Pages

Monday, November 7, 2011

ഇറോം,നിന്നെ ഞങ്ങള്‍ മറക്കുകയാണ്


വിടർത്തിയിട്ട മുടിയിഴകള്‍-
ക്കിടയിലെ വിളറിയ മുഖത്ത്
ദൃഢനിഛയത്തിന്‍റെ തിളക്കം ,
കണ്ണീര്‍ നിറയാത്ത കണ്ണുകളില്‍
പ്രതീക്ഷയുടെ പ്രകാശനാളം
മൌനത്തിലുറഞ്ഞ വാക്കുകള്‍ക്ക്
തീക്കനലിന്‍റെ ചൂട്
ചോരവറ്റിയ കവിളില്‍
പ്രണയത്തിന്‍റെ തുടിപ്പ്
ഇവള്‍ ഇറോം ശര്‍മ്മിള
സന്ധിയില്ലാ സമരത്തിലെ
ഏകാകിയാം യോദ്ധാവ്
മനക്കരുത്തിന്റെ പര്യായം!

കാണാമറയത്ത്‌ കാവലായ്‌
കരളുരുകും അമ്മതന്‍
പ്രാർത്ഥനയുടെ പുതപ്പ് ചൂടി
നീർത്തുള്ളിയിൽ വിശപ്പാറ്റിച്ചു
വര്‍ഷങ്ങള്‍ കടന്നു പോകവേ
ഒറ്റമുറിയിലെ വെളിച്ചത്തില്‍
മേഘശകലങ്ങളെപ്പറ്റിയവള്‍
ഇപ്പോഴും കവിതയെഴുന്നു

പത്ര ധര്‍മ്മങ്ങളും
ദൃശ്യ വിസ്മയങ്ങളും
ആഘോഷിക്കപ്പെടാത്ത
നിന്‍റെ സ്വയംവേദനയുടെ സമരം
“അഫ്സ്പാ”യുടെ അവസാനം
സ്വപ്നം കാണുമ്പോള്‍
സ്വപ്നങ്ങളില്ലാതെ ജീവിയ്ക്കാന്‍
ഞങ്ങള്‍ പഠിയ്ക്കുകയാണ്

എവിടെയോ മരിച്ചുവീഴുന്നവരുടെ,
മാനഭംഗം ചെയ്യപ്പെടുന്നവരുടെ
കുടിയിറക്കപ്പെടുന്നവരുടെ
നിലയ്ക്കാത്ത നിലവിളികള്‍
കാറ്റിലും അലയുന്നത്
ഞങ്ങള്‍ കേള്‍ക്കുന്നുണ്ട്

അധികാരത്തിന്‍റെ ആര്‍ത്തിയില്‍
അഴിമതിയുടെ ഭണ്ഡാരങ്ങള്‍
നിറയ്ക്കുന്ന തിരക്കിലാണ്
ജനാധിപത്യത്തിലെ ഏകാധിപതികള്‍
ചരിത്രത്തിന്‍റെ ചുവരുകളില്‍
അവരും ഇടം തേടുകയാണ്

എത്ര ചവിട്ടിയരച്ചാലും
പിന്നെയുമവര്‍ക്കു വണങ്ങി
“ജനസമ്മതി” രേഖപ്പെടുത്താന്‍
ഞങ്ങള്‍ ശീലിച്ചുപോയി

മനുഷ്യാവകാശങ്ങളുടെ
സമരചരിത്രത്തിലെ
മറക്കപ്പെട്ട നായികേ,
നിന്നെഓര്‍ക്കാന്‍, ഒരുമാത്ര
ഓര്‍ത്തു വിതുമ്പുവാന്‍
ഞങ്ങള്‍ക്ക് സമയമില്ല
പൊറുക്കുക, “ഇറോം”
നിന്നെ ഞങ്ങള്‍ മറക്കുകയാണ്
മങ്ങി മങ്ങി കത്തുന്ന
ജീവനാളം ഊതിയൂതി
തെളിയ്ക്കട്ടെ കാലം…

(Pic courtsey: Google)

21 comments:

അനില്‍കുമാര്‍ . സി. പി. said...

