
മേഘങ്ങളൊഴിഞ്ഞ ആകാശത്തിന്
വിളറിയ വെളുപ്പാണ്
ഓര്‍മ്മകള്‍ മായിച്ചുകളഞ്ഞ
നിന്റെ മനസ്സുപോലെ
നിനക്കും എനിക്കുമിടയിലെ
ശൂന്യത്യ്ക്കുമിപ്പോള്‍ അതെനിറം
ഓര്‍മ്മകളുടെ ഓരത്തിങ്ങനെ
പകച്ചിരുന്നു നീ വിതുമ്പുമ്പോള്‍
ഏതുകാലത്തില്‍ നിന്നാണവ
അടര്‍ത്തി നിനക്കു ഞാന്‍നല്‍കുക
എവിടേക്കാണ് ഓര്‍മ്മകളെ നീ
പറഞ്ഞയച്ചതെന്നും എനിക്കറിയില്ലല്ലോ
വാശിയോടെ ഇറുകെപ്പൂട്ടിയ
ചുണ്ടുകള്‍ പിളര്‍ന്നുമ്മവെച്ച്
കൊഞ്ചിച്ചു കൊഞ്ചിച്ചു
സ്നേഹത്തിന്നുരുളകള്‍
മെല്ലെ മെല്ലെ നല്കവേ
തുപ്പിത്തെറിപ്പിച്ചെന്‍ മുഖത്തേക്ക്
കൈകൊട്ടിയാര്‍ത്തു ചിരിച്ചു നീ
ചോറുവാരിക്കുഴച്ച കൈകളാല്‍
നീറുമെന്‍ കണ്ണുകള്‍ തുടച്ചു
എന്മണിപൈതലായ് മയങ്ങവേ
കണ്ണുനീർ കുരുങ്ങിയെന്‍
തൊണ്ടയിലിടറിയ താരാട്ടുകേട്ട്
കണ്ണുമിഴിച്ചു കരയുന്നു കാലവും
ഓര്‍മകളില്ലാത്ത നിന്‍ലോകവും
(സമര്‍പ്പണം:- അല്‍ഷിമേഴ്സ് രോഗികളുടെ പ്രിയപ്പെട്ടവര്‍ക്ക്)