Pages

Monday, October 14, 2013

കാറ്റനക്കമില്ലാ മുറികള്‍



ഇലയനക്കമില്ലാത്ത രാത്രിതന്‍ നിഴലുകള്‍
മൌനം കുടിച്ചു മയങ്ങികിടക്കവെ
സ്മൃതിതന്‍ നേര്‍ത്തഞരമ്പിലൂറുന്ന ഓര്‍മ്മകള്‍
ഇഴപിരിച്ചെന്‍റെ രാവ് പുലര്‍ന്നുപോയ്

മധുരചുംബനം തന്നുണര്‍ത്തിയ പുലരിയും
പ്രണയമഗ്നിയായ് നിറഞ്ഞ സന്ധ്യയും
വെണ്‍നിലാവ് പുതച്ചുറങ്ങിയ രാത്രിയും
ഇനി വരില്ല  വൃദ്ധാലയങ്ങളില്‍

ഭയമാണെനിക്കു മണിയൊച്ചകള്‍
ഉണരുവാന്‍ ,ഉണ്ണുവാന്‍, ഉറങ്ങുവാന്‍
മുരളുന്നശീതവും കാറ്റനക്കമില്ലാ മുറികളും
മരണംമണക്കും  ഇടനാഴികളും     

ചിതലരിച്ച കോലായില്‍ ചുറ്റിത്തിരിയുന്നു
ഓര്‍മ്മകള്‍ ,    കരയാതെ കരയുന്നു
തൊടിയിലെ മണ്ണും കരിയിലക്കിളികളും
മുറ്റത്തെമുക്കൂറ്റിയും നടവഴിയിലെപാലയും

വിറക്കുന്നുപാദങ്ങള് അകത്തേക്കുകയറുവാന്‍
വിരല്‍ വഴുതുന്നു തടിച്ച സാക്ഷകള്‍
തെക്കിനിയില്‍ ഒച്ചവെക്കുന്നുണ്ടിപ്പോഴും 
പിച്ചവെച്ച പളുങ്കുചിരി കിലുക്കങ്ങള്‍

ലജ്ജയാല്‍തുടുത്ത മുഖംതുടച്ചു നിലാവിന്‍ചിരി
തെക്കേജനാലതുറന്നു മാവിന്‍ നിഴല്‍പറ്റിനിന്നതും
മാറത്തുചാഞ്ഞതും, പിന്നെ കരള്‍ പിളര്‍ന്നതും     
തെളിയുന്നിപ്പോഴും കനല്‍ കാഴച്ചയ്ക്കിടയിലും  

വേണ്ടെനിക്ക് അസ്ഥിമാടവും പൂക്കളും
വരേണ്ടനീ ഓര്‍മ്മത്തിരി കൊളുത്തുവാന്‍  
കണ്‍ചിമ്മാതച്ഛനുണ്ട് അങ്ങേപറമ്പില്‍      
ഇനി അമ്മയ്ക്കു കാവലിരിക്കുവാന്‍ 

8 comments:

Aneesh chandran said...

ചുറ്റിത്തിരിയുന്ന ഓര്‍മ്മകള്‍ , എന്നും കാറ്റനക്കമില്ലാ മുറികള്‍.

ajith said...

കാറ്റനക്കമുണ്ട്
ജീവനുമുണ്ട്

Cv Thankappan said...

"ചിതലരിച്ച കോലായില്‍ ചുറ്റിത്തിരിയുന്നു
ഓര്‍മ്മകള്‍ , കരയാതെ കരയുന്നു "
നന്നായിരിക്കുന്നു കവിത
ആശംസകള്‍

വീകെ said...

ആശംസകൾ...

Mukesh M said...

ഓര്‍മ്മമുറിയുടെ വാതില്‍ക്കല്‍ എപ്പോഴും ആരൊക്കെയോ വന്നെത്തിനോക്കിക്കൊണ്ടിരിക്കും.
ആശംസകള്‍..

Manoj Vellanad said...

ഓര്‍മ്മകള്‍ ചിലപ്പോള്‍....

Muralee Mukundan , ബിലാത്തിപട്ടണം said...

വിറക്കുന്നുപാദങ്ങള് അകത്തേക്കുകയറുവാന്‍
വിരല്‍ വഴുതുന്നു തടിച്ച സാക്ഷകള്‍
തെക്കിനിയില്‍ ഒച്ചവെക്കുന്നുണ്ടിപ്പോഴും
പിച്ചവെച്ച പളുങ്കുചിരി കിലുക്കങ്ങള്‍

ലജ്ജയാല്‍തുടുത്ത മുഖംതുടച്ചു നിലാവിന്‍ചിരി
തെക്കേജനാലതുറന്നു മാവിന്‍ നിഴല്‍പറ്റിനിന്നതും
മാറത്തുചാഞ്ഞതും, പിന്നെ കരള്‍ പിളര്‍ന്നതും
തെളിയുന്നിപ്പോഴും കനല്‍ കാഴച്ചയ്ക്കിടയിലും ..’


കാറ്റായിട്ടല്ല..നല്ലോരു കുളിർ തെന്നലായിട്ടാണ് ഈ മധുര
സ്മരണകളെല്ലാം , ഇപ്പോൾ ആ മുറികളിലേക്ക് ഒഴുകി വരുന്നത് കേട്ടൊ ധനലക്ഷ്മി

ബൈജു മണിയങ്കാല said...

മരണത്തിന്റെ നേർത്ത ചിന്തകൾ കരിന്തിരി കത്തി കെട്ടു പോകും
അപ്പോൾ പ്രകാശം പരത്തി അരക്ഷിതാവസ്ഥ മാറ്റി മരണം വന്നു കൊണ്ട് പോകും
വിഹ്വലതകളിലൂടെ സഞ്ചരിക്കുന്ന ഓർമനിറമുള്ള വരികൾ

Post a Comment