"മനുഷ്യാവകാശങ്ങളുടെ
സമരചരിത്രത്തിലെ
മറക്കപ്പെട്ട നായികേ,
നിന്നെഓര്‍ക്കാന്‍, ഒരുമാത്ര
ഓര്‍ത്തു വിതുമ്പുവാന്‍
ഞങ്ങള്‍ക്ക് സമയമില്ല
പൊറുക്കുക, “ഇറോം” .... "

കാലികവും, ശക്തവും ... അഭിനന്ദനങ്ങള്‍ .
'ഇറോമിനോടു' മാപ്പ് പറയാന്‍ പോലും നമുക്ക് യോഗ്യത ഇല്ലല്ലോ!

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

മനുഷ്യാവകാശങ്ങളുടെ സമരചരിത്രത്തിലെ
മറക്കപ്പെട്ട നായികേ, നിന്നെഓര്‍ക്കാന്‍, ഒരുമാത്ര
ഓര്‍ത്തു വിതുമ്പുവാന്‍ ഞങ്ങള്‍ക്ക് സമയമില്ല
പൊറുക്കുക, “ഇറോം”നിന്നെ ഞങ്ങള്‍ മറക്കുകയാണ്
മങ്ങി മങ്ങി കത്തുന്നജീവനാളം ഊതിയൂത തെളിയ്ക്കട്ടെ കാലം…


തീർച്ചയായും കാലം തെളിയിക്കും...!

നാമൂസ് said...

ഒരുപക്ഷെ, അധികാരഹുങ്കിനോട് അക്രമാസക്തമോ അക്രമരഹിതമോ ആയി ഒരു മനുഷ്യജീവി നടത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും യാതനാനിര്‍ഭരമായ സമരമാണ് ഷര്‍മിളയുടേതെന്ന് പറയാം. കാരണം, അക്രമാസക്തമായ സമരങ്ങളിലെ യാതന ഏതാനും ദിവസങ്ങളിലെ പോലീസ്, പട്ടാള മാര്‍ദ്ദനങ്ങളിലോ അത് എത്തിച്ചേക്കാവുന്ന മരണത്തിലോ ഒടുങ്ങിപ്പോകുന്നു. അക്രമരഹിതമായ നിരാഹാരസമരങ്ങളുടെ ചരിത്രത്തിലെ ദൈര്‍ഘ്യം പരമാവധി അമ്പത്തഞ്ചോ അറുപതോ ദിവസങ്ങള്‍ മാത്രമേ നീണ്ടുനിന്നിട്ടുമുള്ളൂ. ഇവിടെ മനുഷ്യായുസ്സിന്റെ വസന്തകാലമാത്രയും ശരീരചോദനകളോട് ദാരുണമാംവിധം നിരന്തരം ഇടഞ്ഞുകൊണ്ടാണ് അധികാരത്തിന്റെ അനീതികളെ വെല്ലുവിളിക്കാന്‍ ഈ ജീവന്റെ ആത്മബലം പരിശ്രമിക്കുന്നത്. ഈ സഹന സമരത്തെ കണ്ടില്ലെന്നു നടിക്കുന്ന, ഇന്നും ഈ ഗാന്ധിയന്സമരത്തോട് മുഖംതിരിഞ്ഞു നില്‍ക്കുന്ന ഭരണകൂടം ജനകീയവിചാരണ ചെയ്യപ്പെടേണ്ടേ?

കവിതക്കഭിനന്ദനം.

the man to walk with said...

അതെ കാലം തെളിയിക്കട്ടെ

Echmukutty said...

