച പകലൊഴികെ

മറക്കാന്‍  അവളെ ആരും  സമ്മതിച്ചില്ല ....