കവിത നല്ലത്.
മറന്നാലല്ലേ നമുക്കും നമ്മുടെ ഭരണകർത്താക്കൾക്കും ജീവിയ്ക്കാൻ പറ്റൂ? ഇറോമിനെ എപ്പോഴും ഓർമ്മിച്ചാൽ പിന്നെ കണ്ണാടിയിൽ നോക്കാൻ പോലും പറ്റില്ല.......

സങ്കൽ‌പ്പങ്ങൾ said...

മറക്കാനാഗ്രഹിക്കുന്നവ വിളിച്ചു പറയുമ്പോൾ ,പ്രതികരിക്കാനാവത്തതിന്റെ വേദന.മാത്രം.

സ്വന്തം സുഹൃത്ത് said...

ചേച്ചി ശക്തമായ ഈ വരികള്‍ ചേച്ചിയുടെ നാവില്‍ നിന്ന് തന്നെ കേള്‍ക്കണമെന്ന് ആഗ്രഹിക്കുന്നു.!

lijeesh k said...

മങ്ങി മങ്ങി കത്തുന്ന
ജീവനാളം ഊതിയൂതി
തെളിയ്ക്കട്ടെ കാലം…

thalayambalath said...

ഇറോമിനെക്കുറിച്ച് വായിക്കുന്നവരിലെല്ലാം നൊമ്പരമുണര്‍ത്തുന്നതാണ് ആ ജീവിതം... ആ സഹനസമരത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു...... കവിതയ്ക്ക് അഭിനന്ദനങ്ങളും (ഇറോമിനെ മറക്കാത്ത ഒരു ജനത ഇവിടെയുണ്ട് എന്നു ഞാന്‍ ആഗ്രഹിക്കുന്നു)

ഭ്രാന്തനച്ചൂസ് said...

കാലിക പ്രസക്തം..ശക്തമായ വരികൾ...!! ഇറോമിനോട് മാപ്പ് ചോദിക്കാൻ പോലും നമ്മുക്ക് അർഹതയില്ല...!!!!

പാവപ്പെട്ടവന്‍ said...

എവിടെയോ മരിച്ചുവീഴുന്നവരുടെ,
മാനഭംഗം ചെയ്യപ്പെടുന്നവരുടെ
കുടിയിറക്കപ്പെടുന്നവരുടെ
നിലയ്ക്കാത്ത നിലവിളികള്‍
കാറ്റിലും അലയുന്നത്
ഞങ്ങള്‍ കേള്‍ക്കുന്നുണ്ട്

ശക്തമായ വരികളാണ് സഖാവേ..ആശംസകൾ

Kalavallabhan said...

"പത്ര ധര്‍മ്മങ്ങളും
ദൃശ്യ വിസ്മയങ്ങളും
ആഘോഷിക്കപ്പെടാത്ത
നിന്‍റെ സ്വയംവേദനയുടെ സമരം"
സത്യം

എന്‍.ബി.സുരേഷ് said...

over details kavithayil athra nannlla

Shahina E K said...

marakkan paadillathavare nammal marannukondeyirikkyunnu Dhanalakshmi.

വീ കെ said...

നല്ല വരികൾ...
അവരുടെ പേരുച്ചരിക്കാനുള്ള യോഗ്യത പോലുമില്ല നമ്മൾക്ക്...
ഇറോം ശർമ്മിളക്കഭിവാദ്യങ്ങൾ...

Rahanas said...
This comment has been removed by the author.
Rahanas said...

grand..well done!!

പരപ്പനാടന്‍. said...

Good lines..very nice one, best wishes

ധനലക്ഷ്മി പി. വി. said...

വായിക്കുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദിയും സ്നേഹവും അറിയിക്കുന്നു

റഷീദ്‌ കോട്ടപ്പാടം said...

മങ്ങി മങ്ങി കത്തുന്ന
ജീവനാളം ഊതിയൂതി
തെളിയ്ക്കട്ടെ കാലം…

അതാണ് എനിക്കും പറയാനുള്ളത്!

Neethu Paulose said...

ഇവടെ നേരത്തേ വരണമായിരുന്നു,,,,

Post a Comment